ഭവാൻ തീര്‍ത്തയക്കുന്ന പദ്യങ്ങളെല്ലാം
തപാൽതന്നിലെത്തും തടസ്ഥം വരാതെ
ജവാൽ വന്നുചേരുന്നു ചേതസ്സിലപ്പോൾ
കവിപ്രൌഢസന്തോഷമേന്തുന്നു പാരം
ഭരണിദിനത്തിൽ സുമതേ!
പരിചൊടു വന്നെത്തുമെന്നു കണ്ടപ്പോൾ
പരമൊരു പരമാനന്ദം
കരളതിലുളവായിവന്നു കല്യാത്മൻ!
ഇങ്ങോട്ടുപോരുന്നതിനായ്മിടുക്ക-
നങ്ങോട്ടുവന്നീടണമെന്നുവെച്ചാൽ
ഭംഗംവെടിഞ്ഞശ്വതിനാളയയ്ക്കാ-
മങ്ങുന്നൊടുക്കം കബളിച്ചിടൊല്ലേ.
നാടകമൊന്നു കൃതിപ്പാൻ
കൂടുന്നുണ്ടെൻ മനസ്സിലുന്മേഷം
കേടറുമങ്ങതിനുള്ളോ-
രൂടോതിത്തന്നുവെങ്കിലൊപ്പിക്കാം.
കുഞ്ഞൻ തമ്പാൻ വന്നിരുന്നൂ വിശേഷം
രഞ്ജിപ്പോടും തമ്മിലോതിപ്പിരിഞ്ഞു
കഞ്ജാക്ഷിയ്ക്കായ്ക്കള്ളമായ് വിട്ടപത്രം
മഞ്ജുശ്രീമൻ താങ്കൾതാനെന്നുറച്ചു.
പൂരത്തിൽ വച്ചു പലരും പലതും പറഞ്ഞ
നേരത്തു ചിത്തമിളകിത്തകരാറിലായി
നേരോര്‍ത്തിടുമ്പൊളിതു നമ്മുടെ കോടിലിംഗ-
ക്കാരൊത്തു ചെയ്തപണിയെന്നൊരു തീർപ്പുചെയ്തു