Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 63

63 കുഞ്ഞിരാമവര്‍മ്മ തമ്പുരാന്

കാണാഞ്ഞു താവക മനോഹരപദ്യജാലം
കേണിങ്ങുവാഴുമളവിൽ കവിരാജമൌലേ!
ചേണാർന്ന പത്രികയണഞ്ഞതുകൊണ്ടു മോദ-
മോണത്തിനുള്ളതിലൊരമ്പതിരട്ടിയായി


വയ്യിന്നു പാരമിവനെങ്കിലുമൊന്നുകാഴ്മാൻ
വയ്യുന്നു നിങ്ങളെയതോര്‍ത്തുദിതപ്രമോദം
പയ്യന്നു ഞാനവിടെയൊന്നുവരാം കടുത്ത
തിയ്യൊത്ത വേനലവസാനമതായിടട്ടേ.


കാവിൽ പരം കുതുകമോടമരുന്ന സാക്ഷാൽ
ദേവീപ്രണാമതുമൊന്നു കഴിച്ചുപോരാം
ആവാമതെങ്കിലൊരു പന്തിരുനാൾ ഭജിക്കാം
ദൈവേച്ഛപോലെയഖിലം വഴി വന്നിടട്ടേ.


ചൊല്ലാർന്നിടുന്നൊരു മനോരമയിൽ ഭവാന്റെ
നല്ലോരു മാതൃമരണാദിവിശേഷമെല്ലാം
ചൊല്ലുന്നതിന്നു ദിനമൊട്ടു കഴിഞ്ഞതോർത്താ-
ലില്ലത്ര നന്മ പുനരെന്മതിപ്രകാരം


വാരാണസിയ്ക്കയിഭവാനൊരുമിച്ചുതന്നെ
പോരേണമെന്നു കൊതിയുണ്ടതിനോര്‍ത്തിടുമ്പോൾ
നേരാണു ഗാത്രസുഖമില്ലതുപോട്ടെയമ്മ-
യ്ക്കാരാണൊരാശ്രയമതാണതിലും വിരോധം


ആണ്ടൊന്നു കാശിയതിൽ വാഴണമെന്നു മോഹം
പൂണ്ടുള്ളതത്ര സുഖമായി വരുന്നതാണോ
വേണ്ടുന്ന കാഴ്ചമഖിലം വിധിവൽ കഴിച്ചു
കൊണ്ടിങ്ങു കൂട്ടരൊരുമിച്ച ഗമിയ്ക്കയല്ലേ


രണ്ടുണ്ടോ കുളി രാവിലെക്കവിമണേ!
കാലത്തു കാവിൽത്താഴാ-
നുണ്ടാമോ തരമൂണിനെത്രമണിയാ-
മെന്തൊക്കയാണിയ്യിടെ
പണ്ടത്തെപ്പദവിയ്ക്കു ഭേദമുളവാ-
യിട്ടുള്ളതെല്ലാമിനി-
യ്ക്കുണ്ടിപ്പോളറിയുന്നതിന്നു സുമതേ!
ചിത്തത്തിലത്യാഗ്രഹം.


നാരായണൻ പാഠകശാലതന്നിൽ
നേരായമട്ടിൽ പതറാതെനിന്ന്
വാരങ്ങൾതോറും നിജജോലിനോക്കി
പ്പോരുന്നതില്ലേ ഭവദാജ്ഞയില്ലേ.