Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 62

62 കുഞ്ഞിക്കുട്ടൻ തമ്പുരാന് 

ഒച്ചപ്പെടുന്നൊരു ഭവാനുദിതപ്രമോദാൽ
പച്ചത്തെറിപ്പദഗണങ്ങൾ തിരഞ്ഞെടുത്ത്
നിശ്ചഞ്ചലത്തൊടു കൃതിച്ചതു മംഗളത്തിൽ
വച്ചിങ്ങയച്ചതു നിനച്ചു രസിച്ചു പാരം.


സൂക്ഷ്മഗ്രാഹിയതെന്നു പേരു കബളി-
ച്ചൊപ്പിച്ചു പത്രത്തിലീ
ലക്ഷ്മിക്കുട്ടിയൊടേറ്റെതിര്‍ത്തതു ഭവാ-
നല്ലെങ്കിൽ നാരായണൻ
സൂക്ഷിച്ചപ്പൊളറിഞ്ഞു ഞാനിതി പറ-
ഞ്ഞുംകൊണ്ടു തമ്പാൻ കട-
ന്നുൾക്ഷോഭത്തോടു പെരുമാറിയെഴുതാൻ
പോകുന്നു കാണാമതും.


രീതികൊണ്ടോര്‍ത്തുനോക്കുമ്പോളേതും ചേരുന്നതില്ല മേ
ചെയ്തകയ്‍വരയല്ലെന്നുമോതിഞാനില്ല സമ്മതം


അമ്മ ബാധിച്ചൊരു ദീനമാദ്യം
ശിമ്മൽക്കൊരാശ്വാസമതായിയല്ലൊ
അമ്മട്ടു താനിപ്പൊഴുതും മഹാത്മൻ
കര്‍മ്മത്തിനിട്ടുള്ളവരെന്തുചെയ്യും.


ഗംഗാസ്നാനമതിങ്കലാഗ്രഹമിനി
യ്ക്കുൾത്താരിലോര്‍ത്തീടുകിൽ
തിങ്ങുന്നു പരമെങ്കിലും ചിലതര-
ക്കേടുണ്ടു നോക്കീടുകിൽ
അങ്ങുന്നോര്‍ക്കണമമ്മതന്നുടെ കിട-
പ്പെന്നല്ല രണ്ടാമതെ-
ന്നംഗത്തിനതിസൌഖ്യമില്ലതു വിശേ-
ഷിച്ചും വിഷാദപ്രദം.


കഷ്ടകാലമിനിയ്ക്കുള്ളതൊട്ടു തീർന്നെങ്കിലൊക്കയും
ഇഷ്ടംപോലെ നടന്നീടുമൊട്ടുമില്ലിന്നുസംശയം.


കന്നിപ്പൂവു നശിച്ചതീരെയതിലും
ഭേദം പരം ചൊല്ലുവാൻ
വന്നിട്ടുണ്ടിഹ മുണ്ടകൻ വിരവിൽ ഞാൻ
ചൊല്ലാമാതെല്ലാം സഖേ!
പിന്നെപ്പുഞ്ചയതിന്നു ദോഷമൊരുലേ-
ശംപോലുമോതീടുവാ-
നിന്നോര്‍ക്കുംപൊഴുതില്ല തീര്‍ച്ചപറയാ-
മഷ്ടിക്കു മുട്ടില്ലിനി.


മേടത്തിലങ്ങുന്നിവിടത്തിൽവന്നു
ചാടീടുമെന്നോതുക കാരണത്താൽ
കൂടുന്നു മോദം മനതാരിലൊന്നു
കൂടിക്കഥിയ്ക്കാം കബളിച്ചിടൊല്ലേ.