Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 59

59 കുഞ്ഞിക്കുട്ടൻതമ്പുരാനു്

പഥ്യം പരം പെരുകുമങ്ങവിടുന്നയച്ച
പത്രം ലഭിച്ചു പുനരത്രയുമല്ല ധീമൻ!
മുത്തശ്ശിതന്നുടയ മോക്ഷപദപ്രയാണ-
വൃത്താന്തമോര്‍ത്തു പരമത്ഭുതമുത്ഭവിച്ചൂ.


എണ്ണം കൂടാതെ നാമം പകലിരവു ജപി-
യ്ക്കുന്നവര്‍ക്കോര്‍ത്തുകണ്ടാൽ
ദണ്ഡിപ്പാനുള്ള മാര്‍ഗ്ഗം വരുവതിനിടയി-
ല്ലില്ലതിൽ കില്ലശേഷം
പുണ്യത്തിന്നും നിനച്ചാലിതിലധികമതാ-
യൊന്നു ചെയ്യേണ്ടതിന്നി-
ല്ലർണ്ണോജാക്ഷന്റെ നാമത്രയമഹിമ വിശേ-
ഷിച്ചു ചൊല്ലേണ്ടതുണ്ടോ?


തിരുനാമജപത്തിനുണ്ടു മുഖ്യം
പരമെന്നുള്ളതിനില്ലവാദമേതും
ഒരുനാമജപേന കിട്ടിയല്ലോ
ധരണീദേവനജാമിളന്നു മോക്ഷം.


ഏവർക്കുമുണ്ടു മരണം പുനരായതുള്ളിൽ
ഭാവിച്ചിടാതെ ചിലരുണ്ടു നടന്നിടുന്നു
ആവിശ്യമുള്ളതറിയാതെ കളിച്ചിടുന്നേൻ
ചാവുന്നനേരമറിയും മറിമായമെല്ലാം.


വിശ്വൈകസാക്ഷിഭഗവാന്റെ പദാരവിന്ദം
വിശ്വാസമോടു മനതാരിൽ നിനച്ചിടാതെ
വിശ്വംഭരാതലമതിങ്കൽ ജനിച്ചു ജന്മം
പശ്വാദിപോലെ കളയുന്നിതു കശ്മലന്മാർ.


ചതിച്ചു മറ്റുള്ളവരെക്കെടുക്കാൻ
കൊതിച്ചുകാലം കളയാതെകണ്ട്
അതിപ്രമോദത്തോടു സാരമാം സൽ-
ഗതിയ്ക്കു നോക്കുന്നവനാണു വമ്പൻ.


അല്പമീപ്രകൃതത്തിങ്കലിപ്രകാരമുരച്ചു ഞാൻ
ചിൽപ്പുമാൻതൻ പദാംഭോജതൽപ്പരന്നുള്ള സൽഗുണം.


'വിദ്യാവിനോദിനി'യിലേയൊരു മംഗളശ്രീ-
പദ്യം ചമച്ചതിതിൽ ഞാനെഴുതുന്നു താഴേ
ഉദ്യോഗമോടയി ഭവാൻ മമ പേരുവെച്ചു
വിദ്യാനിധേ! വിടണമായതു മായമെന്യേ.