Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 53

53 കുഞ്ഞിരാമവർമ്മ തമ്പുരാനു്

ചിത്തം തെളിഞ്ഞവിടെ നിന്നു കൊടുത്തയച്ച
കത്തെത്തി നോക്കി വിവരം മുഴുവൻ ധരിച്ചു
പ്രത്യേകമിപ്പൊളറിയിപ്പതിനായ് വിശേഷ-
വൃത്താന്തമില്ല പുനരെങ്കിലുമല്പമോതാം.


പറയാം പതിനേഴാളും
പേരൊന്നുക്കോര്‍ക്കിൽ രൂപയിരുനൂരം
ഒരുകുറിയിങ്ങിനെ കുന്നം
വിരവിനൊടിക്കാലമുണ്ടു വയ്ക്കുന്നു.


കുന്നിച്ചിടും വേഴ്ച നിനച്ചു ഞാനും
ചെന്നായതിൽ പാതി നറുക്കുകൂടി
എന്നാൽ വഹിയ്ക്കാഞ്ഞു ചതുര്‍ത്ഥഭാഗം
പിന്നീടു കുട്ടന്റെ കഴുത്തിലാക്കി.


ശേഷമുള്ളതു നടത്തുവതിന്നും
ശേഷിയില്ല പുനരിജ്ജനമിപ്പോൾ
ഈഷൽ നീക്കിയിതിൽ വന്നണയേണം
തോഷമാർന്നിനി മദീയതനൂജൻ.


ഒന്നേനറുക്കുള്ള കഴിച്ചുകൂട്ടാൻ
നന്നെപ്രയാസം കുറയും നിനച്ചാൽ
എന്നല്ല നാനൂറതിലുണ്ടു രൂപ
നന്നായ് പഴക്കാൻ പലിശാര്‍ത്ഥമായി.


അതുകൊണ്ടു കുറിയ്ക്കു വേറെയൊന്നിൽ
പതിയേണ്ടാ പുനരിന്നു ശങ്കവേണ്ടാ
ഹിതമാണ്ടിതിൽ വന്നുചേർന്നിടട്ടേ
മതികൊണ്ടിങ്ങിനെ തന്നെ ഞാനുറച്ചു.


നെഞ്ചിലോര്‍ത്തു കൃതിചെയ്തിലും ജവാ-
ലഞ്ചലല്പമകലത്തിലാകയാൽ
തഞ്ചമില്ല പുനരങ്ങയയ്ക്കുവാൻ
വഞ്ചനം പറകയില്ലിതൊന്നുമേ.