Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 52

52 കുഞ്ഞിരാമവർമ്മ തമ്പുരാനു്

ഈമാസമാറു ശരിയാം ദിനമങ്ങയച്ച
സീമാവിഹീനഗുണപദ്യഗണങ്ങളെല്ലാം
ഹേ മാനവേന്ദ്ര! കളിയല്ലിവിടത്തിലെത്തി
പ്രേമാനുകൂലമതുനോക്കി രസിച്ചു ഞാനും


പാരം ഗുണംകലരുമിക്കവിതാവിശേഷ-
മോരോന്നുപേർത്തു വിരവോടുരചെയ്തുകൊണ്ട്,
നേരം കളഞ്ഞിടുകയല്ലതു പിന്നെയാവാം
കാര്യത്തിലല്പമുടനിപ്പൊളുരച്ചിടട്ടേ.


കാരുണ്യഭാവമവിടുന്നു കൊടുത്തമൂലം
നാരായണന്നു വിരവോടു ലഭിച്ചകാര്യം
നേരേ നടത്തിയൊരു കീർത്തി വരുത്തിടാഞ്ഞാൽ
പോരായ്മ പാരമവിടെയ്ക്കുമയാൾക്കുമുണ്ടാം.


എന്നാലീഗുണദോഷമ-
തെന്നാലോതിത്തരേണമെന്നില്ല;
നന്ദ്യാ നമ്മുടെ പഥ്യമ-
തൊന്നോര്‍ത്തേവം കടന്നുപറയുന്നു.


ഒന്നിങ്കൽവെച്ചൊരു മിടുക്കു ലഭിച്ചുകൊൾവാൻ
നന്നെ പ്രയാസമതു ഞാൻ പറയേണ്ടതുണ്ടോ?
പിന്നിൽ ഭവാനിടവിടാതെ സഹായിയായി
നിന്നാൽ ഗുണങ്ങളിനിയും വരുമില്ലവാദം.


ദേവനെ വന്ദിപ്പാനാ-
യാവട്ടത്തുര്‍ക്കു പോയിവന്നു ഞാൻ
പോവുക വണ്ടിയതിൽ താ-
നാവുകയാലില്ല ദോഷമൊന്നും മേ


അവിടെത്തൊഴുതൊരുനേരം
കവിവര! പദ്യം ചമച്ചു ഞാനൊന്ന്
ജൈവകൃതമെന്നും പിന്നെ-
ശ്ശിവപരമാനന്ദമുണ്ടു കണ്ടാലും.


പാവപ്പെട്ടുള്ള ഞാനിങ്ങിനെ പകലിരവും
ബുദ്ധിമുട്ടുന്നതായോ-
രീവട്ടം തീരെമാറ്റിപ്പുനരൊരുസുഖമേ-
കീടുവാനോര്‍ത്തു കണ്ടാൽ
ഭൂവൊട്ടുക്കാടൽ കൂടാതഴകൊടു പരിപാ-
ലിച്ചുകൊള്ളുന്നതിന്നാ-
യാവട്ടത്തൂരിരിക്കും പുരഹര! ഭഗവൻ!
കാലമായീലതെന്നോ"


അല്ലാ ഞങ്ങടെ ഭാരമി-
തെല്ലാം പാക്കിൽ ഭവാനിലാണെന്ന്
അല്ലേ ഞാൻ ചെയ്യാ-
റില്ലേ താങ്കൾക്കതൊക്കയറിവില്ലേ?