പെരുത്തമോദത്തോടയച്ച പത്രം
കരത്തിലെത്തിക്കളിയല്ല നോക്കി
തരത്തിലങ്ങുന്നു വരിയ്ക്കു താഴേ
വരച്ചതും കണ്ടു ധരിച്ചുസാരം.
അയ്യയ്യോ സിതരത്നഭൂസുരവരസ്ഥാനത്തു കേറീടുവാ-
നിയ്യുള്ളോനെളുതാകുമോ കളിവചസ്സായാലുമേവം ഭവാൻ
വയ്യാതുള്ളൊരുവാക്കുചൊന്നതുനിനച്ചേറെച്ചിരിക്കുന്നു ഞാ-
നിയ്യാംപാറ പറക്കിലും പതഗരാജാവായി വാണിടുമോ?
മനം തെളിഞ്ഞങ്ങു കൃതിച്ചുപദ്യ-
മിനിയ്ക്കയച്ചുള്ളതതീവ രമ്യം
നിനയ്ക്കുകിൽ ചാരമണിഞ്ഞിരിക്കും
കനല്ക്കു തുല്യം ഭവദീയവൃത്തം.
കാളീകടാക്ഷത്തിരമാലതന്നിൽ
കാളും മുദാ വാണരുളും ഭവാന്
കേളുണ്ടു പാരം കൃതിയിൽ പടുത്വ-
മാളല്ല ഞാനിങ്ങിനെ തീർത്തയപ്പാൻ
പടുത്വമേവം സിതരത്നബീജാൽ
പടച്ചുവിട്ടുള്ളവനാകമൂലം
കുടപ്പറമ്പിൽ കൃതി കൃഷ്ണനപ്പോൾ
കിടച്ചു സൽഭാഗ്യമതിപ്രകാരം.
വിശേഷമിദ്ദിക്കിൽ നിനച്ചിടുമ്പോ-
ളശേഷമില്ലെന്നുരചെയ്തുകൂടാ
വിശാലബുദ്ധേ! വിവരിച്ചുചൊൽവാ-
നശക്തനെന്നാകിലു മല്പമോതാം.
ഇവിടെക്കൂടപ്പുഴയിൽ
കവിവരപേപ്പട്ടിയൊന്നു വന്നിട്ട്
ശിവശിവ! പലരെച്ചാടി-
ജ്ജവമൊടു കടികൂട്ടി കഷ്ടമൊട്ടല്ല.
അര മണിയിടനേരം കൊണ്ടു പേപ്പട്ടിയോടീ-
ട്ടൊരുകര മുഴുവൻ താനെത്തിയെന്നല്ല പിന്നെ
ഇരുപതിലകമാളെദ്ദുര്‍ഗ്ഘടത്തിൽ പെടുത്തീ
പറയുകിലഴൽതീർന്നീലിന്നിയും മന്നവേന്ദ്ര!
കുട്ടികൾ പട്ടികൾ നൽപ്പൈ
ക്കുട്ടികളെന്നീവകയ്ക്കു കടിപറ്റ
ഒട്ടല്ലവിടവിടത്തിൽ
കഷ്ടം കഷ്ടം കിടന്നു കുരയുന്നു.
പെട്ടന്നതിനുടെ മുമ്പിൽ പെട്ടു
ശങ്കുണ്ണി താനുമതുനേരം
പെട്ടന്നോടിയുടൻ കടി
കിട്ടീടാതേ കരേറിയൊരു വീട്ടിൽ
ഇങ്ങിനെയോരൊ ലഹളക-
ളങ്ങു കഴിഞ്ഞപ്പൊഴക്കുമൊരുവിദ്വാൻ
മംഗലകീര്‍ത്തേ! പട്ടിയെ-
യങ്ങു മരിച്ചൂധരിക്ക വെടിവെച്ച്.
താലപ്പൊലിയ്ക്കുള്ള വിശേഷമോര്‍ത്തി-
ക്കാലം ഭവാൻ പദ്യഗണങ്ങളാക്കി
ചേലേറിടും മാറെഴുതീടണം ഞാ-
നാലോകനം ചെയ്തു രസിച്ചിടട്ടേ.