Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 48

48 കുഞ്ഞിരാമവര്‍മ്മ തമ്പുരാനവർകൾക്കു്

ഇയ്യൂഴീതലമാകവേപുകളെഴും പുണ്യാംബുരാശേ ഭവാ-
നിയ്യൂഴത്തിലയച്ച കത്തിനിവിടുന്നെത്തിയ്ക്കുവാനുത്തരം
വയ്യിപ്പോയതിനുണ്ടു സംഗതിസഖേ! വേഗം കൃതിച്ചീടുവാൻ
വയ്യിപ്പോളതുതന്നെ ദുര്‍ഘടമിനിയ്ക്കല്ലാതെയില്ലൊന്നുമേ.


അങ്ങയ്ക്കില്ലോര്‍ത്തുകണ്ടാലിതിനൊരു വിഷമം
വേണ്ടപദ്യങ്ങളെല്ലാം
ഭംഗംവിട്ടുൽഭവിക്കും പ്രതിദിനമധികം
ചിന്തകൂടാതെതന്നെ
ഭംഗിക്കോതുന്ന വാക്കല്ലതു മനസി വിചാ-
രിച്ചു ഞാൻ ചാടിവീണാൽ
ചങ്ങാതീ ചെണ്ടകൊട്ടാനിടവരുമെജമാ-
നര്‍ക്കു സാദൃശ്യമാമോ.


കുണ്ടൂർ മജിസ്ത്രേട്ടതിവേഴ്ചയുള്ളിൽ
കൊണ്ടുള്ള രാജാദികളോടുകൂടി
ഉണ്ടങ്ങു താലപ്പൊലി കാഴ്മതിന്നായ്
കൊണ്ടെന്നു കേട്ടു കവിരാജമൌലേ!


മിടുക്കനാകും കവി വിഷ്ണുവും വ-
ന്നടുക്കലില്ലേ? കൃതി ചൊൽവതില്ലേ?
അടക്കമറ്റുള്ള കുടുപ്പിളിയ്ക്കു
കുടുക്കുകൂടാതെ കഴിഞ്ഞിടുന്നോ?