ഇഷ്ടത്തിന്നു കുറച്ചിലില്ല ലിഖിതം കിട്ടാതെയും വന്നതി-
ല്ലൊട്ടും വിപ്രിയമല്ലിനിയ്ക്കയി ഭവാൻവിട്ടുള്ള പദ്യങ്ങളിൽ
പൊട്ടപ്പുല്ലു ഭവാനതെന്നു ഹൃദയേ കഷ്ടം നിനയ്ക്കാവതോ
കെട്ടിത്തീര്‍ത്തെഴുതുന്നതിന്നവസരം കിട്ടീലതാണേ സഖേ.
ദീനം നിമിത്തമൊരുനേരവുമോര്‍ത്തിടുമ്പോ-
ളാനന്ദമില്ല മനതാരിലതല്ല പിന്നെ
ഊനം പെരുത്ത ഗൃഹഭാരസമുദ്രമദ്ധ്യേ
താനേ കിടന്നു മുഴുകിക്കഴിയുന്നു കാലം.
എന്നാലതിന്നിടയിലീവക വേലകൾക്കു
ചേർന്നാലതത്ര ഗുണമായി വരുന്നതല്ല;
എന്നുള്ളിലോര്‍ത്തു മടിയുണ്ടു കൃതിച്ചയപ്പാ-
നിന്നുള്ളതൊക്കെവഴിപോലെ പറഞ്ഞിടാം ഞാൻ
കാവിൽ കാന്തി കലർന്നുകൊണ്ടരുളുമ-
ദ്ദേവീപദാംഭോരുഹം
സേവിച്ചങ്ങിനെ ഭക്തിയോടു സഹിതം
മേവും ഗുണാംഭോനിധേ!
ഭാവം ചേർന്ന ഭവാനശേഷമഹിതം
ഭാവിച്ചിടൊല്ലെന്നത-
ല്ലീവേഴ്ചയ്ക്ക കുറച്ചിലൊട്ടുമരുതേ
ജീവാവസാനം വരേ.