കണ്ടു പദ്യഗണം ഞാ-
നാണ്ടൂ ചിത്തത്തിലിന്നു സന്തോഷം
വേണ്ടവിശേഷം കൃതികളി-
ലുണ്ടിന്നോര്‍ക്കുമ്പൊളൊക്കെ മിനുമിനുസം.
പഴക്കവും പാരമതല്ലനല്ലോ-
രൊഴുക്കുമുണ്ടിന്നതു മാത്രമല്ല,
കൊഴുത്തപൂന്തേനിട വിട്ടിടാതെ
പൊഴിഞ്ഞൊലിയ്ക്കുന്നു പദങ്ങൾതോറും
അങ്ങുന്നു ഭാഷാകവിതാപ്രയോഗ-
മംഗീകരിയ്ക്കാതെയിതേവരെയ്ക്കും
മങ്ങും പ്രദീപാകൃതി വാണതോര്‍ത്താൽ
ചെങ്ങാതിവാക്കല്ല കടുപ്പമായീ.
പാരിൽ പാരം പ്രസിദ്ധം പരിചിനൊടു നട-
ന്നീടുവാൻ പദ്യജാലം
ചേരും ചേതോരമയ്ക്കായ് ചിതമൊടെഴുതിവി-
ട്ടീടണം ചാരുബുദ്ധേ!
നേരോടാരെങ്കിലും തീർത്തതിലെഴുതിവിടും
നൽസമസ്യാദിയെല്ലാം
പൂരിപ്പിയ്ക്കേണമെന്നല്ലവ ചിലതു ഭവാൻ
തീര്‍ത്തുമെത്തിച്ചിടേണം.
കേരളമിത്രമതിങ്കല്‍
ചേരും വൃത്താന്തമൊക്കയൊരു വട്ടം
നേരൊടു നോക്കീട്ടുടനേ
നേരംപോക്കല്ലയച്ചു തന്നീടാം.