താതൻ സ്വര്‍ഗ്ഗാധിവാസത്തിനു സുകവിമണേ!
പോയകാര്യം നിനച്ചാൽ
ചേതസ്സിൽ ഖേദമുണ്ടെങ്കിലുമതു വെളിയിൽ
കാട്ടിയാൽ ഗോഷ്ഠിയല്ലേ?
ഏതായാലും വരാതേ കഴിവതിനു തരം
ലേശമില്ലാത്തതിങ്കൽ
പ്രീതിയ്ക്കൂനം നടിച്ചാലൊരുഫലമതിനാൽ
കിട്ടുമോ ശിഷ്ടബുദ്ധേ!
പിന്നെത്തത്ര നടന്നവാർത്തകൾ മുദാ
നാരായണൻ സാദരം
വന്നെന്നോടുരചെയ്കയാലഖിലവും
ബോധിച്ചിരിക്കുന്നു ഞാൻ
എന്നാൽ നിത്യത വേണ്ടതായ വിവരം
നിഷ്ക്കർഷയായ് ചെയ്തുകൊ-
ണ്ടിന്നും സാന്ദ്രരസം കലര്‍ന്നു സുഖമായ്
വാഴുന്നതില്ലേ ഭവാൻ.
ഒച്ചപ്പെട്ട കവീന്ദ്രമൌലിമണിയാം
കൊച്ചുണ്ണിഭൂപാലകൻ
വാച്ചുള്ളൊരു കൃപാവിലാസമതിനാൽ
വാച്ചുള്ളൊരെന്നാമയം
തുച്ഛപ്രായമതായിവന്നു സുകവേ!
തീർച്ചയ്ക്കു തെല്ലിന്നിയും
പിച്ചല്ലേ പറയുമ്പൊഴിങ്ങിഹ കിട-
പ്പച്ഛിന്നപുണ്യാംബുധേ!
കീര്‍ത്തിയ്ക്കിന്നൊരുപാത്രമായി മരുവും
കൊച്ചുണ്ണിഭൂപാലനായ്
വൃത്താന്തത്തിനു മൂന്നുപദ്യമിവിടു-
ന്നെത്തിച്ചു ഞാനിയ്യിടേ
ചേര്‍ത്തീടുന്നു മുറയ്ക്കതൊക്കയുമതിൻ
പിന്നാലെ നോക്കീടുകിൽ
പ്രത്യേകിച്ചിനിയുള്ളവാര്‍ത്ത മുഴുവൻ
ചിത്തത്തിലെത്തും സഖേ!
(ആ വിവരിച്ചശ്ലോകങ്ങൾ)
ഒന്നിച്ചു പത്തുദിവസം സുഖമായിരിപ്പാൻ
കുന്നിച്ചിടുന്നു കുതുകം; ഫലമെന്തു പാർത്താൽ?
അന്നച്ഛനെപ്പുനരെനിയ്ക്കൊരു കണ്ണു കാഴ്മാൻ
തന്നിച്ഛപോലെ കഴിയാഞ്ഞതുമെത്രകഷ്ടം.
മന്ദം വന്നുദയാചലോപരിവിള-
ങ്ങീടും നിശാനായകൻ
തന്നെക്കൊണ്ടൊരു പദ്യമിന്നയി ഭവാൻ
തീര്‍ത്തങ്ങയച്ചീടണം;
എന്നാലാവിഷയത്തിൽ ഞങ്ങൾചിലരാൽ
കഷ്ണിച്ചു നിര്‍മ്മിച്ചതും
നന്നെബ്ഭംഗി കുറഞ്ഞതും ചിലതിതിൽ
ചേര്‍ക്കുന്നു നോക്കാമതും.
വയ്യിച്ചിടാതെ മറുപത്രിക ശേഖരൻ തൻ
കയ്യാലെതന്നെ വിടണം, മടി വിട്ടിടേണം;
അയ്യോഭവാനതിനു തെല്ല ഞരുക്കമുണ്ടോ
ചെയ്യേണമെന്നിലതിനായ് കരുണാകദംബം