കേട്ടോരൊക്കയുമിന്നു തൻതലകുലു-
ക്കിക്കൊണ്ടു കൊണ്ടാടിടും
മട്ടോരോ കവിതാപ്രയോഗമതിനാൽ
നാട്ടിൽ പ്രസിദ്ധ്യാ പരം
കൊട്ടാരത്തിലതിപ്രമോദമമരും
ശങ്കുണ്ണി കണ്ടീടുവാ-
നിഷ്ടാര്‍ത്ഥീ നടുവത്തിളാസുരനയ-
ച്ചീടുന്നു പദ്യങ്ങളേ.
എന്നാലെന്നുടെ പദ്യമത്ര ഗുണമു-
ണ്ടെന്നോര്‍ത്തയക്കുന്നതാ-
ണെന്നാലോചന ചെയ്തിടേണ്ട സുമതേ!
പഥ്യം ഭവിച്ചീടുവാൻ
എന്നാലായതുപോലെ തീര്‍ത്തെഴുതിയെ-
ന്നോര്‍ത്തീടവേണം ഭവാ-
നിന്നീലോകമതിൽ പ്രധാനകവിത-
ക്കാര്‍ക്കൊത്തൊരുത്തംസമേ!.
മഞ്ജുത്വം കലരും മനോരമയതിൽ തൽപദ്യജാലങ്ങളെ
സ്സഞ്ജാതാത്ഭുതമോടു കണ്ടു മയി തേ കേട്ടും വിശേഷങ്ങള
കുഞ്ഞിക്കുട്ടധരാസുരേന്ദ്രനുരചെയ്തിട്ടും ഭവാനിൽപരം
രഞ്ജിപ്പിന്നു മദീയമാനസമതിൽ തോന്നുന്നു വന്ദേതരം
വര്‍ത്തമാനമതിനെങ്കിലും ഭവാൻ
തീർത്തു പദ്യമെഴുതാതിരിക്കുവാൻ
മാത്രമെന്തൊരപരാധമാണു ഞാ-
നോര്‍ത്തിടുന്ന സമയത്തു ചെയ്തതും.
ആട്ടേ മുൻകഥയൊക്കെ-
പ്പോട്ടേ ഞാനിന്നിവേണ്ടതുരചെയ്യാം
ഇഷ്ടമോടമരണമെന്നാൽ
കിട്ടും നമ്മൾക്കു വേണ്ടഗുണമെല്ലാം.
വൃത്രാരാതിസുതൻ സുഭദ്രയെ മുദാ
വേട്ടോരുദന്തം ഭവാൻ
തീര്‍ത്തിട്ടുള്ള മണിപ്രവാളമധുനാ
കണ്ടൊന്നു കൊണ്ടാടുവാൻ
ആര്‍ത്തിപ്പെട്ടുവരുന്നു ഞാനതു തപാൽ
മാര്‍ഗ്ഗേണ വൈകാതെക-
ണ്ടെത്തിക്കേണമിനിക്കിതിന്റെ മറുക-
ത്തൊന്നിച്ചമന്ദാദരം.
കോട്ടയത്തേക്കു രാജശ്രീ കൊട്ടാരത്തിലമർന്നിടും
ശങ്കുണ്ണിയവർകൾക്കായിക്കൊടുപ്പാൻ നടുവം വക.