എന്താപെരിങ്ങര ഭവാനാരുവാര്‍ത്തപോലും
സന്തോഷമൊടെഴുതിടാത്തതു കഷ്ടമല്ലേ?
ചിന്തിച്ചിടുന്ന സമയത്തൊരു പൂര്‍വ്വവൈരം
നോന്തമ്മിലുള്ള കഥ ഞാനറിയുന്നതില്ല.
മനം രമിക്കുംപടിയുള്ള പദ്യം
മനോരമയ്ക്കങ്ങെഴുതുന്നതെല്ലാം
ഇനിയ്ക്കു കാഴ്മാനിടയാകുമെന്നു
നിനയ്ക്കിലും തൃപ്തി വരുന്നതില്ല.
കേടറ്റീടും കവീന്ദ്രപ്രവരരതിരസ-
ത്തോടലങ്കാരമായി-
ചൂടും വൈഡൂര്യമെന്നിന്നൊരു പുകൾപെരുകും
പൂർണ്ണപുണ്യാംബുരാശേ!
കൂടക്കൂടേ ഭവാൻ തീര്‍ത്തതിമധുരതരം
പദ്യജാലം പ്രമോദം
കൂടുംപാടിങ്ങയച്ചീടണമതിനു കൊതി-
ക്കുന്നു ഞാനുന്നതാത്മൻ!
പണ്ടെന്നാണറിവില്ലൊരിക്കലിവിടെ-
ക്കുണ്ഠേതരം വന്നതും
മണ്ടിത്തന്നെ ഗമിച്ചതും കരളിലി-
ന്നുണ്ടോ മറന്നോ സഖേ!
കണ്ടീടേണമതെന്നിനിക്കു കളിയ-
ല്ലുണ്ടാഗ്രഹം ഭംഗിയാ
യ്ക്കൊണ്ടാരോന്നുരചെയ്തിടുന്നവകയിൽ
കണ്ടാൽ കണക്കില്ലിത്.
ദീനം കൊണ്ടു പുറത്തൊരേടവുമിറ-
ങ്ങീടാതെ പത്ഥ്യം പരം
മാനിച്ചിങ്ങിനെ വാണിടുന്നകഥതൊ-
ട്ടെൻ വര്‍ത്തമാനങ്ങളെ
മാനം ചേർന്നസഖേ! ഭവാനറിയുമാ-
റുണ്ടെന്നു കണ്ടായതോ
ഞാനിപ്പോൾ പറയുന്നതില്ലിതിലിനി-
പിന്നത്തെ പിന്നാലയാം.