ബന്ധുക്കളിൽ പ്രഥമനായ ഭവാനെനിക്കു
സന്തോഷപൂർവ്വമവിടുന്നു തപാൽവഴിയ്ക്ക്
ചന്തംപെറുംപടിയയച്ച സുപദ്യജാലം
സ്വാന്തത്തിലിന്നു മുദമേറ്റവുമേറ്റിടുന്നു.
ഉത്തമസ്സ്കൃതഭാഷക-
ളോര്‍ത്താവർത്തിച്ചു ചേർത്ത പദ്യങ്ങൾ
മുത്തും പവിഴവുമായി-
ക്കോര്‍ത്തീടും മാല പോലെ തോന്നുന്നു.
കുന്നത്തിനുള്ള കുലദൈവതമായ കാവിൽ
കുന്നിൻകുമാരിയുടെ കോവിലിലുള്ള ഘോഷം
കുന്നിച്ചമോദമൊടു കണ്ടുരസിച്ചു പാര-
മെന്നുള്ളതുള്ളവിധമിന്നറിയുന്നു ഞാനും.
നിമ്മലമതിയാം സാക്ഷാൽ
വെണ്മണി ജനകൻ മരിച്ചതോര്‍ക്കുമ്പോൾ
സന്മതകവികൾക്കഴകാം
കണ്മണിപോയെന്നുതന്നെ ചൊല്ലേണം.
തൽക്കാലമ്മയ്ക്കു കടുത്തരോഗ-
മിക്കാലമല്പം കുറവാണു കണ്ടാൽ
ഉൾക്കാമ്പിൽ വിശ്വാസമെനിക്കശേഷ-
മോര്‍ക്കുമ്പൊളില്ലെങ്ങിനെ നിശ്ചയിക്കാം.
കോടങ്കിയ്ക്കൊരു നേരുതര്‍ജ്ജമയെടു-
ത്തിട്ടുള്ളതായീടുമീ
... ... ... ... ... ... ... മൂപ്പനാരുടെ വിശേ-
ഷം തെല്ലുചൊല്ലാമിനി
കൂടുംമോദമൊടിയ്യിടെപ്പുതിയതായ് -
വച്ചുള്ള കാര്യസ്ഥനായ്
മോടിക്കാരനിടഞ്ഞു പാരമതിനാൽ
നോക്കുന്നു നീക്കീടുവാൻ
മൂപ്പനാനാലുഭാഗത്തു
മുൾപ്പെട്ടോരൊത്തു മാറ്റുവാൻ
ഒപ്പിട്ടയച്ച തീട്ടോര്‍ത്താ
ലിപ്പോൾ ബ്രഹ്മാസ്ത്രമാണിതു്.
അഴകില്ലെങ്കിലുമെന്നാൽ
കഴിയും മട്ടുള്ള പദ്യജാലങ്ങൾ
എഴുതാമിനിയും വഴിയേ
പിഴയും ചിലതിങ്കലൊക്കെ വന്നേക്കാം.