വൃശ്ചികം ൧൧
വിശേഷമായ്‍വാര്‍ത്തകളോർത്തിടുമ്പോൾ
വിശാലബുദ്ധേ! ചിലതുണ്ടുചൊൽവാൻ
അശേഷവും പദ്യഗണങ്ങളാക്കി
യശോനിധേ! ഞാനെഴുതുന്നു മോദാൽ.
എട്ടാന്തീയ്യതിയേകദേശമൊരുനാ-
ലഞ്ചായി രാവപ്പൊഴേ
കേട്ടാലം കവിരാജ! രാജകവിയും
കുണ്ടൂർ കവിശ്രേഷ്ഠനും
പൊട്ടേലുള്ളൊരു രാമനോടുമൊരുമി-
ച്ചെത്തീ മദീയാലാ
വിട്ടല്ലോ കവികൾക്കലങ്കരണമാം
തമ്പാനെ മുമ്പോതുവാൻ.
പിന്നത്തതിൽ കേൾക്കുക ഞങ്ങളോരോ
മന്നത്തമോതി സ്ഥിതിചെയ്തിടുമ്പോള്‍
ധന്യത്വമേറും ഗുരുവര്യാരൊത്തു
വന്നെത്തി നാരായണനുന്നതാത്മൻ
മഹാമതികളാകുന്ന
മഹീപതികളെത്തദാ
സഹാനന്ദം സഖേ! പൂജി-
ച്ചഹോ മാനിച്ചിരുത്തി ഞാൻ.
വമ്പേറുന്ന ഭവാന്റെ കത്തു കുതുകാൽ
നാരായണൻ തന്നു ഞാ-
നമ്പോടായതു വാങ്ങിയാസ്സദസി വാ-
യിച്ചോരു നേരം സഖേ!
അമ്പമ്പാ! കൃതി കേമമെന്നഖിലരും
ഭാവിച്ചുവെന്നാകിലും
തമ്പാനൊന്നു പകര്‍ന്നു ഭാവമതിലേ-
ക്കുത്തോര്‍ത്തു പൃത്ഥ്വീപതേ!
പിറ്റന്നാൾ കവിതാപരിക്ഷ, യതിനായ്
തെറ്റാതെ കൃത്യങ്ങളും
കൊറ്റും പത്തുമണിയ്ക്കകത്തു ശരിയായ്
പറ്റിച്ചിതെല്ലാവരും
ഊറ്റപ്പെട്ടൊരു കുഞ്ഞിരാമനൃവരൻ
മുറ്റും പരീക്ഷിക്കുവാ-
നേറ്റൂ ഖാണ്ഡവദാഹമാണു കഥ മ-
റ്റൊന്നല്ലയെന്നോതി ഞാൻ.
ക്ഷിപ്രംതന്നെ തുടങ്ങിയൽഭുതമതി-
ന്നൊട്ടല്ല നന്നായ്പഠി-
ച്ചുൾപ്പൂവിലുറച്ചനേകമുരുവി-
ട്ടുള്ളോരു പദ്യങ്ങളെ
തപ്പീടാതുരചെയ്തിടുന്നു പുനരെ-
ന്നല്ലാതെ കേൾക്കുന്നവര്‍-
ക്കപ്പോൾ തോന്നുകയില്ല വിസ്മയമഹോ
വാണീവിലാസോദയം.
ഇരുനൂറ്റിരിവതിൽ മൂന്നും
ചേരും പദ്യങ്ങളങ്കമേഴാണ്
നേരോടൊമ്പതുമണിയിട
നേരം കൊണ്ടാണു തീർത്തതോര്‍ക്കേണം.
സാമോദമന്നു നിശി രാജമഹീസുരേന്ദ്രൻ
സീമന്തിനീപരിണയം പറവാൻ തുടര്‍ന്നു
ഈമട്ടിലല്ല മലയാളവിധത്തിലാണാ-
ക്കേമൻ തുടർന്നതൊടുവിൽ തകരാറിലായി.
അങ്കമൊന്നു കഴിഞ്ഞപ്പോൾ
ങ്കയുള്ളിൽ മുഴുക്കയാൽ
തങ്കരയ്ക്കലണഞ്ഞീല
താങ്കളോര്‍ക്കണമൊക്കവേ.