Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 25

25 മ-മ പത്രാധിപർക്കു്

വൃശ്ചികം 3ാം തിയ്യതി


"പാലിച്ചുംകൊണ്ടു പാലാഴിയിലടിയരുളും
പോറ്റി മാ”മെന്നിവണ്ണം
കാലം മുമ്പായി ഞാൻ വിട്ടൊരു കൃതി സുമതേ!
തത്ര വന്നീലതെന്നോ?
ചേലില്ലെന്നോര്‍ത്തൊഴിച്ചോ വിവരമതറിയാൻ
തെല്ലൊരാവശ്യമാണെ-
ന്നാലാവൃത്താന്തമെല്ലാം മറുവടിയിലട-
ക്കീട്ടയച്ചീടവേണം.


ജോലിയ്ക്കോര്‍ത്താലൊടുക്കം പുനരൊരുസമയ-
ത്തിങ്കലും ചൊല്ലുവാനി-
ക്കാലത്തിങ്കൽ ഭവാനില്ലതിനിടയിലിവൻ
ചാടിവീണിപ്രകാരം
കോലിട്ടീടുന്നുവെന്നുള്ളൊരു നിനവു ജനി-
ക്കുന്നിതോ നല്ലതല്ലെ-
ന്നാലോചിക്കുന്നതുണ്ടെങ്കിലുമിതിനു പരം
പദ്യമാണിന്നു മൂലം.


വിലസിതശുഭകീര്‍ത്തേ താങ്കൾ പത്രം നമുക്കായ്
വിലയതിനു വിടുന്നോ ചൊൽക സമ്മാനമാണോ?
കലിതരസമതിപ്പോൾതന്നെ തീർച്ചപ്പെടാഞ്ഞാൽ
കലശലിനിടയായിത്തീർന്നിടും നമ്മൾ തമ്മിൽ.