Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 23

23 കുഞ്ഞുക്കുട്ടൻ തമ്പുരാനു്

66 തുലാം 12-ാം


ഇയ്യൂഴമെന്തിങ്ങിനെ വാചകത്തി-
ലയ്യോ ഭവാൻ കത്തു കൊടുത്തയപ്പാൻ
പീയൂഷമോലും തവ പദ്യജാല-
മീയുള്ളവര്‍ക്കോര്‍ക്കുകിലോണമല്ലേ.


ഇന്നലത്തെപ്പരീക്ഷയ്ക്കായ്‍വന്നുചേർന്നീടുവാൻ ഭവാൻ
നന്ദിച്ചയച്ച കത്തിന്നു വന്നു വാസ്തവമിങ്ങിനേ.


മുന്നകൂട്ടിയറിഞ്ഞാലുമെന്നാലായതസാദ്ധ്യമാം
ഒന്നാമതില്ല നൈപുണ്യം പിന്നീടാമയമല്ലയോ?


കിട്ടാക്കുറ്റികളിൽ പിണഞ്ഞു കിടയാ-
തേകണ്ടു കഷ്ണിച്ചിടും
പാട്ടം പാടുകിടന്നുകൊണ്ടു പകുതി
പ്പാടെങ്കിലും വാങ്ങുവാൻ
പെട്ടീട്ടും കൊതിപൂണ്ടു കൊണ്ടു വിരുതൻ
ശങ്കുണ്ണിയെ വിട്ടുനാ-
ളൊട്ടായ് പൂജയെടുപ്പിനെത്തിയതു തീർ-
ന്നന്നേ നടന്നാനാൻ.


പത്രാധിപര്‍ക്കുള്ളൊരപേക്ഷ പോലെ
തീര്‍ത്തായതന്നാളിലയച്ചുവല്ലൊ
കൈത്താരിലെത്തിട്ടതിനുത്തരം വ-
ന്നെത്തിക്കഴിഞ്ഞു കവിരാജമൌല.


കുണ്ടൂരു നാരായണമേനവൻ താൻ
വേണ്ടുന്നകാഴ്ചങ്ങൾ മുറയ്ക്കുതന്നെ
കൊണ്ടാടി നോക്കിക്കുതുകം നിറഞ്ഞു
കൊണ്ടല്ലയോ തത്ര വസിപ്പതിപ്പോൾ.


കണ്ടെത്തി വായിച്ചളവിൽ പ്രഹർഷം
ചിത്തത്തിലേറീ പരമത്രയല്ല
നേത്രത്തിൽ മോദാശ്രു നിറഞ്ഞതൊട്ടു
വാര്‍ത്തോര്‍ത്തുകൊണ്ടങ്ങിനെ നിന്നുപോയീ.


കവികുലവരമൌലി പ്രോല്ലസദ്രത്നമെന്നീ
ബ്ഭുവിവുകൾ പെരുകീടും പുണ്യസമ്പൂർണ്ണമൂര്‍ത്തേ
തവകൃതിമധുപാനം ചെയ്തിടുന്നേരമൊട്ട-
ല്ലിവനൊരു പരിതോഷം ഘോഷവാക്കല്ലശേഷം.


രണ്ടാം തര്‍ജ്ജമ ഞാനയച്ചതവിടെ
ക്കിട്ടീലയോ ചേര്‍ച്ചകേ-
ടുണ്ടോ പാരമതിന്നതിന്റെ വിവരം
പിന്നെബ്ഭവാനൊന്നുമേ
മിണ്ടീലായതിനെന്തു സംഗതി സഖേ
പാരിൽ പ്രസിദ്ധം പരം
പൂണ്ടീടുന്ന കവിപ്രവീരണിയും
മാണിക്യസദ്രത്നമേ.


ചൊല്ലേറും വഞ്ചിരാജ്ഞീവരനതികൃപയാ
തീര്‍ത്തു നാരായണന്നാ-
യുല്ലാസത്തോടയച്ചുള്ളമിതഗുണമെഴും
പദ്യജാലങ്ങൾ കാഴ്മാൻ
അല്ലേ ഞാനാഗ്രഹിക്കുന്നിതു പരമതിനാൽ
നേർപകര്‍പ്പൊന്നെടുപ്പി-
ച്ചെല്ലാമെത്തിച്ചു തന്നീടണമതിനു വിശേ-
ഷിച്ചപേക്ഷിച്ചിടുന്നു.


സഖേ ഭവാനൊത്തൊരു നാലുനാളിൽ
സുഖേന വാഴുന്നതിനാശ പാരം
മുഖസ്തുതിത്തട്ടിവയെന്നശേഷ
മഖണ്ഡകീര്‍ത്തേ കരുതൊല്ലതല്ല.