Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 22

22 അച്ചു മേനവന്

തായത്തിലങ്ങിനെയൊരംഗനയായ് ചമഞ്ഞ
കായത്തിനുള്ള കമനീയതകണ്ടനേരം
മായം വെടിഞ്ഞു മദനാരി കൊതിച്ചു വിഷ്ണു
മായേ മദീയഹൃദയേ മരുവീടയേ നീ.


കാത്തൊള്ളിയിൽ, കവിത കൊണ്ട് ജഗത്തിലെല്ലാം
കീർത്തിപ്പെട്ടും സുകൃതിയച്ചുതമേനവൻ താൻ
പ്രത്യേകമായറിയുവാൻ നടുവദ്വിജൻ തെ-
ല്ലോര്‍ത്തിന്നു തീർത്തു ചിലപദ്യമയച്ചിടുന്നു.


നവാമൃതം തേന്നു തിളച്ചൊലിയ്ക്കും
തവാമലപ്പത്രിക കണ്ടനേരം
കവേ മനസ്സിൽ കവിയും പ്രമോദാൽ
ജവേന ഞാൻ ചെന്നതിരേറ്റുവാങ്ങി.


നേരിട്ടേറെ പ്രശംസാസ്തവമിതു വിരവിൽ
തട്ടി മിന്നിച്ചമട്ടിൽ
കൂറൊട്ടുറം ഭവാൻ തീര്‍ത്തെഴുതിയ തകൃതി-
പ്പദ്യമുദ്യൽസുബുദ്ധേ
ആറെട്ടെന്നല്ല മൂന്നുള്ളതുമതിമിനുസം
ഭംഗിവാക്കല്ല പാർത്താൽ
വേറിട്ടാരും കിടയ്ക്കില്ലയി തവ കവിത-
യ്ക്കെന്നുതോന്നിത്തുടങ്ങി.


ശ്രീവാസുദേവൻ തിരുമേനിതന്നിൽ
ശ്രീവാണിടുംപോലെ ഭവാനിലിപ്പോൾ
ആവാണി വാഴുന്നുവതെന്നുതോന്നു
മീവാസനയ്ക്കുള്ളൊരു ശക്തി കണ്ടാൽ


ജോലികളുള്ളതിലൊന്നെ-
ന്നാലോകനമെന്നതിന്നു കരുതാഞ്ഞാൽ
ചേലേഴുമിഷ്ടത്തിന്നൊരു
തോലിയതാണെന്നുതന്നെ തോന്നുന്നു.


കൊച്ചു കൊച്ചുണ്ണി ഭൂപാലൻ
വച്ച കാരുണ്യവൈഭവാൽ
വാച്ചതെല്ലാമൊഴിഞ്ഞിപ്പോൾ
തുച്ഛമായി മമാമയം


കുഞ്ഞൻ തമ്പാനതെന്നുള്ള
മഞ്ജുശ്രീകവിപുംഗവൻ
അഞ്ജസാകണ്ടു തേ പദ്യ-
പുഞ്ജം സഞ്ജാത കൗതുകം.


വയ്യോതാൻ മഴ മുന്നൊഴിച്ചതുവശാ-
ലുള്ളോരുദോഷം പരം
തിയ്യാളുന്നു മനസ്സിലെങ്ങിനെ കഴി-
ഞ്ഞീടുന്നു മേലാലിനി
ഇയ്യുള്ളോര്‍ക്കു വിശേഷമുണ്ടു കൃഷിയാ-
ണുണ്ണാനതെല്ലാം കരി-
ഞ്ഞയ്യയ്യോ പൊടിഭസ്മമായി കിടയാ
വക്കോലുപോലും സഖേ.


സമര്‍ത്ഥനാകുന്ന ഭവാൻ ധരിപ്പാൻ
സമസ്യ ഞാനൊന്നെഴുതുന്നു താഴേ
അമർന്നമോദത്തോടു പൂരണം ചെ-
യ്തമന്ദമെത്തിക്കുക വൃത്തിയോടും.