Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 16

16 കുഞ്ഞുക്കട്ടന്‍ തമ്പുരാനു്

കന്നി  19-ാംനു


അങ്ങുന്നയച്ച നൽക്കത്തും ഭംഗിയേറുന്ന പത്രവും
ഇങ്ങെത്തി കുതുകാംഭോധൌ മുങ്ങി മുങ്ങി മടങ്ങി ഞാൻ.


"കോലും കയ്ക്കൊണ്ടു കോലം കതുകമൊടിതി?”ഞാൻ
തീര്‍ത്തു വിട്ടസ്സമസ്യ-
യ്ക്കാലസ്യം ചെറ്റു പറ്റീലനവധി കവിത-
ക്കാരു ലാളിക്കമൂലം
മാലുണ്ടെന്നാലുമല്പം പുനരതു പറയാം
കൊച്ചു കൊച്ചുണ്ണിയാം ഭൂ-
പാലൻ പിന്നച്ചുതൻ താനിവരിതിലണയാ-
ഞ്ഞിട്ടിനിയ്ക്കിഷ്ടമില്ല.


എന്നാലവരുമെന്നല്ല
പിന്നെയുള്ളോരശേഷവും
വന്നിതിൽ ചേരുവാനായി-
ട്ടൊന്നു നന്നായ് ശ്രമിക്കണം.


നാരായണൻ കൌമുദി ചിന്തിയാതെ
തീരെക്കളഞ്ഞക്കഥയോര്‍ത്തിടുമ്പോൾ
നീറുന്നു ചിത്തം പരമിജ്ജനത്തിൽ
കൂറുള്ളൊരങ്ങുന്നിതറിഞ്ഞതില്ലേ?


തെക്കും വടക്കും ഗതിചെയ്തു കാലം
പോക്കുന്നതല്ലാതെ പഠിപ്പിനിപ്പോൾ
നോക്കുന്നതുണ്ടോ പായുന്നതെന്തി-
ന്നോര്‍ക്കുമ്പൊഴെല്ലാം മമ ഭാഗ്യദോഷം.