66 കന്നി
വാമദേവൻ തനിക്കുള്ള വാമഭാഗമതിന്നെഴും
ഓമനക്കണ്മുനത്തെല്ലാണീമനുഷ്യന്നൊരാശ്രയം.
അര ഞൊടിയിട പോലും താമസംവന്നിടാതേ
മരവടി വടിവോടേ തീർത്തുചേര്‍ത്താത്തമോദം
വിരവൊടു മടികൂടാതിങ്ങയച്ചുള്ളതെല്ലാ-
മൊരു തടവുപെടാതേ കിട്ടി ഞാൻ തുഷ്ടനായീ
സത്തുക്കളോടുള്ളൊരു ചേര്‍ച്ച മേലി-
ലുത്തുംഗതയ്ക്കായ്‍വരുമെന്നിവണ്ണം
പ്രത്യേകമാം സജ്ജനവാക്കു പാരം
പ്രത്യക്ഷമായ്‍വന്നു നമുക്കിദാനീം
കേൾക്കേണം മമ പദ്യജാലമധികം
നിസ്സാരമാണെങ്കിലും
തൽക്കാലം ഭവദാശ്രയാലഖിലരും
വാഴ്ത്തുന്നിതത്യാദരം
നോക്കുമ്പോളതു യുക്തിയുക്തമിഹ നൽ-
പൂമാല ബന്ധിക്കുവാൻ
ചേര്‍ക്കും വള്ളി ശിരസ്സിലങ്ങണിയുവാൻ
നാണിപ്പതില്ലാരുമേ.
വിദ്യാവിനോദിനിയതിൽ പുനരച്ചടിപ്പി-
ച്ചുദ്യോഗമോടതു പരത്തി ജഗത്തിലെല്ലാം
വിദ്യാവിവേകനിധിയായ ഭവാനെടുക്കും
വിദ്യയ്ക്കു ഞാൻ തടവൊഴിഞ്ഞു സലാംതരുന്നേൻ.
പാരം ചാരുതയോടുകൂടി വിലസും
ശാകുന്തളം നാടകം
നേരേ കേരളഭാഷയായയി ഭവാൻ
തീര്‍ത്തോരു നൽപുസ്തകം
നേരിട്ടൊന്നവിടുന്നയച്ചുതരുവാ-
നുണ്ടോതരം കാഴ്മതി-
ന്നേറെത്തന്നെ കൊതിച്ചിരിയ്ക്കുമിവനിൽ
കാരുണ്യമുണ്ടാകുമോ?
ദീനം ക്രമത്തിൽ സുഖമാണു തീരു-
മാനം ശമിച്ചില്ലതു കാരണത്താൽ
ഞാനിപ്പൊഴും പത്ഥ്യമതിന്നൊരല്പ-
മൂനംവരാതിങ്ങിനെ വാണിടുന്നു.
പൊന്നും പൂമാതിനോടൊത്തുരുതരകുതുകാൽ
പുണ്ഡരീകാക്ഷനും നൽ
കുന്നിൻ പുത്ര്യാസമേതം പൊലിമയൊടു പുരാ-
രാതിയാം പോറ്റിതാനും
ഉന്നിദ്രാഭം വിളങ്ങുംപടി സുകവിമണേ!
ഭാഗ്യവാനാം ഭവാനും
ധന്യശ്രീവഞ്ചിരാജ്ഞീമണിയൊടു സഹിതം
വാഴ്ക മാഴ്കാതെ തന്നെ.