Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 12

12 കോവിലകത്തും പറമ്പിൽ കല്യാണിക്ക്

66 ചിങ്ങം 2-ാംനു


ശൃംഗാരസാരനിലയേ വിളികൊണ്ട് കോടി-
ലിംഗാധിനാഥദയിതേ തവ പൂർവ്വജന്മം
അംഗാരലോചന മനത്തളിരിട്ടിളക്കും
മംഗല്യദൈവതമതെന്നു ജഗൽപ്രസിദ്ധം.


സൌന്ദര്യം സകലത്തിലും ദയ സദാ
സൽകീർത്തി സത്യം പരം
വന്ദ്യന്മാരിൽ വണക്കമീസ്സരസരിൽ
സാരജ്ഞഭാവോദയം


എന്നിത്യാദിഗുണങ്ങളാസകലമി-
ന്നൊന്നിച്ചു കുന്നിച്ചിരി-
പ്പന്യസ്ത്രീകളിലില്ല തീച്ചപറയാം
കല്യാണി കല്യാശയേ.


ക്ഷോണീമണാളകരുണാംബുധിയിൽ കുളിച്ചു
വാണീടുമിന്ദുമുഖി താവകചാരുരൂപം
കാണുന്നതിന്നു കൊതിയുണ്ടു നമുക്കു പാര-
മേണാക്ഷി ദീനമതിനാൽ തരമില്ല താനും.


പണ്ടേകവാരമയിതേ ഗദവര്‍ത്തമാനം
കൊണ്ടാടിയെന്നൊടുരചെയ്തതുമന്നു തന്നെ
വേണ്ടും മരുന്നുകൾ വിധിച്ചതുമിപ്പൊഴൊക്കെ-
യുണ്ടോമനസ്സിലതു തീരെ മാന്നുപോയൊ?