65 കര്‍ക്കടകം 15-ാംനു
തിങ്ങും രസേന മലയാളമനോരമേതി
പൊങ്ങുന്ന പേരണിയുമാക്കടലാസ്സുമുള്ളിൽ
അങ്ങുന്നു തീര്‍ത്തെഴുതിവച്ചതുമെത്തിനോക്കി
മുങ്ങിക്കുളിച്ചു കുതുകാർണ്ണവപൂർണ്ണതോയേ.
തെറ്റന്നിന്നെന്റെ പദ്യം സുകവിവര ഭവാ-
നച്ചടിപ്പിച്ചുവെന്നാൽ
തെറ്റുണ്ടോ മാപ്പുചോദിപ്പതിനൊരു വഴിയെ-
ന്തെന്തുമട്ടാണിതെല്ലാം
ഏറ്റം ഞാനിഷ്ടനല്ലേ കനിവെഴുമവിടു-
ന്നെന്തുചെയ്താലുമുള്ളിൽ
പറ്റില്ലാ നീരസംമേ കരളിലതു പരം
പോഷമാം തോഷമല്ലേ.
വിക്ടോറിയാചരിതതര്‍ജ്ജമ ചെയ്‍വതിന്നാ-
യുൾക്കാമ്പിലുണ്ടു ചില സംശയമായതെല്ലാം
തീര്‍ക്കുന്നതിന്നു വടിവോടുടനേ വിടാം ഞാൻ
ശങ്കുണ്ണിയെപ്പുകളെഴുന്ന ഭവൽസമീപേ
കുണ്ടൂരാനോടു വൃത്താന്തം കണ്ടോതിക്കൊണ്ടുപോരുവാൻ
മണ്ടിക്കാമാളെയാവിദ്വാനുണ്ടാവില്ലൊരു താമസം.
മനോരമയിലത്യന്തം മനതാരലിയുന്നു മേ
ഇനിയും കാണുവാനെന്നിൽ കനിവേകീടണം ഭവാൻ.