Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 4

4 കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്

65 മിഥുനം 23-ാംനു


തരുണേന്ദുധരൻ ദേവൻ കരുണാവരുണാലയൻ
ഹരിണാ വിധിനാസാകം തരണേ താപമോചനം.


പാരിൽ ഭൂരി ഗുണങ്ങളാർന്ന കവിത-
ക്കാരിന്നശേഷം പദ-
ത്താരിൽ താണുവണങ്ങിടുന്ന സുകവി
പ്രൌഢപ്രദീപപ്രഭോ!
കൂറ്റേറുന്ന ഭവാൻ ചമച്ചവിടെനി-
ന്നെത്തിച്ചു പദ്യങ്ങളി-
ന്നാറും കണ്ടു കുതിച്ചുചാടിയതിലെ
ജ്ജാത്യങ്ങളോര്‍ത്തോര്‍ത്തു ഞാൻ.


കുടുപ്പിള്ളി താൻ തീർത്ത ഗദ്യങ്ങളും ഞാൻ
വെടുപ്പായി വായിച്ചു വേണ്ടില്ലതെല്ലാം
പൊടുക്കുന്ന വിദ്യാപ്രധാനത്വമിപ്പോൾ
കൊടുത്തേയ്ക്കു രണ്ടെങ്കിലും വേണ്ട വാദം.


കൊച്ചുണ്ണിക്ഷ്മാവരൻ തന്നരിയൊരു കൃപയു-
ണ്ടാകകൊണ്ടോട്ടിറക്കം-
വച്ചിട്ടെൻ ദീനമിപ്പോളറിയുക സുമതേ!
മിക്കതും വിട്ടുപോയി
പിച്ചല്ലല്പം കിടപ്പുണ്ടിനിയതുമവിടു-
ന്നാശു മാറീടുമെന്നാ-
യുൾച്ചിന്നും മോദമോടും കവിവര വരവും
കാത്തു ഞാൻ പാര്‍ത്തിടുന്നു.


അയ്യോ ഞാൻ തീത്തപാട്ടെന്തറുവഷളു സഖേ
 പാരമെന്നിഷ്ടരെന്നെ
 പ്പൊയ്യല്ലേ ബുദ്ധിമുട്ടിച്ചൊരു പൊറതി തരാ-
 ഞ്ഞിട്ടതിൽ ചെയ്തതാണേ
 വയ്യിപ്പോളാവകയ്ക്കൊന്നിനുമതിനിനിമേൽ
 ഭാഗ്യമുണ്ടെങ്കിലാവാ-
 മിയ്യുള്ര്‍ളോക്കിപ്പൊഴെന്തോകഥ? ശിവ ശിവനേ!
 സന്തതം ചിന്ത തന്നെ.


നേരംപോക്കൊട്ടു കൊള്ളാമിതു തവ സുകവേ
ദീനമെന്നുള്ളതങ്ങി-
ന്നേരം പാരം മറന്നോ മമ കളികളിലെ-
ന്താശയിന്നാശയത്തിൽ
എറും പ്രീതിയ്ക്കു കാണ്മാൻ പലരുമിഹ വരു-
ന്നുള്ളതല്ലാതെ ലീല
യ്ക്കാരും പാര്‍ത്താൽ വരുന്നില്ലരിയിൽ വരുമതെ-
ന്നാകിലും വേണ്ട താനും.


സമസ്യ പൂരിപ്പതിനിപ്പൊഴേറ്റ-
മമാന്തമെന്തച്ചുതമേനവന്ന്
അമന്ദമിങ്ങോട്ടതു തീര്‍ത്തയപ്പാൻ
ശ്രമിച്ചുനോക്കീടണമൊക്കുമെന്നാൽ