Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 3

3 കിളിക്കോട്ടു പണിക്കര്‍ക്ക്

65 മിഥുനം 23-ാംനു


ദീനത്തിൽ ചെന്നുചാടിപ്പകലിരവും പരം
ബുദ്ധിമുട്ടുന്നമൂലം
ഞാനിപ്പോൾ ചിത്തതാരിൽ കവിതകൾ നിരുപി-
ക്കാറുമില്ലേറെയൊന്നും
മാനം ചേരും ഭവാൻ തീര്‍ത്തെഴുതിയ തകൃതി
പ്പദ്യജാലങ്ങൾ കണ്ടി-
ട്ടാനന്ദം വന്നുദിച്ചോരളവിതു സുമതേ!
തീര്‍ത്തതെന്നോര്‍ത്തിടേണം.


കണ്ടിപ്പോൾ പല വര്‍ത്തമാനമുരചെ-
യ്തീടുന്നതിന്നായിരി-
പ്പുണ്ടിങ്ങായതുകൊണ്ടു താമസമണ-
ഞ്ഞീടാതെ പാടേ ഭവാൻ
ഉണ്ടാം ജോലികളെന്നിരിയ്ക്കിലുമതി-
ന്നെല്ലാമൊഴിച്ചാസ്ഥയാ
മണ്ടിത്തന്നെ വരേണമെന്നു കരുതി-
ക്കൊണ്ടുള്ളെഴുത്താണിത്.


കല്യൻ കിളിക്കോട്ടുപണിക്കർ കാഴ്മാ-
നുല്ലാസമാർന്നീ നടുവത്തു വിപ്രൻ
തെല്ലൊന്നു ചിന്തിച്ചു ചമച്ച പദ്യ-
മെല്ലാം മഹാമിശ്രമതായതാട്ടേ.