Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 2

2 വെണ്മണി മഹൻ നമ്പൂരിപ്പാട്ടിലേക്ക്

65 മിഥുനം 15-ാംനു


കൈലാസശൈലശിഖരത്തിലമർന്നിടുന്ന
കാലാരി തന്നുടയ കായമമിങ്കലര്‍ദ്ധം
ചേലാളിടുന്നപടിചേര്‍ന്നു വിളങ്ങിടുന്ന
ശൈലേന്ദ്രപുത്രി കരളിൽ കളിയാടിടട്ടെ!


മുന്നം നോന്തങ്ങളിൽ കാഴ്മതിനൊരു കഴിവെ-
ന്തെന്നു ചിന്തിച്ചു ചിത്തം
തന്നിൽ ഖിന്നത്വമാർന്നിങ്ങായി തവ വരവും
പാർത്തു ഞാൻ പാർത്തിടുമ്പോൾ
തന്നത്താനേ ഭവാൻ വന്നൊരുപകലൊരുമി-
ച്ചിങ്ങിരുന്നിട്ടു പിന്നീ-
ടിന്നാളങ്ങോട്ടുപോയിട്ടവിടെയെഴുമുദ-
ന്തങ്ങളെന്തൊക്കയാണു്?


ചൊല്ലേറീടും ഭവാനിയ്യിടയിലൊരുസുഖ-
ക്കേടുമില്ലാതിരിക്കു-
ന്നില്ലേ യെല്ലാര്‍ക്കുമില്ലത്തിതുപൊഴുതു സുഖം
തന്നെയല്ലേ സുകീര്‍ത്തേ!
അല്ലാ കാര്യം മറന്നൂ തവ ജനകനെഴും
ദീനവൃത്താന്തമെന്ത-
ന്നല്ലേ മുമ്പിൽ ധരിക്കേണ്ടതു ധൃതിയതിനാ-
ണായതോട്ടായമല്ലേ?


ഇനിയ്ക്കുള്ളാദീനം ശമനമതിലാണെന്നു പറയാം
നിനയ്ക്കുമ്പോളിപ്പോളിനിയതഖിലം കാണ്കിലറിയാം
മനക്കാമ്പിൽ കാമം തവ ജനകനെക്കാണുവതിനു-
ണ്ടിനിക്കൂടുന്നെന്നാണതിനൊ ഒതരം സല്കവിമണേ!


എന്നുടെ സമസ്യയിതിലൊന്നെഴുതിടുന്നു-
ണ്ടിന്നായി സഖേ! മതികുറച്ചതിനുവച്ച്
മന്ദത വരാതെയൊരു പൂരണമതിന്നീ-
വന്നിട്ടുമവൻവശമയയ്ക്കണമിനിക്കു.


കൊച്ചുണ്ണിക്ഷ്മാവരൻ തൊട്ടിതു സുകവിമണേ!
നൽകവിപ്രൌഢരെല്ലാം
മെച്ചത്തിൽ പൂരണം ചെയ്തതു കുതുകമൊടും
കണ്ടുഞാനിണ്ടലെന്ന്യേ
ഒച്ചപ്പെട്ടീടുമങ്ങുന്നിനി മിനുമിനുസം
പൂരണം ചെയ്തു കാഴ്മാ-
നിച്ഛിക്കുന്നുണ്ടു പാരം ബുധവരമകുട-
പ്രോല്ലസൽകല്യബുദ്ധേ!


ബ്രഹ്മശ്രീ കീർത്തിമാനായ വെണ്മണിക്ഷ്മാസുരേന്ദ്രനു
ചെമ്മേ നടുവഭൂദേവൻ സമ്മോദമെഴുതുന്നത് .