11065 മിഥുനം 6-ാംനു
ഗിരിയ്ക്കെഴും നന്ദിനിതന്നെ മുന്നം
വരിച്ച ദേവൻ ദയിതാസമേതം
ചിരിച്ചുകൊണ്ടെന്‍മനതാരിടത്തിൽ
സ്ഫുരിച്ചു മാലുള്ളതകറ്റിടട്ടെ.
ഈ വിശ്വത്തിലശേഷവും പുകളെഴും
പുണ്യാംബുരാശേ! ഭവൽ-
സേവന്മാരിലൊരുത്തനായ നടുവ-
ക്ഷ്മാദേവനാകുന്ന ഞാൻ
ആവില്ലൊന്നിനുമെന്നിരിക്കിലുമയ-
ച്ചീടുന്ന പദ്യങ്ങളെ
ശ്രീവഞ്ചീശ്വരി; ജീവനാകിയ ഭവാൻ
കണ്ടൊന്നു കൊണ്ടാടണം.
മുപ്പത്തൊമ്പതിലഴും മുറജപ-
ത്തിന്നായി വന്നപ്പൊഴാ-
ണുൾപ്പൂവിൽ കുതുകം കലർന്നായി ഭവാ-
നൊന്നിച്ചു നന്ദിച്ചു ഞാൻ
അല്പം നാളിലിരുന്നതോര്‍മ്മയവിടെ-
യ്ക്കുണ്ടായിരിക്കാമിനി-
യ്ക്കിപ്പോൾ തന്നെ കഴിഞ്ഞപോലെ കരളിൽ
തോന്നുന്നു മന്ദേതരം.
പാരാതന്നു പിരിഞ്ഞുപോന്നതുമുതൽ-
ക്കൊന്നങ്ങു വന്നീട്ടുവാൻ
പാരം മോഹമിനിക്കു ചിത്തതളിരിൽ
ചേർന്നാണിരുന്നെങ്കിലും
ഓരോ ജോലികൾകൊണ്ടതിന്നു കഴിവാ-
യ്‍വന്നീല വന്മോഹമാം
പാരാവാരമതിൽ കിടന്നു പകലും
രാവും പരുങ്ങുന്നു ഞാൻ.
തെല്ലൊരു ദീനംകൊണ്ടി-
ങ്ങില്ലത്തിപ്പൊഴുതു ഞാനിരിപ്പാണ്;
ഇല്ലൊരു സൌഖ്യമിവണ്ണം
കൊല്ലമതിങ്ങൊന്നരയ്ക്കടുത്തായി.
വസ്തിയിലൊരു വേദനതൊ-
ട്ടോര്‍ത്താൽ പലതുണ്ടുപദ്രവമതിപ്പോൾ
വസ്തുത നിരുപിക്കുമ്പോ-
ളിത്തിരി കുറവെന്നുതന്നെ പറയേണം.
തിരുവനന്തപുരത്തു വരാനും കരളിലിന്നധികമാഗ്രഹമുണ്ട്
വിരവിലാമയമൊന്നു ശമിച്ചാലരമഹംവരുമന്നവിടത്തിൽ.
ചിത്തരംഗമതിലോർത്തു ഞാനൊരു സമസ്യ
തീത്തതു വഴിയ്ക്കിതിൽ
ചേർത്തിടുന്നു കവി വര്യരാകുമിവിടുത്തു-
കാരു ചിലരൊക്കയും
പൂര്‍ത്തിചെയ്തതിഹ കണ്ടു പൂരണമിനിബ്ഭ-
വാനുടെയതുംമുദാ-
പാര്‍ത്തിടേണമതിനിന്നൊരാര്‍ത്തിയതു തീര്‍ത്തി-
ടേണമവിടുന്നുതാൻ.
എന്തൊക്കയാണവിടെയുള്ള വിശേഷമിന്ന-
തന്തർമ്മുദാ വിവരമായറിയേണമെന്നും
ചിന്തിച്ചുകൊണ്ടിഹ വസിച്ചിടുമെന്നിലേറ്റം
സന്തോഷമോടുമറിവിച്ചുതരാനപേക്ഷ