കണ്ടിട്ടില്ലിജ്ജനുഷി സുകവേ! തമ്മി-
ലെന്നാലുമോതാം
പണ്ടിഷ്ടന്മാരിരുവരുമയേ! നമ്മ-
ളെന്നേ വരാവൂ;
ഉണ്ടൊട്ടേറെബ്ഭവതി കുതുകം, വാസ-
നാവൈഭവത്തെ-
ക്കൊണ്ടിട്ടല്ലോ ജനമിഹ പുരാവൃത്ത-
മൂഹിച്ചിടുന്നൂ.
ഇക്കാലത്തിഞ്ചു വന്നാൽക്കവിവര! ഭവദാ-
ലോകനത്തിന്നു നന്നായ്-
ത്തക്കം കിട്ടീടുമെന്നിങ്ങനെ കരുതിയഹം
ഹന്തി പോന്നോരുനേരം
മൽക്കാംക്ഷാലേശമൊന്നെങ്കിലുമിഹ സുമതേ!
സാദ്ധ്യമായീല, പോട്ടെ,
ത്വൽക്കീര്‍ത്തിപ്പൂവു ചൂടുന്നതിനു വഴി ചെവി-
യ്ക്കീശ്വരൻ നൽകിടട്ടേ.
ശ്രീ വായ്ക്കുമുള്ളൂർപ്പരമേശ്വരയ്യർ
മേവും പ്രദേശത്തണവാനമന്ദം
ഭാവം തെളിഞ്ഞിയൊറവങ്കരക്ഷ്മാ-
ദേവൻ വിചാരിച്ചെഴുതുന്ന പത്രം.