ബാലപ്രാലേയരോചിസ്സുടയ മുടിതടം,
മൂന്നു തൃക്കണ്ണു തൃക്കൈ-
നാലിൽ ച്ചാപാസുപാശാങ്കുശമിളനളിനീ-
കാന്തകാന്തിപ്രവാഹം,
ചേലേറും ഭൂഷണശ്രീ വിരു,തഴ,കതിതാ-
രുണ്യമിത്യാദി ചിഹ്നം
പാലിയ്ക്കും ഗൌരിയമ്മേ! കവിതയിലതിവൈ-
ദഗ്ദ്ധ്യമേകീടണം മേ.
നേരേതും നേര്‍ത്തിടാതുള്ളൊരു തവ മൊഴികൾ-
ക്കേലുമോ തെറ്റിതഞ്ചൽ-
ക്കാരൻ പറ്റിച്ചതാണെന്തിനു പറവതഹോ!
പുസ്തകം പൂജ്യമായി:
ആരോ ചോദിപ്പതഞ്ചൽസ്ഥലമതിലമരും
പിള്ളമാർ നേരുകേടി-
ന്നാരംഭിച്ചാലതിനപ്പുറമുടനമൃതാര്‍-
ദ്ധാസനാസീനവാണേ!
അഞ്ചാതഹോ മുറജപത്തിനുശേഷവും ഞാ-
നഞ്ചാറുനാളവിടെ വാസമുറച്ചിരുന്നു;
വഞ്ചോറെനിയ്ക്കവിടെയുള്ളതപത്ഥ്യമായി-
ക്കിഞ്ചോദരാര്‍ത്തി പിടിപെട്ടു തിരിച്ചുപോന്നു.
പാരാതെ ഞാനുതകുമീയചമൽക്കൃതാല-
ങ്കാരങ്ങളെന്നുടെ കൃതിയ്ക്കിഹ പോരപോലും!
നേരാണതെങ്കിലുമഹം പുനരെന്തു കാട്ടാം
ഹാരാളിയെങ്ങിനെ മകൾക്കു ദരിദ്രനേകും