മൂലാധാരമണഞ്ഞു മൂന്നരവള-
ച്ചുറ്റിൽച്ചുരുണ്ടായതി-
ന്മേലേ പത്തി പരത്തിവെച്ചു പരമാം
പന്ഥാവിലന്തസ്സുഖം
ചാലേ നിത്യമുറങ്ങിടുന്ന ഭുജഗ-
പ്പെണ്ണൊന്നുണര്‍ന്നാത്മസ-
ത്മാലോകത്തിനെളുപ്പമായ വഴിയേ-
കട്ടേ നമുക്കാദരാൽ.
ഇന്നീ വരുന്ന മനുജന്നു തവാനുകമ്പാ-
സന്ദര്‍ഭമോടൊരു ശിപാരിശി വേണമത്രേ;
എന്നാൽ, ഭവൽപ്പരിചയം കുറവാകമൂല-
മെന്നോടു വന്നിവനപേക്ഷ തുടര്‍ന്നിടുന്നു.
പണ്ടാ വഞ്ചിക്ഷമാധീശ്വരിയുടെ മഹിത-
പ്രാണനായ് വാണ കോയി-
പ്പണ്ടാലയ്ക്കിന്നു നൽകീടണമൊരു കുറിയെ-
ന്നാണപേക്ഷാപ്രസംഗം;
കണ്ടിട്ടില്ലാത്തൊരാൾക്കിങ്ങനെ വില പെരുകും
പത്രമേകേണ്ട കാര്യം-
കൊണ്ടാലോചിപ്പതിന്നും തവ നമദവനം
സജ്ജനാചാരമല്ലോ.