പര്‍പ്പക്ഷ്മാതലഗോത്രഭിന്നവശയഃ-
പീയൂഷപാനാൽപ്പരം
ഹൃൽപ്പോഷം കലരാതെയുള്ള സുജനം
പാരിൽപ്പരം ദുര്‍ല്ലഭം;
ഇപ്രാപഞ്ചികരിൽ ബ്ഭവാനിതുവിധം
ചെയ്യുന്ന സൌജന്യമി-
ന്നെപ്പേരും കടമായ് വരുന്ന, തിനിയും
യാചിച്ചിടുന്നേൻ കടം.
ഇപ്പത്രം ഭവദീയസന്നിധിയിലേ-
യെത്തിയ്ക്കുമീ മാധവൻ
ത്വൽപ്രേമാദിനയാവനത്തിനു കൊതി-
ച്ചീടുന്നു ദാരിദ്രവാൻ;
ഇപ്പാരിൽ ബത! ചീഫുകോടതിയിൽനി-
ന്നേറെഗ്ഗുമസ്താക്കളെ-
ക്കല്പിക്കുന്നതുപോലെയൊന്നിവനെ വെ-
യ്പിക്കാൻ കനിഞ്ഞീടണം.
പരാധീനനായീടുമീ മര്‍ത്ത്യനിൽ തേ
ധരാപാല! കാരുണ്യമല്പം വരേണം;
നിരാധാരരായിട്ടു കേഴുന്ന ലോകര്‍-
ക്കൊരാലംബമെന്തുള്ളു സല്ലോകമെന്യേ
ശേഷമുള്ള വിവരങ്ങൾ മാധവൻ
തോഷപൂർവ്വമറിയിയ്ക്കുമാകവേ
ശേഷിയില്ലഖിലമീവിധം കവേ!
ഭാഷയായി പറഞ്ഞുതീര്‍ക്കുവാൻ.
സരളൻ പര്‍പ്പഭൂപൻതൻ
കരളിൽക്കരകേറുവാൻ
ഒറവങ്കര വിപ്രന്റെ
കരലേഖനമാണിതു്.