ആലങ്ങാട്ടയിരൂർപ്രവൃത്തിയതിലാ-
ണില്ലം, ശിവംപിള്ളിയെ-
ന്നാലംബിക്കുമതിനു പേർ, ചിലവിനും
കഷ്ടിച്ചു പാട്ടം വരും;
നാലാളച്ഛനു മക്കളു,ണ്ടവരിൽ ഞാൻ
മൂന്നാമ,നദ്ദേഹവും
മാലെന്ന്യേ മരുവുന്നു മാതൃജനവും
മുത്തൊത്തു മുത്തശ്ശിയും.
സര്‍ക്കാർസല്ക്കാരമാർന്നിദ്ധരണിമുഴുവനും
കേളികേൾപ്പിച്ച സാക്ഷാൽ
തൈക്കാട്ടിട്ടീരിമുസ്സാണിവനു ഗുരുവരൻ
വൈദ്യവിലോപദേശേ;
ഇക്കാലം നാട്ടുവൈദ്യത്തിരിവിനു തിരുവാ-
ങ്കൂർഗവര്‍മേണ്ടിനാൽ ക-
ല്പിക്കപ്പെട്ടോരു ജോലിസ്ഥലമതുമയിരൂ-
രാണു, നേരാണിതെല്ലാം.
കൂറ്റേറുന്ന സഖേ, കുറെക്കലശലാ-
യിദ്ദിക്കിലീ വന്മഴ-
ക്കാറേറും സമയത്തു കാട്ടറ കളം-
കുത്തിക്കളിക്കുന്നുതേ;
ആറാളിൽപ്പിടിപെട്ടുവെങ്കിലിരുനൂ-
റ്റമ്പത്തുനാലാൾ മരി-
പ്പാറുണ്ടാശ്ശനിയെത്തടുക്കുവതിനാ-
യേര്‍പ്പെട്ടു കോപ്പിട്ടു ഞാൻ.
നിത്യവുമിക്കാര്യത്തിൽ
പ്രത്യേകം ദൃഷ്ടിവെച്ചുകൊള്ളേണം-
ഇത്തരമുത്തരവും വ-
ന്നെത്തി നമുക്കുള്ള ജോലിയതുതന്നെ.
ശമ്പളമോര്‍ത്തിംഗ്ലീഷിൽ
മുമ്പുളവായ്‍വന്ന പാഠവും പോയി
കമ്പൊളിവെന്തിനു? കാര്യം
കമ്പിളിയായിക്കലാശിച്ചു.
വേഷമൊന്നു പകരം വിഷൂചിതൻ
ദോഷമിത്തിരി കുറഞ്ഞുകിട്ടിയാൽ
ഈഷലില്ല, മരിയാതിരിക്കിലിം-
ഗ്ലീഷുപാഠമിനി ഞാൻ മുടക്കുമോ?