മെച്ചം കൃതിയിൽ സമ്പാ-
ദിച്ചൊരു ശങ്കുണ്ണിസാറു വായിച്ചു്
അച്ഛന്നകീർത്തി നടുവ-
ത്തച്ഛൻനമ്പൂരിയെദ്ധരിപ്പിപ്പാൻ.
സാരം ഗ്രഹിക്കുമവിടയ്ക്കൊരു ദീനമമെന്തോ
നേരിട്ടിരുന്നതഖിലും സമ്പമാൻ ശമിച്ചോ?
നേരം വെളുക്കുമളവിൽ കുളി മറ്റു-
കാര്യങ്ങളെന്നിവ മുറയ്ക്കു നടപ്പതില്ലേ?
'മലയാളി'ക്കും നമ്മുടെ
'മലയാളമനോരമ'യ്ക്കുരണിവാനായ്
ചില വാക്കു പദ്യമാക്കി-
ച്ചിലവാക്കീടാത്തതെന്തു ഹന്ത! ഭവാൻ?
നാമല്ലേ നറുതേനൊലിക്കൃതി കൃതി-
ച്ചീടുന്ന കൂട്ടത്തിലൊ-
ന്നാമൻ, നമ്മുടെ നാക്കിനില്ലൊരു പിശു-
ക്കെന്നൂറ്റമോന്നേറ്റവര്‍
ഈ മന്നിൽപ്പലരുണ്ടുവര്‍ക്കതു കുറ-
ഞ്ഞീടാൻ കുറും കൌശല-
ക്കൈ മറ്റെന്തുലകിൽ വേൽകൃതിവിലാ-
സത്തിന്റെ സത്തെന്നിയേ?
ഭൂരിശ്രീമൽഭവൽപൂർവ്വജനുടയ മകൻ
വേട്ടൊരന്തര്‍ജ്ജനത്തിൻ
പേറുണ്ടായ്‍വന്നുവെന്നും പരമതിനുടെ നാ-
ളുത്രനക്ഷത്രമെന്നും
ആരോമൽപ്പൈതലുണ്ടായതു സുകൃതവശാ-
ലുണ്ണിയാണെന്നു മിന്നാ-
ളാരോ മൽക്കര്‍ണ്ണരന്ധ്രങ്ങളിലമൃതതിധാ-
രാളമായ് ധാര ചെയ്തു.
സ്വന്തം തറവാട്ടയ്ക്കൊരു
സന്തതിയുണ്ടായിവന്നവിധമായി
സന്തോഷമെന്മനസ്സിൽ
സന്തതമേറുന്നിതി വിശേഷത്താൽ
തീയന്യസ്ത്രീ, പരസ്വം വിഷ,മൃതമമൃതം,
വിദ്യ സമ്പാദ്യമെന്നീ-
ന്യായം മായം വെടിഞ്ഞോര്‍ത്തതിമഹിതമഹാ-
ഭാഗ്യസൌഭാഗ്യമേറി
ശ്രേയസ്സേകും മുകുന്ദൻതിരുവടിയെ ഭജി-
ച്ചീടുവാനാശ വര്‍ദ്ധി-
ച്ചായുസ്സുണ്ടായ്‍വരട്ടേ ശിശുവിനു ദുരിതം
കെട്ടു നൂറ്റെട്ടുകൊല്ലം.