ചേലേറി ഞാനവിടെനിന്നു തിരിച്ചു പിന്നീ-
"ടേലൂരുമൂപ്പനു' ചികിത്സ നടത്തുവാനായ്
നാലാറുതിയ്യതികൾമുമ്പൊരു നാളിരുട്ടാൻ
കാലായ നേരമവിടെബ്ബത ചെന്നുചേർന്നു
മൂപ്പനെക്കാണുവാനായ് ഞാൻ
നാല്പത്താറു വിനാഴിക
അപ്പടിപ്പുരയില്‍ക്കൂടീ-
കോപ്പുകൊള്ളരുതോ സഖേ?
വളത്തൊപ്പി, വളര്‍ന്ന താടി, വയറും
നെഞ്ഞും നിറഞ്ഞൊപ്പമായ്-
ക്കെട്ടിക്കാടുപിടിച്ച രോമ, മരയിൽ-
പ്പിച്ചാത്തി, മെച്ചത്തരം,
കട്ടിക്കാങ്കി, കറുപ്പുടു,പ്പൊരുറുമാൽ,
ശൌര്യം, ശകാരങ്ങളീ-
മട്ടിൽജ്ജോനകരെത്ര വേണമവിടെ-
ക്കണ്ടേൻ കണക്കെന്നിയേ
പട്ടാളമെന്നപടി വന്നു നിറഞ്ഞുനില്ക്കും
മുട്ഠാളരാകിയൊരു മാപ്പിളമാരശേഷം
ഞെട്ടീടുമാറു വലിയൊച്ച പുറപ്പെടീച്ചു
തട്ടിത്തകര്‍ത്തൊരുവനങ്ങു വരുന്ന കണ്ടൂ
നവരാവണനാമായാൾ,
കവിരാജ, വരും വിധൌ
ശിവരാമ, പരം ചെയ്താ-
വരാസകലം സലാം.
ആയതു മൂപ്പൻതാനെ-
ന്നായതബുദ്ധേ, നിനച്ചു ഞാൻ ചിത്തേ;
കായമൊതുക്കിപ്പയ്യേ
... ... ... ... ... ... ... ... ... ... ... ... ... ... ... ...
എന്നെക്കണ്ടപ്പൊളായാളതിബഹുമതിഭാ-
വം നടിച്ചൊന്നു പാണി-
ദ്വന്ദ്വം കൂട്ടിസ്സലാം തന്നൊരു കസകരിയും
തന്നു താൻ ചെന്നിരുന്നു;
തിന്നാൻ കൊണ്ടെക്കൊടുക്കെന്നൊരുവനൊടു പറ-
ഞ്ഞപ്പഴയ്ക്കപ്പുറത്തു-
ന്നൊന്നാം നമ്പ്രായ് മുറുക്കാനൊരുപടി നിമിഷം-
കൊണ്ടവൻ കൊണ്ടുവെച്ചു
വഴിനടന്ന തളര്‍ച്ച കുറച്ചു തീര്‍-
ത്തഴകിൽ നല്ല മുറുക്കു മുറുക്കി ഞാൻ
കഴുകിടുന്ന രസത്തോടിരുന്നിടും
പൊഴുതവൻ തൊഴുതേവമുരച്ചുതേ
"പാലയ്ക്കൽ ബ്ഭഗവതിയമ്പലത്തിലുണ്ണാൻ
ചേലൊക്കുംപടി സകലം തയാറുചെയ്യാം;
ഈ ലെക്കിൽ സമയമതാ കടന്നു, നാളെ-
ക്കാലത്താം വഴിയറിയാനുമാളയയ്ക്കാം"
എന്നു പറഞ്ഞവനവിടെ-
ത്തന്നെയിരുനൊന്നു മീശ തുള്ളിച്ചൂ;
ഉന്നതമിടിവെട്ടുംപടി
പിന്നോക്കം നോക്കിയേവമുംചെയ്തു
"ആലി കുഞ്ഞാലിയും മക്കാ-
രാലുവാക്കാരനമ്മതും
നാലുപേരിവർ പോകട്ടേ
വാല്യക്കാർ വഴി കാട്ടുവാൻ”
മൂപ്പന്റെ വാക്കു കേട്ടാ
മാപ്പിളമാർ നാലുപേർ തയാറായി
അപ്പടുവങ്കരുമായി
സാപ്പടുവാനായി ഞാൻ പോയി.
ഇടവഴികൾ കടന്നൊട്ടമ്പലത്തോടടുത്തോ-
രിടയിലൊരു കൃശാംഗിത്തയ്യലെത്ര കണ്ടു;
ചടുലതരസരോജക്കണ്ണിയെ ക്കണ്ടനേരം-
ത്തടിമുടിവരെ നോക്കിത്തന്നെ ഞാൻ നിന്നുപോയി
അനന്തരം തെല്ലു നടന്നനേര-
ത്തനന്തനെമ്പ്രാന്തിരി പോണ കണ്ടു;
അനന്തമാമാകൃതി കണ്ടുപോയാൽ
വനാന്തദുര്‍ദ്ദേവത തോറ്റുമണ്ടും
ഗോഷ്ടികൾ പലവക കാട്ടും
കാട്ടെമ്പ്രാനെക്കടന്നു പിടികൂടി
ഊട്ടു കഴിപ്പാനെന്നെ-
ക്കൂട്ടിയയച്ചാരയച്ച മാപ്പിളമാർ
അമ്മാപ്പിളാരവർ തിരിച്ചുഗമിച്ചശേഷം
തെമ്മാടിമാർ മകുടമാം തുളുനാടനെമ്പ്രാൻ
നമ്മെശ്ശകാരമൊരുപാടു കഴിച്ചു പിന്നീ-
ടുമ്മാൻ വിളിച്ചു കഴുവേറി കുളിച്ചുവന്നു
കീറിയോരിലയിലല്പമുണക്ക-
ച്ചോറു മാത്രമവനത്ര വിളമ്പി;
മോരുമില്ല മുളകുപ്പുപുളീല്ലു-
പ്പേരിയില്ല, മുറിയിഞ്ചി സുഭിക്ഷം
മദ്ദളപ്രായമാം ചോറ-
ന്നദ്ദേഹം തന്നതൊക്കയും
ശുദ്ധമേ പച്ചവെള്ളം ചേര്‍-
ത്താണു കഴിച്ചു ഞാൻ
ആകണ്ഠാമുണ്ടു പുനരൊന്നു കിടന്നുറങ്ങാൻ
പോകേണ്ടതിന്നിയെവിടെയ്ക്കിവനെന്നുവെച്ച്
ആകെത്തിരിഞ്ഞു നെറികെട്ടുവലഞ്ഞു പിന്നെ-
പാകത്തിനായവിടെ നല്ലൊരു വീടു കിട്ടി
തെറ്റന്നു ഞാൻ പടികടന്നു പതുക്കനെപ്പോയ്
മുറ്റത്തു നിന്നു മിനുസത്തൊടു നോക്കിയപ്പോൾ
കുറ്റങ്ങളല്ല, കുറവല്ല, മുതുക്കിമാര-
ങ്ങററംവരെയ്ക്കിടകലർന്നു കിടന്നിരുന്നൂ
തത്തിത്തുള്ളിത്തരികിട-
തത്താക്കിച്ചാടി ഞാൻ കലാശിച്ചൂ;
മുത്തികളുണരാനായി-
ട്ടിത്തിരിനേരം വിളിച്ചു മിന്നിച്ചൂ.
എത്തം കേട്ടു പരിഭ്രമത്തോടെഴുനേ-
റ്റേത്താ തുടച്ചക്ഷിയിൽ
പറ്റും പീള കുളഞ്ഞു മുക്കിമുറളി-
ക്കൊക്കിക്കുരച്ചങ്ങിനേ
മുത്തിത്തള്ളയൊരുത്തി വന്നു "പതമായ്
പിള്ള, പിണങ്ങേണ്ട വ-
ന്നിത്തിണ്ണമ്മെലിരിക്കു, പാമുറി തരാ?"-
മെന്നോതി മന്ദേതരം.
രസിച്ചു ഞാൻ മുത്തിയൊടൊത്തിരുന്നാ-
ശ്വസിച്ചു നാലഞ്ചു മുറുക്കു ചെയ്തു;
അസച്ചരിത്രങ്ങളകറ്റിയല്പം
വസിച്ചു വായ്പിട്ടു പറഞ്ഞുകൊണ്ട്
ഇത്തരമിത്തിരിനേരം
മുത്തിയോടും വര്‍ത്തമാനമുരചെയ്തു:
തത്തിതകര്‍ത്തുകിടന്നേ-
ത്തമ കവിമൌലിമാണികേ!
ഈവിധം വിവിധവര്‍ത്തമാനമായ്
രാവു പോയി സമയം കിടക്കുവാൻ
സാവധാനമൊരു സാധനത്തിനാ-
യാ വശത്തു മുഴുവൻ തിരഞ്ഞു ഞാൻ.
മുത്തിത്തള്ള, മുറം, ചിരട്ട, ചിര, ചൂൽ,
ചാണം, കടം, കൂട,വാ-
കുത്തിക്കണ്ട,മുലയ്ക്കു, തൂമ്പ,യരിവാ,-
ളമ്മിക്കൽ ചെമ്മീങ്കലം,
അത്തീച്ചട്ടി, തവിട്ടുവട്ടി,യുരൽ, കോ-
ഴിക്കൂട, കോടാലിയെ-
ന്നിത്യാദ്യങ്ങൾ നിറഞ്ഞെറേത്തൊരു മുറി-
പ്പാ കിട്ടി പാക്കട്ടിളിൽ.
ഒന്നാംതരമുറക്കം ഞാ-
നന്നുറങ്ങിയമാതിരി
മുന്നൊരിക്കലുമുണ്ടായി,-
ല്ലിന്നിയുണ്ടാകയും നഹി
നേരം വെളുത്ത സമയത്തിനു മുമ്പുതന്നേ
പാരാതെ ഞാനവരൊടപ്പടിയാത്ര ചൊല്ലി
സാരം ധരിക്കുക സഖേ, സുഖമാര്‍ന്നു വങ്ക-
ച്ചാരായ മൂപ്പരുടെ വീട്ടിനു ചെന്നുചേര്‍ന്നു
ശേഷം വിശേഷമുളവായതു മറ്റൊരിക്കൽ-
ദ്ദോഷം വെടിഞ്ഞു വിവരിച്ചറിയിച്ചുകൊള്ളാം;
ഭാഷാകവീന്ദ്രവരവംശവിശാലാമൗലി-
ഭൂഷാവിശേഷവിലസന്നവരത്നമേ, കേൾ