Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / ഒടുവിൽ മേനോന്റെ കത്തുകള്‍ / ഒടുവിൽ 7

7 കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയ്ക്ക്

മാന്യ ശ്രീ സഭയിൽ ഭവാൻ ഗദമു-
ണ്ടായെന്നുമേറെ ശ്രമി-
ച്ചെന്നും നാടകമൊട്ട തീർത്തു വിരമി-
ച്ചെന്നും സഖേ! കേട്ടു ഞാന്‍
പിന്നെത്താവകവര്‍ത്തമാനമറിയാ-
ഞ്ഞിട്ടൊന്നു പേടിച്ചു കേ-
ളെന്നാൽ ത്വൽപ്രതിപദ്യവര്‍ഗ്ഗമധുനാ
കണ്ടേറ്റവും തൃപ്തനായ്.


'ചുക്കില്ലെ'ന്നു സമസ്യയിട്ടതു മറ-
ന്നിട്ടില്ല ഹേ! വൈദ്യബു-
ക്കക്കാലം കുറെ വാങ്ങിവെച്ചതിലെനി-
ക്കഞ്ചെട്ടയച്ചീടുമോ?
ഇക്കാലം ഗദമില്ലെനിക്കിനി ഭവൽ-
പ്രായം വരുമ്പോൾ പിടി-
ച്ചേക്കാമന്നുപയോഗമാകുമവയെ-
ന്നോര്‍ക്കുന്നമാന്തിക്കൊലാ,


എന്നോ ഞാനും ഭവാനും കവികളണിമണേ!
ഹൃദ്രമപ്പത്രികായാ-
മൊന്നിച്ചുൽപന്നമോദം കൃതികൾ ചിലതയ-
ച്ചീടുവാനായ മുതിര്‍ന്നു,
അന്നാൾ തൊട്ടെന്നിലത്യത്ഭുതമമതയെഴും
ത്വാ പ്രതിപ്പക്ഷമുള്ളം
തന്നിൽ ചേര്‍ക്കായ്കിലോ ഞാൻ സ്മരണ കുറയുവോ-
നെന്നു വന്നീടുമല്ലോ.


ദൈവത്തിന്നാജ്ഞയാലേ വിളവുകൾ കറവായ്
കുക്ഷിരോഗം പിടിച്ചാൽ
ശ്രീവഞ്ചീന്ദ്രൻ ദയാപൂര്‍വ്വകമതിനു മരു-
ന്നേകുമേ ധര്‍മ്മവൈദ്യൻ;
ഏവം സൂരീന്ദ്രർകൂടും സഭയതിലിതുപോ-
ലുള്ള ദീനങ്ങൾ വന്നാ-
ലേവര്‍ക്കും ദുസ്സഹംതാൻ നഹിയതിനു ചികി-
ത്സിക്കുവാൻ തക്ക വൈദ്യൻ.