Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / രാസക്രീഡ തിരുവാതിരപ്പാട്ടു് പ്രാചീനകവിത

രാസക്രീഡ തിരുവാതിരപ്പാട്ടു് പ്രാചീനകവിത

സമ്പാദകൻ - വെള്ളങ്കുളത്തു കരുണാകരൻനായർ

അപ്രകാശിതമായ ഈ കൃതി കുടമാളൂർ ചെമ്പകശ്ശരിമഠത്തിൽനിന്നു കിട്ടിയതാണു്


ഒന്നാംപാദം


ശുകപുരിവാണരുളും ഭഗവാനേ വണങ്ങുന്നേൻ
ശുകവാണി വാണിമാതെ സുഖഗീതം നൽകിടേണം


കളഗോപിമാരുമായി കളിയാടും വാസുദേവൻ
കളവേണുഗീതംപാടിക്കനിവോടേ മേവുംകാലം


മദിരാക്ഷിമാര്‍ക്കങ്ങുള്ളിൽ മദമേറീടുകമൂലം
മടിയാതെ രാധയുമായ് മറഞ്ഞങ്ങുപോയി കൃഷ്ണൻ


അതുനേരം ഗോപിമാരങ്ങതിഖേദം പൂണ്ടുകൊണ്ടു
തിരയുന്നു കാടുതോറും കരയുന്നു കാമിനിമാർ;


തളരുന്നു ദേഹമെല്ലാം വളരുന്നു പരിതാപം;
മലർബാണമേറ്റു പാരം വലയുന്നു വല്ലവിമാർ


മുകിൽവര്‍ണ്ണനതുനേരം സുഖമോടേ രാധയുമാ-
യകലെപ്പോയൊരുദിക്കിലഴകോടെ രമിപ്പാനായ്


"രമണിയാം രാധേ ബാലേ! രമിപ്പാനായ് വന്നാലും നീ
... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ... ...
കുളുർമുല പുണരുവാൻ കുതുകി ഞാനെന്നും കാന്തേ!
കളിയല്ല മറ്റാരോടും രമിപ്പാൻ ഞാൻ പോകുന്നില്ല.'’


രണ്ടാംപാദം


“എങ്കിലെന്റെ വാസുദേവ! എന്നെത്തോളിലെടുക്കാമോ
നിങ്കഴുത്തിലിരിപ്പാനുണ്ടാഗ്രഹമെനിയ്ക്കു കൃഷ്ണ!


കാടുതോറും മണ്ടിമണ്ടി കാൽകുഴഞ്ഞീടുന്നു നാഥ!
കാണിനേരമെന്നെത്തോളിലേറ്റിക്കൊണ്ടു നടക്കാമോ?"


“കാണിനേരമല്ല രാധേ! കമ്രവാണി വന്നാലും നീ
നാണമില്ലെനിയ്ക്കു നാഥേ നാരിയുടെ വാക്കുകേൾപ്പാൻ"


മുകുന്ദന്റെ ഗളംതന്നിൽ സുഖമോടേ കരേറുവാൻ
അരികിൽപ്പോയ ചെന്നുനിന്നു അഴകോടേ കാലുയര്‍ത്തി


അഖിലേശൻ തന്റെ കണ്ഠേ അതിമോഹംഭവിച്ചപ്പോ-
ളവിടെക്കാണാതെപോയി അഴകേറും മുകുന്ദനെ


മധുവൈരി വിരവോടെ മറഞ്ഞങ്ങു ഗമിച്ചപ്പോൾ
പുലി പന്നി മഹിഷങ്ങൾ വലിയൊരു ഗജങ്ങളും


കലമാനും കരടിയും കലഹിച്ചുവരുന്നതു
കുറയാതെ കണ്ടുകണ്ടു പേടിച്ചു വിറച്ചുകൊണ്ടു


മറയിട്ടു മണ്ടിമണ്ടി മുകുന്ദനേത്തേടിത്തേടി
വനന്തന്നിലങ്ങുമിങ്ങും വരവാണി നടക്കുമ്പോൾ


ഒരുദേശേ മറ്റുള്ളോരു തരുണിമാരെയും കണ്ടു
അവരോടുചേര്‍ന്നുകൂടി അടവിയിൽ നടകൊണ്ടു


മൂന്നാംപാദം


മറ്റുള്ള ഗോപിമാർ കാനനന്തന്നിൽ മണ്ടിവരുന്നോരു രാധയേക്കണ്ടു
ചാരം നിരക്കവേ നിന്നുരചെയ്തു "തെറ്റെന്നു നിന്നെയും കൈവെടിഞ്ഞായോ?


നമ്മുടെ ഗോപാലനെങ്ങു ഗമിച്ചു? നന്മൊഴി രാധേ നീ നമ്മോടു ചൊല്ക
നമ്മോടുകൂടി രമിക്കുന്നനേരം നിന്നെയുംകൊണ്ടല്ലൊ പോയി മുകുന്ദൻ


നിന്നോടുചേർന്നു രമിക്കുന്നനേരം നിന്നെയുമയ്യോ വെടിഞ്ഞിതു നാഥൻ
ഞങ്ങളെക്കൂറില്ല മാധവനെന്നു ഞങ്ങൾക്കു മുന്നമേ ബോധവും വന്നൂ


നിന്നെയുപേക്ഷിപ്പാനെന്തൊരു മൂലം?" എന്നതുകേട്ടു പറഞ്ഞിതുരാധാ
"എന്നുടെ ജാതകദോഷത്തേകേൾപ്പിൻ എന്നോടുകൂടി രമിക്കുന്നനേരം


ഏറേഞെളിഞ്ഞു പറഞ്ഞിതു ഞാനും എന്നേക്കഴുത്തിലെടുക്ക മുകന്ദ!
എന്നുപറവാനുമങ്ങനെതോന്നി എന്നാലതും ചെയ്യാമെന്നുരചെയ്തു


എന്നെയരികത്തു ചേര്‍ത്തുപുണർന്നു, മുട്ടുകാൽകുത്തി മുകുന്ദനിരുന്നൂ
പെട്ടെന്നു ഞാൻ ചെന്നു പിന്നിലുംനിന്നു ചേലയുടുത്തതു ചാലേചുരുക്കി


കാലുമുയത്തിക്കരേറുവതിനായ് കൗതുകത്തോടെ തുടര്‍ന്നോരുനേരം
കാർമുകിൽവര്‍ണ്ണനെക്കണ്ടതുമില്ല കാനനം തന്നിൽ ഞാൻ താനേ ചമഞ്ഞു


കാട്ടുമൃഗങ്ങളെക്കണ്ടുവിറച്ചു കാട്ടിലുഴന്നു നടക്കുന്നനേരം
നിങ്ങളെക്കാണ്മാനും സംഗതിവന്നു ഇങ്ങനെയെന്നുടെ വാര്‍ത്തകളെല്ലാം


കൊണ്ടൽനിറമുള്ള കോമളരൂപം കണ്ടായോ നിങ്ങളും ഗോപിമാരേ?" 
“കണ്ടില്ലയെങ്ങുമേകൃഷ്ണനെഞങ്ങൾ എങ്ങപോയെന്നൊരു രൂപവുമില്ല"


എന്നുപറഞ്ഞുടൻ ഗോപികമാരും ഏറേവിഷാദിച്ചു കാനനംതന്നിൽ
പുഷ്പങ്ങൾതമ്മോടും വള്ളികളോടും പക്ഷിമൃഗത്തോടും ചോദ്യം തുടങ്ങി.


നാലാംപാദം


"സിന്ദുവാരമേ കുന്ദജാലമേ സുന്ദരാംഗനേയുണ്ടോ കണ്ടൂ?
ചന്ദനങ്ങളേ ചമ്പകങ്ങളേ ചന്ദ്രവക്ത്രനേയുണ്ടോ കണ്ടൂ?


മുല്ലേ മല്ലികേ നല്ലമാലതീ മല്ലവൈരിയേയുണ്ടോ കണ്ടൂ?
പൈങ്കിളികളേ കോകിലങ്ങളേ പങ്കജാക്ഷനേയുണ്ടോ കണ്ടൂ?


വെള്ളപ്പക്ഷിയേ വെണ്മയേറുന്ന വേദമൂര്‍ത്തിയേയുണ്ടോ കണ്ടൂ?
വള്ളിക്കെട്ടിലേപ്പുള്ളിമാനേ നീ വല്ലവേന്ദ്രനേയുണ്ടോ കണ്ടൂ?


കൃഷ്ണസാരമേ കൃഷ്ണഗോക്കളേ കൃഷണനുണ്ണിയെയുണ്ടോ കണ്ടൂ?
മത്തമാതംഗക്കൂട്ടമേ നിങ്ങള്‍ മര്‍ത്ത്യരൂപനെയുണ്ടോ കണ്ടൂ?


കൈതേ കൈനാറിക്കൂട്ടമേ നിങ്ങള്‍ ഗോവിന്ദന്‍യുണ്ടോ കണ്ടൂ?
ഗോകുലങ്ങളേ ഗോക്കളേ നിങ്ങൾ ഗോവിന്ദൻ തന്നേയുണ്ടോ കണ്ടൂ?”


ഇങ്ങനെയോരോ ചോദ്യം ചെയ്തുകൊണ്ടംഗനാജനമങ്ങുമിങ്ങും
കാനനംതന്നിൽ സഞ്ചരിക്കുമ്പോൾ കാണുമാറായി കാര്‍വര്‍ണ്ണൻതന്നെ


കൊണ്ടൽവര്‍ണ്ണനേക്കണ്ടുഗോപിമാർ കൊണ്ടാടിക്കൂടി മേളത്തോടേ
രാസക്രീഡകൾ ചെയ്തുപിന്നെയും രാപ്പകൽ വാണു രാഗത്തോട്ടേ.