സമ്പാദകൻ:-ടി. ബാലകൃഷ്ണൻനായർ, ചിറയ്ക്കൽ
രാസക്രീഡയാണ് ഈ പഴയ പാട്ടിലെ വിഷയം. രാസക്രീഡാനന്തരം ശ്രീകൃഷ്ണൻ ബലഭദ്രനോടുകൂടി തൃച്ചംബരം ക്ഷേത്രത്തിലേയ്ക്കെഴുന്നള്ളുന്നതായിട്ടാകുന്നു കവി സങ്കല്പിച്ചു കാണുന്നതു്. തൃച്ചംബരത്തിനടുത്ത് 'പൂക്കോത്തുനട' എന്നു സുപ്രസിദ്ധമായ ഒരു രാജവീഥിയുണ്ട്. ആണ്ടുതോറും കുംഭമാസത്തിൽ കൊണ്ടാടുന്ന തൃച്ചംബരത്തുത്സവാഘോഷത്തിൽ തൃച്ചംബരത്തു ബാലകൃഷ്ണസ്വാമിയുടെ വിഗ്രഹവും, തൃച്ചംബരത്തിനടുത്തു് 'മഴുവൂരു്' എന്ന ക്ഷേത്രത്തിലെ സ്വാമിയുടെ വിഗ്രഹവും പൂക്കോത്തു നടയിൽ എഴുന്നള്ളിച്ച് അര്‍ദ്ധരാത്രിക്കുശേഷം അതിവിശേഷമായി നൃത്തം വെയ്ക്കാറു പതിവാകുന്നു. പൂക്കോത്തു നടയിലെ നൃത്തം വടക്കരെ ആബാലവൃദ്ധം ഇന്നും ആകർഷിക്കുന്നു. തൃച്ചംബരത്തു പെരുമാളുടെ വിഗ്രഹം ഉദ്ധവർ പൂജിച്ചിരുന്നതാണെന്നു് ഐതിഹ്യമുണ്ട്. നൃത്തം അവസാനിക്കാറായാൽ ശ്രീകൃഷ്ണസ്വാമിയും ബലഭദ്രസ്വാമിയും തമ്മിൽ പിരിഞ്ഞു അവരവരുടെ ക്ഷേത്രത്തിലേയ്ക്കെഴുന്നള്ളുന്ന കാഴ്ച എത്രയും ഹൃദയാവർജ്ജകമായിട്ടുള്ളതാകുന്നു.
കനകകിരീടത്തിന്മേൽപ്പീലി പൂഞ്ചായൽ ചാര്‍ത്തി
നെറ്റിമേൽ കസ്തൂരി കളഭം ചാര്‍ത്തി;
കനകകുണ്ഡലങ്ങളും പുലിനഖമോതിരവും
കൌസ്തുഭം വനമാല മാറിൽ ചാര്‍ത്തി,
കനകകങ്കണങ്ങളും കനകാംഗുലീയങ്ങളും
പീതാംബരം തുകിലരയിൽ ചർത്തി;
പൊന്നും കാഞ്ചനകാഞ്ചി ചേർത്തു തിരുവരയിൽ
കാൽ രണ്ടിലും പൊന്നും ചിലമ്പു ചാര്‍ത്തി 8
ഈവണ്ണം ചമത്തെങ്ങു കാർവണ്ണൻ കനിവോടെ
വൃന്ദാവനത്തിലേയ്ക്കെഴുന്നള്ളുന്നു!
ചന്ദ്രനുദിച്ചുപൊങ്ങീ, സൂര്യൻ കടൽ മറഞ്ഞൂ;
കണ്ണൻ കുഴൽവിളി തുടങ്ങീ മെല്ലെ.
കുഴൽ നാദം കേട്ടനേരം ഗോപസുന്ദരിമാരും
മനമുഴറിമയങ്ങി മാനം കെട്ടു;
അച്ഛനമ്മ കാന്തനേയും തെല്ലും ശങ്കിയാതെ
കൃഷ്ണൻ തിരുവടിസമീപേ ചെന്നു. 16
ചന്ദനം മല്ലികാ പൊൻചെമ്പകമിവയേശി-
വന്നീടും പരിമളവായു വീശി
കാമിനിമാരെല്ലാരും കാർമുകിൽവര്‍ണ്ണൻ താനും
വൃന്ദാവനത്തിൽ കേളിയും തുടങ്ങീ,
പന്തണിമുലമാരെ വട്ടം തിരിച്ചു നിർത്തി
വാട്ടം വരാതെനിന്നു താൻ നടുവിൽ
ചിന്തുകൾ പാടിക്കൊണ്ടു പന്തണിമുലമാരും
പാണിതലം കൊട്ടിക്കളിച്ചീടുന്നൂ! 24
കണ്ടാലോ പരിമളംകൊണ്ടു വിലസും പൂവെ
വണ്ടുകൾ ചുഴലെ നിന്നാടും പോലെ
ആമോദംപൂണ്ടു മല്ലികപ്പൂഞ്ചോലയിൽ മേവും
പൈങ്കിളിക്കൂട്ടമൊന്നായ് പാടുംപോലെ
കൊങ്കുകളിളകാതെ തരിവള കുലുങ്ങാതെ
കാർകൂന്തൽ കെട്ടഴിഞ്ഞിഴഞ്ഞീടാതെ;
താലികളിളകാതെ മാലകൾ പിണയാതെ
ചേലകളൊട്ടഴിഞ്ഞിഴഞ്ഞീടാതെ! 32
കൊങ്കകളികുന്നു തരിവള കിലുങ്ങുന്നു
കാർകൂന്തൽ കെട്ടുമഴിഞ്ഞീടുന്നുണ്ടേ!
താലികളിളകുന്നു മാലകൾ പിണയുന്നു
ചേലകളൊട്ടൊട്ടഴിഞ്ഞീടുന്നുണ്ടേ!
ചരണവും ചരണവും തങ്ങളിലിടയുന്നു
തുടകൊണ്ടു തുടയുമിടഞ്ഞീടുന്നു!
കരംകൊണ്ടു കരംകെട്ടി മുഖത്തോടു മുഖം ചേർത്തു
ശിരസ്സുകലുക്കിക്കൊണ്ടു ഭംഗിയോടെ 40
ഈ വണ്ണം കളിക്കുന്നു ഈ വണ്ണം കളിക്കുന്നു
ഈ വണ്ണം കളിക്കുന്നു മങ്കമാരും.
കൊങ്കകളുരസുന്നു പങ്കജാക്ഷൻ തൻ മെയ്യിൽ
അംഗജനധികമായ് ഭ്രമിച്ചീടുന്നു
കങ്കുമം പതിച്ചോരു കുംഭസ്തനങ്ങൾ മെല്ലെ
കാര്‍വ്വണ്ണൻ കനിവോടെ തടവീടുന്നു
മേളമിയലും നല്ല താളത്തിൽക്കുഴലൂതി
താളത്തിൽച്ചുവടും വെച്ചൊപ്പമൊപ്പം 48
കണ്ണന്റെ മന്ദസ്മിതം കോലും തിരുമുഖവും
തങ്കനൃത്തവും മൈക്കണ്ണിമാർ കണ്ടു,
കണ്ടുമയങ്ങീടുന്നു കണ്ടുമയങ്ങീടുന്നു
മൈക്കണ്ണിമാർ കണ്ടുമയങ്ങീടുന്നു!
താരാഗണത്തിൽ ചന്ദ്രൻ വിളങ്ങുംപോലെ
ദേവിമാർ മദ്ധ്യേ മിന്നി ബാലകൃഷ്ണൻ!
കൊമ്പു കുഴൽ തകിലും മദ്ദളം തിമിലയും
താളത്തിൽ മേളത്തിലും കൊട്ടിയപ്പോൾ 56
ഈ വണ്ണം കളിച്ചങ്ങു തൃച്ചംബരത്തു പൂക്ക
ചെന്താമരക്കണ്ണാ ഞാൻ കൈതൊഴുന്നേൻ
കുംഭമാസംതോറും ബലഭദ്രരോടും കൂടെ
പൂക്കോത്തെ നടയിലെഴുന്നള്ളണം
ഭൂമിയിൽ ദിവ്യനൃത്തമാടുന്നു ബാലകൃഷ്ണൻ;
തൂകുന്നു പുഷ്പങ്ങളും ദേവവൃന്ദം
ഗോവിന്ദ ഗോവിന്ദയെന്നുള്ള നാമസ്തുതിയാൽ
ലോകങ്ങളെല്ലാം വിളങ്ങീടുന്നുണ്ടെ 64
ഈവണ്ണം കളിച്ചങ്ങു തൃച്ചംബരത്തു പുക്ക
കാർവണ്ണാ ഭക്തിയോടെ കൈതൊഴുന്നേൻ