സമ്പാദകൻ - കേ. നാരായണപ്പിഷാരടി
അര്‍ക്കചന്ദ്രന്മാരാകാശം ഭൂമിയുമഗ്നിദേവനുമംഭസ്സും വായുവും
അഗ്നിഹോത്രിയുമിത്തരം മെയ്യുള്ളോരഷ്ടമൂര്‍ത്തിയെക്കൈതൊഴുന്നേനഹം
എന്നുടേ ഗുരു വിപ്രകലോത്തമനെന്നുടേ മനതാരിൽ വിളങ്ങേണം
വാണിമാതും വിരിഞ്ചനുംവ്യാസനും വാണിടേണമെന്നുള്ളത്തിലെപ്പൊഴും
രാജരാജൻ മഹാരാജൻ ധര്‍മ്മജൻ രാജസൂയം കഴിഞ്ഞോരനന്തരം
രാജധാനിയാമിന്ദ്രപ്രസ്ഥംതന്നിൽ രാജരാജിയോടൊന്നിച്ചു മേവിനാൻ
ദുർജ്ജനത്തെയൊടുക്കുന്ന ഭീമനുമര്‍ജ്ജുനൻ സഹദേവൻ നകുലനും
കുന്തിദേവിയും പാഞ്ചാലപുത്രിയും പൈന്തേൻനൻമൊഴിയാളാംസുഭദ്രയും
മേളമോടിവരെല്ലാവരുംകൂടിക്കേളിയോടും വസിക്കുന്ന കാലത്തു
ദാനവന്മാര്‍ക്കൊരാശാരിയാകുന്ന മാനശാലി മയാസുരൻ വന്നുടൻ 10
വൃത്രവൈരിതനയൻപ്രസാദിപ്പാൻ ചിത്രമണ്ഡപമൊന്നവൻ നിര്‍മ്മിച്ചു.
ഖാണ്ഡവവനം പണ്ടു ദഹിക്കുമ്പോൾ പാണ്ഡവൻതന്റെ പ്രാണത്തെരക്ഷിച്ചു
പ്രത്യുപകാരംചെയ്യേണമെന്നവൻ ചിത്തേചിന്തിച്ചുതീര്‍ത്തൊരുമണ്ഡപം
എത്രവിസ്മയമെത്രമനോഹരമെത്രമോഹനമെന്നേ പറയേണ്ടു
വെള്ളമില്ലാത്തദിക്കുകളൊക്കവേ വെള്ളമുള്ളേടമെന്നവൻ തോന്നിക്കും
വെള്ളമുള്ളടത്തില്ലെന്നുംതോന്നിക്കും കള്ളന്മാരെച്ചതിപ്പാനുപായങ്ങൾ
വാതിലില്ലാത്തദിക്കിലതുണ്ടെന്നും വാതിലുള്ളിടത്തില്ലെന്നുംതോന്നിക്കും
നീലരത്നം പതിച്ചനിലങ്ങളിൽ നീളെവെള്ളമുണ്ടെന്നും ഭൂമിച്ചിടും
നീരാഴമുള്ള തോട്ടിന്റെചോട്ടിലങ്ങാരോമൽസ്ഫടികങ്ങൾ പതിക്കയാൽ
ദൂരെനിന്നുവരുന്ന ജനത്തിനു നീരില്ലെന്നൊരു വ്യാകുലമുണ്ടാക്കും 20
ചിത്രമായ ജലസ്ഥലഭ്രാന്തി കൊണ്ടെത്രയും പാരം ദുര്‍ഘടമായ്‍വന്നു
കണ്ടുസൂക്ഷിച്ചിരുന്ന ജനങ്ങളും ചെണ്ടകൊട്ടും ചില ദിവസങ്ങളിൽ
ഭീമസേനനങ്ങേറ്റംപ്രസാദിച്ചു ഹേമംവാരിക്കൊടുത്തു മടിയാതെ
ധര്‍മ്മനന്ദനൻ പട്ടും വളകളും സമ്മാനിച്ചു മയനെത്തെളീപ്പിച്ചു
വെണ്മയോടങ്ങയച്ചോരനന്തരം ചിന്മയൻ കൃഷ്ണൻതാനുമെഴുന്നള്ളി
പാഞ്ചജന്യദ്ധ്വനിയങ്ങുകേട്ടപ്പോൾ പഞ്ചപാണ്ഡവന്മാരുമെഴുന്നേറ്റു
പാഞ്ചാലിയും സുഭദ്രയും കുന്തിയും വാഞ്ഛയോടെ പുറപ്പെട്ടെതിരേറ്റു
എല്ലാവർക്കുമുളവായ സന്തോഷം ചൊല്ലുവോന്നല്ലെനിക്കെന്റെ ദൈവമേ,
ചിത്രമണ്ഡപംതന്നിലെഴുന്നള്ളി തത്ര വാണരുളുന്ന മുകന്ദനെ
അര്‍ഘ്യപാദ്യങ്ങൾകൊണ്ടുടൻ പൂജിച്ചങ്ങര്‍ക്കജാത്മജൻ മെല്ലെസ്തുതിചെയ്തു 30
"കൃഷ്ണ കൃഷ്ണ മുകുന്ദ മുരാന്തക വിശ്വദേവേശ വിശ്വജനേശ്വര
അച്യുതാനന്ദ ഗോവിന്ദ ഗോപാല സച്ചിദാനന്ദമൂര്‍ത്തെ നമോസ്തുതേ
ലോകമിങ്ങനെനിര്‍മ്മിച്ചതും ഭവാൻ ലോകരക്ഷണംചെയ്യുന്നതും ഭവാൻ
ലോകനായകനാകുന്നതും ഭവാൻ ലോകസംഹാരിയാകുന്നതും ഭവാൻ
മീനരൂപത്തെക്കൈക്കൊണ്ടു പണ്ടൊരു ദാനവനെക്കൊലചെയ്തതും ഭവാൻ
പിന്നെക്കൂര്‍മ്മസ്വരൂപം ധരിച്ചുടൻ മന്ദരാചലംപൊങ്ങിച്ചതും ഭവാൻ
പന്നിവേഷംധരിച്ചു പതുക്കവെ മന്നിനെവീണ്ടുകൊണ്ടെന്നതും ഭവാൻ
വാമനാകാരത്തോടേയെഴുന്നള്ളി ഭൂമിദാനത്തെ മേടിച്ചതും ഭവാൻ
സീതാവല്ലഭനായി സമുദ്രത്തിൽ സേതുബന്ധനംചെയ്യിച്ചതും ഭവാൻ
ഖഡ്ഗംകൊണ്ടു രിപുക്കളെക്കൊന്നീടും കല്കിയായിപ്പിറന്നീടിലോഭവാൻ 40
രണ്ടു നാലുദിനംകൊണ്ടൊരുത്തനെത്തണ്ടിലേറ്റിനടത്തുന്നതുംഭവാൻ
പണ്ടു പണ്ടുള്ള നാടും നഗരവും കൊണ്ടുപോയിമറിക്കുന്നതും ഭവാൻ
കള്ളപ്പുഞ്ചിരി തൂകുന്നനാരിയാം വള്ളികെട്ടി വലിക്കുന്നതും ഭവാൻ
ബ്രഹ്മനായതും ബ്രാഹ്മണനായതും ധർമ്മനായതും ധാർമ്മികനായതും
സൂര്യനായതും സൂരികളായതും മാരനായതും മാരുതനായതും
വീരനായതും വിഷ്ണുവതായതും ധീരനായതും ധീരതയായതും
മോഹനായതും മോഹങ്ങളായതും ദ്രോഹിയായതും ദ്രോഹങ്ങളായതും
സ്നേഹിയായതും സ്നേഹങ്ങളായതും ഗര്‍വ്വമായതും ഗര്‍വ്വിതനായതും
സര്‍വ്വമായതും നീയത്രെ ഗോവിന്ദ ശർവ്വവന്ദിത! കാത്തുകൊള്ളേണമേ"
ധര്‍മ്മനന്ദനനീവണ്ണമോരോരോ നിര്‍മ്മലസ്തുതിവാക്യമുരചെയ്തു 50
നന്ദനന്ദനൻ തന്നെ വഴിപോലെ നന്ദിച്ചര്‍ച്ചിച്ചു സൽസുഖംമേവിനാൻ
ഹസ്തിനപുരിതന്നിലതു കാലമെത്തിനവഴിപോക്കർ നിരക്കവേ
രാത്രിനേരം വിരിച്ചുകിടന്നുടൻ വിത്തവൃത്തികൾതമ്മിലുരചെയ്തു
"നിങ്ങളെങ്ങുന്നു വന്നൂ പഥികരേ?" "ഞങ്ങൾ പാണ്ഡവന്മാരുടെദിക്കീന്നു"
"ഇന്ദ്രപ്രസ്ഥത്തിലെന്തു വിശേഷങ്ങൾ?" "ഇന്ദ്രപ്രസ്ഥത്തിൽ നല്ലവിശേഷങ്ങള്‍"
“പാണ്ഡുപുത്രന്മാര്‍ക്കൊക്കെസ്സുഖമല്ലീ?" "പാണ്ഡുപുത്രന്മാര്‍ക്കൊക്കെ സുഖംതന്നെ"
"സദ്യയുണ്ടോവഴിപോക്കര്‍ക്കെപ്പൊഴും?" "സദ്യയുണ്ടതിനേതുംകുറവില്ല”
"ഓരോനേരം നിറയെക്കൊടുക്കുമൊ?”- "ഓരോനേരമല്ലുച്ചയ്ക്കുമന്തിക്കും”
"കഞ്ഞിയുണ്ടോ ചിലദിവസങ്ങളിൽ?” - "കുഞ്ഞിവേണ്ടുകിൽ കഞ്ഞിയും വെന്നിയും"
"സദ്യയെന്തെല്ലാം ഘോഷങ്ങളുള്ളതു?" "സദ്യക്കെന്തടോസര്‍വ്വം വിലക്കിക്കും" 60
"കൂട്ടുവാൻകറിനിത്യവും നാലുണ്ടോ?" "നാലല്ലുള്ള വിധങ്ങൾ പലതുണ്ട്
പപ്പടം പഴം പഞ്ചസാര നെയ്യും സ്വല്പമല്ല വിളമ്പുന്നു നിത്യവും
പച്ചടിയും പരിപ്പു ചാറെന്നിവ ഇച്ഛയുണ്ടെങ്കിൽ വേണ്ടുവോളം കിട്ടും
ഇഞ്ചി പച്ചടി വേപ്പിലക്കട്ടിയും ഇഞ്ചിത്തൈരും പലതരം മാങ്ങയും
എത്രവിസ്മയം ശര്‍ക്കരയുപ്പേരി യത്രമാത്രമല്ലീരണ്ടിടങ്ങഴി
എന്നു തന്നെയല്ലോലോലനുപ്പേരി നാലുകൂട്ടം വറുത്തെരിശ്ശേരിയും
പുഞ്ചനെല്ലരിച്ചോറും വെളുവെളെ നാരങ്ങാക്കറി തേനും പഴങ്ങളും
എന്തുവേണ്ടന്നാലപ്പൊഴേകൊണ്ടെന്നു കുന്തീപുത്രന്മാർതന്നെവിളമ്പുന്നു:
ഇന്നലേപിന്നെച്ചക്കപൃഥമനും ഞാനുംതങ്ങളിലെന്തൊരു വക്കാണം!
വേണ്ടുവോളം ചിലത്തീട്ടു പിന്നെഞാൻ രണ്ടുകോരിക പിന്നെവിളമ്പിച്ചു 70
കൊണ്ടുവായിനിയെന്നുഞാൻ പിന്നെയും; കണ്ടുനിന്നു ചിരിച്ചുവൃകോദരൻ
അന്നേരത്തങ്ങടപ്രഥമൻ മീമൻ കൊണ്ടുവന്നങ്ങു നല്ലൊരു കശ്‌മലൻ;
അഞ്ചുകോരികമാത്രം വിളമ്പിച്ചു പഞ്ചതാരയും കൂട്ടിക്കുടിച്ചു ഞാൻ.
പിന്നെ നാഴൂരിചോറുംവിളമ്പിച്ചു ഇന്നലെത്തെപരാക്രമമിങ്ങനെ
അത്താഴത്തിന്റെവൃത്താന്തംകേൾക്കണ്ട എത്രവിസ്മയം കാളനുംമാങ്ങയും
മോരുകാച്ചിത്തിളപ്പിച്ചതിൽ പിന്നെ ചീരകംപൊടിച്ചിട്ടു മടിയാതെ
കോരികകൊണ്ടുകോരിവിളമ്പുന്നു മാരുതാത്മജനാണു; പൊളിയല്ല
കയ്പൻനാരങ്ങ നല്ലൊരുണക്കിഞ്ചി വേപ്പിലക്കട്ടിയിത്തരംകൂട്ടുവാൻ,
അര്‍ദ്ധരാത്രിവരുന്നജനത്തിനുമത്താഴം വഴിപോലേകൊടുക്കുന്നു
അത്താഴംപുനരില്ല ചിലര്‍ക്കെങ്കിലപ്പൊഴേയുണ്ടാം ഭക്ഷണസാധനം 80
അപ്പമുണ്ടങ്ങടയുണ്ടവിലുണ്ട് അപ്പോൾ തന്നെ വറുത്ത മലരുണ്ടു്
കൊട്ടത്തേങ്ങയും തേനും തവിട്ടുണ്ട പിട്ടും പാലും പഴവുമിളന്നീരും
ദോശയുണ്ടു വടയുണ്ടു ചീടയുണ്ടാശയ്ക്കൊത്തതു ഭക്ഷിക്കാമന്നേരം
ദുര്‍മുഖത്തിന്റെ ലേശമൊരിക്കലും ധര്‍മ്മജാതികൾക്കില്ലെന്നറിഞ്ഞതാലും
ആറുമാസംതികച്ചങ്ങിരുന്നാലും ചോറുമെണ്ണയും കിട്ടാൻ തടവില്ല
നിത്യദാനത്തിൻനേരമടുത്തോണ്ടാൽ നിത്യമീരണ്ടുവസ്ത്രം കരസ്ഥമാം
നേരംപോക്കിന്റെ വട്ടങ്ങൾ കേൾക്കണ്ടെ? നേരംപോരാ പറഞ്ഞു തുടങ്ങിയാൽ
ആണ്ടിയാട്ടം കുഴൽവിളിമറ്റേതും പാണ്ടിമേളവും പാട്ടം കളികളും
ചെണ്ട ചേങ്ങിലതാളവും മേളവുമുണ്ടൊരേടത്തു നിത്യം മഹോത്സവം
ഏണനേർമിഴിമാരുടെഗാനവും വേണുനാദവും വീണാവിനോദവും 90
അമ്മാനാട്ടവുമായുധവിദ്യയുമമ്മാ നല്ല തിമിലപ്രയോഗവും
നോക്കുവിദ്യയും ചെപ്പടി തപ്പടി ചാക്കിയാരുടെ കൂടിയാട്ടങ്ങളും
നായകനും വിദൂഷകനുംകൂടിയായവണ്ണം പ്രയോഗം തുടങ്ങുന്നു
കൂടെക്കൂടെപ്പുകുന്നു പകര്‍ന്നോരൊ പാഠവാന്മാരെക്കാണാമരങ്ങത്തു്
രാത്രിഘോഷങ്ങളിത്തരം കാണുവാൻനേത്രം പോരാഞ്ഞു ഘേദമെനിക്കെടോ
ഗ്രന്ഥിയായുള്ള നാനാജനത്തിന്റെ സന്ധിവിഗ്രഹമുണ്ടണ്ടൊരുദിക്കിൽ
രാജപ്പാട്ടുകളായുള്ള വിദ്യകൾ വ്യാജം കൂടാതെ നിര്‍മ്മിക്കുന്നു ചിലർ
ഗദ്യം ചൊല്ലുന്നുതങ്ങളിൽ തങ്ങളിൽ വിദ്യകൊണ്ടു വിവാദിക്കുന്നു ചിലർ
തര്‍ക്കശാസ്ത്രങ്ങളുണ്ടങ്ങൊരുദിക്കിൽ തര്‍ക്കിക്കുന്നു ഘടം പടമെന്നിവ
കേട്ടുഞാനൊരുദിക്കിലൊരുഘോഷം കേട്ടിട്ടെന്തെന്നെനിക്കു തിരിഞ്ഞില്ല 100
ജസ്സുജസ്സെന്നും ജസ്സന്നും ജിസ്സെന്നും തപ്പലുപ്പെന്നും ശപ്പെന്നും ശിപ്പെന്നും
കിന്നുവിന്നെന്നും മന്നെന്നും ഛിന്നന്നുംനിച്ചുകച്ചെന്നും ക്യച്ചെന്നു മിച്ചെന്നും
വ്യാകരണജ്ഞന്മാരുടെ ഘോഷമെന്നേകനെന്നോടുമാത്രം ധരിപ്പിച്ചു
എന്തിനിത്രപലതും പറയുന്നു കുന്തീപുത്രന്മാർ നല്ല സുകൃതികൾ
ധര്‍മ്മം ചെയ്യാനും ധാത്രി ഭരിപ്പാനും ധര്‍മ്മജാതികൾക്കാരുമെതിരില്ല.
ഇന്ദ്രപ്രസ്ഥവുമിന്ദ്രന്റെലോകവും ഇന്നുരണ്ടുമൊരുപോലെ തോന്നുന്നു.
വിദ്യയുംനല്ലശൌര്യവും ധൈര്യവും കാര്യബോധവും നേരും കരുണയും
സർവ്വസമ്പത്തും സര്‍വ്വഗുണങ്ങളും സര്‍വ്വഭോഗവുമോജസ്സും തേജസ്സും
കൃത്യനിഷ്ഠയും കീർത്തിയും പൂര്‍ത്തിയും നിത്യശുദ്ധിയും ബുദ്ധിയും സിദ്ധിയും
അര്‍ത്ഥദാനമനര്‍ത്ഥമില്ലായ്കയും പാര്‍ത്ഥന്മാരോളം മറ്റാര്‍ക്കുമില്ലിപ്പോൾ 110
ദേവകീപുത്രൻ തന്റെ പദാംബുജം സേവിച്ചല്ലോ വസിക്കുന്നു പാര്‍ത്ഥന്മാർ
സ്വൈരമായിട്ടിരിക്കുന്നവരോടു വൈരം ഭാവിച്ചാലേതും ഫലമില്ല.
ഭൂമിതന്നിൽ സുയോധനനെന്നുള്ളനാമം കൂടെപ്പറയുന്നില്ലാരുമേ"
വിസ്തരിക്കേണ്ടതാനിപ്പൊളീവിധം ഹസ്തിനപുരംതന്നിൽനാം മേവുന്നു
കേട്ടുവെങ്കിൽ സുയോധനനപ്പൊഴേ കൂട്ടും താഡനമെന്നുധരിച്ചാലും
പോരും പോരും പറഞ്ഞതു താനെടോ നേരംവൈകിയുറക്കംതുടങ്ങുവാൻ"
ഇത്തരം വഴിപോക്കർ പറയുന്ന പാര്‍ത്ഥവൃത്താന്തമെല്ലാം വഴിപോലെ
ഭിത്തിതന്നുടെ പിന്നിലൊളിച്ചുടൻ പാർത്തുകൊണ്ടുടൻ കേട്ടുസുയോധനൻ
"കര്‍ണ്ണ! കേട്ടാലുമമ്മാവ! കേട്ടാലും കര്‍ണ്ണകൗതുകവര്‍ണ്ണനഘോഷങ്ങൾ
അഷ്ടിമാത്രം ലഭിക്കകൊണ്ടോരോരൊയഷ്ടിത്തങ്ങൾ പറയുന്നു പാന്ഥന്മാർ 120
ഊട്ടിനന്നുപോലുപ്പേരിനന്നുപോൽ ആട്ടമുണ്ടുപോലത്താഴമുണ്ടുപോൽ
ചേട്ടകൾക്കൊരു വാലുംതലയുമില്ലൊട്ടു കല്പിച്ചിരിക്കേണമെപ്പോഴും
നാഴിഭോജനം കിട്ടുക കാരണം ഘോഷിച്ചൂട്ടുണ്ടതാക്കി വഴിപോക്കർ"
ഇങ്ങനേ കുരുവീരനസൂയയായിങ്ങിരുന്നു പതുക്കെപ്പറയുമ്പോൾ
പിന്നെയും വഴിപോക്കരുരചെയ്തു:- "ഒന്നുമാത്രംപറവാൻ മറന്നുപോയ്.
ശില്പിവീരനായുള്ള മയാസുരൻ ഇപ്പോഴുണ്ടൊരുമണ്ഡപം തീർത്തിട്ടു
അത്രവിസ്മയം ചിത്രപ്രദേശങ്ങൾ എത്രയെന്നുപറവാൻപണിയത്രെ
ഇന്ദ്രനീലമരതകമാണിക്യം ചന്ദ്രകാന്തങ്ങൾ മുത്തും പവിഴവും
എന്നിതെല്ലാമിടക്കിടെച്ചേര്‍ത്തൊരു പൊന്നുതൂണുകൾ പൊന്മണിപ്പാവകൾ
ഉള്ളവണ്ണം പറഞ്ഞു ഗ്രഹിപ്പിപ്പാൻ ഉള്ള കൌശലമില്ല നമുക്കെടോ 130
ചെന്നുകണ്ടാലവിടേന്നുപോരുവാൻ തോന്നുകില്ലെന്നുമാത്രം പറഞ്ഞിടാം
പിന്നെ മറ്റൊരു വിസ്‌മയമുണ്ടുപോൾ ചെന്നുകണ്ടാലറിയാമതൊക്കയും"
ഇങ്ങനെപറയുന്നവഴിപോക്കരങ്ങുറക്കം തുടങ്ങി പതുക്കവെ
പാന്ഥന്മാരുടെ വാക്കുകളൊക്കവേ താന്തന്നെ നിന്നുകേട്ടു സുയോധനൻ
ഉള്ളിലേറ്റമസൂയ നിറഞ്ഞുടൻ കള്ളപ്പുഞ്ചിരിയോടേയുരചെയ്തു
"പോയിക്കണ്ടുവരേണമതല്ലാഞ്ഞാൽ സ്ഥായിയില്ലെന്നുതോന്നുമവര്‍ക്കെല്ലാം
അംഗരാജനുമമ്മാവനും ഞാനും അങ്ങുചെന്നുവരേണം മടിക്കാതെ.
ദുര്‍മ്മുഖാ! നീയും ദുശ്ശാസനാ! നീയും ദുർമ്മദാ! നീയും ദുഷ്ടേശ്വരാ!നീയും
കൂടെപ്പോരുവിൻ ഭോഷന്മാരെ! നിങ്ങൾ മോടികാണുവാൻ പാണ്ഡവന്മാരുടെ"
എന്നിവണ്ണം പറഞ്ഞു സുയോധനൻ ഇന്ദ്രപ്രസ്ഥസമീപത്തെ പ്രാപിച്ചു 140
പിറ്റേന്നാൾ പുലർകാലേ കുളിച്ചുടൻ കൊറ്റും നന്നായ് കഴിച്ചു പുറപ്പെട്ടു
എട്ടുരണ്ടുമുഴമുള്ള വീരാളിപ്പട്ടുകൊണ്ടുടൻ ചുറ്റി വഴിപോലെ
പൊന്നരഞ്ഞാണുമിട്ടിട്ടതിന്മീതെ പൊന്നിൻ ഖഡ്‌ഗം തിരുകിയുറപ്പിച്ചു.
പൊന്മണിമാല വിദ്രുമമാലയും വെണ്മയോടെ കഴുത്തിൽ നിറച്ചിട്ടു
വ്യാളംകൊത്തിയ മിന്നും കരവാളം വെക്കം കയ്യിലെടുത്തു സുയോധനൻ
ചന്ദ്രകാവിയുറുമാലതും കെട്ടിച്ചന്ദനംതേച്ചു മേനി മുഴുക്കവെ
നെറ്റിയിൽ ചില ചാന്തും കുറികളുംമറ്റുമോരോ വിചിത്രങ്ങളുണ്ടാക്കി
വെറ്റിലതിന്നു നന്നായ് മുഴുപ്പിച്ചു മിറ്റത്താമ്മാറിറങ്ങിപ്പുറപ്പെട്ടു
കണ്ണാടിനോക്കിക്കൈകൊണ്ടുമെല്ലവെ കുണ്ഡലങ്ങളെ നന്നാക്കി നന്നാക്കി
ചെക്കനെക്കൊണ്ടു സഞ്ചിയെടുപ്പിച്ചു ചിക്കനെ നടകൊണ്ടു സുയോധനൻ 150
സോദരന്മാരും കര്‍ണ്ണൻ ശകുനിയും സാദരംപിമ്പെ കൂടെനടക്കുന്നു
ധന്യനായുള്ള ഗാന്ധാരിനന്ദനൻ മുമ്പിലങ്ങു നടന്നുസുഖമൊടേ.
പിമ്പേ കര്‍ണ്ണനും പിമ്പെശകുനിയും തമ്പിമാരതിൻ പിന്നാലെ പിന്നാലെ
"ആരുമാരുമബദ്ധങ്ങൾ കാട്ടാതെ വീരരായിട്ടു പോരേണമെന്നോടെ
ചെണ്ടത്തങ്ങൾ പറയാതെ കാട്ടാതെ കണ്ടുപോരേണമിന്നു നമുക്കെടോ
ദൂഷണം നോക്കും പാണ്ഡുതനയന്മാരേഷണിക്കാരുമുണ്ടങ്ങതിൽത്തന്നെ
എന്നുടേഭാവം നോക്കിനടകൊണ്ടാലൊന്നും വൈഷമ്യമില്ലെന്നറിഞ്ഞാലും”
എന്നീവണ്ണം പറഞ്ഞുസുയോധനൻ ഇന്ദ്രപ്രസ്ഥസമീപത്തെ പ്രാപിച്ചു
മുമ്പിലമ്മാറുകാണായിതന്നേരം ധന്യമായുള്ളൊരാസ്ഥാനമണ്ഡപം
പൊന്നും വെള്ളിയും മിന്നുംമണികളും ചിന്നും രത്നപ്രഭകളും കാണായി 160
ധര്‍മ്മപുത്രരും കൃഷ്ണനും ഭീമനും തമ്മിലൊന്നിച്ചു മേവുന്ന കാണായി
സവ്യസാചിയും തൽസഹജന്മാരും ദിവ്യവൃന്ദവും നന്നായിക്കാണായി
ഒന്നുഴന്നു സുയോധനനന്നേരം മന്ദം മന്ദം നടന്നുതുടങ്ങിനാൻ
വെള്ള മുണ്ടിഹ നീളെപ്പരന്നിട്ടെന്നുള്ളിലോർത്തു സുയോധനനന്നേരം
പട്ടുവസ്ത്രമുരച്ചുകയറ്റിക്കൊണ്ടൊട്ടുനേരം നടന്നു മണിസ്ഥലേ
നീരാഴമേറ്റമുള്ളോരുതോട്ടിന്റെ തീരത്തോളം പതുക്കെ നടകൊണ്ടു
നീരുള്ളേടം കഴിഞ്ഞുവെന്നോര്‍ത്തവൻ വീരനായിട്ടുമുമ്പോട്ടു ചാടിനാൻ
ഏന്തിനില്ക്കുന്ന വെള്ളത്തിൽവീണങ്ങു നീന്തി നീന്തിത്തിരിച്ചു സുയോധനന്‍
മുങ്ങിപ്പൊങ്ങിയൊഴുകിയൊലിച്ചുടനങ്ങൊരേടത്തു നീന്തിക്കയറിനാൻ
പട്ടുംമുക്കിക്കുളുര്‍ന്നു വിറച്ചുകൊണ്ടങ്ങോടിങ്ങൊടുഴന്നു നടന്നപ്പോൾ 170
കയ്യു കൊട്ടിച്ചിരിച്ചു വൃകോദരൻ -അയ്യൊ വെള്ളത്തിൽ- ച്ചാടിയൊ ഭൂപാലൻ?
ഉച്ചനേരത്തിവിടെസ്സുയോധനാ പച്ചവെള്ളം കുടിപ്പാൻ വരികയൊ?
എന്നെപ്പണ്ടു നീ വെള്ളത്തിലിട്ടതിന്നിന്നു തീര്‍ന്നു പരിഭവമിങ്ങടോ
ആയതാക്ഷിയാം പാഞ്ചാലിയന്നേരം വായുംപൊത്തിച്ചിരിച്ചു പതുക്കവെ
ആയതുകണ്ടു ഗാന്ധാരിനന്ദനൻ തോയത്തീന്നു കരേറിപ്പുറപ്പെട്ടു
ധർമ്മനന്ദനനപ്പോളെഴുന്നേറ്റു നിർമ്മലാശയനെത്രയുംഖേദിച്ചു
പട്ടുകൊണ്ടങ്ങുചെന്നു തെരിക്കെന്നങ്ങൊട്ടും വൈകാതെയീറൻവിഴത്താലും
കഷ്ടം കഷ്ടമിവണ്ണം ഭവിപ്പതിനൊട്ടും സംഗതിയില്ല മഹീപതേ
ഇങ്ങു പോന്നാലും വന്നിങ്ങിരുന്നാലും ചങ്ങാതിമാരെയൊക്കെ വിളിച്ചാലും
എട്ടുനാലുദിവസം നമുക്കിഹ പുഷ്ടമോദം സുഖിച്ചുവസിക്കേണം, 180
ധർമ്മജൻ വചനത്തിനുത്തരം ധാർത്തരാഷ്ട്രനുരചെയ്തു മെല്ലവെ
"പട്ടുകിട്ടുവാനാഗ്രഹമില്ലെടോ വെട്ടുകിട്ടീലെന്നാകിലതുമതി
പെട്ടതൊക്കയും പെട്ടു പൃഥാസുതാ ഒട്ടും വൈകാതെ പോകുന്നുഞാനിനി
താമസിക്കേണ്ടനേരമല്ലെന്നതു ഭീമനോടു പറഞ്ഞേക്ക ധർമ്മജ."
എന്നിവണ്ണംപറഞ്ഞു സുയോധനൻ തന്നുടെ ജനത്തോടെയൊരുമിച്ചു
നാണവുംകെട്ടു കുണ്ഠിതവുംപൂണ്ടു ക്ഷീണഭാവേന പോയിപ്പുരംപുക്കു
ഭീമസേനൻ ചിരിച്ചതുകാരണം സോമവംശകലഹം ബലപ്പെട്ടു
അന്നുതൊട്ടു ദിനേ ദിനേ വര്‍ദ്ധിച്ചു പന്നഗദ്ധ്വജനുള്ളിൽ പരിഭവം
ഭാരതമായ യുദ്ധത്തിനൊക്കവേ ഭീമസേനന്റെ ഹാസങ്ങൾകാരണം
ദേവകീസുതപാദസരോരുഹം കേവലം ഗതിയെന്നുയുധിഷ്ഠിരൻ 190
ഭൂമിപാലനംചെയ്തു വഴിപോലെ ഭൂമിപാലശിഖാമണി മേവിനാൻ.
സഭാപ്രവേശം പാന സമാപ്തം