Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / അശ്വതിതിരുനാൾ ഇളയ തമ്പുരാൻ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

അശ്വതിതിരുനാൾ ഇളയ തമ്പുരാൻ

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

കൊല്ലം പത്താം ശതകത്തിൽ വഞ്ചീശവംശത്തെ അലങ്കരിച്ചിരുന്ന പണ്ഡിതമൂര്‍ദ്ധന്യനും കവിസാർവഭൗമനുമായ അശ്വതിതിരുനാൾ രാമവർമ്മ ഇളയതമ്പുരാൻതിരുമേനിയെ ഇന്നും സാനന്ദം, സബഹുമാനം, സരോമാഞ്ചം സ്മരിക്കാത്ത ഭാഷാഭിമാനികൾ കേരളത്തിൽ ഇല്ല. രുക്‍മിണീസ്വയംവരം, പൂതനാമോക്ഷം, അംബരീഷചരിതം, പൗണ്ഡ്റകവധം, എന്നീ നാലുമനോഹരങ്ങളായ ആട്ടക്കഥകളുടെ നിര്‍മ്മാതാവു് എന്ന നിലയിലാണു് അവരിൽ അധികം പേരും അവിടുത്തെ അറിയുന്നതു്. സംസ്കൃതകവികളുടെ പംക്തിയിൽ അവിടുത്തേക്കുള്ള സ്ഥാനം എന്തെന്നു ധരിച്ചിട്ടുള്ളവർ വളരെയുണ്ടെന്നു തോന്നുന്നില്ല. ആശ്വിനേയനായ ആ രാജകമാരനേയും അവിടുത്തെ കൃതികളേയുംപറ്റി ചില പുതിയ വിവരങ്ങൾ ത്രൈമാസികത്തിന്റെ അനുവാചകന്മാരെ ഗ്രഹിപ്പിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടിയാണു ഞാൻ ഈ ഉപന്യാസം എഴുതുന്നതു്.

 

കൊല്ലം 923-ാമാണ്ടു തിരുവിതാംകൂർ വീരമാർത്താണ്ഡവർമ്മ മഹാരാജാവു വംശാഭിവൃദ്ധിക്കായി കോലത്തുനാട്ടു പള്ളിക്കോവിലകത്തുനിന്നു രണ്ടു തമ്പുരാട്ടിമാരെ ദത്തെടുത്തു. അവരിൽ മുത്തറാണിയെ കിളിമാനൂർ രവിവർമ്മകോയിത്തമ്പുരാൻ പള്ളിക്കെട്ടു കഴിച്ചു. ആ റാണി 931-ൽ ഒരു രാജകുമാരനേയും 932-ൽ മറ്റൊരു രാജകുമാരനേയും പ്രസവിച്ചു. അവരിൽ 931-ൽ അശ്വതിനക്ഷത്രത്തിൽ തിരുവവതാരം ചെയ്ത രാജകുമാരനാണു നമ്മുടെ മഹാകവി. ഇളയറാണി 934-ൽ ഒരു സ്ത്രീപ്രജയെ പ്രസവിച്ചു. ആ രാജകമാരിയുടെ പള്ളിക്കെട്ട് 946-ൽ നടന്നു. ആ കൊച്ചുതമ്പുരാട്ടിയുടെ പുത്രനായി 957-ൽ അവിട്ടം നക്ഷത്രത്തിൽ തിരുവവതാരം ചെയ്ത ബാലരാമവർമ്മ രാജകുമാരൻ, കാത്തികതിരുനാൾ മഹാരാജാവ് 973-ൽ നാടുനീങ്ങിയതിനുശേഷം സിംഹാസനാരൂഢനായിത്തീര്‍ന്നു. 923-ൽ മാർത്താണ്ഡവര്‍മ്മ മഹാരാജാവു് അവിടുത്തെ ഭാഗിനേയികളായിട്ടാണു പള്ളിക്കോവിലകത്തെ തമ്പുരാട്ടിമാരെ ദത്തെടുത്തതു്. തന്നിമിത്തം അശ്വതിതിരുനാൾ, മാത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ അനന്തരവനായ രാമവര്‍മ്മമഹാരാജാവിനു ഭാഗിനേയനായിത്തീര്‍ന്നു; അശ്വതിതിരുനാൾ തിരുമനസ്സിലെ ഭാഗിനേയ പദം അവിട്ടം തിരുനാളും സ്വീകരിച്ചു.


കിളിമാനൂർ രവിവർമ്മകോയിത്തമ്പുരാനെ നാം അറിയുന്നതു കംസവധം ആട്ടക്കഥയുടെ നിബന്ധകൻ എന്ന നിലയിലാകുന്നു. അദ്ദേഹത്തിന്റെ ഗുരുനാഥൻ രാമകൃഷ്ണനാമധേയനായ ഒരു ബ്രാഹ്മണനാണെന്നു ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുണ്ട്. അവിടുന്നു് ഒരു വിദ്വാനും കവിയും ആയിരുന്നതിനുപുറമേ 'മുകന്ദചരിതാമൃതകീര്‍ത്തന'ങ്ങളിൽ ഔത്സുക്യവാനുമായിരുന്നു എന്നു കംസവധത്തിൽനിന്നു നാം ധരിക്കുന്നു. അശ്വ തിതിരുനാൾ തിരുമേനിയുടെ വിദ്യാഭ്യാസത്തിൽ കാര്‍ത്തികതിരുനാൾ മഹാരാജാവും അവിടുന്നും ബദ്ധശ്രദ്ധന്മാരായിരുന്നിരിക്കുമെന്നുള്ളതിനു സംശയമില്ല. തിരുമനസ്സിലെ പ്രധാനഗുരു ശങ്കരനാരായണാഭിധാനനായ ഒരു പണ്ഡിതനായിരുന്നു. ആ വസ്തുത അവിടുന്നു ശൃംഗാരസുധാകരഭാണത്തിൽ "ചതുരര്‍ണ്ണവപര്യന്താനന്താസന്തതസമാഗതസാമന്തരാജിരാരാജന്മകുടതടദേദീപ്യമാനചരണകന്ദളസ്യ, തസ്യ ശ്രീകുലശേഖരരാമവർമ്മ നാമധേയസ്യ, മഹാരാജസ്യാനന്തരജാസംഭവേന, തദീയദയാലവതോതുഷ്യമാണഹൃദയേന, ശ്രീമച്ഛങ്കരനാരായണഗുരുചരണപരിചരണപ്രാപ്തവിദ്യാവൈശദ്യേന, ശ്രീമദ്രഘുനാഥസുതീര്‍ത്ഥാഭിവാദനജാഗരൂകേണ, കാവ്യനാടകാലോകനശൗണ്ഡസ്സുവയസ്തൈര്‍വ്വയസ്വൈരഭ്യര്‍ത്ഥിതേന, ശൃംഗാരസുധാകരം നാമ ഭാണം വിരചിതം" എന്നു പ്രസ്താവിച്ചിട്ടുള്ളതിൽ നിന്നു വിശദമാകുന്നു. ഈ പ്രസ്താവനയിൽ സ്മരിച്ചുകാണുന്ന രഘുനാഥതീര്‍ത്ഥൻ ഒരു വിദ്വൽപ്രകാണ്ഡവും കാർത്തികതിരുനാൾ മഹാരാജാവുതിരുമനസ്സിലെ അധ്യാത്മവിദ്യാഗുരുവുമാണെന്നത്രേ ഞാൻ അനുമാനിക്കുന്നത്. രാജസൂയം ആട്ടക്കഥയും ആ മഹാരാജാവു രചിച്ചിട്ടുള്ള തോടയത്തിനിടയിൽ


"ജ്ഞാനേ ഹി യേന സദൃശോസ്തി ന ശാസ്ത്രമധ്യേ
മാന്യാ സുധാശനഗുരോരിവ യസ്യ കീർത്തി:
ഗോത്രാസുധാശനമണിം ഗുരുമസ്മദീയം
വന്ദേ സദാ ഗുണനിധിം രഘുനാഥസൂരിം"


എന്നൊരു പദ്യം കാണുന്നു. ശാസ്ത്രജ്ഞാനത്തിൽ നിരുപമനും ബൃഹസ്പതിയെപ്പോലെ കീർത്തിശാലിയും ആയിരുന്നു രഘുനാഥനാമാവായ ആ ബ്രാഹ്മണൻ എന്നത്രേ അവിടുന്നു അദ്ദേഹത്തെ ആ പദ്യത്തിൽ പ്രശംസിച്ചിരിക്കുന്നതു്. ഇതിനുപുറമേ രുൿമിണീപരിണയം നാടകത്തിൽ മഹാകവി തന്നെപ്പറ്റി "രാജ്ഞഃ ശ്രീപത്മനാഭദാസവഞ്ചിപാലകുലശേഖരരാമവർമ്മണോ ഭാഗിനേയേന സംഗീതാദികലാഭിജ്ഞേന രാമവര്‍മ്മനാമധേയേന യുവരാജോ നിബദ്ധമഭിനവം രുക്‍മിണീപരിണയം നാമ നാടകം" എന്നു വിവരിച്ചിരിക്കുന്നതിൽനിന്നും അവിടുന്നു സംഗീതം മുതലായ ഇതരകലകളിലും അഭിജ്ഞനായിരുന്നു എന്നു സ്പഷ്ടമാകുന്നു. അങ്ങനെ സംഗീതത്തിലും സാഹിത്യത്തിലും അസാമാന്യമായ വാസനയും അഭ്യാസവും സിദ്ധിക്കുകനിമിത്തം അക്ലിഷ്ടകര്‍മ്മാവായി, അഖിലജനപൂജ്യനായി, സമവയസ്കന്മാരും സൗഹാര്‍ദ്ദപൂര്‍ണ്ണന്മാരുമായ പണ്ഡിതന്മാരാൽ പരിവൃതനായി കാര്‍ത്തികതിരുനാൾ മഹാരാജാവിന്റെ വിദ്വൽസദസ്സിനു് അഭയമാലങ്കാരമായി, അവിടുന്നു സമുല്ലസിച്ചു. മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്തു കലാകുശലന്മാർക്കു കാര്‍ത്തികതിരുനാളായിരുന്നു നിത്യബന്ധു; ആ സ്ഥാനം കാത്തികതിരുനാൾ സിംഹാസനസ്ഥനായി ഏതാനും വര്‍ഷങ്ങൾ കഴിഞ്ഞപ്പോൾ അശ്വതിതിരുനാൾ കൈയേറ്റു. എത്രയെത്ര പണ്ഡിതന്മാര്‍ക്കും കവികൾക്കും ഗായകന്മാർക്കും നര്‍ത്തകികൾക്കും മറ്റുമാണു് അന്നു വഞ്ചിമഹാരാജകുടുംബം ആലംബമായിരുന്നത് എന്നു ഞാൻ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ഏറ്റുമാനൂർകാരനും ജാത്യന്ധനുമായ ഒരു മാരാർ 'രാമേശ്വരയാത്ര' തുള്ളലിൽ അശ്വതിതിരുനാൾ തമ്പുരാനെ 'കന്ദര്‍പ്പസമാനനും വന്ദിപ്പോര്‍ക്കമരതരുവും സര്‍വവിദ്യാംബുധിയും ഭുവനമനോഹരശീല'നുമാണെന്നു വര്‍ണ്ണിച്ചിട്ടുള്ളതു ത്രൈമാസികം വായിച്ചിട്ടുള്ളവര്‍ക്ക് അശ്രുതപൂർവ്വമല്ലല്ലോ. കാര്‍ത്തികതിരുനാൾ മഹാരാജാവിന്റെ അനുജനായ മകയിരംതിരുനാൾ രവിവർമ്മതമ്പുരാൻ ഒരു വിശ്വവിശ്രുതനായ ഐന്ദ്രജാലികനായിരുന്നു. കൺകെട്ടുവിദ്ദയുടെ മറുകരകണ്ട തിരുനെൽവേലി പീതാംബരയ്യനെ അവിടുന്നു് തിരുവനന്തപുരത്തുവെച്ചു ശതകംചൊല്ലിച്ചതായി കേട്ടുകേൾവിയണ്ടു്. തത്സംബന്ധമായ ഒരൈതിഹ്യത്തെ ആസ്പദമാക്കി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ ഒരു ലഘുകാവ്യം രചിച്ചിട്ടുള്ളതും പ്രസിദ്ധമാണല്ലോ.


കാര്‍ത്തികതിരുനാൾ മഹാരാജാവു് 941- മിഥുനം 23-ാംനു- ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ രണ്ടാംതൃപ്പടി ദാനം നടത്തിയ അവസരത്തിൽ അശ്വതിതിരുനാൾ മൂന്നാംമുറത്തമ്പുരാനായിരുന്നു എന്നുള്ളതിനു് ആ മഹാരാജാവു നിമ്മിച്ച ബാലരാമഭരതത്തിലെ


"തദനുജരവിവര്‍മ്മാ ഭാഗിനേയഃ സ്വനാമാ
സ്വയമപി സ തു വഞ്ചിക്ഷ്മാപതിശ്ചൈകഭാവാ
സകലഭുവനഭാരം പത്മനാഭായ ദത്വാ
മാനുപതികലഭൂപേ സ്വാമിഭൃത്യസ്വഭാവാഃ"


എന്ന പദ്യം സാക്ഷിനില്ക്കുന്നു. രാമവർമ്മമഹാരാജാവു രാജ്യഭാരം കൈയേറ്റപ്പോൾതന്നെ അവിടുത്തേയ്ക്ക് ആ സ്ഥാനം കൈവന്നുവോ എന്നു നിശ്ചയമില്ല. 946-ൽ ആറ്റിങ്ങൽവച്ച് അവിടുത്തെ തിരുമാടമ്പു നടന്നു. ഉള്ളൂർ ഉളിയാഴത്തുറ അയ്യറത്തലവീട്ടിൽനിന്നു തിരുവനന്തപുരത്തു പാൽക്കുളങ്ങര അമ്മവീട്ടിലേയ്ക്കു ദത്തെടുക്കപ്പെട്ട ഒരു മഹിളാരത്നമായിരുന്നു തിരുമനസ്സിലെ പ്രാണപ്രേയസി. 959-ൽ രാമേശ്വരത്തേയ്ക്ക് എഴുന്നള്ളിയ മാതുലനെ അവിടുന്നു് അനുഗമിച്ചു. 961-ൻ മകയിരം തിരുനാൾ നാടുനീങ്ങിയപ്പോൾ ഇളയതമ്പുരാനായി. 962-മിഥുനം 23-നു വൈക്കത്തു പെരുംതൃക്കോവിൽക്ഷേത്രത്തിൽ ചില വഴിവാടുകൾ നടത്തി. 969-ധനു 26-നു- കേരളത്തിന്റെ കെടുകാലംനിമിത്തം 38-ാമത്തെ വയസ്സിൽ പരഗതിയെ പ്രാപിച്ചു. അപരക്രിയകൾ നടത്തിയതു് അവിട്ടംതിരുനാൾകൊച്ചുതമ്പുരാനായിരുന്നു. തിരുമനസ്സിലെ ഇളയസഹോദരൻ അതിനു മുൻപുതന്നെ സ്വര്യാതനായിക്കഴിഞ്ഞിരുന്നു. ഇതിലധികമായി അവിടുത്തെ ജീവിതചരിത്രത്തെപ്പറ്റി യാതൊരു വിവരവും വെളിപ്പെടുന്നില്ല.


അശ്വതിതിരുനാൾ സംസ്കൃതത്തിൽ (1) വഞ്ചീശസ്തവം (2) കാര്‍ത്തവീര്യവിജയം (3) സന്താനഗോപാലം എന്നീമൂന്നു പ്രബന്ധങ്ങളും (4) ശൃംഗാരസുധാകരം ഭാണവും (5) രുക്‍മിണീപരിണയം നാടകവും ഭാഷയിൽ മുൻപറഞ്ഞ നാല് ആട്ടക്കഥകളും നരകാസുരവധം ആട്ടക്കഥയുടെ ഉത്തരഭാഗവും പത്മനാഭകീർത്തനവും രചിച്ചിട്ടുള്ളതായി അറിയാം. വഞ്ചീശസ്തവം കേരളസൊസൈറ്റി പേപ്പേഴ്‌സിൽ (Kerala Society Papers) ഞാൻ ഇദംപ്രഥമമായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സന്താനഗോപാലം ഒന്നിലധികം ഭാഷാഭിമാനികൾ അച്ചടിപ്പിച്ചിട്ടുണ്ടെങ്കിലും കവനകൗമുദിയിൽ ശ്രീമാൻ ചുനക്കര ഉണ്ണിക്കൃഷ്ണവാരിയരുടെ തര്‍ജ്ജിമയോടുകൂടി പ്രസിദ്ധപ്പെടുത്തിട്ടുള്ള പാഠം സഹൃദയന്മാരുടെ ശ്രദ്ധയെ സവിശേഷം ആകര്‍ഷിക്കുന്നു. രുക്മിണീപരിണയം ബോംബെയിലെ കാര്യമാലാഗ്രന്ഥാവലിയിൽ നാല്പതാമത്തെ അങ്കമായി മുദ്രിതമായിട്ടുണ്ട്. അതിന്റെ ഭാഷാനുവാദം വിദ്വാൻ ഏ. ഡി. ഹരിശര്‍മ്മാ, എന്റെയും മറ്റും അവതാരികകളോടുകൂടി പ്രകാശനം ചെയ്തിട്ടുള്ളതു ഭാഷാഭിമാനികൾക്കു പരക്കെ അറിവുള്ളതാണല്ലോ. രണ്ടു തര്‍ജ്ജിമകളും വളരെ നന്നായിട്ടുണ്ടു്. രുക്‍മിണീപരിണയം സന്താനഗോപാലത്തേക്കാൾ ഭാഷപ്പെടുത്തുവാൻ വളരെയധികം പ്രയാസമുള്ള ഒരു ഗ്രന്ഥമായതുകൊണ്ടു്, ശര്‍മ്മാ അവർകളോടു കേരളീയക്കു കൂടുതലായ കടപ്പാടുണ്ട്. കാര്‍ത്തവീര്യവിജയവും, ശൃംഗാരസുധാകരവും ഇനിയും അപ്രകാശിതങ്ങളായിത്തന്നെയിരിക്കുന്നു. ആട്ടക്കഥകൾ എല്ലാം അച്ചടിച്ചിട്ടുള്ളതാണെന്നു പറയേണ്ടതില്ലല്ലോ. അവയിൽ അംബരീഷചരിതത്തിനു പന്തളത്തു കേരളവർമ്മതമ്പുരാന്റേയും ആറ്റൂർ കൃഷ്ണപ്പിഷാരടി അവർകളുടേയും വ്യാഖ്യാനങ്ങളുണ്ട്. പത്മനാഭകീർത്തനത്തിൽ നിന്നു മൂന്നു പദ്യങ്ങൾ ഗോവിന്ദപ്പിള്ള സര്‍വ്വാധികാര്യക്കാർ അദ്ദേഹത്തിന്റെ ഭാഷാചരിത്രത്തിൽ ഉദ്ധരിച്ചുകാണുന്നു. മഹാകവിയുടെ മുക്തകമാണെന്നു പറഞ്ഞ് അദ്ദേഹം എടുത്തുചേർത്തിരിക്കുന്ന 'മൂലാധാര നിവാസിനീമനസിജ!' ഇത്യാദിപദ്യം അവിടുത്തേതല്ലെന്നാണു് എനിക്കു തോന്നുന്നത്. ആണെങ്കിൽ തന്നെ ഏഴോ എട്ടോ വയസ്സു തികയുന്നതിനു മുമ്പുള്ള ഒരു കൃതിയായിരിക്കണം.


നരകാസുരവധം ആട്ടക്കഥയുടെ ഉത്തരഭാഗമാണു് അശ്വതിതിരുനാൾ തിരുമനസ്സിലെ ആദ്യത്തെ കൃതി. അതെഴുതുന്ന കാലത്ത് അവിത്തേയ്ക്കു പന്ത്രണ്ടുവയസ്സേ ആയിരുന്നുള്ള എന്നാണു് ഐതിഹ്യ.


"അണ്ണോജാക്ഷികളെ ഹരിച്ചൊരു നിൻ
കര്‍ണ്ണനാസികാകുചകൃന്തനമിഹ
തൂര്‍ണ്ണം ചെയ്‍വൻ കണ്ടുകൊൾക നീ. "


എന്നു കാർത്തികതിരുനാൾ മഹാരാജാവ് എഴുതിവെച്ചിരുന്ന ഓലയിൽ 'നിര്‍ണ്ണയമതിനുണ്ടു മേ കരാളേ' എന്നൊരുവരി കൂട്ടിച്ചേര്‍ത്തു് ആ ചരണം പൂരിപ്പിച്ചതുകൊണ്ടുമാത്രമായിരിക്കുകയില്ല, പിന്നെയോ അവിടുത്തേയ്ക്കു് ആ വയസ്സിൽ തന്നെ വികസ്വരമായിരുന്ന കവിതാവാസനയെപ്പറ്റി തിരുമനസ്സിലേയ്ക്കു നല്ല അറിവും ബഹുമാനവും ഉണ്ടായിരുന്നതുകൊണ്ടു കൂടി ആയിരിക്കണം ആ കൃതിയുടെ ബാക്കിഭാഗവും അവിടുന്നുതന്നെ രചിക്കട്ടെ എന്നു തിരുമനസ്സുകൊണ്ടു കല്പിക്കുവാൻ ഇടയായതു്.  ഏതായാലും ആ അരുളപ്പാടു കൈരളിക്ക് ഒരു കനകധാരയായിത്തീര്‍ന്നു. കൊച്ചുതമ്പുരാൻ ആ ആട്ടക്കഥയിൽ ആദ്യമായി നിര്‍മ്മിച്ചശ്ലോകം


"നികൃത്തകുചനാസികാം നിശിചരീം നിരസ്യാനയാ
നിരുദ്ധമമരാംഗനാനികരമഞ്ജസാ മോചയൻ
നിത്യ സമരാംഗണാൽ സാഖലു നിര്‍ജ്ജരേന്ദ്രാത്മജോ
നിപത്യ ചരണേ പിതുര്‍ന്നിഖിലമേതദാവേദയൽ"


എന്നതാണല്ലോ. 'ശക്കോഥം ഇഖ്ഖശീശാ' ഇത്യാദി പ്രാകൃതമയമായ വിശിഷ്ടപദ്യവും അവിടുത്തെ നിബന്ധം തന്നെയാണു്. എങ്കിലും നരകാസുരവധത്തിൽ പൂര്‍വ്വാര്‍ദ്ധത്തിനും ഉത്തരാര്‍ദ്ധത്തിനും തമ്മിൽ അജഗജാന്തരമില്ല. എന്നാൽ അശ്വതിതിരുനാൾ തിരുമേനിയുടെ പൂര്‍ണ്ണകൃതികളായ മറ്റ് ആട്ടക്കഥകളുടെ സ്ഥിതി അതല്ല. അവയുടെ സമീപത്തെങ്ങും പ്രവേശിക്കുവാൻ കാര്‍ത്തികതിരുനാൾ മഹാരാജാവിന്റെ അട്ടക്കഥകളിൽ ഒരൊറ്റ ശ്ലോകത്തിനോ പദത്തിനോ പോലും അവകാശമില്ലാത്ത നിലയിൽ അവ അത്രമാത്രം അത്യുച്ചമായ ഒരു സ്ഥാനത്തെ അലങ്കരിക്കുന്നു. രാജസൂയത്തിൽ സുദര്‍ശനത്തിന്റെ ആവിര്‍ഭാവം വർണ്ണിക്കുന്ന


"ഭാസ്വൽ ഭാസ്കരഭാസുരാരനികരപ്രോദ്ഗച്ഛദുസ്രച്ഛടാ- 
സദ്യഃകൢപ്തകരാളമാംസളതമോഭംഗം രഥാംഗാഭിധം
വൈകുണ്ഠസ്യ സുരാരികണ്ഠകദളീകാണ്ഡാടവീകര്‍ത്തന 
ക്രീഡാജസ്രവിനോദസാധകതമഃ പ്രാദുര്‍ബ്ബഭൂവാഽയുധം.”


എന്നു് ഒരു നല്ല ശ്ലോകം കാണുന്നുണ്ടെങ്കിൽ അതു പൗണ്ഡ്റകവധത്തിൽ നിന്നു് ഉദ്ധരിച്ചിട്ടുള്ളതുമാണു്. തിരുമനസ്സിലെ ആട്ടക്കഥകൾ സുപ്രസി ദ്ധങ്ങളാകയാൽ അവയെപ്പറ്റി ഞാൻ അധികമൊന്നും ഉപന്യസിക്കുന്നില്ല.


"ക്വാര്‍ത്ഥാഃ ക്വശബ്ദാഃ ക്വരസാഃ ക്വഭാവാഃ?
ക്വ വിംഗ്യഭേദാഃ ക്വച വാക്യരീതിഃ?
കിയസ്തു ദൃഷ്ടിഃ കവിനാ ന ദേയാ?
കിമസ്തി രാജ്ഞാമിയതീഹ ചിന്താ?"


എന്ന ശ്ലോകത്തിൽ നീലകണ്ഠദീക്ഷിതർ, കവിക്ക് അർത്ഥം, ശബ്ദം, രസം, ഭാവം, വ്യംഗ്യം, രചന ഇത്യാദി കാര്യങ്ങളിൽ പതിപ്പിക്കേണ്ട ശ്രദ്ധയുടെ വൈവിധ്യവും ഗാഢതയും ആലോചിക്കുമ്പോൾ രാജഭരണവിഷയത്തിൽ രാജാക്കന്മാര്‍ക്കുപോലും അത്രമാത്രം ചിന്തയുടെ ആവശ്യകതയില്ലെന്നു സമര്‍ത്ഥിക്കുന്നു. ഈ കാര്യങ്ങളിൽ മാത്രമല്ല, ഇവയോട് അനുബന്ധിച്ചു ഇതരകാര്യങ്ങളിലും വാസനയുടെ തള്ളിച്ചുകൊണ്ടും വ്യുല്പത്തിയുടെ ദാർഢ്യംകൊണ്ടും അഭ്യാസത്തിന്റെ നൈരന്തര്യംകൊണ്ടും ഒന്നുപോലെ ശ്രദ്ധിക്കുവാൻ ശക്തിയുള്ള സഹസ്രാവധാനിയായിരുന്നു അശ്വതിതിരുനാൾ, രസാനുഗുണമായ വൃത്തിയും വൃത്ത്യനുരൂപമായ രീതിയും അവിടുത്തേയ്ക്കു് അത്ഭുതാവഹമായവിധത്തിൽ സ്വാധീനങ്ങളായിരുന്നു. പദങ്ങളുടെ പരമമായ പരസ്പരമൈത്രിയെയാണല്ലോ ശയ്യയെന്നു പറയുന്നത്. വാഗ്ദേവതയിൽ നിന്നു് ആ വിഷയത്തിലുള്ള വരം നമ്മുടെ മഹാകവിയെപ്പോലെ സിദ്ധിച്ചവർ വളരെപ്പേരില്ല. പ്രകൃത്യാ ഓജഃകാന്തി പ്രധാനമായ ഗൗഡീരീതിയാണു് അവിടുത്തേയ്ക്കു് ഇഷ്ടമെങ്കിലും ആവശ്യം പോലെ അതു മസൃണീകരിച്ചു വൈദര്‍ഭീരീതിയാക്കുവാൻ അവിടുത്തേയ്ക്കു് ഒരു പ്രയാസവുമില്ല. ഗൗഡീപ്രിയന്മാരായ മുരാരിപ്രഭൃതികൾക്കു നാളികേരപാകുമാണു സ്വാധീനമായിക്കാണുന്നത്. എന്നാൽ തിരുമനസ്സുകൊണ്ടു ദ്രാക്ഷാപാകത്തിലല്ലാതെ കവനംചെയ്യുന്ന അവസരങ്ങൾ അത്യന്തം വിരളങ്ങളാകുന്നു. സംസ്കൃതകവികളിൽ എല്ലാംകൊണ്ടും അവിടുത്തെ മാര്‍ഗ്ഗദര്‍ശിയാണെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളതു ഭട്ടമുരാരിയാകുന്നു. ഭവഭൂതി മുതലായ മറ്റു പണ്ഡിതകേസരികളും അവിടുത്തേയ്ക്ക് ഉപജീവ്യന്മാർതന്നെ. മഹാവീരചരിതം മൂന്നാമങ്കം, മാലതീമാധവം അഞ്ചാമങ്കം ഇവയിലെ ചില ശ്ലോകങ്ങളോടു തിരുമനസ്സിലെ പല ശ്ലോകങ്ങളും തട്ടിച്ചുനോക്കുമ്പോൾ എന്റെ ഈ അഭിപ്രായത്തിന്റെ സ്വീകാര്യത വെളിപ്പെടുന്നതാണു്. അനഘരാഘവം അവിടുന്നു പല പ്രാവശ്യം വായിച്ച് അനുസന്ധാനം ചെയ്തു സിദ്ധിവരുത്തിയിരുന്നിരിക്കണം. ആ വീരവൈയാകരണത്വം, ആപാണ്ഡിത്യപ്രകടനൗത്സുക്യം, ഇത്യാദിഗുണങ്ങൾ രണ്ടുപേക്കും സാധാരണങ്ങളാണ്. തമ്പുരാന്റെ ശൈലി എന്നൊരു പ്രകടമായ വ്യത്യാസം ഉണ്ടു്. രുക്മിണീപരിണയം അഞ്ചാമങ്കം അനർഘരാഘവം ഏഴാമങ്കത്തിന്റെ അനുകരണഫലം തന്നെയാണു്. ഗീതഗോവിന്ദകാരനായ ജയദേവനും അവിടുത്തേയ്ക്ക് അനുകാര്യനായിരുന്നു എന്നു കാണുന്നു. ദാക്ഷിണാത്യന്മാരായ കവികൾക്ക് അത്യന്തം പ്രിയമായ അന്ത്യാനുപ്രാസം (നാടോടിഭാഷയിൽ പറയുകയാണെങ്കിൽ നമ്മുടെ ശങ്കുണ്ണിപ്രാസം) മുതലായി ഔത്തരാഹന്മാരിൽ പ്രായേണ കാണാത്ത ചില പ്രത്യേകഗുണങ്ങളേക്കൂടി പരാമര്‍ശിക്കുകയാണെങ്കിൽ തിരുമേനിയെ എനിക്ക് ഉപമിക്കുവാൻ തോന്നുന്നതു സങ്കല്പസൂര്യോദയാദി വിവിധഗ്രന്ഥകര്‍ത്താവായ സാക്ഷാൽ വേദാന്തദേശികരോടാകുന്നു. താഴെ കാണുന്ന ശ്ലോകങ്ങൾ ദേശികരുടെ വകയാണു്.


പാരാവാരപയോധിശോഷണകലാപാരീണകാലാനല- 
ജ്ജ്വാലാജാലവിഹാരഹാരവിശിഖവ്യാപാരഘോരക്രമഃ
സര്‍വ്വാവസ്ഥസകൃൽപ്രപന്നജനതാസംരക്ഷണൈകവ്രതീ
ധര്‍മ്മോ വിഗ്രഹവാനധര്‍മ്മവിരതിം ധന്വീ സ തന്വീത നഃ
(ദശാവതാരസ്തോത്രം)


നിസ്സന്ദേഹനിജാപകര്‍ഷവിഷയോൽകര്‍ഷോപി ഹര്‍ഷോദയ-
പ്രത്യൂഹക്രമഭക്തിവൈഭവഭവദ്വൈയാത്യവാചാലിതഃ
രംഗാധീശപദത്രവര്‍ണ്ണനകൃതാരംഭൈര്‍ന്നിഗുംഭഫൈര്‍ഗ്ഗിരാം
നര്‍മ്മാസ്വാദിഷു വേങ്കടേശ്വരകവിന്നാസീരമാസീദതി.
(പാദുകാസഹസ്രം)


ഹൃദ്യാ ഹൃൽപത്മസിംഹാസനരസികഹയഗ്രീവഹേഷാഭിഘോഷ- 
ക്ഷിപ്തപ്രത്യര്‍ത്ഥിദൃപ്തിർജയതി ബഹുഗുണാ പങ്‌ക്തിരസ്മദ് ഗുരൂണാം.
ദിക്‍സൌധാബദ്ധജൈത്രധ്വജവടപവനസ്ഫാതിനിര്‍ദ്ധൂതതത്തൽ-
സിദ്ധാന്തസ്തോമലസ്തബകവിഗമനവ്യക്തസദ്വര്‍ത്തനീകാ.
(സങ്കല്പസൂര്യോദയം)


ഇത്തരം ശ്ലോകങ്ങൾക്കു തിരുമനസ്സിലെ ശ്ലോകങ്ങൾ എത്രകണ്ടു സൌഭാത്രം വഹിക്കുന്നു എന്നു ഭാവുകന്മാര്‍ക്ക് ഈ ഉപന്യാസം മുഴുക്കെ വായിച്ചതിനുമേൽ പരിശോധിക്കാവുന്നതാണല്ലോ.


അശ്വതിതിരുനാൾ തമ്പുരാന്റെ ആട്ടക്കഥകൾക്കു മേലേയാണു കോട്ടയത്തു തമ്പുരാന്റെ ആട്ടക്കഥകൾ എന്നു കേശീയരുടെ ഇടയിൽ സാമാന്യം രൂഢമൂലമായ ഒരഭിപ്രായമുണ്ട്. രംഗപ്രയോഗത്തിനു് ഒന്നു കൂടി പറ്റിയ കൃതികൾ കോട്ടയംകഥകൾ തന്നെയാണെന്നു ഞാനും സമ്മതിക്കുന്നു; ചില പദങ്ങളുടെവിഷയത്തിലും കോട്ടയം കഥകൾക്കുള്ള മെച്ചം നിർവ്വിവാദമാണു്. പക്ഷേ, ശ്ലോകങ്ങൾ പ്രത്യേകമെടുത്തു പരിശോധിക്കുകയാണെങ്കിൽ-എന്നുവേണ്ട സാഹിത്യത്തിന്റെ നാനാകോടികളേയും പരാമര്‍ശിച്ചുകൊണ്ടു സമഗ്രമായി ചര്‍ച്ചചെയ്യുകയാണെങ്കിൽ-വിജയലക്ഷ്മി ആശ്ലേഷിക്കേണ്ടത് അശ്വതിതിരുനാളെയാണെന്നത്രേ എനിക്കു തോന്നീട്ടുള്ളത്. ഇതിൽ ഭിന്നാഭിപ്രായമുള്ള സഹൃദയന്മാരും ഉണ്ടാവാൻ പാടില്ലെന്നില്ല. അശ്വതിതിരുനാളുടെ ആട്ടക്കഥകളിൽനിന്നു ചില ശ്ലോകങ്ങൾ ഞാൻ ഉദ്ധരിച്ച് അവയ്ക്കു തുല്യങ്ങളായ ശ്ലോകങ്ങൾ കോട്ടയംകഥകളിൽ എവിടെയുണ്ടെന്നു ചോദിക്കട്ടെ:


കര്‍ണ്ണാലങ്കാരവിരാങ്കുരരുചിരരുചിപ്രോല്ലസദ്വക്‍ത്രപത്മാ
വ്യാവല്ഗൽപാദയുഗ്മക്വണിതമണിതുലാകോടിവാചാലവീഥി
ബിഭ്രാണാ കങ്കണാളിം ജ്വലദനലകനദ്രത്നകാന്താം സഭാം താം
തന്വീ രാജന്യപാളീഹൃദയകമലിനീരാജഹംസി വിവേശ.
(രുക്മിണീസ്വയംവരം)


കല്പാക്ഷേപാതിരൂക്ഷക്ഷുഭിതഘനഘടാനിഷ്ഠരാഘാതഭൂത-
ധ്വാനസ്പര്‍ദ്ധ്യട്ടഹാസപ്രകടിതനിജദോർദ്ദണ്ഡചണ്ഡപ്രതാപഃ 
കൃഷ്ണാഭ്രാദഭ്രശോഭാമദഭരഭിദൂര ഭ്രാജമാനപ്രതീകം
യുദ്ധായോന്നദ്ധചേതാഃ കുടുതരമരടന്മാധവം മാഗധേന്ദ്രം (ടി)


ജ്യാഘാതശ്രേണിജാഗ്രൽഭുജഗരസജ്ഞായിതാസിപ്രകാണ്ഡ- 
വ്യാലീഢപ്രൗഢവൈരിക്ഷിതിരമണഗണപ്രാണവാതപ്രരോഹഃ
മധ്യേയുദ്ധം നിയുദ്ധ്യ ദ്രുതമഥ യവനാൻ ദീര്‍ഘനിദ്രാം നിനീഷു-
ബദ്ധാടോപം ബഭാഷേ പ്രഥിതഭുജമദാഡംബരാനംബരീഷഃ
(അംബരീഷചരിതം)


സോമകോടിസമാധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം
ശ്യാമതാമരസദാമമകോമളരാദൃഗഞ്ചിതകരാഞ്ചലം
കാമദായകമമോഘമേഘകുലകാമനീയകുഹരം പരം
സാമജാമയഹരം ഹിം സ മുനിരനനാമ വനമാലിനം (ടി)


സ്വൈരംകൈരവബന്ധുബന്ധുരകരശ്രേണീകൃപാണീലതാ-
ലൂനപ്രൗഢതമസ്തമാലഗഹേന ഹാലാം പിബൻ മോഹനേ
മാദ്യൽകോകിലകാമിനികളവചോവാചാലിതാശാന്തരേ
രോമ രൈവതകാചലേ സഹവധൂജാലേന നീലാംബരഃ
(പൗണ്ഡ്റകവധം)


കിര്‍മ്മീരവധത്തിലെ 'മാര്‍ഗ്ഗേതത്ര' 'താവദ്വൈകുണ്ഠവാമേതര' 'ശ്രാവംശ്രാ തദാനീം' 'ക്ഷ്വേളാഘോഷാതിഭീതി'ഇത്യാദികളായ നാലഞ്ചു പദ്യങ്ങളുടെ കഥ ഞാൻ ഈ ഘട്ടത്തിൽ വിസ്മരിക്കുന്നില്ല; എങ്കിലും അവയേക്കാൾ ഉൽക്കൃഷ്ട്രങ്ങളാണു ഞാൻ തിരുമനസ്സിലെ കൃതികളിൽനിന്നു മേൽ ഉദ്ധരിച്ച പദ്യങ്ങൾ എന്നുള്ളതിനു സംശയമില്ല. പണ്ഡിതന്മാരെ കോൾമയിർകൊള്ളിക്കുന്ന സംസ്കാരപൂതങ്ങളായ പദങ്ങളല്ലാതെ തിരുമനസ്സുകൊണ്ടു പ്രയോഗിക്കുകയില്ല; കോട്ടയംകൃതികളിലും അത്തരത്തിലുള്ള പദങ്ങൾ ഉണ്ടെങ്കിലും അത്രതന്നെ സാധാരണങ്ങളല്ല. ഭ്രൂഭംഗഭീഷണവിഘൂര്‍ണ്ണിതനേത്രയുഗ്മനായ രുക്‌മി, പ്രസര്‍പ്പൽബാഷ്പാംഭഃസ്നപിതകുചകുംഭയായ രുക്‍മിണി, ക്ഷുരപ്രഭിന്നകങ്കടന്മാരും പ്രരൂഢസങ്കടന്മാരുമായ ശിശുപാലഭടന്മാർ, പ്രാലേയാചലമൗലിമണ്ഡനവിധിപ്രാപ്തമായ വിധുമണ്ഡലം, ഉദ്വൃത്തക്വണിതകപാലമാലഭാരിഗ്രീവാഗ്രയായ കൃത്യ, വിഷസ്നപിതസായകങ്ങളെപ്പോലെയുള്ള വാചകങ്ങൾ, അനുത്ഥാനമുദ്രയായ നിദ്ര ഇത്തരത്തിലുള്ള ഉജ്ജ്വലങ്ങളായ വര്‍ണ്ണനങ്ങൾക്കു തിരുമനസ്സിലെ ആട്ടക്കഥകൾ അനർഘങ്ങളായ ആകരങ്ങളാകുന്നു. കിർമ്മീരവധത്തിലെ 'നികൃത്തകുചമണ്ഡലാ നിശിതമണ്ഡലാഗ്രേണ സാ' എന്ന പദ്യത്തെ ഉപജീവിച്ചുകൊണ്ടാണു് അവിടുന്നു നരകാസുരവധത്തിലെ 'നികൃത്തകുചനാസികാം നിശിചരീം നിരസ്യാനയാ' ഇത്യാദി പദ്യം രചിച്ചത് എങ്കിലും കാലാന്തരത്തിൽ ഗുരുവിനെ ജയിച്ച ശിഷ്യനായി വികസിച്ചു. 'ബാധാം ബബാധേതരാം' മുതലായ അവിടുത്തെ പ്രയോഗങ്ങൾ കോട്ടയത്തിന്റെ 'സലജ്ജോഹം' തുടങ്ങിയവപോലെ കേരളീയരുടെ നിത്യസംഭാഷണത്തിൽ സംക്രമിച്ചിട്ടുണ്ടു്. 'ചന്ദ്രമുഖിമാരേ! കാൺക', 'കരുണാലയവീര', 'പ്രാണനായക ശൃണു മമവവനം', 'ആരിതാരിതസാരമനുജന്മാർ', 'കനകരുചിരുചിരാംഗിമാരേ', 'അത്രിമാമുനിനന്ദന' ഇന്ത്യാദി പദങ്ങളുടേയം "ഈരേഴുപാരിനൊരു വേരായിമവിന' ഇത്യാദി ദണ്ഡകത്തിന്റേയും മനോഹരത അനിർവചനീയമാണു്. അംബരീഷചരിതത്തിലെ യവനപ്രസംഗം മൈസൂർമഹമ്മദീയരുടെ ആക്രമണത്തെ സ്മരിച്ചുകൊണ്ടുള്ളതാണെന്നു ഞാൻ ഊഹിക്കുന്നു. പിൻകാലത്തു കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാൻ രാവണവിജയത്തിലും കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഹനുമദുത്ഭവം, പ്രലംബവധം മുതലായ കഥകളിലും അനുകരിക്കുവാൻ ഉദ്യമിച്ചിട്ടുള്ളത് പ്രായേണ അവിടുത്തെ കൃതികളെയാകുന്നു. അത്തരത്തിൽ പ്രകൃഷ്ടമായ സംസ്കൃതഭാഷാപാണ്ഡിത്യവും വ്യാകരണപരിചയവുമുള്ള കവിശ്രേഷ്ഠന്മാര്‍ക്കല്ലാതെ അതു സാധ്യവുമല്ല. ഇനി തിരുമനസ്സിലെ മറ്റു കൃതികളെപ്പറ്റി സ്വല്പം പ്രസ്താവിക്കാം.


വഞ്ചീശസ്തവം :- അശ്വതിതിരുനാൾ തമ്പുരാനു ശ്രീപത്മനാഭനും കാത്തിര്‍കതിരുനാൾ മഹാരാജാവുമായിരുന്നു രണ്ടു കുലദൈവതങ്ങൾ. ആട്ടക്കഥകളിലെന്നപോലെ സംസ്കൃതകൃതികളിലും സ്വീകരിച്ചിരിക്കുന്ന ഇതിവൃത്തങ്ങൾ ശ്രീമൽഭാഗവതത്തിൽപ്പെട്ടവയാണു്. പത്മനാഭസ്വാമിക്ഷേത്രത്തിൽ മാത്താണ്ഡവർമ്മ മഹാരാജാവു ഭദ്രദീപപ്രതിഷ്ഠ കഴിച്ചതു കാര്‍ത്തവീര്യാർജ്ജുനനെ അനുകരിച്ചാകയാൽ ഒരു ചമ്പു മാത്രം കാര്‍ത്തവീര്യവിജയത്തെ വിഷയീകരിച്ചു രചിച്ചു എന്നേയുള്ളു. ശ്രീപത്മനാഭനെപ്പറ്റി ആട്ടക്കഥകളിൽതന്നെ സന്ദര്‍ഭാനുരോധേന പല സ്തോത്രങ്ങളും കാണുന്നു.


"പങ്കജാക്ഷ നിന്നുടയ പാദസേവ ചെയ്യുന്നോര്‍ക്കു
സങ്കടങ്ങളകന്നീടും ശങ്കയെന്തതിന്നു പാർത്താൽ
വിശ്വനാഥ നിന്നെത്തന്നെ വിശ്വസിച്ചു വാണീടുന്ന
ആശ്രിതന്മാര്‍ക്കു നീ തന്നെയാത്രയം മറ്റെന്തു ചൊല്‍വൂ?"


എന്നു തൿമിണീസ്വയംവരത്തിലും


"പത്മനാഭ പരമപുരുഷ പാഹി മാം വിഭോ
ഛത്മരഹിതഭക്തമഹിത ശുദ്ധഗുണനിധേ;
പരമഭാഗവതനിഷേവ്യപരൃദ നാമോസ്തുതേ
ചരണപതിതവിവിധതാപഹര നമോസ്തുതേ"


എന്നു പൂതനാമോക്ഷത്തിലും ഗാനം ചെയ്യുന്ന കവിതന്നെയാണു ശൃംഗാരസുധാകാരത്തിൽ


"ജൃംഭമാണ കലശജലധിസംഭൂത ഡിണ്ഡീരമണ്ഡലാപാണ്ഡരകുണ്ഡലീശ കളേബ മൃദുലപര്യങ്ക വിഹിതസംവേശസ്യഞ്ചിത ഘനാഘനാഘന ലടഹതാപാടച്ചരകപിശ കൗശേയഘടിതാപഘന  ചഞ്ചലാസഞ്ചയാഞ്ചിത ഘനാഘനലടഹതാ പാടച്ചരകപിശകൌശേയ ഘടിതാപഘനസ്യ, മന്ദഹാസ സുന്ദരേന്ദിരാനനാരവിന്ദ സ്യന്ദമാനമരന്ദസന്ദോഹ സമാസ്വാപാലോലുപലോലംബസ്യ, മഹാനീലമഹോനീല മഹീശയകുശോശയവിരചിത സരസതര ചരണകിസലയ സംവാഹനകന്ദളിതാനന്ദസ്യ, അങ്കൂരി വിശ്വൈകമോഹന മീനകേതനകാമിജന കാമദാനസന്താനസ്യ, സകലഭൂവനതിലകായമാനസ്യ, സ്യാനന്ദൂരപുരവര കൃതസാന്നിധ്യസ്യ, ഭഗവതശ്ശ്രീപത്മനാഭസ്യ,  ചൈത്രമഹോത്സവ കോലാഹലാവലോകന കുതൂഹലയാ നിഖിലഹരിന്മണ്ഡല സമാഹിണ്ഡിതൈസ്സകലകലാപണ്ഡിതൈഃ സാമാജികൈഃ"


എന്നു് ആ ഭഗവാനെ വര്‍ണ്ണിക്കുന്നതു്. ക്ഷീരസമുദ്രത്തിലെ പതക്കട്ടുപോലെ വെളുത്ത ആദിശേഷനിൽ അവിടുന്നു (സംവേശം = ഉറക്കം) പള്ളിക്കുറുപ്പു കൊള്ളുന്നു ; മിന്നലിന്റെ അഹങ്കാരത്തെ നശിപ്പിക്കുന്ന മഞ്ഞപ്പട്ടാട തിരുവരയിൽ ചാര്‍ത്തിയിരിക്കുന്നു. (ചഞ്ചലാ = മിന്നൽ, ഘനാഘനം = മഴക്കാറു് ലടഹതാ = സൗന്ദര്യം പാടച്ചരൻ = മോഷ്ടാവു് കപിശകൗശേയം = മഞ്ഞപ്പട്ടു് അപഘനം = ദേഹം); മന്ദഹാസം കൊണ്ടു സുന്ദരമായ ലക്ഷ്മീഭഗവതിയുടെ മുഖമാകുന്ന അരവിന്ദത്തിൽനിന്നു് ഒഴുകുന്ന പൂന്തേൻ നുകരുന്നതിനു കൊതിയോടുകൂടിയ വണ്ടായി ശോഭിക്കുന്നു; ഇന്ദ്രനീലം പോലെയുള്ള തന്റെ ശരീരശോഭകൊണ്ടു നീലമാക്കപ്പെട്ടിട്ടുള്ള ഭൂദേവിയുടെ പാണി (ശയം = കൈയ്) അവിടത്തെ ചരണങ്ങൾ തലോടുന്നു. ശൃംഗാരസുധാകരം പത്മനാഭസ്വാമിക്ഷേത്രത്തിൽ മീനമാസത്തിലെ ഉത്സവത്തിനു് അഭിനയിക്കുവാൻവേണ്ടി രചിച്ചതാണെന്നു് ഈ പ്രസ്താവനയിൽനിന്നു വെളിപ്പെടുന്നുണ്ടല്ലോ. രുക്‍മിണീപരിണയം നാടകത്തിലും


"അഖില ചരാചരപ്രപഞ്ച വനമൂലസ്തംഭസ്യ, ദോഃസ്തംഭസന്ദാനിതകമലാകരേണോഃ, കൈടഭകരടികൂടപാകലസ്യ, ഹിരണ്യകശിപുമഹാരണ്യ ഹിരണ്യരേതസോ, ഗര്‍വ്വിത സര്‍വ്വദൈതേയഭടവിശങ്കടഭുജഭുജംഗജാംഗലികസ്യ, സ്യാനന്ദൂരനഗര മൗലിമണ്ഡനാഖണ്ഡലമണേഃ അശേഷാ ധാരസ്യാപി ശേഷാധാരസ്യ, ഭഗവതഃ പത്മനാഭസ സാന്നിധ്യാൽ" എന്നൊരു പത്മനാഭസ്തുതി കാണുന്നു. പ്രപഞ്ചമാകുന്ന ഭവനത്തിനു ഭഗവാൻമൂലസ്തംഭമാണു് ; അവിടുന്നു തന്റെ ദോസ്സാകുന്ന തൂണില്‍ ലക്ഷ്മീദേവിയാകുന്ന പിടിയാനയെ തളച്ചിരിക്കുന്നു ; കൈടഭനാകുന്ന കൊമ്പനാനയ്ക്കു് അവിടുന്നു മാരകജ്വരമായും, ഹിരണ്യകശിപുവാകുന്ന കൊടുങ്കാട്ടിനു് അഗ്നിയായും, അസുരന്മാരുടെ ഭുജങ്ങളാകുന്ന സര്‍പ്പങ്ങൾക്കു വിഷവൈദ്യനായും വ്യാപരിക്കുന്നു. അശേഷവരാചരങ്ങൾക്കും ആധാരമായ അവിടുന്നു ശേഷാധാരൻ (അനന്തനാകുന്ന ആധാരത്തോടുകൂടിയവൻ) ആണു്.


തന്റെ മാതുലനായ കാര്‍ത്തികതിരുനാൾ മഹാരാജാവിനെപ്പറ്റി ഭാണത്തിൽ കവി ഇത്തരത്തിൽ ഉപന്യസിക്കുന്നു.


"മഹാനീലാ നീലാന്മധുമഥിതുരംഗാദവിരത-
പ്രസപ്പര്‍ന്ത്യാ കാന്ത്യം വിധുവിമലാദേഹോപി വിദധത്
തനുത്രം ഗോത്രൗഘദ്വിഷദുപലമിത്രം പ്രതിദിശം
ഭ്രമന്ത്യാ യൽകീര്‍ത്ത്യാ ഫണിപരിവൃഢശ്ശ്വൈത്യമയാതേ"


ശേഷമുള്ള ഭാഗം ഞാൻ ഇതിനു മുൻപുതന്നെ ഉദ്ധരിച്ചുകഴിഞ്ഞിരിക്കുന്നു. ചന്ദ്രനെപ്പാലെ വെളുത്തനിറമുള്ള ആദിശേഷന്റെ ത്വക്കു മഹാവിഷ്ണുവിന്റെ ദേഹത്തിനുള്ള നീലകാന്തി നിമിത്തം ഇന്ദ്രനീലക്കല്ലുപോലെ ചമയുന്നു; എങ്കിലും സകലദിക്കുകളിലും പ്രസരിക്കുന്ന മഹാരാജാവിന്റെ കീർത്തികൊണ്ടു വീണ്ടും (ശൈത്യം അയതേ ) ധാവള്യത്തെ പ്രാപിക്കുന്നു.


രുൿമിണീ പരിണയത്തിലുള്ള വര്‍ണ്ണന താഴെ കാണുന്ന വിധത്തിലാണു്;


“അസ്തി നിഖിലമലഹൃദയനിചംഖന്യമാനശോകശല്യസ്യാ, ശല്യസ്യേവ ധര്‍മ്മജാതബദ്ധചേതസഃ, പ്രചേതസ ഇവ പാര്‍ശ്വപരിഭ്രാജ മാനവാഹിനീ സഹസ്രസ്യ, സഹസ്രദീധിതേരിവോന്മുഖ പത്മാകരഗൃഹീത പാദപല്ലവസ്യ, വൈനതേയസ്യേവ ഭൂശമഹിതാപദാനവതഃ, കാര്‍ത്തികേയസ്യേവാഽപ്രതിഹതശക്തേ, രാഖണ്ഡലസ്യേവ പ്രകടിതശതകോടിദാനവിസ്മയസ്യ, വിശങ്കടഭുജ വിടപിവിഹരമാണ വിശ്വംഭരാശാരികസ്യ, ഹരിചരണപരിചരണ ധുരീണധിഷണസ്യ, സകലപരിപന്ഥിമണ്ഡലാത്യയ വിശ്രാന്തചാപകർമ്മണോപി സകലദിഗന്തശ്രൂയമാണ ഗുരുഗുണധ്വനേഃ, പാര്‍ത്ഥിവപ്രധാനസ്യാപി ഗുണമയസ്യ രാജ്ഞഃ ശ്രീപത്മനാഭദാസ  വഞ്ചിപാലകുലശേഖരരാമവര്‍മ്മണഃ"


ഇതു സുബന്ധു, ബാണഭട്ടൻ, മുതലായ ഗദ്യകവിതാവേധസ്സുകളുടെ ശൈലിയിൽ രചിച്ചിട്ടുള്ള ഒരു ശ്ലേഷസുഭഗമായ ചൂണ്ണികയാണു്. നിചംഖന്യമാനം = അതിശയേന കുഴിച്ചിറക്കപ്പെടുന്നത്. ശല്യം = കുന്തം. ശല്യർ ധര്‍മ്മപുത്രരിൽ പ്രീതിയുള്ളവനായിരുന്നു; മഹാരാജാവു ധര്‍മ്മരാശിയിൽ പ്രീതനാകുന്നു. വരുണൻ പാര്‍ശ്വത്തിൽ (വാഹിനീസഹസ്രം) അനവധി നദികളെക്കൊണ്ടു ശോഭിക്കുന്നു; മഹാരാജാവു സേനകളെക്കൊണ്ടും. ആദിത്യൻ പത്മാകരങ്ങളാൽ (താമരപ്പൊയ്കകളാൽ) ഗ്രഹിക്കപ്പെടുന്ന പ്രാതഃകാലത്തെ (പാദങ്ങൾ) കിരണങ്ങളോടുകൂടിയിരിക്കുന്നു; മഹാരാജാവു രാജലക്ഷ്മിയുടെ കരത്താൽ ഗ്രഹിക്കപ്പെട്ട പാദകിസലയങ്ങളോടുകൂടിയിരിക്കുന്നു. ഗരുഡൻ (ഭൃശം അഹിതാപദാനവതഃ) സര്‍പ്പങ്ങൾക്ക് ഏറ്റവും താപത്തെ നല്കിക്കൊണ്ടിരിക്കുന്നു, മഹാരാജാവ് ഏറ്റവും (ഭൃശമഹിതാപദാനവതഃ) മഹിതങ്ങളായ അപദാനങ്ങളോടുകൂടിയിരിക്കുന്നു. കാര്‍ത്തികേയപക്ഷത്തിൽ ശക്തി വേൽ. ദേവേന്ദ്രപക്ഷത്തിൽ ശതകോടിദാനമെന്നാൽ വജ്രംകൊണ്ടുള്ള അവഖണ്ഡനം (പര്‍വതങ്ങളുടെ പക്ഷച്ഛേദം മുതലായതു്). ഭൂമിദേവിയാകുന്ന തത്തമ്മ അവിടത്തെ ഭുജമാകുന്ന വൃക്ഷത്തിൽ വിഹരിക്കുന്നു. എല്ലാശത്രുക്കളുടേയും നാശം നിമിത്തം വില്ലുകൊണ്ടുള്ള വേലയ്ക്കു മേൽ ആവശ്യമില്ലെങ്കിലും സകലദേശങ്ങളിലും അവിടുത്തെ ഗുണധ്വനി (ഞാണൊലി എന്നു വിരോധകോടിയിൽ) കേട്ടുകൊണ്ടിരിക്കുന്നു. പാര്‍ത്ഥിവശ്രേഷ്ഠനാണെങ്കിലും (പൃഥിവിയാണു് പ്രധാനഘടകമെങ്കിലും എന്നു വിരോധകോടിയിൽ ) അവിടുന്നു ഗുണമയനാണു്.


ഇനി നമുക്കു 'വഞ്ചിമഹാരാജസ്തവം' എന്നുകൂടി പേരുള്ള വഞ്ചീശസ്തവത്തിലേയ്ക്കു കടക്കാം. അതു മഹാകവി മാതുലനെപ്പറ്റി ഒൻപതു പദ്യങ്ങളിലും ഒരു ഗദ്യത്തിലും കീർത്തനം ചെയ്യുന്ന ഒരു ശ്രുതിമതിമോഹനമായ സ്തോത്രമാണു്. ഈ സ്തോത്രത്തിന്റെ ആരംഭത്തിൽ കൗസ്തുഭരത്നത്തേയും ലക്ഷ്മീനാരായണന്മാരുടെ രഹഃകേളികളേയും വന്ദിച്ചുകൊണ്ടുള്ള ഓരോ ശ്ലോകമുണ്ട്. അവയിൽ രണ്ടാമത്തെ ശ്ലോകമാണു് താഴെ ഉദ്ധരിക്കുന്നതു്.


മൂര്‍ത്തൈഃ പ്രേമലതാങ്കുരൈരിവ ദൃഢാശ്ലേഷപ്രഹര്‍ഷോന്മിഷ- 
ദ്രോമാഞ്ചപ്രകരൈര്‍വ്വിഡംബിതസമുന്മീലൽകദംബശ്രീയോഃ 
സ്വേദാംഭഃപൃഷതൗഘമൗക്തികഭൃതോഃ ക്ഷീരോദതിരോരേ
ലക്ഷ്മീകൗസ്തുഭലക്ഷ്മണാർദദതു നഃ ക്ഷേമം രഹഃകേളയഃ


അതുകഴിഞ്ഞാൽ മഹാരാജാവുതിരുമനസ്സിലെപ്പറ്റിയുള്ള ശ്ലോകങ്ങളായി. അവയിൽ 'നൃത്യച്ചണ്ഡീശചൂഡാ' എന്നുതുടങ്ങുന്ന ആദ്യത്തെ ശ്ലോകം ഗോവിന്ദപ്പിള്ള സര്‍വ്വാധികാര്യക്കാർ ഉദ്ധരിച്ചിട്ടുണ്ടു്. ബാക്കിയുള്ള ശ്ലോകങ്ങൾ ഞാൻ ഉദ്ധരിക്കാം.


നാനാരാജന്യപൂര്‍ണ്ണാപ്യധികസുരഭിണാ കീർത്തികന്ദപ്രസൂനൈഃ 
ശ്രീവഞ്ചിക്ഷോണിരാകാഹിമകര, ഭവതാ ദ്യോതതേ ഭൂതധാത്രീ;
നിസ്സീമാനൗകുഹാപി ത്രിഭുവനജനതാശ്ലാഘ്യസൗരഭ്യസമ്പ
ന്നിക്ഷേപാക്ഷീണധാമ്നാ മലയഗിരിതടീ ഭാതി ഭദ്രശ്രിയൈവ


അല്ലയോ മഹാരാജാവേ, എത്രയോ രാജാക്കന്മാർ ഉണ്ടെങ്കിലും ഈ ഭൂമി ശോഭിക്കുന്നതു കീർത്തിസൗരഭ്യത്തോടുകൂടിയ നിന്തിരുവടിയെക്കൊണ്ടാകുന്നു. എത്രയോ വൃക്ഷങ്ങളുണ്ടെങ്കിലും മലയപർവ്വതം ശോഭിക്കുന്നതു പരിമളപൂരത്തിനു നിധായമായ ചന്ദനംകൊണ്ടാണല്ലൊ.


നാരീണാം വൿത്രലക്ഷ്മീം ഹരതി; കുലയതേ ശശ്വദന്തഃകളങ്കം;
സൂര്യാലോകേ നിലീനഃ ക്വചന; പുനരയം മത്തദോഷാനുഷംഗഃ 
വീരശ്രീവഞ്ചിഭൂമീപരിവൃഢ, തമസാ ഗ്രസ്തമൂർത്തിർമൃഗാങ്കോ
യുഷ്‌മൽകീര്‍ത്ത്യാ സദൃക്ഷഃ കഥമിവ ഭുവനേ വര്‍ണ്ണ്യതേ ലബ്‌ധവര്‍ണ്ണൈഃ?


അങ്ങയുടെ കീത്തിയെ ചന്ദ്രനോടു വിദ്വാന്മാർ ഉപമിക്കുന്നുവല്ലൊ. ഈ ചന്ദ്രൻ ആരു്? അരികളുടെ (ശത്രുക്കളുടെ) വൿത്രലക്ഷ്മിയെ അപഹരിക്കാത്തവൻ. (നാരിമാരുടെ വൿത്രങ്ങളെ ചന്ദ്രനോട് ഉപമിക്കാറുണ്ടല്ലോ) എല്ലായ്പോഴും ഉള്ളിൽ കളങ്കമുണ്ട്. സൂര്യാലോകത്തിൽ (സൂര്യനെ കാണുമ്പോൾ എന്നു ചന്ദ്രപക്ഷത്തിൽ; സൂരികളെ അതായതു വിദ്വാന്മാരെ കാണുമ്പോൾ എന്നു മഹാരാജപക്ഷത്തിൽ ) എവിടെയെങ്കിലും ചെന്നൊളിക്കും; ദോഷാനുഷംഗം (രാത്രിയോടു ബന്ധം ചന്ദ്രനുണ്ടല്ലോ) ഉള്ളവൻ; തമസ്സു (രാഹു എന്നു ചന്ദ്രപക്ഷത്തിൽ; തമോഗുണമെന്നു മഹാരാജപക്ഷത്തിൽ) ഗ്രസിച്ചിരിക്കുന്ന ശരീരത്തോടുകൂടിയവൻ. ഈ ദോഷങ്ങൾ യാതൊന്നും സ്പര്‍ശിച്ചിട്ടില്ലാത്ത നിന്തിരുവടി എവിടെ? ഈ അംശങ്ങളിലെല്ലാം അധമനായ ചന്ദ്രനെവിടെ?


ക്ഷാത്രോ ധര്‍മ്മോ വപുഷ്മാൻ കിമുഃ ഭുവി വിഹരൻ മൂര്‍ത്തിമാൻ കിം പ്രസാദഃ?
തേജസ്തോമസ്തനൂമാൻ കി,മുത തനുഭൃതാം പുണ്യനിർമ്മാണരാശിഃ?
തിഷ്ഠന്തം ഭദ്രപീഠേ നൃപതിലക, മുദാ പ്രേക്ഷ്യ മാധ്യസഭം ത്വാ-
മിത്ഥം സന്ദേഹാമാലാവിഹരണമധുനാ കുര്‍വ്വതേ സവ്വലോകാഃ


അര്‍ത്ഥം സ്പഷ്ടം.


ശ്രീവഞ്ചിക്ഷോണിഭാഗ്യോദയഫല, ഭവതഃ കിഞ്ചന ക്രോധകേതൌ
ശോണിമ്നി സ്മേരപങ്കേരുഹസദൃശദൃശോഃ കോണമാലംബമാനേ
മുക്ത്വാ രാഷ്ട്രം പ്രതീപക്ഷിതിപതിപൃതനാശ്രേണയഃ പ്രാണഭീത്യാ
ചിത്രം സന്തപ്തചിത്താ വിംദമപി പദം തുല്യകാലം ഭജന്തേ.


അവിടുത്തെക്കണ്ണു കോപംകൊണ്ട് ഒരു ശകലം ചുവന്നാൽ ശത്രുരാജാക്കന്മാരുടെ സൈന്യങ്ങൾ അവരുടെ രാജ്യംവിട്ടു പ്രാണഭീതികൊണ്ടു സന്തപ്തഹൃദയന്മാരായി വിപത്തിനേയും, (പദം) പത്തിനേയും ഒരേസമയത്തുതന്നെ ഭജിക്കുന്നു. പത്തിനെ ഭജിക്കുന്നു എന്നാൽ ഓടുന്നു എന്നര്‍ത്ഥം.


കുര്‍വ്വാണാശ്ശര്‍വ്വനേത്രജ്വലദനലമധസ്തീവ്രദംഭോളികേളിം 
ലുമ്പന്ത,സ്സമ്പതന്തസ്ത്രിഭുവനമഭിതശ്ചണ്ഡചണ്ഡാംശുധാമ്നാം
ആടോപം പാടയന്തഃ, പരിഹസിതലസദ്ബാഡവാര്‍ച്ചിഷ്കലാപാഃ 
ശ്രീവഞ്ചിക്ഷോണിപാല, ക്ഷപിതരിപുനൃപാസ്ത്വൽപ്രതാപഃ പ്രഥാന്തേ


ഈ ശ്ലോകത്തിൽ കവി മഹാരാജാവിന്റെ പ്രതാപത്തെ ശ്രീപരമേശ്വരന്റെ മൂന്നാം തൃക്കണ്ണിലെ തീയോടും, ദേവേന്ദ്രന്റെ വജ്രായുധത്തോടും, തീക്ഷ്ണനായ ആദിത്യന്റെ കിരണങ്ങളോടും, ബഡവാഗ്നിയോടും ഉപമിക്കുന്നു.


ഉത്താളൈര്‍വ്വാഹിനീനാം ബഹളകളകളൈര്‍ദ്ദത്തകര്‍ണ്ണജ്വരാണാം
ചൂഡായാം പാദമുച്ചെരപി നിഹിതവതാ ഭൂഭൃതാമീര്‍ജ്ജിതാനാം 
രാജന്നാധാരഭൂമിര്‍വ്വിമലഗുണഗണസ്യൈഷ ദോഷാകരേണ
പ്രാജ്ഞൈരുച്ചാര്യസേ സേ ത്വം സദൃശ ഇതി വൃഥാ ഹന്ത! രാജാന്തരേണ


വാഹിനികൾ പര്‍വ്വതപക്ഷത്തിൽ നദികൾ; രാജപക്ഷത്തിൽ സേനകൾ. പാദം ചന്ദ്രപക്ഷത്തിൽ കിരണം; രാജപക്ഷത്തിൽ കാൽ. ഭൂഭൃത്തുക്കൾ പര്‍വ്വതങ്ങളെന്നും രാജാക്കന്മാരെന്നും. രാജപദത്തിനു ചന്ദ്രനെന്നുമര്‍ത്ഥം. ദോഷാകരൻ (രാത്രിയെ ഉണ്ടാക്കുന്നവൻ = ചന്ദ്രൻ. ദോഷങ്ങൾക്ക് ആകരമെന്നും) അര്‍ത്ഥം ഏകദേശം മൂന്നാം ശ്ലോകത്തിലേതുതന്നെ.


ശ്രീമൻ! നാനാപദാനസ്തവപഠനജുഷാം വന്ദിനാമാനനേഭ്യഃ
ശ്രുത്വാ ത്വന്നാമവര്‍ണ്ണാനരിഷു രണതലാൽപ്രദ്രുതം വിദ്രുതേഷു
കൢപ്താ രത്നപ്രസൂനൈര്‍ന്നവവരവരണേ ഗാഢമുൽകണ്ഠിതാനാം
മാസ്തു വൈഫല്യമദ്യ ത്രിദശമൃഗദൃശാം ഹിണ്ഡതേമണ്ഡനശ്രീഃ


സ്തുതിപാഠകന്മാരുടെ മുഖങ്ങളിൽ നിന്നു് അവിടുത്തെ നാമാക്ഷരങ്ങള്‍ കേൾക്കുമ്പോൾതന്നെ ശത്രുക്കൾ ഓടിഒളിച്ചുകളയുന്നു. അവര്‍ അവിടന്നുമായി പടവെട്ടിമരിച്ചു സ്വര്‍ഗ്ഗലോകത്തേയ്ക്കു ചെല്ലുമെന്നും അപ്പോൾ അവരെ ഭർത്താക്കന്മാരായി വരിക്കാമെന്നും കരുതി അപ്സരസ്ത്രീകൾ രത്നാഭരണങ്ങളണിഞ്ഞും പൂമാലകൾ ചൂടിയും ചമഞ്ഞൊരുങ്ങുന്നു. എങ്കിലും അവരുടെ ശ്രമം വിഫലമായാണു പര്യവസാനിക്കുന്നതു്. ഒളിച്ചോടിക്കളഞ്ഞാൽ നിവൃത്തിയെന്തു്?


നമ്രപ്രത്യര്‍ത്ഥ്വീപരിവൃഢമുകുടീനൂത്നരത്നോഡുപത്നീ-. 
ഗാഢാശ്ലേഷപ്രഹൃഷ്യച്ചരണയുഗനഖശ്രേണിരാകേന്ദുരാശേ,
പാരേവാഗ്വര്‍ത്തിയുഷ്മദ്ഗുണപടലമഹിഗ്രാമണീരപ്യനിശോ
വ്യാകര്‍ത്തും പാർത്ഥിവേന്ദ്ര, പ്രകടയിതുമിദം കോവിദഃ കോ വിദഗ്ദ്ധഃ?


അവിടുത്തെ കാൽനഖങ്ങളാകുന്ന പൂര്‍ണ്ണചന്ദ്രന്മാരെ നമനംചെയ്യുന്ന ശത്രുരാജാക്കന്മാരുടെ കിരീടങ്ങളിലുള്ള നവീനരത്നങ്ങളാകുന്ന ഉഡുപത്നിമാർ (താരകകളാകുന്ന പ്രണയിനിമാർ) ആലിംഗനം ചെയ്യുന്നതുകൊണ്ട് ആ ചന്ദ്രന്മാർ ആനന്ദിക്കുന്നു. അങ്ങനെയുള്ള വാചാമഗോചരമായ അവിടുത്തെ ഗുണഗണത്തെ വര്‍ണ്ണിക്കുവാൻ ആദിശേഷൻപോലും അശക്തനാണു എന്നിരിക്കെ മറ്റുള്ള പണ്ഡിതന്മാര്‍ക്കു് അതെങ്ങനെ സാധിക്കും?


ഈ ശ്ലോകങ്ങളെത്തുടര്‍ന്നു്  'അഥ ഖലു നിഖിലചരാചരപ്രപഞ്ചസാക്ഷിണാ' എന്നാരംഭിക്കുന്ന ഗദ്യം അത്യന്തം ദീർഘവും ഹൃദ്യവുമാണ്'. വിസ്തരഭയത്താൽ ഉദ്ധരിക്കുന്നില്ല. ഒടുവിൽ കവി ഔദ്ധത്യപരിഹാരത്തിനായി ഒരു ശ്ലോകംകൂടി രചിച്ചുകാണുന്നു. അതാണു താഴെ ചേര്‍ക്കുന്നത്.


അതിലഘു ഭവൽകര്‍ണ്ണം പ്രാപ്തം ശിശോര്‍വ്വചനം മമ
ക്ഷിതിപരികുലാലങ്കാരേദം ദധാതി ഹി ഗൗരവം
ജഗതി കുതിചിദ്വിശോൽകൃഷ്ടാന്യ ഹോ സ്ഥലവൈഭവാൽ;
സലിലകണികാ ശുക്തൗ മുക്താഫലത്വമുപൈതി ഹി.


ശിശുവായ എന്റെ അതിലഘുവായ ഈ വാക്കു നിന്തിരുവടിയുടെ ശ്രോത്രങ്ങൾക്കു് അതിഥീഭവിക്കുകനിമിത്തം ഗൗരവത്തെ പ്രാപിക്കുന്നു. നീർത്തുള്ളി എങ്ങനെ ചിപ്പിയിൽ വീണാൽ മുത്തായിത്തീരുമോ അതുപോലെ ലോകത്തിൽ ചില വസ്തുക്കൾ സ്ഥലവൈഭവംകൊണ്ടു് അത്യുത്തമങ്ങളായി പരിണമിക്കാറുണ്ടല്ലോ. ശിശോഃ എന്ന പദത്തിന്റെ പ്രയോഗത്തിൽ നിന്നു ഊഹിക്കേണ്ടതു് ഈ സ്തവം രചിക്കുമ്പോൾ കവിക്ക് ഇരുപതു വയസ്സിലധികം ആയിരുന്നിരിക്കയില്ലെന്നാകുന്നു.


കാര്‍ത്തവീര്യ‍വിജയം:


ഈ ചമ്പു


നിഗമാന്തവചോവൃന്ദ പികമാകന്ദശാഖിനം
സഭാതനമഹം വന്ദേ ചിദാനന്ദഘനം മഹഃ


എന്നും


ജിഹ്വേ, ബഹ്വവലംബസേ കിമനൃതവ്യാഹാരധന്വസ്ഥലീ-
യാതായാതപരിശ്രമം? ശൃണു ഹിതം; കിഞ്ചിദ്വയം ബ്രൂമഹോ;
പുണ്യശ്ലോകശിരസ്രജാം ക്ഷിതിഭജാം നാരായണാംശാത്മനാ-
മാകണ്ഠം പിബ സൽകഥാം നവരസസ്രോതസ്സുധാസ്യന്ദിനീം


എന്നുമുള്ള പദ്യങ്ങൾ കൊണ്ട് ആരംഭിക്കുന്നു. രണ്ടാമത്തെശ്ലോകം സര്‍വാധികാര്യക്കാരും ഉദ്ധരിച്ചിട്ടുണ്ടു്. "അല്ലയോ നാക്കേ, നീ എന്തിനു് അനൃതഭാഷണമാകുന്ന (ധന്വസ്ഥലി) മരുപ്രദേശത്തിൽ ഗതാഗതംചെയ്തു ക്ലേശിക്കുന്നു? പുണ്യശ്ലോകന്മാര്‍ക്കു ശിരോമാല്യങ്ങളും ശ്രീനാരായണന്റെ അംശാവതാരങ്ങളുമായ മഹാരാജാക്കന്മാരുടെ കഥാമൃതം ഉച്ചരിക്കുക" എന്നു കവി പൂര്‍വപീഠികയായി പ്രസ്താവിച്ചുകൊണ്ടു വിഷയത്തിലേയ്ക്കു പ്രവേശിക്കുന്നു.


ദത്താത്രേയമുനീന്ദ്രസാന്ദ്രകരണാപീയൂഷധാരാപ്ലവ-
ക്രീഡാദക്ഷകടാക്ഷദോഹളമിളൽപീനാപദാനാങ്കുരഃ
ക്ഷോണീഗോളമനര്‍ഗ്ഗളോഷ്മളഭുജോ മാഹിഷ്മതീം മണ്ഡയൻ
ശൗണ്ഡീര്യേണ ശശാസ വാസവസമഃ ശ്രീകാര്‍ത്തവീര്യാര്‍ജ്ജുനഃ


അര്‍ത്ഥം സ്പഷ്ടം. ജലക്രീഡയ്ക്കായി ആ മഹാരാജാവു നര്‍മ്മദാപുളിനത്തെ പ്രാപിക്കുന്ന കഥാംശം വര്‍ണ്ണിക്കുന്ന താഴെകാണുന്ന ഗദ്യത്തിലെ പദഘടനയുടെ സാമഞ്ജസ്യം ആരുടെ ഹൃദയത്തെയാണു കേൾക്കുന്ന നിമിഷത്തിൽ അപഹരിക്കാത്തത്?


"അഥ കദാചിദുപചീയ മാനവികചവിചകില സുലഭസൗരഭസംഭാര കുംഭീലകസമീര ഡിംഭ സരഭസപരീരംഭ സംഭൃതരസരംഭോരുഷു, മധുമദാന്ധ കുസുമന്ധയ നീരന്ധ്രിതോദരവിഘടമാന പാടലപടലതയാലു പാംസുകലമാം സളിതപാന്ഥജന മോഹാന്ധകാരേഷു, ദരവിദീര്‍ണ്ണശിരീഷസുമവിതീര്‍ണ്ണ കര്‍ണ്ണപൂര സമ്പദവിലാശാമുഖേഷു, ജരഠിത കഠോരകിരണജരീജൃംഭദൂഷ്മവിസരേഷു, ഗ്രീഷ്മവാസരേഷു സമുമ്മിഷത്സു, സ ഖലു ഭുജബലദാവാനലാവലീഢ സമരാംഗണ ഗാഢജംഘാലരിപുസംഘാതവംശാങ്കരഃ, കൃതവീര്യാന്വയാലങ്കാരം, ചിരകാംക്ഷിത ശിശിരവാരിഹേളാഭിർദ്ദേഹ കാന്തികണികാലിത ഗീർവാണഗണികാവഹേളാഭിര്‍മ്മഹേളാഭിസ്സഹ ബഹളശര്‍മ്മദായി നര്‍മ്മദാപുളിനതലമലം ചക്രേ.”


വിലകിലം, ഒരുമാതിരി മുല്ലപ്പൂവ്. കുംഭീലകൻ, തസ്കരൻ. സമീരഡിംഭൻ, മന്ദമാരുതൻ. സംഭൃതരസമാരായ (രംഭോരുക്കൾ) സുന്ദരിമാർ. കുസുമന്ധയങ്ങൾ, വണ്ടുകൾ. ജരഠിതകഠോരകിരണൻ, വയസ്സുചെന്ന (സായാഹ്നകാലത്തിലെ) സൂര്യൻ. ഭുജബലമാകുന്ന കാട്ടുതീ ശത്രുസമൂഹങ്ങളുടെ വംശാങ്കുരങ്ങളെക്കൂടി (വംശമെന്നാൽ മുളയെന്നുമര്‍ത്ഥം) ലേഹനംചെയ്തു നശിപ്പിച്ചിരിക്കുന്നു. ഹേള, ഹേല, വിഹാരം. ദേഹകാന്തിയുടെ കണികകൊണ്ടു സാധിച്ചിരിക്കുന്ന അപ്സരസ്ത്രീകളുടെ (അവഹേളാ) അവമാനത്തോടുകൂടിയവർ. മഹേളമാർ, സുന്ദരിമാർ.


ആ അവസരത്തിൽ 'സംഗ്രാമോൽകണ്ഠകുണ്ഠേതരപടിമഭുജാമണ്ഡലാദ്യദ്ധൃത  ശ്രീകണ്ഠേകാളാദ്രി'യായ രാവണൻ അനുചരന്മാരോടു കൂടി മാഹിഷ്മതിയിൽ എത്തി അജുനന്റെ അമാത്യന്മാരോട് ഇങ്ങനെ പറഞ്ഞു.


മുക്ത്വാ ശൂദ്ധാന്തകാന്താജനസഹവസതിം നിര്‍ഭയശ്ശസ്ത്രപാണിര്‍-
ദ്ദക്ഷശ്ചേൽ ബദ്ധകക്ഷ്യോ നമയ രണമുഖേ കാര്‍മ്മുകം വാ മുഖം വാ;
ഇത്യാജ്ഞാം രാവണസ്യ പ്രകൃതിദൃഢചപേടാഹതൈരാവണസ്യ
പ്രഖ്യാതാം മന്ത്രിമുഖ്യാഃ, കരുത, ഖലചുരിക്ഷത്രിയശ്രോത്രപാത്രം


നിങ്ങളുടെ സ്വാമിയോട് അയാൾക്കു ഭയമില്ലെങ്കിൽ സ്ത്രീകളുമായുള്ള സഹവാസം നിറുത്തിവെച്ചു ശസ്ത്രം ധരിച്ചു യുദ്ധഭൂമിയിൽ വന്നു് ഒന്നുകിൽ വില്ലോ, അല്ലെങ്കിൽ മുഖമോ നമിപ്പിച്ചു പൊയ്ക്കൊള്ളണമെന്ന് ഐരാവതത്തെ പാണികൊണ്ടു പ്രഹരിച്ച രാവണൻ ആജ്ഞാപിക്കുന്നതായിപറയണം; ആ ഖലചൂരി (ചവറ്റുകുഴിയിലെ കൊച്ചുകിണറെന്നും ഖലചുരിവംശമെന്നും) ക്ഷത്രിയൻ ഇതു കേൾക്കട്ടെ. അതിനുമന്ത്രിമാർ "ഞങ്ങളുടെ സ്വാമി തിരിയെ വന്നുചേരുമ്പോൾ കാര്‍മ്മുകംതന്നെ നമിപ്പിച്ചുകൊള്ളും.; സ്വല്പം താമസിക്ക; അല്ലെങ്കിൽ അവിടുന്നു് ഇപ്പോൾ എഴുന്നള്ളിയിരിക്കുന്ന രേവാതീരത്തിലേയ്ക്കു പോകൂ." എന്ന് ഉത്തരം നല്കി.


രാവണൻ തൽക്ഷണം തന്നെ പുറപ്പെട്ടു നര്‍മ്മദാതടത്തിൽ എത്തി അനുയായികളോടു നദിയിൽ സ്നാനം ചെയ്യാൻ ആജ്ഞാപിച്ചു.


തൈരുല്‍കൂലമദൈഃ കരാളകരവാളരാളഭന്താങ്കുരൈർ-
ലീലോൽഖാതപരദ്രുമൈര്‍ഘനഘടാനിര്‍ഘോഷഘോരസ്വരൈഃ
രേവാംഭസ്തടമാപിതം തത ഇതോ നിര്‍മ്മജ്ജനോന്മഞ്ജന- 
ക്രീഡാസക്തമനോഭിരാശരവരൈരാശാഗജേന്ദ്രൈരിവ


അതിരുകവിഞ്ഞൊഴുകുന്ന മദം; വാൾപോലെയുള്ള ദന്തങ്ങൾ; വലിയ വൃക്ഷങ്ങൾ പിഴുതുകൊണ്ടുള്ള വരവ്; മേഘങ്ങളുടേതുപോലെയുള്ള ശബ്ദം; ഇതെല്ലാംകൊണ്ടു പുഴയിൽ കുളിക്കുവാൻ എത്തിയ ആ രാക്ഷസന്മാർ ദിഗ്ഗജങ്ങളെപ്പോലെ കാണപ്പെട്ടു. കുളിച്ചു ശിവപൂജയ്ക്കു ഒരുങ്ങി. അപ്പോഴത്തേയ്ക്കുമുണ്ട്, ഒരു വലിയ വെള്ളപ്പൊക്കം വരുന്നു. അപ്രതീക്ഷിതമായ ആ സംഭവത്തിന്റെ കാരണമെന്തെന്ന് അറിവാൻ 'ലലാടനയനാര്‍ച്ചനത്രുടനരോഷതാമ്രേക്ഷണ'നായ രാക്ഷസരാജാവു ശുകസാരണന്മാരെ നിയോഗിച്ചു. അവർ കുറേദൂരം പോയപ്പോൾ കാന്താപരിവൃതനായ അര്‍ജ്ജുനനെ കണ്ടു. അജ്ജുനന്റെ അപ്പോഴത്തെ സ്ഥിതി കവി ഇങ്ങനെ വര്‍ണ്ണിക്കുന്നു:-


"മദ്ധ്യേ തരംഗിണി തരംഗിണീഭിരിവാസേചനക വേണീഭിഗ്ഗാംഗേയാ ശൃംഗവിവരവിസൃമര ശിശിരധാരാളവാരിധാരപാത ശീതാലതയാ നിസ്തലസ്തനസ്തബക വിന്യസ്തഹസ്ത സ്വസ്തികാഭിരുല്ലോലതരളകല്ഹാര കമലപരാഗരഞ്ജനാ മഞ്ജുളതനുമഞ്ജരീഭി, രന്തഃപുരതരുണീഭിരമാരമമാണംരമാരമണ  സമാനമഹിമാനമസീമലവണി മാനമഭംഗുരതരംഗനി കുരുംബമുകുര  ബിംബോദരദരീദൃശ്യമാന രതിപ്രതിബിംബപരമ്പരാപരിവൃതം ശംബരവൈരിണമിവ  ശരീരിണം ഫാടകഘടപ്രതിഭടകുചതടകലിതകാലേയ കരേണുരൂഷണ കാന്തതരദോരന്തരാളതയാ സ്വാന്തരവാന്തമനുരാഗമിവാ ശ്രാന്തമുദ്വമന്തമുദ്വേല  മദലോലലോലലോഹിതലോചനാന്തം ഗന്ധസിനിധുരമിവ സംഘടിതവാര്യര്‍ഗ്ഗളം നിരര്‍ഗ്ഗളപ്രസരപൗരുഷം കമയി പുരുഷവിശേഷകം."


ആസേചനകവേണികൾ, നദിപക്ഷത്തിൽ നനയ്ക്കുന്ന പ്രവാഹത്തോടുകൂടിയവ; നാരീപക്ഷത്തിൽ മനോഹരമായ കേശപാശത്തോടുകൂടിയവർ. ഗാംഗേയം, സ്വര്‍ണ്ണം. തരുണീഭിഃ അമാ, തരുണികളോടുകൂടി. ലവണിമാ, ലാവണ്വം. ദരീദൃശ്യമാനം, അതിശയേന കാണപ്പെടുന്നതു്. കാലേയകം, പീതചന്ദനം വാരി, ഗജബന്ധിനിഎന്നും ജലമെന്നും വിശേഷകം തിലകം.


ശുകനും സാരണനും പേടിച്ചരണ്ട് ഓടി തിരിയെച്ചെന്നു രാവണനെ വിവരം ഗ്രഹിപ്പിച്ചു. ഉടൻ അദ്ദേഹത്തിനു ക്രോധംകൊണ്ടുണ്ടായ ഉപരാഗം അക്ഷികോണങ്ങളിലും അവിടെനിന്നു ചന്ദ്രഹാസത്തിലും ചന്ദ്രഹാസത്തിൽനിന്നു കൈകളിലും സംക്രമിച്ചു; കൈകളിൽ സമരകണ്ഡൂതി വിജ്രംഭിച്ചു.


അഥ ജാതരസം തരസാപ്യചലൽ
കൃതനാകപഥാപതനാ, പൃതനാ
ഘനഗര്‍ജ്ജനതര്‍ജ്ജനസജ്ജനതാ
മദശാലിദശാനനശാസനയാ


എന്തൊരു പുളകപ്രദമായ ശ്ലോകം!


പിന്നീടു രാവണന്റെ സേന ആകാശത്തിൽനിന്നു യുദ്ധത്തിനായി ഭൂമിയിലേയ്ക്കു പതിച്ചു. വീണ്ടും രാവണന്റെ യുദ്ധാഹ്വാനംകേട്ട് അര്‍ജ്ജുനന്റെ മന്ത്രിമാർ ഇങ്ങനെ പറഞ്ഞു.


വിംശത്യാ വിജയീ ഭുജൈഃ ക്വ നു ഭവാൻ ബ്രഹ്മാന്വവായോത്ഭവ?
ശ്രീമാൻ ഹേഹയഭൂപതിഃ ക്വ മഹതാ ദോഷ്ണാം സഹാസ്രണ ച?
തൽ പൗലസ്ത്യ, നിവർത്തതാം തവ ദുരാശേയം ഹിതം, ബ്രൂമഹേ
സാകല്യേ ഖലു സാധനസ്യ ലഭതേ സാധ്യം പരാമുന്നതിം;


ബ്രഹ്മ (ബ്രാഹ്മണ) വംശജനും ഇരുപതുകൈകളോടു മാത്രം കൂടിയവനും ആയ അങ്ങെവിടെ? സഹസ്രബാഹുവായ ഹേഹയ മഹാരാജാവെവിടെ? അല്ലയോ പൗലസ്ത്യ, (സാഭിപ്രായമായ വിശേഷ്യം) അതുകൊണ്ടു് അങ്ങ് ഈ ദുരാശ കൈവിടണം; അതാണു നല്ലത്. സാധനങ്ങൾ പൂര്‍ണ്ണങ്ങളല്ലെങ്കിൽ സാധ്യം എങ്ങനെ അത്യുന്നതിയെ പ്രാപിക്കും?


രാവണന്റെ സമരസന്നാഹം ധരിച്ചു് അര്‍ജ്ജുനൻ "ബാഹാസഹസ്രസഹായവാൻ പരിവൃത ഇവാണകാനികൈസ്തദാഽദ്യുതദുദ്യതഃ". അനേകം സൈന്യങ്ങളാൽ പരിവൃതനോ എന്നു തോന്നുമാറു് ആയിരം കൈകളുടെ സാഹായ്യത്തോടുകൂടി ഉദ്യതനായി (അദ്യുതൽ) ശോഭിച്ചു. രണ്ടുപേരും തമ്മിൽ ഘോരമായ ഒരു യുദ്ധം നടന്നു. ഒടുവിൽ,


രക്ഷോരാജസ്യ വക്ഷോഭുവി വിമതശിരോഭംഗദായാം ഗദായാം
സംഗ്രാമേ പാതിതായാം ഗുരുതരതരസാ കാര്‍ത്തവീര്യേണ വീര്യാൻ
ഹാഹാകാരഃ ക്ഷപാടെ രനിമിഷപടലൈഃ കല്പവാടീപ്രസൂനം,
ഹര്‍ഷാശ്രു സ്വര്‍വ്വധൂഭി, സ്തപസിതൃഭിരഭീഷ്ട്രാർത്ഥദാശീരമോചി


അര്‍ജ്ജുനൻ രാക്ഷസരാജാവിന്റെ വക്ഷസ്സിൽ തന്റെ ഭീമമായ ഗദ പതിപ്പിച്ചു. അപ്പോൾ രാക്ഷസരിൽനിന്നു 'ഹാഹാ' നിനാദവും ദേവന്മാരിൽനിന്നു പുഷ്പവൃഷ്ടിയും, ദേവസ്ത്രീകളിൽനിന്നു് ആനന്ദബാഷ്പവും തപസ്വികളിൽനിന്നു് ആശീര്‍വാദവും നിര്‍ഗ്ഗമിച്ചു. മഹാരാജാവു രാവണനെ ബന്ധനസ്ഥനാക്കി മാഹിഷ്മതിയിലേയ്ക്കു കൊണ്ടുപോയി. അവിടെ പൗരസ്ത്രീകൾ,


അദ്യോര്‍വ്വീപതിനാ വിഗൃഹ്യ സലിലേ സോമോദ്ഭവായാസ്തടാ- 
ദത്രാനീതമനേകവക്ത്രവികൃതം സത്വം കിമത്യദ്ഭുതം?
ഇത്ഥം പൗരപുരന്ധ്രിഭിസ്സകുതുകം സത്രാ സമാലോകിതഃ
പൗലസ്ത്യഃ പുരമാര്‍ഗ്ഗസീമ്‌നി സമഭൂവ്രീളാവനമ്രാനനഃ


"നമ്മുടെ മഹാരാജാവു നര്‍മ്മദയുടെ തടത്തിൽനിന്നു കൊണ്ടുവരുന്ന ദശമുഖമായ ഈ വികൃതസത്വം അത്യത്ഭുതമായിരിക്കുന്നു" എന്നു കൗതുകത്തോടും ഭയത്തോടുംകൂടി തന്നെ നോക്കിയ അവസരത്തിൽ രാവണൻ ലജ്ജകൊണ്ടു മുഖം താഴ്ത്തി.


കാലാന്തരത്തിൽ ചിത്രരഥൻ ഇന്ദ്രസദസ്സിൽ വെച്ചു ഗാനം ചെയ്ത അര്‍ജ്ജുനാപദാനങ്ങൾ കേട്ടപ്പോൾ പൗത്രന്റെ കാരാഗൃഹവാസ കഥ മനസ്സിലായി വത്സനെ അവിടെനിന്നു മോചിപ്പിക്കുന്നതിനായി പുലസ്ത്യ മഹര്‍ഷിതന്നെ മാഹിഷ്മതിയിൽ എത്തി. അതിഥിക്കു വേണ്ട സപര്യകൾ ആചരിച്ചതിനുമേൽ അര്‍ജ്ജുനൻ മഹഷിയോട് ഇങ്ങനെ ചോദിച്ചു:-


കിമപചരിതൈരസ്മാകം വസ്തപോവനഭൂമയഃ
പ്രസവവിധുരാ? ഹിംസ്രൈസ്സത്വൈർമൃഗാഃ കിമുപപ്ലുതാഃ?
ദിതിസുതഭടൈർമദ്ധ്യേ രുദ്ധാ കിമധ്വരപദ്ധതിഃ?
സ്പൃഹയതി പുനശ്‍ശ്രോത്രം ചേതഃ പ്രയോജനമാഗതേഃ


ഞങ്ങളുടെ അപചാരം കൊണ്ടു തപോവനഭൂമികൾ പൂക്കളില്ലാത്തവയായിത്തീർന്നുവോ? ദുഷ്ടസത്വങ്ങളെക്കൊണ്ടു് ആശ്രമമൃഗങ്ങൾക്കു് ഉപദ്രവം ഉണ്ടായൊ? അസുരന്മാർ യാഗങ്ങൾക്കു വിഘ്നംവരുത്തിയൊ? ഭഗവാനേ! അങ്ങയുടെ ആഗമനത്തിന്റെ പ്രയോജനം അറിയുവാൻ എന്റെമനസ്സു ആഗ്രഹിക്കുന്നു."


ആമ്നായയോനിസംഭൂതി രാമ്നാത ഇതി ഭൂഭുജാ
മുത്തരംഗകരിം വാചമുത്തരംഗയതി സ്മ സഃ


മുത്തരംഗകരീ, പ്രമോദതരംഗങ്ങളെ ഉളവാക്കുന്നത്. കാര്യം പറഞ്ഞു മഹര്‍ഷി കടശ്ശിയിൽ രാവണനെ വിടുവിച്ചുകൊണ്ടുപോയി. കാർത്തവീര്യവിജയം താഴെക്കാണുന്ന പത്മനാഭപരമായ സ്തോത്രപദ്യത്തോടുകൂടി അവസാനിക്കുന്നു.


ഭവതരണനിദാനം ഭക്തഗീതപദാനം
മാഹിതമനവസാനം മഞ്ജുവാസോ വസാനം
പതഗതിലകയാനം പന്നഗേശേ ശയാനം
കുലയത മഹിമാനം കാളമേഘോപമാനം.


ഈ ചമ്പുവിൽനിന്നു് എത്രയെത്ര കല്ലുകൾക്കു താഴെയാണു്, തിരുമനസ്സിലെ സമകാലികനായ പുതിയിക്കൽ തമ്പാന്റെ കാര്‍ത്തവീര്യവിജയം ആട്ടക്കഥ നില്ക്കുന്നതെന്നു ഞാൻ സഹൃദയന്മാരെ പറഞ്ഞുമനസ്സിലാക്കേണ്ടതില്ലല്ലോ.


സന്താനഗോപാലം ചമ്പു: - ഈ ചമ്പുവിനു കേരളത്തിൽ ഒരുമാതിരി പ്രസിദ്ധിയുണ്ടു്. പൗണ്ഡ്റകവധത്തിൻറെ ആരംഭത്തിലുള്ള 'പുഷ്യൽ സൗരഭപാരിജാത' ഇത്യാദി പദ്യത്തോടുകൂടിയാണു് പ്രസ്തുത ചമ്പു തുടങ്ങുന്നതു്. പുത്രനാശംകൊണ്ടു ദുഃഖിതനായി തീരെ മതിമറന്നു ബ്രാഹ്മണൻ ദ്വാരകയിൽ പ്രവേശിച്ചു വിലപിക്കുന്നതു മഹാകവി ഇങ്ങനെ വര്‍ണ്ണിക്കുന്നു.


രാജദ്വാരി മൃതം നിധായ തനയം ക്വാസ്തേ നിരസ്തത്രപ
കൃഷ്ണഃ സ്ത്രീജനലമ്പാടഃ? ക്വനു ഹലീ ഹാലാമദാന്ധാശയഃ?
ഇത്യച്ചൈര്‍ഗ്ഗിരമുദ്‌ഗിരൻ ദ്വിജവരഃ ക്ഷിപ്രം പ്രപേദ സഭാം 
നീരന്ധ്റാന്ധകവൃഷ്ണിവീരമകുടീരത്നാംകുരോദ്യൽപ്രഭാം


ദ്വാരഭൂവിൽ മൃതദേഹമിട്ടു മുറയിട്ടു പെൺകൊതിപെരുത്തു നിർ
ലജ്ജനായ വിഭു കൃഷ്ണനെങ്ങു? ഫലിയെങ്ങു മദ്യമദവിഹ്വലൻ? 
വിപ്രനിത്തരമുറച്ചുരച്ചു യദുവീരമൗലിമണികാന്തിയാൽ
ദീപ്രമായ ബഹുജനങ്ങൾതിങ്ങിയ സഭാന്തരത്തിലുടനെത്തിനാൻ
(ഉണ്ണിക്കൃഷ്ണവാരിയർ)


അര്‍ജ്ജുനൻ അടുത്ത ശിശുവിനെ താൻ രക്ഷിച്ചുകൊള്ളാമെന്നു പറയുമ്പോൾ ബ്രാഹ്മണൻ ആ വീരവാദത്തെപ്പറ്റി ശങ്കിക്കുന്ന സന്ദര്‍ഭം വഹിക്കുന്ന ശ്ലോകങ്ങളിൽ ഒന്നാണു താഴെക്കാണുന്നത്:-


പൃഥുലഭുജബലാനലാവദഗ്ദ്ധ-
ദ്വിഷദബലാസ്തനശൈലപത്രവല്ലി 
യദുപരിഷദപി പ്രഗല്ഭതേ ന
സ്വയമവിതും ബലദേവകൃഷ്ണമുഖ്യാ


അചലഭുജബലാഗ്നിജ്വാലയാൽ വൈരിനാരീ-
കുചഗിരികൾ ധരിക്കും പത്രവല്ലീകലത്തെ
ത്വരിതതരമെരിച്ചാസ്സീരി, കൃഷ്ണൻ തുടര്‍ന്നു-
ള്ളരിയ യദുസഭയ്ക്കും കാക്കുവാൻ ശക്തിപോരാ.
(വാരിയര്‍)


ആ ശങ്കയ്ക്കു പരിഹാരരൂപമായുള്ള അർജ്ജുനന്റെ വാക്യം കൂടി ചുവടെ ഉദ്ധരിക്കട്ടെ.


നാഹം ശൗരിര്‍ന്ന ഖലു മുസലീ നാഽനിരുദ്ധോ ന സാംബോ
ന പ്രദ്യുമ്നോ;ഭുവനവിദിതഃ പാണ്ഡവഃ ഫല്ഗുനോഽഹം;
വ്യക്തം വ്യക്തി സ്മരഹരശിരശ്ചണ്ഡകോദണ്ഡാകാണ്ഡ-
പ്രൗഢാഘാതവ്രണഗണകിണഗ്രന്ഥിബാഹ്വോർബലം മേ.


നൂനംഞാൻ കൃഷ്ണനല്ലോര്‍ക്കുക, ഹലധരനല്ലിങ്ങുഞാൻ സാംബനല്ലാ
ഞാനപ്രദ്യുമ്നനല്ലാ; സകലരുമറിയും പാണ്ഡവൻ ഫല്ഗുനൻ ഞാൻ
സ്പഷം മൽബാഹുവീര്യത്തികവു കഠിനമാം വില്ലുകൊണ്ടാഞ്ഞുതല്ലി-
പ്പൊട്ടിക്കീറിത്തഴമ്പിച്ചൊരുഗിരിശശിരസ്സിന്നു ചൊല്ലുന്നതില്ലേ?
(വാരിയർ)


'സൈംഹികേയകാമിനീകുചകലശപത്രാങ്കരപ്രത്യൂഹകര'വും 'സാന്ദ്രതമസന്തമസഘസ്മരപ്രഭാഭര'വും ആയ സുദർശനത്തെ അശ്വതിതിരുനാൾ "ഭാസ്വല്‍ഭാസ്കരഭാസുരാര' എന്ന പദ്യംകൊണ്ടാകുന്നു ഈ ചമ്പുവിലും അവതരിപ്പിക്കുന്നത്. വിഷ്ണുലോകവര്‍ണ്ണനം താഴെ ചേർക്കുന്ന മധുരമധുരമായ ഗദ്യംകൊണ്ടു നിവര്‍ഹിക്കുന്നു.


"തതശ്ച തൗ പ്ലവംഗമവിഹംഗമധ്വജൌ ജാജ്വലദ്വജ്രമണിവപ്രവലയ ദീപ്രപരിസരം, പരിഖോദര പരിഭാസുര സരസീരുഹ പരിമേദുര രസലോലുപ തരമാനസ മധുപാരവ മുഖരീകൃത ഹരിദന്തരം, ഭദ്രതരവിദ്രുമസ്തംഭ വിദ്യോതമാന മരകതമണി ഗോപുരാട്ടാല ശിഖരനികരനിഷണ്ണ പരമഭാഗവതോപഗീയമാന മധുസൂദന വിവിധാപദാനം, അനർഘമണി ഘൃണിധൗതകളധൌതമയ സൗധശിഖര വിരാജമാന കനകവൈജയന്തീ ശതകലിതതടില്ലതാവിലാസം, ചന്ദ്രകാന്തമണിശിലാലവാലശാലി വിശാലസാലകുല കലായമാനസകല ശുകശാരികാപഠ്യമാന പരമപാവനനാമഘോഷം, ശ്യാമതുളസികാവന നിഷണ്ണപരമര്‍ഷി പരിഷദുപഘുഷ്യമാണ പുരുഷസൂക്താദി വിവിധസൂക്തം, സത്യലോകമിവ നിത്യപ്രമുദിത പത്മാസനം പരമഹംസകുലസേവ്യമാനം ച, വൃഷകേതന നികേതനമിവ സതതസന്നിഹിത വിനായകോപശോഭിതം സർവ്വമംഗളോപേതം ച, ശിശിരഭാനുമണ്ഡലമിവ ഹരിണാഹിത പ്രതിഷ്ഠമശേഷതമോഹരണപടിഷ്ഠം ച, അവാങ് മനസഗോചരാദ്ഭുത നിധാനം  ലോകമാലോകയാം ചക്രതുഃ." സത്യലോകത്തിൽ (പത്മാസനൻ) ബ്രഹ്മാവു പ്രമുദിതനായിരിക്കും; ശ്രേഷ്ഠങ്ങളായ ഹംസങ്ങളും കാണാം; വിഷ്ണുലോകത്തിൽ പ്രമുദിതയായ (പത്മാ) ലക്ഷ്മീഭഗവതി ആസിനയായിരിക്കുന്നു; പരമഹംസന്മാർ സേവിക്കുകയും ചെയ്യുന്നു. ശിവലോകത്തിൽ എല്ലായ്പോഴും ഗണപതിയുണ്ട്, (സർവ്വമംഗളാ) പാർവ്വതിയുമുണ്ടു് ; വിഷ്ണുലോകം (വിനായകൻ) ഗരുഡനോടുകൂടിയതും സര്‍വമംഗളങ്ങളോടു ചേര്‍ന്നതുമാണ്. ചന്ദ്രമണ്ഡലം ഹരിണത്താൽ ആഹിതപ്രതിഷ്ഠമാണു്; · തമസ്സിനെ ഭേദിക്കുവാൻ ശക്തവുമാകുന്നു; വിഷ്ണുലോകം (ഹരിണാ) വിഷ്ണുവിനാൽ ആഹിതപ്രതിഷ്ഠവും അന്തർധ്വാന്തത്തിനു് അറുതി വരുത്തുന്നതുമാണു്.


ഒടുവിൽ ബ്രാഹ്മണൻ കൃഷ്ണാർജ്ജുനന്മാരെ ഇങ്ങനെ ആശീർവ്വദിക്കുന്നു:-


ആശാസ്യം കിം യദുകുരുവരാവന്യദസ്മാദൃശൈര്‍വാ-
മാശാരന്ധ്രാണ്യഭിനവയശഃപാളയഃ ക്ഷാളയന്തുഃ;
യാവൽകല്പം വിമതവിതതേര്‍മ്മന്ധിതാരഃപ്രതാപാഃ
പൃത്ഥ്വീം വ്യര്‍ത്ഥീകൃതരവിഘൃണിശ്രേണയഃ ശോണയന്തു


നിങ്ങൾക്കെന്മട്ടുകാരാൽ യദുകുരുവരരേ! വേറെയാശാസ്യമെന്താ-
ണാശാരന്ധ്രത്തെയെല്ലാം നവവിമലയശശ്ശ്രേണി ശോധിച്ചിടട്ടെ;
കല്പാന്തത്തോളമല്പേതരമരികളെ മർദ്ദിപ്പതാം സൽപ്രതാപം 
പൃത്ഥ്വീഭാഗത്തിലര്‍ക്കപ്രഭയെ വിമലമാക്കീട്ടു ശോഭിച്ചിട്ടട്ടെ.
(വാരിയർ)


ശൃംഗാരസുധാകരം ഭാണം:-


കേരളത്തിലെപ്പോലെ അത്ര അധികം ഭാണങ്ങൾ ഭാരതവർഷത്തിന്റെ മറ്റൊരു ഭാഗത്തിലും നിര്‍മ്മിക്കപ്പെട്ടിട്ടില്ല. കേരളഭാണങ്ങളിൽ ഗുണംകൊണ്ടു് ഒന്നാമത്തേതു മഴമംഗലത്തിന്റേതുതന്നെയെന്നുള്ളതും നിര്‍വിവാദമാകുന്നു. എന്നാൽ അശ്വതിതിരുനാൾതമ്പുരാന്റെ കൃതികൾക്കുള്ള അന്യാദൃശമായ ആനന്ദദായകത്വം പ്രസ്തുത കൃതിയിലും അനുസ്യൂതമായി കളിയാടുന്നുണ്ടു്.  സന്ദർഭോചിതമായ ഒരു പാർവ്വതീപരമേശ്വരസ്തോത്രപദ്യംകൊണ്ട് അവിടുത്തെ ഭാണം ആരംഭിക്കുന്നു.


വ്യാപാരേണ നിജേന യന്മനസിജസ്യാര്‍ത്ഥോ വരീയാനിതി
വ്യക്തം വക്തി നൃണാം ഭവേഷ്വിഹ സുഖം സമ്പാദയന്നഞ്ജസാ
യസ്യാര്‍ദ്ധേ മണിഹാരവല്ലിരമലാപ്യര്‍ദ്ധേ ഹി മുക്താലതാ
തദ്ദിവ്യം മിഥുനം തനോതു നിതരാം ശ്രേയസി ഭൂയാംസി നഃ


മാതൃക കാണിക്കുവാൻ ഏതാനും ഭാഗങ്ങൾ ഉദ്ധരിക്കാം:


വസന്തകാലം.


മാലേയാചലവാതപോതവികസദ്വാസന്തികാവലരീ- 
വ്യാലീനോല്ലസമാനഭൃംഗപടലീവ്യാഹ രവാചാലിതാ
പ്രശ്ച്യോതന്മകരന്ദചൂതകലികാസ്വാദോന്മദശ്രീപിക-
ശ്രേണീമഞ്ജുളകാകളീകളകളഃ കാലഃ സമുജ്ജൃംഭതേ.


രതിരത്നമാലികയെ കാണുമ്പോൾ ശൃംഗാരശേഖരന്റെ വിചാരം:


സുധാനാം സൂതിര്‍വാ ക്ഷിതിതലഗതാ; ജേതുമടത-
സ്ത്രീലോകീം വാ ജാംബൂനദമയപതാകാ രതിപതേഃ
സുതാ വാ ദുദ്ധാബ്‌ധേഃ സ്വകരകലിതാംഭോരുഹവരാ;
പ്രയാന്തി സാ ദൃഷ്ടാ ബഹുവിധവിതര്‍ക്കം പ്രിയതമാ


ഒരു വികൃതവേഷം.


താമ്രശ്മശ്രുമുഖഃ പ്രകാശാഗഡുലഃ കന്ഥാം ദധദ്ധൃസരാം
പാണൌ പാണ്ഡിമധൂര്‍വഹേ പരിവഹൻ ദണ്ഡം വിലാളേക്ഷണഃ
ഖര്‍വാവ്ടോ നതനാസികഃ പ്രതിപദം കിഞ്ചിൽ പ്രജല്പൻ സ്വയം
കാണഃ കോയമളിഞ്ജാരോദരഭരോ മത്സമ്മുഖം ധാവതി.


ഗഡുലൻ= കുബ്ജൻ. കന്ഥാ= കീറത്തുണി, ഖര്‍വ്വാടൻ = കഷണ്ടിത്തലയൻ, അളിഞ്ജരം=മൺകുടം.


മന്ദാരമഞ്ജരിയുടെ മാതാവായ വൃദ്ധവേശ്യ.


ദീർഘാലാബുപയോധരാ കരതലേ സമ്മാര്‍ജ്ജനീം ബിഭൂതീ
സംരംഭസ്ഫുരിതാധരാ കതിപരയൈര്‍ദ്ദന്തൈഃ´ പ്രകാമോന്നതൈഃ
രേ രേ മോഷക, തിഷ്ഠ തിഷ്ഠ ഗഡുല; ത്വം കുത്ര യാസീതി മാം
മധ്യേവീഥി വിലോക്യ താഡനപരാ; യാതോസ്മി ഭീത്യാ ദ്രുതം.


അലാബു= ചുരയ്ക്കാ


ചമ്പകലത


പ്രക്ഷുഭ്യൽക്ഷീരസിന്ധുച്ഛവിമുഷി ധവളൈരാസ്തൃതായാം നിചോളൈഃ
ഖട്വായാം സന്നിഷണ്ണാ മൃഗമദതിലകം കല്പയന്തീ ലലാടേ
പശ്യന്തീ സാവധാനം കരതലകലിതേ ദര്‍പ്പണേ പക്ഷ്മളാക്ഷീ
നേദിയാംസം നഹീയം ഗണയതി ഗണികാലോകചൂഡണിമണിര്‍മ്മ‌ാം.


നേദീയൻ = അധികം സമീപത്തിലിരിക്കുന്നവൻ.


വിടന്റെ ചാടുവാക്യം.


ലോലഭ്രൂലതികാവിലാസരുചിരം വ്യാലോലനേത്രാഞ്ചലം
ഫാലോല്ലാസിലലാമകം കിസലയസ്പര്‍ദ്ധാലുദന്താംബരം 
താടങ്കദ്വിതയാതിമോഹനകപോലാദര്‍ശബിംബം ബലാ-
ദാപാദായതികേശി, തേ മുഖമിദം ചേതസ്സമാകര്‍ഷതി


മദ്ധ്യാഹ്നവര്‍ണ്ണനം.


ദിശായോഷാശ്ലേഷസ്വഗമനസമാലോകനപരാ-
നധസ്താദ്വ്യക്ഷണാം തിമിരനികരാനംബരമണിഃ
ഹഠാച്ഛായാദംഭാദിവ പരവശാദുത്തരളിതാ-
ന സുഗ്രാഹം ഗൃഹീണാത്യ യമതികഠോരൈര്‍ഘൃണിഗണൈഃ


താൻ ദിങ്നാരിമാരെ ആലിംഗനംചെയ്യുന്നതു വൃക്ഷങ്ങൾക്കിടയിൽ നിന്നു് ഒളിഞ്ഞുനോക്കി കണ്ടുകൊണ്ടിരിക്കുന്ന തിമിരസംഘങ്ങളെ സൂര്യൻ കഠോരങ്ങളായ കിരണങ്ങളെക്കൊണ്ടു ജീവഗ്രാഹം ഗ്രഹിക്കുന്നു.


വാരികേളി കഴിഞ്ഞു വരുന്ന സുന്ദരിമാർ


സ്വച്ഛാംഭസ്വപനസ്ഫുടാധരപുടപ്രത്യഗ്രദന്തക്ഷതം
വ്യാമഗ്രാഹ്യപയോധരദ്വയതടീലഗ്നാര്‍ദ്ധചന്ദ്രാങ്കുരം
രാരാജന്നയനാഞ്ചലം വിഹരണാദ്ഗാണിക്യമത്യുജ്വലൈ-
ശ്ശാണോല്ലീഢമണിപ്രഭാമധരയത്യംഗൈരനംഗാശ്രയൈഃ


ഈ ശ്ലോകത്തിൽ മാഘം, അനർഘരാഘവം ഇവയിലെ ശ്ലോകങ്ങളുടെ പ്രതിധ്വനി കേൾക്കുന്നുണ്ടു്.


വിടൻ ഓതിക്കന്മാരെ കളിയാക്കുന്നത്.


ഭോ ഭോ അരസികശ്രോത്രിയവേതാളാഃ


ആദായാളിമിഷീന്മിളദ്വിഷമിഷുവ്രാതം പ്രസൂനാത്മകം
ഈയൽ കോകിലപുഞ്ജമാഗധജനോ മീനധ്വജക്ഷ്മാപതിഃ
സ്വാജ്ഞോല്ലംഘിജനംപ്രഹര്‍ത്തുമടതി ത്രൈലോക്യമേതൽക്രുധാ;
തൂര്‍ണ്ണം ഗച്ഛത കാമിനീകുചഗിരീൻ ജീവാഭിലാഷോ യദി


"വണ്ടാകുന്ന വിഷംതേച്ച പുഷ്പബാണങ്ങളോടുകൂടി കുയിലുകളാകുന്ന വന്ദികളാൽ വാഴ്ത്തപ്പെടുന്ന കാമദേവമഹാരാജാവു തന്റെ കല്പനയ്ക്കു വഴിപ്പെടാത്ത ജനങ്ങളെ പ്രഹരിക്കുവാൻ ക്രോധത്തോടുകൂടി സഞ്ചരിക്കുന്നു. നിങ്ങൾക്കു ജീവിതത്തിൽ ആശയുണ്ടെങ്കിൽ കാമിനിമാരുടെ കുചപര്‍വതങ്ങളിൽപോയി അഭയം പ്രാപിച്ചുകൊള്ളുവിൻ."


അവർ തങ്ങളുടെ ബ്രഹ്മവര്‍ച്ചസമാകുന്ന അഗ്നിയിൽ മന്മഥനെ ദഹിപ്പി ചചുകളയുമെന്നു പറയുന്നതായി കേട്ട വിടന്‍ വീണ്ടും ഇങ്ങനെ ഉപന്യസിക്കുന്നു.


ത്രയാണാം ലോകാനാം പ്രഭുരപി യമിന്ദീവരശര-
ന്ത്വനാരാധ്യ സ്ഥാതും പ്രഭവതി ന ഗൗരീസഹചരഃ,
വിധുര്‍വാ വേധാ വാ ക്ഷണമപി ന വീരൗ; ഭാഗവതേ
പ്രപഞ്ച കസ്തസ്മൈ സുരഭിസുഹൃദേ ദ്രുഹ്യതി ജനഃ


സുരഭിസുഹൃത്ത് = മധുമാസം ഇഷ്ടനായുള്ളവൻ.


ആട്ടക്കളരി.


സ്തംഭാധിഷ്ഠാസ്നുശുംഭൽസ്ഫടികമണിഘടാസൃഷ്ടനിർദുഷ്ടഗാത്ര- 
പ്രത്യദ്യല്‍പുത്രികൗഘസ്ഥപുടകരപുടന്യസ്തരത്നപ്രദീപാ
മാഞ്ജിഷ്ഠോൽകൃഷ്ടപട്ടസ്ഫുടഘടിതവിതാനോച്ചയോച്ചാവചശ്രീര്‍-
ന്നേദിഷ്ഠാ ലക്ഷ്യതേഽസൗ ചടുലമൃഗദൃശാം നാട്യശിക്ഷാഖളൂരീ


സായം സന്ധ്യാവര്‍ണ്ണനം.


പ്രത്യാസന്നനിദാഘദീധിതിമഹസ്സംഘാതസംഘട്ടന-
പ്രതൃഗ്രജ്വലദസ്തശൈലമിഹിരഗ്രാവാദ്ഗിരദ്ദീപ്തിഭിഃ
കിം വാ വൈബുധസൈന്ധവോദകപിപാസോജ്ജൃംഭിതാംഭോനിധി-
പ്രേംഖദ്ബാഡവഹേതിഭിഃ കിമരുണാ ദിഗ്‌വാരുണീ ദൃശ്യതേ?


നക്ഷത്രങ്ങള്‍


സന്ധ്യാതാണ്ഡവശൗണ്ഡഖണ്ഡപരശുപ്രേംഖജ്ജടാമണ്ഡലീ-
നിര്യന്നിർഝരിണീഝരീകണഗണാഃ കിം വിപ്രകീര്‍ണ്ണാ ദിവി? 
ദ്രാഘീയോവിയദധ്വധാവദധികക്ലാന്താര്‍ക്കഘോടച്ഛടാ-
വക്ത്രോദ്വാന്തനിതാന്തഫേനനിചയാഃ കിം ഭാന്തി താരോച്ചയാഃ


ചന്ദ്രൻ.


കംബുഃ കിം വിയദംബുധേഃ കിമഥവാ സംസ്ഥലമുക്താഫലം?
കിം ബാലവ്യജനം സ്മരക്ഷിതിപതേഃ ശ്വേതാതപത്രം കിമു?
ദോഷാപൂഷഭുവഃ കിമച്ഛപുളിനം കിം സ്വിൽ സിതാംഭോരുഹം?
കിം വാ സ്ഫാടികഭാജനം ദിവിഷദാമേണാങ്കബിംബം കിമു?


പുഷഭൂവ്= പുഷാവിന്റെ പുത്രി; കാളിന്ദി. ഇങ്ങനെയാണു് ഈ ഭാണത്തിന്റെ ഗതി. വിസ്തരഭയംനിമിത്തം ഈ ഗ്രന്ഥത്തെപ്പറ്റിയുള്ള പ്രസംഗം ഇവിടെ നിറുത്താം. ഒടുവിൽ


പ്രസാധയന്തു സുധിയാംഗളനാളാന്മിളദ്ഗുണാഃ
കുവേർധ്വന്യധ്വനീനസ്യ സൂക്തിമൌക്തികമാലികാഃ


എന്ന ഭരതവാക്യത്തോടുകൂടി ഭാണം അവസാനിക്കുന്നു. ധ്വനിമാര്‍ഗ്ഗത്തിൽ സഞ്ചരിക്കുന്ന കവിയുടെ ഗുണങ്ങൾ സമ്മേളിച്ച (സുവര്‍ണ്ണസൂത്രമെന്നു മുക്താഹാരപക്ഷത്തിൽ; കാവ്യഗുണങ്ങൾ എന്നു സൂക്തിപക്ഷത്തിൽ) സൂക്തികളാകുന്ന മുത്തുമാലകൾ വിദ്വാന്മാരുടെ കണ്ഠങ്ങളെ അലങ്കരിക്കുമാറാകട്ടെ എന്നു് അര്‍ത്ഥം. ഞാൻ പരിശോധിച്ചിടത്തോളം ശൃംഗാരസുധാകരം, വഞ്ചീശസ്തവം, കാർത്തവീര്യവിജയം, സന്താനഗോപാലം, രുക്‍മിണീപരിണയം ഈ ക്രമത്തിലാണു കവിയുടെ സംസ്കൃത സാഹിത്യവ്യവസായം കടന്നുപോയിട്ടുള്ളത് എന്നു കാണുന്നു. ഇവയിൽ രുക്‍മിണീപരിണയം അവിടുന്ന് ഇളയതമ്പുരാനായതിനുമേല്‍ നിര്‍മ്മിച്ചതാണെന്നു് അതിൽ തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. മറ്റുള്ള കൃതികളുടെ രചന അതിനുമുൻപായിരിക്കണമെന്നു തോന്നുന്നു,


രുക്മിണീപരിണയം നാടകം.


ഇതാണു തിരുമനസ്സിലെ പരിപക്വമായ കൃതി. പ്രസ്തുതനാടകം വളരെ വളരെ മനോഹരമായിട്ടുണ്ട്. രുക്‍മിണി, വാസുഭദ്രന്റെ (ശ്രീകൃഷ്ണൻ) വിദൂഷകനായ കപിഞ്ജലൻ ഈ പാത്രങ്ങളുടെ വിഷയത്തിൽ കവി അസാമാന്യമായ മനോധർമ്മം പ്രകടിപ്പിച്ചിട്ടുണ്ടു്. രുക്‍മിണി ഒരു ബ്രാഹ്മണനെ സന്ദേശഹരനായി അയച്ചു ഭഗവാനോടു തന്റെ വിരഹവ്യഥ നിവേദനം ചെയ്യുക എന്നുള്ള പുരാണകഥ പാടെ മാറ്റി വാസുഭദ്രനെ തന്നെ വിരഹതപ്തനായി കുണ്ഡിനപുരത്തിലേയ്ക്ക് അയയ്ക്കുന്ന തിരുമനസ്സിലെ ഈ പിതൃബോധം പ്രശംസനീയമായിരിക്കുന്നു. ഭഗവാൻ തന്റെ മന്ത്രിസത്തമനും പ്രിയസുഹൃത്തുമായ ഉദ്ധവനെ പ്രത്യുഹനിവാരണത്തിനായി മുൻകൂട്ടി കുണ്ഡിനത്തിലേയ്ക്ക് അയയ്ക്കുന്നതും സമീചീനംതന്നെ. കേവലം ദേശവര്‍ണ്ണനപരമായ അഞ്ചാമങ്കം വൃഥാസ്ഥൂലമാണെന്നു പറയാമെങ്കിലും അവിടുന്ന് അക്കാര്യത്തിൽ ഭവഭൂതി, മുരാരി, രാജശേഖരൻ മുതലായ പൂർവ്വകവികളുടെ കാലടിപ്പാടുകളെ പിൻതുടര്‍ന്നിട്ടേയുള്ളു എന്നൊരു സമാധാനമില്ലെന്നില്ല. ആകെക്കൂടി ഒരു ദൃശ്യകാവ്യമെന്നുള്ളതിനേക്കാൾ രുക്‍മിണീപരിണയം അതിലെ പദ്യങ്ങളും ഗദ്യങ്ങളും പ്രത്യേകമെടുത്തു പരിശോധിക്കുമ്പോൾ ആണു് അത്യധികം ആകര്‍ഷകമായി തോന്നുന്നതു്. ഇവ ഓരോന്നിന്റെയും മനോഹാരിത്വം അന്യാദൃശം അന്യാദൃശം, എന്ന് എത്ര തവണ പറഞ്ഞാലും മതിയാകുന്നതല്ല. ഉദാഹരണത്തിനായി ചില ഭാഗങ്ങൾ ഉദ്ധരിക്കാം.


വാസുഭദ്രൻ രുൿമിണിയെപ്പറ്റി.


യാനേ ഹംസമയീവ, സാരസമയീവാത്യായതേ ലോചനേ,
വര്‍ണ്ണേ സ്വര്‍ണ്ണമയീവ, കര്‍ണ്ണമധുര വീണാമയീവ സ്വരേ,
മധ്യേ ശൂന്യമയീവ, മുഗ്ദഹസിതേ ജാതീമയീവ ശ്രുതാ,
കണ്ഠേ കംബുമയീവ, സാ പ്രിയതമാ ചിത്തേ വരീവര്‍ത്തി മേ


യാനത്തിൽ കളഹംസിതാൻ, സരസിജം താൻ നീണ്ടനേത്രത്തി,ല- 
മ്മേനിക്കുള്ളനിറത്തിലൊത്തകനകം, സ്വാനത്തിലോ വീണതാൻ
നൂനം ശൂന്യ കടിസ്ഥലത്തു, ഹസിതത്തിൽപ്പിച്ചി, ശംഖം ഗള-
സ്ഥാനത്തീവിധരൂപമോടവൾ കളിച്ചീടുന്നു മന്മാനസേ
(ഏ ഡി ഹരിശര്‍മ്മാ)


വിന്ധ്യവനം.


ഉഗ്രംപശ്യകിരാതപുംഖിതാശരത്രസ്ത്രൈണദത്താഭയ-
പ്രത്യാസന്നകരാളമാംസളവനീഗുഞ്ജാദ്രുകഞ്ജാന്തരാ 
വാത്യാചക്രവിധൂതഗൈരികരജോരാജീശ്രിയശ്‍ശ്രേണിഭി-
ഭാത്യേഷാ പരിപാടലാദ്രജടിലാ സന്ധ്യേവ വിന്ധ്യാടവീ


ചറ്റും മുറ്റിയ ഘോരകാനനമെഴും ഗുഞ്ജാനികുഞ്ജങ്ങളിൽ-
ക്കേറ്റി ക്രൂരകിരാതബാണഭയമുൾത്തിങ്ങും കരംഗങ്ങളെ
പോറ്റിസ്സന്ധ്യകണക്കു വിന്ധ്യവിപിനം ശോഭിച്ചു, കാറ്റൂതിമേൽ
പ്പാറ്റും ഗൈരിരേണുക‌വാൽച്ചെറുചുവപ്പേറുന്ന മേഘങ്ങളാൽ.
(ശര്‍മ്മാ)


ചൈത്രവായു


ലങ്കാശൈലാങ്കഖേലല്‍ഫണിപതിതരുണീമണ്ഡലാകണ്ഠപാന-
മ്ലാനാ യൂനാം മനോഭൂരണരണരണികാകകല്പനാതിപ്രഗല്ഭാഃ
ഭൃംഗീസംഗീതഭാജാം നവനടനകലാദേശികാ മാലതീനാ-
മായാന്ത്യാരാമഭൂമേഃ പഥി പഥികവധൂശാത്രവാശ്ചൈത്രവാതാഃ

 

ചന്ദനാചലമതിൽക്കളിക്കുമഹിസുന്ദരീനിര പരം നുകര്‍-
ന്നൊന്നു വാടി യുവഹൃത്തിലംഗജരണേച്ഛ ചേര്‍പ്പതിനു ശക്തരായ് 
ഭംഗഗീതയുതമാലതീനടനദേശികത്വരമോടിതാ വരു-
ന്നുണ്ടു പാന്ഥയുവതീജനത്തിനു രിപുക്കളാം മധുമരുത്തുകൾ.
(ശര്‍മ്മാ)


സൂര്യോദയം


ശൃാമാവാമാധൃതേന്ദു സ്ഫടികമണിഘടസ്യന്ദമാനാമൃതാർദ്രാ-
ദുദ്വേലദ്വാതപോതപ്രചലിതശതപത്രാതിമാത്രപ്രകാശാൽ 
വ്യോമോത്സംഗപ്രയാണോത്സുകിതഖഗജുഷഃ പ്രത്യുഷഃ പാരിജാതാ-
ജ്ജാതാഃ ശാതകൃതവ്യാം കകുഭി കതിപയേ ഭാന്തി കാന്തിപ്രവാളാഃ


രാവാം വാമാക്ഷിയേന്തും വിധുമണിഘടമുൾച്ചേരുമച്ഛാമൃതം മേൽ-
ത്തൂവീട്ടാർദ്രത്വ, മാര്യാനിലധുതശതപത്രങ്ങൾതൻ തുംഗഭംഗി,
ദ്യോവിൽ പൊങ്ങാനൊരുങ്ങും കിളികളിവയെഴും കാല്യകല്പദ്രുമത്തിൽ-
ത്താവും കാന്തിപ്രവാളം ചിലതു പരിലസിക്കുന്നു ശക്രന്റെ ദിക്കിൽ.


ഇതു ജഗന്നാഥപണ്ഡിതരുടെ സുധാലഹരിയിലെ ഉത്തമശ്ലോകങ്ങളോടു കിടനില്ക്കുന്നു.


താംബൂലദായകനോടു്


കിം മാദ്യൽകളകണ്ഠപഞ്ചമരുതം ന ശ്രോത്രപാത്രീകൃതം?
കിം വാ ചന്ദനശൈലമന്ദപവനോ നാസ്മാഭിരാലിംഗിതഃ?
നേത്രാഭ്യാം ന നിശീഥിനീപരിവൃഢഃ കിം വാഽവലീഢോ ജ്വലൻ?
ധൂര്യം ധൈര്യവതാമധീര ഇതി മാം ബ്രൂഷേ കഥം നിര്‍ഭയഃ?


ഞാൻ നൽക്കോകിലകാകളീകളരവം കേട്ടീലയോ? ചന്ദന-
ക്കുന്നിൽത്തട്ടിവരുന്ന മന്ദപവനൻ തന്നെത്തലോടീലയോ?
മിന്നും ചന്ദ്രനെയെന്നുമെൻ മിഴി നുകര്‍ന്നില്ലേ മഹാധൈര്യമാര്‍- 
ന്നിന്നെന്നിട്ടുമധീരനെന്നിവനെ നീ ചൊല്ലുന്നുവോ നിര്‍ഭയം?


വാസുഭദ്രൻ രുക്‍മിണിയെ കണ്ടിട്ടു്


സ്വസ്തംബേരമമസ്തകാവണുതരാ, വിന്ദീവരം പാണ്ഡരം,
കര്‍ണ്ണാരുന്തുദകൂജിതം പികകുലം, രംഭാ ലഘീയസ്തരം,
വൈരാഗ്യസ്യ നികേതനം കിസലയം, മല്ലീസുമം കര്‍ക്കശം,
രുക്‍മിണ്യാഃ പുരതസ്തു കേതകശിഖാം പശ്യാമി സശ്യാമികാം


ഇക്കുംഭീന്ദ്രൻ കുംഭദ്വയവുമണുതരം, മല്ലികാപുഷ്പമുദ്യൽ-
കാര്‍ക്കശ്യം, ഗൗരമിന്ദീവര,മതിലഘുതാൻ രംഭയും, മോശമത്രേ
അക്കൈതപ്പൂ, വിരാഗംതളി, രതിപരുഷം കോകിലാലാപ, മീമ-
ട്ടൊക്കെത്താനെന്നു തോന്നുന്നിതു മനസി സഖേ, ഭൈഷ്മിയെക്കണ്ടിടുമ്പോൾ.
(ശര്‍മ്മാ)


വാസുഭദ്രൻ രുൿമിണിയോടു്.


ഘനപ്രതിഭസ്തനി, സ്തനിതഡാമരൈരംബുദൈ-
സ്തമോഭിരപി മേദുരൈര്‍ന്നിചൂളിതേ മഹീഗോളകേ
വ്രജത്ന്യഭികസന്നിധിം ശിതിനിചോളകപ്രാവൃതാഃ
കരംഗമദപത്രകപ്രകരഭൂഷിതാ യോഷിതഃ


പാര്‍ത്തട്ടാസകലം ഘനസ്തനിതമൊത്തേറുന്ന കാർകൊണ്ടലും
മെത്തും കൂരിരുളും നിറഞ്ഞുമറയുംനേരത്തു കസ്തൂരിയാൽ
പത്തിക്കീറ്റുകൾ ചാര്‍ത്തി മേനിമുഴുവൻ കൃഷ്ണാംശുകത്താൽ മറ-
ച്ചുത്തുംഗസ്തനി, കാമുകാന്തികമണഞ്ഞിടുന്നിതേണാക്ഷിമാർ
(ശര്‍മ്മാ)


ഗംഗാനദി


ത്രിപുരഹരകിരീടസ്മേരമന്ദാരമാലാ;
സഗരതനയനാകാരോഹസോപാനവീഥീ;
ഹരിചരണസരോജസ്യന്ദിമാധ്വീകധാരാ;
സുതനു, നയനജാഡ്യം സ്വർധുനി നിർധുനീതേ.


കാമദ്വേഷികിരീടകോടിവിലസന്മന്ദാരമാല്യം ഗുണ-
സ്തോമത്താൽ സഗരാത്മജര്‍ക്കു ഗതിയെച്ചേര്‍ത്തോരുപുണ്യോദകം 
ശ്രീമന്മാധവപാദപങ്കജഗളന്മാധ്വീകസര്‍വസ്വമെ-
ന്നീമട്ടിൽപ്പരിശുദ്ധയാം സുരസരിത്തേകുന്നു നോത്രാത്സവം.
(ശര്‍മ്മാ)


വാരാണസി


മുക്തിക്ഷേത്രമിതി പ്രശാന്തമതിഭിര്‍വ്യുൽപിത്സുഭിര്‍ബ്ബാലകൈ-
വിദ്യാഭൂരിതി ചാപ്സരഃപുരമിതി വ്യാപ്താം വിടശ്രേണിഭിഃ
ലീലാതാണ്ഡവസാക്ഷിണീം ഭഗവതഃ ഖണ്ഡേന്ദുചൂഡാമണേ
രേണാക്ഷി, ദ്രുതമാദരേണ ശിരസാ വന്ദസ്വ വാരാണസീം.


പുണ്യക്ഷേത്രമിതെന്നു താൽ മുനികളും വിദ്യയക്കിതാധാരമെ- 
ന്നധ്യേതാക്കളുമപ്സരോനാഗരിയെന്നോർത്താവിടക്കൂട്ടവും
ഗൗരീശൻ നടനംനടത്തുമവനിത്തട്ടെന്നു ഭക്തൗഘവും
കൊണ്ടാടുന്നൊരു കാശിയാണിതു ശുഭേ! വേഗത്തിൽ വന്ദിക്ക നീ.
(ശര്‍മ്മാ)


വൃന്ദാവനം.


നൃത്യന്മത്തശിഖണ്ഡി, ഖണ്ഡിതസമിൽകാണ്ഡം മുനിന്ദ്രാര്‍ഭകൈഃ,
ക്രീഡച്ചാരുപമൂരു, കോകിലവധൂചഞ്ചുല്ലസൽപഞ്ചമം, 
രോമന്ഥപ്രചലോഷ്ഠശാക്വരവരൈരധ്യാസ്യമാനോലപം,
കല്യാണാംഗി, തവേദമസ്തു നയനാനന്ദായ വൃന്ദാവനം


തുള്ളിപ്പാരം മദിക്കും മയിലുകൾ, മുനിവര്യര്‍ഭകന്മാരൊടിക്കും
കൊള്ളിക്കൂട്ടം, കളിക്കുംമൃഗനിര, കയിലിൻപേട പാടുന്നഗാനം
വള്ളിക്കെട്ടാര്‍ന്നു വായൊട്ടിളകിയയവിറക്കുന്ന മാൻകൂട്ട, മീമ-
ട്ടുള്ളിൽ കൊള്ളുന്ന വൃന്ദാവനമിതു ഹൃദി തേ സുഭ്രു,, നല്കട്ടെ മോദം.
(ശര്‍മ്മാ)


ഇനി ഒരു ചെറിയ ഗദ്യംകൂടി ഉദ്ധരിക്കാം. ജരാസന്ധൻ മുതൽപേർ ശ്രീകൃഷ്ണനോടു ശിശുപാലനുവേണ്ടി യുദ്ധത്തിനു് ഒരുങ്ങുന്നതുകണ്ടു വിദര്‍ഭരാജാവിന്റെ അമാത്യൻ നിരൂപിക്കുകയാണു്. "സോയമജഗരൈര്‍ഗരുഡസ്യ ഗളാക്ഷേപഃ; കുരംഗകൈഃ കചഗ്രഹഃ കേസരിണഃ; ഭേകൈ കരാഘാതഃ കാളസര്‍പ്പസ്യ, വത്സകൈര്‍ബന്ദിഗ്രഹോ വ്യാഘ്രസ്യ; ദാരുഭിര്‍ദ്ദാഹ്യാദേശോ ദഹനസ്യ; തിമിരൈസ്തിരസ്കാരോ മാര്‍ത്താണ്ഡസ്യ: യോ മാഗധാദിഭിർമാധവസ്യ പരിഭവഃ" തിരുമനസ്സിലെ പലഫലിതപ്രയോഗങ്ങളിൽ ഒന്നെങ്കിലും എടുത്തുകാണിക്കാഞ്ഞാൽ ഈ ലേഖനം സമ്പൂര്‍ണ്ണമാകുകയില്ല. നവമാലിക എന്ന സഖിയോടുകൂടി ഉദ്യാനത്തിൽ പ്രവേശിക്കുന്ന രുക്‍മിണിയെ കപിഞ്ജലനോടുകൂടിയ വാസുഭദ്രൻ മറഞ്ഞുനോക്കുന്നു. സഖി രുക്‍മിണിയോട് "ഭര്‍ത്തൃദാരികേ, കുരവകശാഖിനം പരിഷ്വജമാനാം ത്വാം കുസുമൈഃ പരിഹസദിവ ഏതൽ കുന്ദം ദൃശ്യതേ” അതായതു് "സ്വാമിനി, കുരവകവൃക്ഷത്തെ ആലിംഗനം ചെയ്യുന്നതുകൊണ്ടു് ഈ കുരുക്കുത്തിമുല്ലച്ചെടി അതിന്റെ വെളുത്ത പൂക്കളെക്കൊണ്ട് അവിടുത്തെ അപഹസിക്കുന്നുവോ എന്നു തോന്നുന്നു” എന്നു പറയുന്നു.


“പാദാഘാതാദശോകസ്തിലകകുരവകൗ വീക്ഷണാലിംഗനാഭ്യാം" ഇത്യാദി പ്രമാണാനുരോധേന കുരവകം പുഷ്പിക്കണമെങ്കിൽ സുന്ദരിമാർ അതിനെ ആലിംഗനം ചെയ്യണം. പ്രകൃതത്തിൽ കുരവകത്തിന്റെ പൂക്കൾ രുക്‍മിണി ആലിംഗനംകൊണ്ടും അശോകത്തിന്റെ പൂക്കള്‍ നവമാലിക പാദതാഡനം കൊണ്ടും സമ്പാദിക്കുന്നു. കാത്യായനീപൂജക്കു വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത്. കുരുക്കുത്തിമുല്ലപ്പൂക്കൾ അവര്‍ക്കു വേണ്ട. അപ്പോൾ രുൿമിണി പറയുന്നു. "ഹളാ, നവമാലികേ, കിമമുനാ കുന്ദേന മേ പ്രയോജനം?" അതായത് "ഈ കുന്ദംകൊണ്ടു് എനിക്ക് എന്തു പ്രയോജനം?" എന്നു്. ആ വാക്യത്തിന്റെ അര്‍ത്ഥമെന്താണെന്നു വാസുഭദ്രൻ കപിഞ്ജലനോടു ചോദിക്കുകയും കപിഞ്ജലൻ രുക്‍മിണിയുടെ ആശയം ശരിക്കു മനസ്സിലാക്കി മുകാരരഹിതമായ കുന്ദം കൊണ്ടു തനിക്കു പ്രയോജനമില്ല; മുകുന്ദനെക്കൊണ്ടേ തനിക്കു പ്രയോജനമുള്ളു. (കുന്ദശബ്ദം പുല്ലിംഗവുമാണല്ലൊ) എന്നു പറയുകയാണെന്നു് അവിടുത്തെ മനസ്സിലാക്കി സമാശ്വസിപ്പിക്കുകയും ചെയ്യുന്നു.


ഈ നാടകത്തിലെ ഭരതവാക്യം താഴെക്കാണുന്നതാണു്.


പ്രൗഢോദാരഗുണാ പ്രപഞ്ചിതരസസ്രോതസ്കരംഗോൽകരാ
കുത്രാപ്യസ്ഖലിതാ സ്ഫുടധ്വനിപദന്യാസോജ്ജ്വലാലംക്രിയാ
ഭാവൈഃസംവനനം വിധായ വിദുഷാമാസ്ഥാനരംഗസ്ഥലേ
ഭവ്യം കാവ്യനടിീ മുഹുർവിഹരതമാചന്ദ്രതാരം ഭൂവി


എങ്ങും തെല്ലും സ്ഖലിക്കാതുരുഗുണമോടലങ്കാരഭാസ്സൊത്തു കാട്ടി-
ബ്ഭംഗ്യാ നാനാരസത്തെധ്വനിപദമധുരന്യാസമാര്‍ന്നാസമാപ്തി
തിങ്ങും ഭാവങ്ങളാൽച്ചേര്‍ത്തലിവു ഹൃദി ബുധന്മാരിലാസ്ഥാനഭാസ്വ-
ദ്രംഗത്തിൽ ഭവ്യകാവ്യോത്തരനടി കളിയാടട്ടെ പാര്‍ത്തട്ടിലെന്നും.
(ശര്‍മ്മാ)


പ്രസ്തുതങ്ങളായ ഗുണങ്ങളെല്ലാം തിരുമനസ്സിലെ നാടകത്തിൽ പരിപൂര്‍ണ്ണങ്ങളാണല്ലോ.


ഇനി അവിടുത്തെ ഭാഷാകൃതിയെന്നു് ഐതിഹ്യം ഉൽഘോഷിക്കുന്ന പത്മനാഭകീര്‍ത്തനം മുഴുവൻ വായനക്കാരുടെ അറിവിനും വിനോദത്തിനുംവേണ്ടി ഇവിടെ പകർത്താം.


പത്മനാഭകീര്‍ത്തനം.


അനന്തകാന്തിരമ്യമാമനന്തമന്ദിരം നിറ-
ന്നനന്തസര്‍പ്പതല്പശില്പലക്ഷിതാംഗ പാഹി മാം;
അനന്തകം ദുരന്തദുഃഖമോക്ഷദക്ഷ രക്ഷ മാ-
മനന്തപത്മനാഭ നീ ജയിക്ക ദേവ പാഹി മാം.


കളങ്കഹീനമംബുജങ്ങളിണ്ടൽ പൂണ്ടു കുമ്പിടും
നിലിമ്പവൃന്ദവന്ദിതം മുകുന്ദ, നിൻ പദാംബുജം
പുലമ്പുകൻപിലന്നഖങ്ങളും വിരൽക്രമങ്ങൾ പൊൽ-
ചിലമ്പു രണ്ടുമെങ്കലാക; പത്മനാഭ പാഹി മാം.


അതുച്ഛലജ്ജമച്ഛകച്ഛവച്ഛവിച്ഛടാമദം
പതിച്ചൊഴിച്ചൊളിച്ചു കുമ്പിടുന്ന പൊൽപദങ്ങളും;
മദിച്ചു പോർവിളിച്ചെതിര്‍ത്ത ചൂതബാണതുണിയെ-
ജ്ജയിച്ച ജംഘ രണ്ടുമെങ്കലാക; ദേവ പാഹിമാം.


അനല്പശില്പ വായ്പുമന്നിരപ്പുമൊപ്പമൊപ്പതി-
ന്നരിപ്പമെന്നുമത്തഹസ്തി മസ്തകങ്ങൾ കുമ്പിടും
കനത്ത ജാനുയുഗ്മവും മനക്കരുന്നിൽ നിത്യവും
നിനയ്‍പതിന്നു ദേഹി മേ ദയാഽബ്ജനാഥ പാഹിമാം


മദം തിരണ്ട സിന്ധുരേന്ദ്രപൈങ്കരങ്ങളും, കനം
മനംവെരിണ്ടു മണ്ടുമിണ്ടലുൾപ്പിരണ്ടു കൊണ്ടുടൻ
നലം തിരണ്ടുരുണ്ട രണ്ടു തൃത്തുടപ്രഭാവവും
പുലമ്പു കെന്നിലമ്പിനോടു പത്മനാഭ പാഹി മാം


ഹിരണ്യകാഞ്ചിതന്നിലേ നിരന്ന രത്നജാലകം
പരകാന്തി തന്നിറം കലര്‍ന്ന പീതവസ്ത്രവും
നിറം തകും കടിപ്രദേശവും വിളങ്ങണം സദാ
ശരണരൂപ തേ നമോ ഹിരണ്യഗര്‍ഭ പാഹിമാം.


ചുഴിഞ്ഞ നാഭിതന്നിലേ വിരിഞ്ഞ പങ്കജത്തില-
ങ്ങിരുന്നുകൊണ്ടു പഞ്ചഭൂത സഞ്ചയേന നിത്യവും
പ്രപഞ്ചമൊക്കയും ചമച്ചുമേവുമാ വിരിഞ്ചനും
വിളങ്ങണം മദീയമാനസേ മുകുന്ദ പാഹി മാം


വലിത്രയാൽ വിരാജിതം വടസ്യപത്രസോദരം
പ്രപഞ്ചപൂരപൂരിതം രമേശ! താവകോദരം
വിലോകനേ മനോഹരം ഹരിപ്രിയാസുഖപ്രദം
വിലോകയേ കദാ? സദാ മുകുന്ദരാമ പാഹിമാം


പയഃ പയോധികന്യകാകുചദ്വയീതിമിര്‍പ്പിനെ-
ച്ചെറുത്തണച്ചമര്‍ത്തമര്‍ത്തടക്കുമോമൽ മാറിടം
മനഃകളേബരങ്ങൾ വേർപെടുമ്പൊഴിങ്ങു കാണണം;
നമഃ പയോധിജാപതേ, പയോജനാഭ പാഹി മാം.


അനന്തഭോഗിഭോഗചിഹ്നബാഹുരൂപ ഭംഗിയും
നിരന്തരം നിറംകലര്‍ന്ന രത്നകങ്കണങ്ങളും
പുലമ്പുകംഗുലങ്ങൾ മോതിരങ്ങളും നഖങ്ങളും
ചുവന്ന കൈത്തലങ്ങളും മുകുന്ദ രാമ പാഹി മാം.


തുടിച്ചതോളുരണ്ടുമുദ്ധരിച്ച വൈജയന്തിയും
തടിച്ചുരുണ്ട കംബുബിംബകമ്രകണ്ഠകാണ്ഡവും
കവിൾത്തടം വിളങ്ങുമാറണിഞ്ഞ കണ്ഡലങ്ങളും
മടക്കമെന്നിയേ വിളങ്ങണം മുകന്ദ പാഹി മാം


പഴുത്ത തൊണ്ടി തൻനിറം പഴിച്ച ചൂണ്ടുമാസ്യവും
വെളുത്ത ദന്തപങ്‍ക്തിയും കുളിത്ത മന്ദഹാസവും
തഴച്ച കാന്തികോലുമക്കപോലയുഗ്മവും മുദാ
മുഴുത്ത ഭക്തിയോടു കാണണം മുകുന്ദ പാഹി മാം


തില പ്രസൂനമാനമങ്ങുലയ്ക്കുമോമൽനാസികാ-
മലർപ്രഭാവവും മനക്കുരുന്നിലാക നിത്യവും
ചലൽ പയോജനന്മലര്‍ദ്ദലങ്ങൾപോൽ വിളങ്ങുമാ-
വിലോലലോചനങ്ങളും ത്രിലോകനാഥ പാഹി മാം.


കളിച്ചുമൂന്നുലോകവും ചമച്ചു കാത്തഴിച്ചുടൻ
കുലച്ച മുല്ലബാണവില്ലൊളിച്ച നല്ല ചില്ലിയും
കലേശപാത ബിംബമൊത്ത ഫാലദേശഭംഗിയും
വിലോകയേ കദാ? സദാ മുകന്ദ രാമ പാഹിമാം.


വിചിത്ര ഹേമ ചിത്രകം സഹസ്രപത്രമിത്രമാ-
മതി പ്രസന്നവക്ത്രമത്ര നേത്രപാത്രമാകണം
ധരിത്രിയും സമുദ്രപുത്രിയും കളത്രമായ നിൻ
മണിക്കിരീടവും വിചിത്രസച്ചരിത്ര, പാഹിമാം.


ക്ഷണപ്രഭാതിമിര്‍പ്പിനെപ്പിണങ്ങി വെന്നുകൊണ്ടുടൻ
തമാലനീലമെയ്ക്കു തോലിയുംകൊടുത്തു മെല്ലവേ
കളായകാന്തിയോടുമക്കരങ്ങൾകൊണ്ടു മേനിയും
മനക്കുരുന്നിലാക പത്മനാഭ രാമ പാഹി മാം.


കരാരവിന്ദവും കരങ്ങൾകൊണ്ടെടുത്തു മേനിയും
മുഖാരവിന്ദവും നുകര്‍ന്നിരിക്കുമാഴിമങ്കയും
പദാരവിന്ദവും തലോടിമേവുമൂഴിമങ്കയും
സദാ മദിയമാനസേ വസിക്ക രാമ പാഹി മാം.


അനന്തനും സനൽകുമാരനാരദാദിയും മുദാ
രഥാംഗശംഖ ശാർങ്‌ഗനാന്ദകാദി ശസ്ത്രജാലവും
വിളങ്ങണം പതംഗരാജനും പയഃപയോധിയും
ദിനം ദിനം മനസ്സിൽ മേ മുകുന്ദരാമ പാഹി മാം.


വളര്‍ന്ന ഭക്തി മാനസേ കലര്‍ന്നു പേര്‍ത്തു കീര്‍ത്തനം
പുകണ്ണു പാടുവോർ പരം രമാമണാളനായുടൻ
തെളിഞ്ഞു പാൽ പയോധിയിൽ ഫണീന്ദ്രപള്ളിമെത്തമേൽ
വിളങ്ങുമെന്നു നൂനമംബുജാക്ഷ ദേവ പാഹി മാം.


നമോസ്തു മത്സ്യരൂപ തേ, നാമോസ്തു കച്ഛപാകൃതേ
നമോ നമാ വരാഹമൂര്‍ത്തയേ നൃസിംഹരൂപിണേ
നാമോസ്തു വാമനായ രാമ രാമ രാമകൃഷ്ണ തേ
നമോസ്തു കല്കിരൂപിണേ നമോസ്തു ദേവ പാഹി മാം.


ഈ കവിതയ്ക്കു ഗുണം പോര; ഇതു വാസ്തവത്തിൽ തിരുമനസ്സിലെ കൃതിയാണെങ്കിൽ അതിബാല്യത്തിലെ ഒരു പിച്ചവയ്പെന്നേ വന്നുകൂടുവാൻ തരമുള്ളു. 'ഹരിപ്രിയ'യ്ക്കു എന്ന ലക്ഷ്മീപര്യായവും അമരകോശത്തിൽ പഠിച്ചകാലത്തു കവി ഒരു ഭാഷാകീർത്തനത്തിൽ പ്രയോഗിച്ചുനോക്കി എന്നൂഹിച്ചാൽ സഹൃദയന്മാര്‍ക്കു സമാധാനപ്പെടാവുന്നതാണു്.


കഴിഞ്ഞു. രണ്ടേ രണ്ടു കവി സാര്‍വഭൗമന്മാരെ മാത്രം ഞാൻ അശ്വതിതിരുനാൾ ഇളയതമ്പുരാനേക്കാൾ മേലേക്കിടയിലാണെന്നു മലയാളക്കരയെ സംബന്ധിച്ചിടത്തോളം പറയും. ഒന്നു സര്‍വജ്ഞാവതാരമെന്നു ലോകം വിശ്വസിക്കുന്ന ശങ്കരഭഗവൽപാദർ; രണ്ടു ശേഷാംശഭൂതനെന്നു ലോകം പുകഴ്ത്തുന്ന മേൽപുത്തൂർ നാരായണഭട്ടതിരി; മൂന്നാമതൊരാളെ ഞാൻ അങ്ങനെ പറയുകയില്ല. പാണ്ഡിത്യബലമുള്ള കവികൾക്കു പ്രസാദഗുണം പോര; പ്രസാദഗുണമുള്ള കവികൾക്കു പാണ്ഡിത്യബലവും പോര;


ചന്ദ്രംഗതാ പത്മഗുണാൻ ന ഭുങ്‍ക്തേ
പത്മാശ്രിതാ ചാന്ദ്രമസീമഭിഖ്യാം 


എന്നാണല്ലോ കാളിദാസവചനം. ആ ആശയത്തെത്തന്നെ ഭംഗ്യന്തരേണ അജ്ഞാതനാമാവായ ഒരു പ്രാചീനഭാഷാകവി


അംഭോരുഹം പകൽ മനോഹരമന്തി പട്ടാ-
ലത്യന്തരമ്യമിദമംബുജവൈരിബിംബം;
ആഭ്യാമിരാപ്പകൽ മനോഹരമെങ്ങനേ ഞാ-
നൊപ്പിപ്പുതോമൽമുഖമുൽപലലോചനയാഃ?


എന്ന പദത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. തിരുമനസ്സിലെ സൂക്തിദേവിയുടെ സുഷമയും ഏകദേശം ഇതുതന്നെയാണു്. അവിടുത്തെ ശബ്ദധോരണിയെ 'സ്വ‌ര്‍ഗ്ഗാനര്‍ഗ്ഗളനിര്‍ഗ്ഗളൽ സുരസരിൽ പാഥഃപ്രപാതപ്രഥാപ്രത്യാഖ്യാനപടീയസി' യെന്നോ "നൃത്യൻ മൃത്യുഞ്ജയോച്ചൈര്‍മ്മുകുടതടകുടീനിഃ സ്രവൽസ്വഃ സ്രവന്തീ കല്ലോലോദ്വേല കോലാഹലമദലഹരീ ഖണ്ഡിപാണ്ഡിത്യഹൃദ്.”യെന്നോ "ജാടാടീര ജടാകുടീര വിഹരന്നൈലിമ്പ കല്ലോലിനീ ക്ഷോണീശപ്രിയകൃന്നവാവതരണാവഷ്ടംഭഗുംഫഛി”ത്തെന്നോ "സായം സംഫുല്ലമല്ലീ സുമസുരഭി സുധാമാധുരീ സാധുരീതി പ്രേംഖൽപുംഖാനുപുംഖ സ്ഫുരദമരസരിദ്വീചിവാചാല”യെന്നോ എങ്ങനെ വര്‍ണ്ണിച്ചാലും യോജിക്കും, അവയുടെ എല്ലാം അര്‍ത്ഥം ഒന്നുതന്നെയാണല്ലോ. ആ സുഗ്രഹീത നാമാവിന്റെ കവികീർത്തി ശങ്കരവിജയത്തിൽ,


സോൽക്കണ്ഠാ, കണ്ഠകുണ്ഠീരവനഖരവരക്ഷുബ്ധമത്തേഭകംഭ-
പ്രത്യഗ്രോന്മുക്തമുക്താമണിഗണസുഷമാബദ്ധദോര്യുദ്ധലീലാ
മന്ഥാദ്രിക്ഷുബ്ധ ദുഗ്ദ്ധാര്‍ണ്ണവനികടസമുല്ലോലകല്ലോലമൈത്രീ-
പാത്രീഭൂതാ പ്രഭൂതാ ജയതി യതിപതേഃ കീർത്തിമാലാ വിശാലാ


എന്നു് ആചാര്യസ്വാമികളുടെ കീർത്തിയെ വിവരിക്കുന്ന സമുജ്ജ്വലപദ്യം കൊണ്ടല്ലാതെ എനിക്കു വര്‍ണ്ണിക്കുവാൻ മനസ്സുവരുന്നില്ല. പൂര്‍ണ്ണമായ പുരുഷായുസ്സിനാൽ അനുഗ്രഹീതനായി വഞ്ചിമഹാരാജ്യസിംഹാസനം അലങ്കരിക്കുന്നതിനുള്ള ഭാഗ്യത്തോടുകൂടിയാണ് അവിടുന്നു തിരുവവതാരം ചെയ്തിരുന്നതെങ്കിൽ ഗൈര്‍വാണിക്കും കൈരളിക്കും ഏതെല്ലാം തരത്തിലുള്ള ലാഭങ്ങളെല്ലാമാണു സിദ്ധിക്കുമായിരുന്നത്!


പ്രായേണ സാമഗ്ര്യവിധൌ ഗുണാനാം
പരാങ്മുഖീ വിശ്വസൃജഃ പ്രവൃത്തിഃ


എന്നോര്‍ത്തു നമുക്കു സമാധാനപ്പെടാം. വാണീദേവിയുടെ പരമാനുഗ്രഹത്തിനു പാത്രീഭവിച്ചിരുന്ന ആ സാഹിതീവല്ലഭനെ കേരളീയർ അറിയേണ്ടവിധത്തിൽ അറിയുവാനും ആരാധിക്കേണ്ടവിധത്തിൽ ആരാധിക്കുവാനും എന്റെ ഈ ഉപന്യാസം അല്പമെങ്കിലും പ്രയോജകീഭവിക്കുമെങ്കിൽ ഏതദ്വിഷയകമായ എന്റെ പരിശ്രമം ഫലശൂന്യമല്ല.