Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / ബാലരാമവര്‍മ്മയശോഭൂഷണം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ബാലരാമവര്‍മ്മയശോഭൂഷണം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

കൊല്ലവഷം 933-മുതൽ 973-വരെ തിരുവിതാംകൂർ രാജ്യം അനിതരസാധാരണമായ സാമർത്ഥ്യത്തോടുകൂടി ഭരിച്ചു ധര്‍മ്മരാജാവെന്നും കിഴവൻ രാജാവെന്നും വലിയ അമ്മാമനെന്നും മറ്റുമുള്ള അന്വര്‍ത്ഥബിരുദുങ്ങൾക്ക് ആധാരമായ് പരിലസിച്ച കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവുതിരുമനസ്സിലെ വിദ്യാവിഷയകമായ അപദാനത്തെപ്പറ്റി ഞാൻ എന്റെ ചാതകസന്ദേശത്തെപ്പറ്റിയുള്ള പ്രബന്ധത്തിൽ ചിലതെല്ലാം ഉപന്യസിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ആസ്ഥാനകവികളുടെ കൂട്ടത്തിൽ സദാശിവദീക്ഷിതർ എന്നൊരു പണ്ഡിതൻകൂടിയുണ്ടായിരുന്നതായും ഞാൻ ആ പ്രബന്ധത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. സദാശിവദീക്ഷിതർ കാര്‍ത്തികതിരുനാൾ തിരുമേനിയുടെ ഗുണഗണങ്ങളെ വിഷയീകരിച്ചു നിര്‍മ്മിച്ചിട്ടുള്ള ഒരു സമഗ്രമായ അലങ്കാരഗ്രന്ഥമാണു് "ബാലരാമവര്‍മ്മയശോഭൂഷണം.''

 

'ബാല' എന്ന പദം നാടുവാഴുന്ന തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ തിരുനാമത്തിനുമുൻപു വളരെക്കാലമായ് ഘടിപ്പിച്ചുകാണുന്നുണ്ടു്. ഹിരണ്യഗര്‍ഭം മുതലായ അടിയന്തരങ്ങളിൽ ഇന്നും 'ബാല'പദം ചേർത്തുവേണം ആചാര്യൻ മഹാരാജാവിനെ അഭിസംബോധനം ചെയ്യുവാൻ എന്നുള്ളതിനു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ രേഖകൾ സുലഭങ്ങളാണു്. 'ബാലമാത്താണ്ഡവര്‍മ്മവിജയം' 'ബാലരാമവർമ്മയശോഭൂഷണം' 'ബാലരാമഭരതം' മുതലായ ഗ്രന്ഥങ്ങളുടെ പേരുകളിൽനിന്നു പോലും ഈ വസ്തുത വെളിവാകുന്നു. ഈ തത്വത്തെ വിശദീകരിക്കുന്ന ശിലാരേഖകളും തിരുവനന്തപുരം, ആരുവാമൊഴി, കന്യാകുമാരി എന്നീ സ്ഥലങ്ങളിലുണ്ടു്.

 

'ബാലരാമവർമ്മയശോഭൂഷണം' വിദ്യാനാഥമഹോപാധ്യായനാൽ പ്രണീതമായ പ്രതാപരുദ്രയശോഭൂഷണത്തിന്റെ ഒരു അനുകൃതിയെന്നു പറഞ്ഞാൽപോരാ; ലക്ഷണപ്രതിപാദകമായ അംശത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ഒരു നേർപകർപ്പുതന്നെയാണു്. ഉദാഹരണപദ്യങ്ങൾമാത്രം ബാലരാമവർമ്മപരങ്ങളായ് ദീക്ഷിതർ നിബന്ധിച്ചിരിക്കുന്നു എന്നു മാത്രമേ രണ്ടു ഗ്രന്ഥങ്ങൾക്കും തമ്മിൽ വ്യത്യാസമുള്ളു. പ്രതാപരുദ്രീയത്തിൽ എന്നപോലെ ഈ പ്രബന്ധത്തിലും നായകപ്രകരണം, കാവ്യപ്രകരണം, നാടകപ്രകരണം, രസപ്രകരണം, ദോഷപ്രകരണം, ഗുണപ്രകരണം, ശബ്ദാലങ്കാരപ്രകരണം, അര്‍ത്ഥാലങ്കാരപ്രകരണം, മിത്രാലങ്കാരപ്രകരണം എന്നിങ്ങനെ എട്ടു പ്രകരണങ്ങളുണ്ടു്. ഒന്നാം പ്രകരണത്തിനു നായികാനായകപ്രകരണമെന്നു ദീക്ഷിതർ പേരു നല്കിയിരിക്കുന്നു. പ്രതാപരുദ്രകല്യാണം എന്നൊരു നാടകംകൂടി പ്രത്യേകമായ് നിര്‍മ്മിച്ചു ഗ്രന്ഥത്തിൽ ഘടിപ്പിച്ചു നാടകസ്വരൂപത്തെ സാംഗമായ ഉദാഹരണംകൊണ്ടു പ്രസ്പഷ്ടമാക്കിയ വിദ്യാനാഥൻ ആ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാകുന്നു. ആ രീതിതന്നെയാണു് സദാശിവദീക്ഷിതരും സ്വീകരിച്ചിരിക്കുന്നതു്. അദ്ദേഹവും തൃതീയപ്രകരണത്തിൽ വസുലക്ഷ്മീകല്യാണം എന്ന അഞ്ചങ്കമുള്ള ഒരു നാടകം രചിച്ചു ചേർത്തിരിക്കുന്നു. ഈ നാടകം സാമാന്യം വലുതാണു്. പക്ഷെ ചരിത്രദൃഷ്ട്യാ പരിശോധിക്കുമ്പോൾ പ്രതാപരുദ്രകല്യാണത്തിന്റെ ശതാംശം പോലും ഗുണം ഇതിനില്ലെന്നുള്ളതു് ഇതിന്റെ ഒരു ന്യൂനതയായ് തന്നെ കരുതേണ്ടതാകുന്നു. ഭോജരാജാവിന്റെ സരസ്വതീകണ്ഠാഭരണത്തെ അനുകരിച്ചു വിദ്യാനാഥൻ ശ്ലേഷം, പ്രസാദം, സമത, മാധുര്യം, സുകുമാരത, അര്‍ത്ഥവ്യക്തി, ഉദാരത്വം, കാന്തി, ഉദത, ഓജസ്സ്, സൗശബ്ദ്യം, പ്രേയാൻ, ഔർജിത്യം, വിസ്തരം, സമാധി, സൂക്ഷ്മത, ഗാംഭീര്യം, സംക്ഷേപം, ഭാവികം, സമ്മിതത്വം, പ്രൗഢി, രീതി, ഉക്തി, ഗതി എന്നിങ്ങനെ ഇരുപത്തിനാലു ഗുണങ്ങളെ പ്രത്യേകം പ്രത്യേകമായ പ്രതിപാദിക്കുന്നതു സമഞ്ജസമല്ലെന്നും, കാവ്യാലങ്കാരസൂത്രങ്ങളിൽ വാമനൻ അവയെ ഓജസ്സ്, പ്രസാദം, ശ്ലേഷം, സമത, സമാധി, മാധുര്യം, സൗകുമാര്യം, ഉദാരത, അർത്ഥവ്യക്തി, കാന്തി എന്നിങ്ങനെ പത്തായ് പിരിച്ചിട്ടുള്ളതുതന്നെ വിചാരസഹമല്ലെന്നുമാണു് അഭിയുക്തമതം. വാമനൻതന്നെ ഈ വിഷയത്തിൽ നാട്യവേദകാരനായ ഭരതമഹഷിയെ പിൻതുടരുന്നതേയുള്ളു. മാധുര്യം, ഓജസ്സ്, പ്രസാദം എന്നീ മൂന്നു ഗുണങ്ങളേ വാസ്തവത്തിൽ ഉള്ളൂ എന്നും ദശഗുണങ്ങളിൽ ബാക്കിയുള്ള ഏഴും ഒന്നുകിൽ അവയിൽ അന്തർഭവിക്കുന്നവയോ, അല്ലെങ്കിൽ ദോഷാഭാവരൂപങ്ങളോ മാത്രമാണെന്നും കാവ്യപ്രകാശകാരനായ മമ്മടഭട്ടൻ മുതൽപേർ സോപപത്തികമായ് ഉപന്യസിക്കുന്നുണ്ടു്. ആ സ്ഥിതിക്കു മമ്മടനെ അപേക്ഷിച്ച് അർവാചീനനായ വിദ്യാനാഥൻ പത്തു ഗുന്നങ്ങൾകൊണ്ടു തൃപ്തിപ്പെടാതെ അവയെ ഇരുപത്തിനാലായ് പകർത്തിയതു നായകവർണ്ണനത്തിനു കുറെക്കൂടി അവസരങ്ങൾ ഉണ്ടാകുന്നതിനുവേണ്ടി മാത്രമാണെന്നു ഞാൻ ഊഹിക്കുന്നു. വിദ്യാനാഥനെ ആപാദചൂഡം ഉപജീവിക്കുന്ന ദീക്ഷിതരുടെ ഗതിയും അതുതന്നെയാണ്. മിത്രാലങ്കാരങ്ങൾക്കു പ്രത്യേകം ഒരു പ്രകരണം വിദ്യാനാഥൻ വിനിയോഗിക്കേണ്ടിയിരുന്നില്ല. അവിടെയും ദീക്ഷിതർ തന്റെ പൂർവഗാമിയെ അന്ധനിർവ്വിശേഷമായ് അനുകരിക്കുന്നു.

 

സദാശിവ ദീക്ഷിതർ തന്നെപ്പറ്റി നാടകപ്രകരണത്തിൽ

 

"ചോക്കനാഥാധ്വരിസുതസ്സർവവിദ്യാവിശാരദഃ
സദാശിവമഖീ സോയം പ്രബന്ധാ ഭാവുകാഗ്രണീഃ"

 

എന്നു പ്രസ്താവിക്കുന്നു. അദ്ദേഹത്തിന്റെ മറ്റൊരു കൃതിയായ 'ലക്ഷ്മീകല്യാണം' എന്ന നാടകത്തിൽ "അസ്തിഖലു  ഭാരദ്വാജകുലകലശജലധിഹിമകരസ്യ, സർവതന്ത്രസ്വതന്ത്രസ്യ, ചോക്കനാഥയജ്വനസ്തനൂജസ്യ, മീനാക്ഷീഗർഭശുക്തിമുക്താമണേഃ കൃതിരഭിനവം ലക്ഷ്മീകല്യാണം നാമനാടകം" എന്നു മറ്റൊരു പ്രസ്താവന കാണുന്നതിൽനിന്നു നമ്മുടെ കവി ഭാരദ്വാജഗോത്രജനും സർവതന്ത്രസ്വതന്ത്രനായ ചൊക്കനാഥദീക്ഷിതരുടേയും മീനാക്ഷ്യംബയുടേയും പുത്രനും സർവ്വവിദ്യാവിശാരദനും സഹൃദയാഗ്രേസരനും ആയിരുന്നു എന്നു വെളിവാകുന്നു. ദ്രാവിഡനായ ഈ സ്മാർത്തബ്രാഹ്മണൻ ചോളപാണ്ഡ്യദേശങ്ങളിൽനിന്നു കാർത്തികതിരുനാൾ മഹാരാജാവിനെ ആശ്രയിക്കുന്നതിനായ് തിരുവനന്തപുരത്തു വന്നുവോ, അതോ അദ്ദേഹത്തിന്റെ കുടുംബം മുൻപുതന്നെ തിരുവിതാംകൂറിൽ താമസമുറപ്പിച്ചിരുന്നുവോ എന്നറിവാൻ ഒരു മാർഗ്ഗവുമില്ല. ഈ രാജ്യത്തിന്റെ ചരിത്രത്തെപ്പറ്റി അദ്ദേഹത്തിനുള്ള അറിവു വളരെ വിരളമായിരുന്നു എന്നാണ് ബാലരാമവർമ്മയശോഭൂഷണത്തിൽനിന്നു് അനുമാനിക്കേണ്ടിയിരിക്കുന്നതു്.

 

ഇനി രാമവർമ്മമഹാരാജാവിന്റെ ഗുണഗണങ്ങളെ ദീക്ഷിതർ എങ്ങനെ വർണ്ണിച്ചിരിക്കുന്നു എന്നു നോക്കാം. ഗ്രന്ഥത്തിന്റെ ഉപോൽഘാതത്തിലുള്ളവയാണ് താഴെക്കാണുന്ന ശ്ലോകങ്ങൾ.

 

"വല്മീകജന്മമുനയേ കവിലോകമൂലകന്ദായ ധാതൃകരുണാങ്കുരിതപ്രവാച
തസ്മൈ നമോസ്തു രഘുനാഥകഥോപക്‌ഌപ്തസ്സൽകാവ്യകല്പകതരുസ്സഫലോ യതോഽഭൂൽ.

 

മഹാകവിഭ്യഃ പൂര്‍വേഭ്യോ നമോവാകമുദീരയൻ
വക്ഷേഽലങ്കാരശാസ്ത്രാർത്ഥ തത്വസാരം യഥാമതി.

 

പ്രബന്ധോഽയം സഹൃദയപ്രിയോ ഭവിതുമർഹതി
യതഃ ശ്രീരാമവര്‍മ്മേന്ദ്രഗുണസംസർഗ്ഗതഃ കൃതീ"

 

ഞാൻ ഇവിടെ ഉദ്ധരിക്കാത്ത ഒരു ശ്ലോകത്തിൽ കവി ശ്രീപത്മനാഭസ്വാമിയെ വന്ദിച്ചതിനുമേൽ വാല്മീകിമഹർഷിയെ സ്തുതിക്കുകയും പൂർവന്മാരായ മഹാകവികളെ നമസ്ക്കരിക്കുകയും ചെയ്തുകൊണ്ടു തന്റെ 'അലങ്കാരശാസ്ത്രാർത്ഥതത്വസാരം' ആരംഭിക്കുകയും രാമവർമ്മമഹാരാജാവിന്റെ ഗുണഗണങ്ങളുമായിട്ടുള്ള സംസഗ്ഗംകൊണ്ടു ചരിതാർത്ഥമായ ആ പ്രബന്ധം സഹൃദയന്മാർക്കു പ്രിയമായ്ത്തീരുവാൻ അർഹമാണെന്നു പ്രസ്താവിക്കുകയും ചെയ്യുന്നു. വിദ്യാനാഥൻ മഹാകവികൾക്കു പകരം,

 

"പൂർവേഭ്യോ ഭാമഹാദിഭ്യഃ സാദരം വിഹിതാഞ്ജലിഃ
വക്ഷ സമ്യഗലങ്കാരശാസ്ത്രസർവസ്വസംഗ്രഹം''

 

എന്ന പദ്യത്തിൽ ഭാമഹാദികളായ സാഹിത്യശാസ്ത്രകാരന്മാരെയാകുന്നു വന്ദിക്കുന്നതു്. ലക്ഷണഭാഗത്തിൽ സ്വയമായ് യാതൊന്നും രചിക്കുവാൻ ഉദ്ദേശിക്കാത്ത ദീക്ഷിതർക്കു ലക്ഷ്യഭാഗത്തിൽ മാത്രം ദൃഷ്ടിവെച്ചാൽ മതിയാകുന്നതാകയാൽ അദ്ദേഹം മഹാകവികളെ നമസ്കരിക്കുന്നതു് അർത്ഥവത്തായിരിക്കുന്നു.

 

"അത്ര പ്രമേയം കാവ്യജ്ഞമര്യാദൈകനിബന്ധനം
*               *               *               *               *    
തഥാപി രാമവര്‍മ്മേന്ദോര്‍ഗ്ഗുണാ വാചാലയന്തി മാം.

 

പ്രബന്ധാനാം പ്രതിഷ്ഠാ ഹി നായകാഭ്യുദയാശ്രിതാ;
തസ്മാന്നായകമാഹാത്മ്യം മാംഗല്യം കാവ്യസമ്പദഃ.

 

യുവതീനാം പ്രബന്ധാനാം ഭടാനാമപി സർവധാ
നായകാളുദയേനൈവ രസവത്താ ന ചാന്യഥാ.

 

അതസ്സന്നേതൃവിഷയഃ പ്രബന്ധഃ കല്പഭൂരുഹഃ
പ്രസൂതേ സകലാൻ കാമാൻ സുമനോഭിരുപാസിതഃ"

 

"പ്രബന്ധങ്ങളുടെ പ്രതിഷ്ഠ നായകാഭ്യുദയത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടു കാവ്യസമ്പത്തിന്റെ മംഗളം നായകന്റെ മാഹാത്മ്യം തന്നെയാകുന്നു. യുവതികൾക്കും പ്രബന്ധങ്ങൾക്കും ഭടന്മാര്‍ക്കും ഏതുപ്രകാരത്തിൽ നോക്കിയാലും നായകാഭ്യുദയം കൊണ്ടല്ലാതെ രസവത്ത്വം സിദ്ധിക്കുന്നതല്ലല്ലോ. ഉത്തമനായ നായകനെ വിഷയീകരിച്ചു രചിക്കപ്പെടുന്ന പ്രബന്ധമാകുന്ന കല്പവൃക്ഷം, പുഷ്പങ്ങളാൽ (കല്പവൃക്ഷപക്ഷത്തിൽ സുമനസ്സുകൾ എന്നാൽ ദേവന്മാർ) ഉപാസിതമായ് എല്ലാ കാമിതങ്ങളേയും നല്കുന്നു.''

 

"തത്താദൃഗത്ഭുതചരിത്രപവിത്രിതാസു
പ്രാചാം കൃതിഷ്വപി സതീഷു മിതംപചോക്തിഃ
വാൿചാപലാൽ സുഗുണസാഗരവഞ്ചിബാല-
ശ്രീരാമവർമ്മ കുലശേഖരഭൂപമീഡേ.

 

ലക്ഷ്മീർവൃണോതി യദപാംഗവിലാസപാത്രം;
യച്ഛസ്ത്രലക്ഷ്യകുലമാവ്രിയതേഽപ്സരോഭിഃ;
ശ്രീപദ്മനാഭശരണാഗതവഞ്ചിബാല-
ശ്രീരാമവർമ്മകുലശേഖരരാഡ് സജീയാൽ.

 

പ്രാൿപുണ്യാജിതമൂലയാ കവിമനഃക്ഷേത്രോത്തമേ ജാതയാ
സമ്യഗ്ഭാവുക ചിത്തശാഖിതതയാ വ്യംഗ്വോക്തിപുഷ്പശ്രിയാ
നിത്യം സൽഫലയാ ഗുണാനുസരണാ ച്ഛ്രീരാമവര്‍മ്മപ്രഭോ-
സ്സ്വര്‍വന്യാ ലതയേവ സൽകവിതയാ കിം കിം ന സംഭാവ്യതേ?"

 

അത്തരത്തിലെല്ലാം അത്ഭുതങ്ങളായ ചരിത്രങ്ങളെക്കൊണ്ടു പവിത്രങ്ങളായ പൂവ്വസൂരികളുടെ കൃതികളുണ്ടെങ്കിലും ഉക്തിദാരിദ്ര്യമുള്ള താൻ വാക്‌ചാപലത്താൽ പ്രേരിതനാകുകനിമിത്തം ശ്രീരാമവർമ്മാഭിധനായ കുലശേഖരപ്പെരുമാളെ സ്തുതിക്കുന്നു എന്നു കവി ഔദ്ധത്യപരിഹാരം ചെയ്യുന്നു. "യാതൊരു മഹാരാജാവിന്റെ കടാക്ഷത്തിനു പാത്രമായവനെ ലക്ഷ്മീദേവിയും ആയുധത്തിനു ലക്ഷ്യമായവനെ അപ്സരസ്ത്രീകളും വരിക്കുന്നുവോ, ശ്രീപത്മനാഭദാസ ആ വഞ്ചിബാലരാമവർമ്മകലശേഖരൻ ജയിപ്പൂതാക. പൂര്‍വപുണ്യമാണു് ഈ കവിതാലതയുടെ മൂലം; കവിയുടെ ഹൃദയ‌മാകുന്ന ഉത്തമസ്ഥാനത്തിലാണ് ഇതിന്റെ ജനനം; നല്ല സഹൃദയന്മാരുടെ മനസ്സാകുന്ന വൃക്ഷത്തെ അവലംബിച്ചാണ് വളര്‍ച്ച; വ്യംഗ്വോക്തിയാണ് പുഷ്പം; ശ്രീരാമവർമ്മമഹാരാജാവിന്റെ ഗുണങ്ങളെ അനുസരിക്കുന്നതുകൊണ്ടാണു് ഇതു ഫലിക്കുന്നതു്; നന്ദനവനത്തിലെ കല്പകലതയിൽ നിന്നെന്നപോലെ ഇതിൽനിന്നു് എന്തു തന്നെ സംഭവിക്കുന്നില്ല?'’

 

"സേയം സദാശിവകൃതിര്‍മ്മധുരോക്തിബന്ധാ
സാലംകൃതിസ്സരസഭാവനിരൂപണാൽകാ
കാന്തം സമിച്ഛതി വധൂരിവ വഞ്ചിബാല-
ശ്രീരാമവർമ്മ കുലശേഖരസാര്‍വഭൌമം.

 

രാമവർമ്മനൃപാലസ്യ ഗുണാൻ കോ ഗണയേദിതി
ജാനന്നപി യഥാശക്തി വര്‍ണ്ണയാമി ഗുണാര്‍ണ്ണവം.''

 

പൂര്‍വശ്ലോകത്തിൽ കവി തന്റെ കൃതി മഹാരാജാവിനെ, നായിക നായകനെ എന്നപോലെ, കാമിക്കുന്നതായ് വര്‍ണ്ണിക്കുന്നു.

 

൧. നായകപ്രകരണം.

 

അനന്തരം നായകപ്രകരണത്തിന്റെ ആരംഭമായി. ഓരോ നായകഗുണത്തിനു് ഓരോ ശ്ലോകമേ സാധാരണമായ് കവികൾ വിനിയോഗിക്കാറുള്ളൂ എങ്കിലും ഔദാര്യം, ധാർമ്മികത്വം, പണ്ഡിത്യം ഇവ രാമവർമ്മമഹാരാജാവിന്റെ വിശിഷ്ടഗുണങ്ങളാകയാൽ അവ ഓരോന്നിനേയും വര്‍ണ്ണിക്കുന്നതിനുവേണ്ടി ഒന്നിലധികം ശ്ലോകങ്ങൾ കവി ഔചിത്യപൂർവം രചിക്കുന്നു. വിതരണതാച്ഛീല്യമാകുന്നു ഔദാര്യം. അതിനെ ഉദാഹരി ക്കുന്ന ശ്ലോകങ്ങൾ താഴെക്കാണുന്നവയാണു്.

 

"പതിതുമഭിലഷന്തി പ്രായശോ യത്ര കോശാ-
സ്തവ സഹജദയാർദ്രാ രാമവര്‍മ്മക്ഷിതീന്ദോ,
സകലശുഭസമേതസ്സോപി ദീനാവനായ
പ്രഭവതി വിരചയ്യ സ്വാശ്രിതാൻ പൂര്‍ണ്ണകാമാൻ

 

വിദ്വദ്ഗജാനപി നിരങ്കുശവര്‍ത്തിനസ്സൈ-
രുദ്ധ്വാ ഗുണൈഃ കനകശൃംഖലികാനുബദ്ധാൻ
കൃത്വാവസ പ്രതിപദം നനു വഞ്ചിബാല-
ശ്രീരാമവർമ്മ കുലശേഖരസാർഭൌമ.

 

"സ്ഫാരദ്വാരപ്രഘാണദ്വിരദമദസമുല്ലോലകല്ലോലഭംഗീ-
സംഗീതോല്ലാസഭംഗീ മുഖരിതഹരിതസ്സമ്പദഃ കിംപചാനാഃ
ഫുല്ലന്മല്ലീമതല്ലീപരിമള ലഹരീസമ്പാദുദ്ദാമവാചാം
തേഷാം യേഷാം കവീനാമുപരി തവ ദയാ രാമവര്‍മ്മക്ഷിതീന്ദോ”

 

"അല്ലയോ മഹാരാജാവേ, അവിടുത്തെ സഹജമായ ദയാവൃഷ്ടികൊണ്ട് ആർദ്രങ്ങളായ ധനങ്ങൾ ആരിൽ പതിക്കുവാൻ ഇച്ഛിക്കുന്നുവോ, അവനും തന്റെ ആശ്രിതന്മാരെ പൂര്‍ണ്ണകാമന്മാരാക്കി ദീനാവനം ചെയ്യുന്നതിനു ശക്തനായ് ഭവിക്കുന്നു. നിരങ്കുശന്മാരായ പണ്ഡിതകുഞ്ജരന്മാരെ സര്‍വത്ര അവിടുന്നു ഗുണങ്ങളെക്കൊണ്ടു് (ഗജപക്ഷത്തിൽ വടങ്ങൾ) പിടിച്ചു കെട്ടി സ്വര്‍ണ്ണശൃംഖലകൊണ്ടു ബന്ധിച്ചു വസിക്കുക. അവിടുത്തെ കരുണ വശ്യവാക്കായ യാതൊരു കവിയിൽ അങ്കുരിക്കുന്നുവോ ആ കവിയുടെ സമ്പത്തുമായ് താരതമ്യപ്പെടുത്തുമ്പോൾ നടക്കൊട്ടിലിൽ കൊമ്പനാനകളെ നിറുത്തുന്ന കുബേരന്മാരുടെ സമ്പത്തുപോലും നിസ്സാരമാണു്.''

 

ധര്‍മ്മൈകായത്തചിത്തത്വമാകുന്നു ധാർമ്മികത. ആ ഗുണത്തെ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾകൊണ്ടു കവി ഉദാഹരിക്കുന്നു.

 

"അവിഹിതവിഷയാതിദൂരവൃത്തിസ്സഹജദയാരസശീതളാന്തരംഗഃ
കലയതി കുലശേഖരക്ഷിതീന്ദ്രോ വിമതജനേപി പരാജിതേ മഹത്വം.

 

പുണ്യേന കന്ദളിതമങ്കരിതം പ്രഭാവൈ-
രത്യുച്ഛ്രിതം കുസുമിതം സുഗുണൈര്യശോഭിഃ
രാജശ്രിയാ ഫലിതമാശ്രിതകല്പവൃക്ഷം
ത്വാം മന്മഹേ ജഗതി വഞ്ചിമഹീമഹേന്ദ്ര”

 

സർവവിദ്യാധികത്വമാകുന്നു പാണ്ഡിത്യം. അതിന്റെ ഉദാഹരണങ്ങൾ താഴെ ചേര്‍ക്കുന്ന ശ്ലോകങ്ങളാകുന്നു.

 

"ക്ഷയിഷ്ണുഭിഃ ഷോഡശഭിഃ കുലാഭിഃ
കലാനിധിഃ കിം ശശലാന്തരനോപിഃ?
നിത്യം ചതുഷ്ഷഷ്ടികലാവിലാസൈ-
വിരാജമാനേ ഭുവി വഞ്ചിചന്ദ്രേ.

 

യദൃച്ഛാസല്ലാപൈസ്സമധിഗതഷട്‌തന്ത്രവിഭവൈ-
ശ്ചമൽകുര്‍വ്വൻ ധീരാൻ സദസി രസഭാവപ്രകടനൈഃ
കവീൻ ധിനൻ ഗാനക്രമവിവരണാദ് ഗായകവരാൻ
പരിഷ്‌കുവൻ വഞ്ചിക്ഷിതിപതിലകോയം വിജയതേ"

 

"ശശലാഞ്ചനനായ ചന്ദ്രൻ അദ്ദേഹത്തിന്റെ ക്ഷയശീലങ്ങളായ പതിനാറു കലകളെക്കൊണ്ടു് എങ്ങനെ കലാനിധിയായ് ഭവിക്കും? എന്നും ഒന്നുപോലെയുള്ള അറുപത്തിനാലു കലകളെക്കൊണ്ടാണല്ലോ വഞ്ചിചന്ദ്രൻ ശോഭിക്കുന്നത്; അദ്ദേഹംതന്നെയാണ് സാക്ഷാൽ കലാനിധി. സദസ്സിൽ തന്റെ ഷഡ്‌ദര്‍ശനജ്ഞാനം യദൃച്ഛാസല്ലാപങ്ങളിൽപോലും സ്ഫുരിപ്പിച്ചു വിദ്വാന്മാരെ ചമൽകരിപ്പിക്കുകയും, രസഭാവങ്ങളെ പ്രകടിപ്പിച്ചു കവികളെ ആനന്ദിപ്പിക്കുകയും, ഗാനക്രമങ്ങളെ വിവരിച്ചു ഗായകശ്രേഷ്ഠന്മാരെ സംസ്കരിക്കുകയും ചെയ്തുകൊണ്ടു് ഈ മഹാരാജാവ് വിജയിക്കുന്നു." അദ്ദേഹത്തിന്റെ നാട്യശാസ്ത്രപ്രതിപാദകമായ ഒരു കൃതിയാണു് ബാലരാമഭരതം. സംഗീതശാസ്ത്രത്തിലും അവിടുന്നു പ്രവീണനായിരുന്നു.

 

മഹാമഹിമത്വത്തെ ഉദാഹരിക്കുന്ന ഒരു ശ്ലോകംകൂടി ഈ ഘട്ടത്തിൽ ഉദ്ധരിക്കേണ്ടതായുണ്ടു്. ദേവതാത്മതയാകുന്നു മഹാമഹിമത്വം.

 

"പാര്‍വത്യാസ്സുകൃതോദയേന ജഗതീക്ഷേമായ സദ്‍വൃദ്ധയേ
ദുഷ്ടാനാമിഹ ശിക്ഷണായ സ പുനഃ സ്കന്ദഃ സുരൈഃ പ്രാര്‍ത്ഥിതഃ
ഭൂത്വാ വഞ്ചിധരാധിപഃ പ്രഥിതയാ ശക്ത്യാ രിപൂൻ ശിക്ഷയൻ
സുബ്രഹ്മണ്യപദം വ്യനക്തി ഭുവനേ ശ്രീരാമവര്‍മ്മാ നൃപഃ"

 

പാര്‍വതീറാണിയുടെ പുത്രനായിരുന്നു ഈ മഹാരാജാവ് എന്നു കാണിക്കുന്നതിനു ഞാൻ ഈ ശ്ലോകവും മറ്റും ചാതകസന്ദേശത്തെപ്പറ്റിയുള്ള എന്റെ ഉപന്യാസത്തിൽ എടുത്തു ചേര്‍ത്തിട്ടുള്ളതു വായനക്കാര്‍ക്കും ഓര്‍മ്മയുണ്ടായിരിക്കുമല്ലോ.

 

നായകസ്വരൂപം നിരൂപണം ചെയ്യുമ്പോൾ കവിക്കു മഹാരാജാവിന്റെ യശഃപ്രതാപമഹിമയേയും ധര്‍മ്മകാമാർത്ഥതൽപരതയേയും ഓരോ ശ്ലോകം കൊണ്ട് ഉദാഹരിക്കേണ്ടിവരുന്നു. ആ രണ്ടു ശ്ലോകങ്ങളാണ് താഴെ കാണുന്നതു്.

 

"ശ്രീരാമവർമ്മ കുലശേഖരഭൂവലാരേഃ
കീര്‍ത്ത്യപ്സരോനടനരംഗതലം ത്രിലോകീ;
സഭ്യാ ഹരിൽപതയ ഏവ; സരോജനാഭോ
നേതാ; പ്രതാപതപനഃ പ്രഥിതഃ പ്രദീപി.

 

രാജര്‍ഷിഃ കില വഞ്ചിഭൂപതിരിതി പ്രസ്തൂയതേ താപസൈഃ
പ്രക്ഷീണദ്രവിണൈസ്തഥാർത്ഥപര ഇത്യാമന്ത്ര്യതേ ശത്രുഭിഃ
സാക്ഷാന്മന്മഥമന്മഥോയമിതി ച പ്രോദ്‌ഗീയതേ യൗവതൈ
സ്തത്താദൃങ് മഹിമാനുഭാവവിഭവഃ ശ്രീരാമവമ്മാ നൃപഃ."

 

ഈ മഹാരാജാവിന്റെ കീര്‍ത്തിയാകുന്ന അപ്സരസ്ത്രീക്കു നടനം ചെയ്യുവാനുള്ള രംഗമാണു മൂന്നു ലോകവും; സഭ്യന്മാരാണ് ദിക്‌പാലന്മാർ; നട്ടുവനാണു് ശ്രീപത്മനാഭൻ; വിളക്കാണ് പ്രതാപാദിത്യൻ. താപസന്മാരാൽ രാജർഷിയെന്നും അപഹൃതവിഭവന്മാരായ ശത്രുക്കളാൽ അര്‍ത്ഥപരനെന്നും യുവതികളാൽ മന്മഥമന്മഥനെന്നും തിരുമേനി പുകഴ്ത്തപ്പെടുന്നു.

 

ധീരലളിതനായകനെ ഉദാഹരിക്കുന്നതിനു താഴെ ഉദ്ധരിക്കുന്ന ശ്ലോകമാണു കവി രചിച്ചിരിക്കുന്നതു്.

 

"സൗധാഗ്രോദിതരത്നദീപകലികാവ്യാജാര്‍ക്കബിംബോദയ-
വ്യാക്ഷിപ്തേന്ദ്വഭയപ്രദാനചതുരസ്വീയാസ്യചന്ദ്രോദയൈഃ
ഗായദ്ഭിര്‍ന്നവയൗവതൈഃ പ്രതിനിശം സക്താസ്സുഗര്‍ഭ്യാ നൃപാ-വഞ്ചിക്ഷോണിപതേര്‍ന്നിരന്തരയശസ്സംഭാവയന്തേ മുദാ.''

 

സൗധാഗ്രങ്ങളിലുള്ള രത്നദീപങ്ങളാകുന്ന ആദിത്യന്മാരുടെ ഉദയത്താൽ വിവശനായ ചന്ദ്രനു് അഭയം നല്കുന്നതിനു സാമർത്ഥ്യമുള്ള തങ്ങളുടെ മുഖചന്ദ്രന്മാരോടുകൂടിയ യുവതികളുമായ് മഹാരാജാവിന്റെ സഹോദരന്മാർ രാത്രികാലങ്ങളിൽ സമ്മേളിക്കുന്നതായ് കവി ഈ ശ്ലോകത്തിൽ ചിത്രണംചെയ്യുന്നു. മകയിരം തിരുനാൾ മഹാരാജാവിനു രവിവര്‍മ്മാവെന്ന ഇന്ദ്രജാലകുശലനും മഹാകവി ഇരയമ്മൻതമ്പിയുടെ മാതാമഹനുമായ ഒരനുജനുണ്ടായിരുന്നതായ് മാത്രമേ ചരിത്രരേഖകളിൽനിന്നു ഞാൻ ഇതുവരെ ധരിച്ചിട്ടുള്ളൂ. കൊല്ലം ൯൪൧-ൽ നടന്ന രണ്ടാം തൃപ്പടിദാനാവസരത്തിൽ ആ രവിവർമ്മാവും, ഭാഗിനേയനും മഹാകവിയുമായ അശ്വതി തിരുനാൾ രാമവർമ്മതമ്പുരാനും മാത്രമേ അവിടുത്തെ അനുഗമിച്ചുള്ളു. ൻ൬൩ മകയിരം ൧-ാം മകരം തിരുനാൾ നാടുനീങ്ങി. ൯൪൩-ൽ മകം തിരുനാൾ ശ്രീവീരപത്മനാഭവര്‍മ്മാവ് എന്നും, അനിഴം തിരുനാൾ ശ്രീവീരമാർത്താണ്ഡവര്‍മ്മാവ് എന്നും രണ്ടു കൊച്ചുതമ്പുരാക്കന്മാരുടെ പേരുകൾ കാണുന്നു. അവർ അല്പായുസ്സുകളായിരുന്നു. സഗര്‍ഭ്യപദംകൊണ്ടു കവി സഹോദരന്മാരേയും അനന്തരവന്മാരേയും ഒന്നിച്ചു വിവക്ഷിച്ചിരിക്കുകയാണെന്നു തോന്നുന്നു. ഏതായാലും ൯൫൭ മേടത്തിനു മുൻപാണ് പ്രസ്തുത കൃതിയുടെ രചനയെന്നു് അനുമാനിക്കാവുന്നതാണ്. "ഇതി ശ്രീസദാശിവദീക്ഷിതകൃതൌ ശ്രീപത്മനാഭദാസവഞ്ചിബാലരാമ വര്‍മ്മ കുലശേഖരഭൂപാലയശോഭൂഷണേ അലങ്കാരശാസ്ത്രേ നായികാനായകപ്രകരണം സമ്പൂർണ്ണം.'' എന്ന പ്രസ്താവനയോടുകൂടി ആദ്യത്തെ പ്രകരണം അവസാനിക്കുന്നു.

 

കാവ്യപ്രകരണം.

 

ആരഭടീവൃത്തിക്കു താഴെ കാണുന്ന ശ്ലോകമാണ് ഉദാഹരണം. അത്യുദ്ധതാര്‍ത്ഥസന്ദർഭവൃത്തിയാണല്ലോ ആരഭടി.

 

"വഞ്ചിക്ഷോണീന്ദ്രശസ്ത്രപ്രതിഹതവിമതക്ഷ്മാപതീനാം രണാഗ്രേ
മജ്ജാമസ്തിഷ്ക്കമേദോദ്രവഭരഭരിതാനുഗ്രപൂതീൻ കബന്ധാൻ
ഉൽകൃത്യോൽകൃത്യ കങ്കാ ഗളഭുജജ‌രോൽകൃത്തമാംസാനി ജഗ്ദ്ധ്വാ
പീത്വാ തദ്രക്തധാരാമതിഭയജനകാ ഭാന്തി യുദ്ധോന്മദാനാം."

 

കഴുകന്മാർ യുദ്ധത്തിൽ മരിച്ച ശത്രുരാജാക്കന്മാരുടെ കബന്ധങ്ങളേയും മറ്റും കടിച്ചു തിന്നുന്നതാണ് ഇവിടെ പ്രതിപാദ്യവിഷയം.

 

വൈദർഭീരീതിക്കു ഉദാഹരണം അടിയിൽ ഉദ്ധരിക്കുന്നു.

 

"വദാന്യേ വഞ്ചീന്ദ്രേ സുരതരുഗണോ വ്രീളിത ഇവ
പ്രപേദേ പഞ്ചത്വം; മണിരപി ശിലാഭാവമഭൃത;
പരാഭൂതേശ്ചിഹ്നം സുരഭിരഭജത്താര്‍ണ്ണമസകൃൽ
കഥാശേഷാശ്ചാന്യേ ശിബിമുഖനൃപാ ദാനനിരതാഃ"

 

വഞ്ചിമഹാരാജാവിന്റെ വദാന്യത കണ്ടു നാണം കൊണ്ടെന്നപോലെ ദേവതരുക്കൾ പഞ്ചത്വത്തെ പ്രാപിച്ചു (മരിച്ചു എന്നും അഞ്ചായി എന്നും); ചിന്താമണി വെറും കല്ലായി; പരാജയത്തിന്റെ അടയാളമായ് സുരഭി ഉണക്കപ്പുല്ലു തിന്നു; ദാനശൗണ്ഡന്മാരായ ശിബിപ്രഭൃതിരാജാക്കന്മാർ കഥാശേഷന്മാരുമായി (അവർ മഹാരാജാവിന്റെ കാലത്തു ജീവിച്ചിരുന്നില്ലല്ലോ).

 

ഗൗഡീരീതിക്കു് ഉദാഹരണം ഇതാണ്.

 

"ധാവദ്ഭാവൽകഘോടിതുരഗഖുരപുടവ്രാതതീവ്രാഭിഘാത- ക്ഷുണ്ണക്ഷോണീപരാഗൈരഹിതപുരവധൂവക്ത്രചന്ദ്രോപരാഗൈഃ
സന്ധ്യാരീതിം ദധാനേ സതി ജഗതി തമഃഖണ്ഡനോദ്ദണ്ഡചണ്ഡ-
സ്ഥേമാ ശ്രീരാമവർമ്മപ്രഭുവര, ജയതി ത്വൽപ്രതാപപ്രദീപഃ''

 

ഘോടി എന്നാൽ കുതിര. 'ക്ഷോണീപരാഗൈരഹിതപുരവധൂവക്ത്രചന്ദ്രോപരാഗൈഃ' എന്ന പ്രയോഗം അത്യന്തം മനോഹരമായിരിക്കുന്നു. ഉപരാഗമെന്നാൽ ഗ്രഹണം. കുതിരകളുടെ കുളമ്പടികൊണ്ടു പൊങ്ങുന്ന ധൂളിനിമിത്തം ലോകത്തിൽ അകാലസസ്യോദയം വന്നുചേരുന്നു; തജ്ജന്യമായ തമസ്സിനെ അവിടുത്തെ പ്രതാപമാകുന്ന ദീപം ഖണ്ഡിക്കുകയും ചെയ്യുന്നു.

 

ധ്വനികാവ്യത്തിനു് ഉദാഹരണം താഴെ ചേക്കുന്നു.

 

"നാഗാധിരാജകൃതിരേഷ നഭോഗസക്തോ
നാകാമദാനനിരതോ നയശോഭിമാനഃ
കിം ശങ്കരോപി നഗജാധികസമ്പദാ ദ്രാ-
ഗ്രാജാവതംസ ഇഫ വഞ്ചിമഹീമഹേന്ദ്ര"

 

നാഗാധിരാജകൃതിയാണ് ശങ്കരനും മഹാരാജാവും. വാസുകിയെ ധരിക്കുന്നു ശിവൻ; ആദിശേഷന്റെ ബലത്തോടുകൂടി ഭൂഭരണം ചെയുന്നു മഹാരാജാവ്, അതുപോലെ (നഭോഗന്മാർ) നഭസ്സിൽ കൂടി സഞ്ചരിക്കുന്ന ദേവന്മാരിൽ പ്രീതിയുള്ളവനാണു് ശിവൻ; (ന ഭോഗസക്തഃ) ഭോഗത്തിൽ സക്തനല്ല മഹാരാജാവു്. കാമദേവന്റെ ഖണ്ഡനത്തിൽ തൽപരനാണ് ശിവൻ; കാമദാനത്തിൽ തൽപരനാണു് വഞ്ചീശൻ. യശസ്സിൽ അഭിമാനം ശ്രീപരമേശ്വരനില്ല; നയത്തെക്കൊണ്ടു ശോഭിക്കുന്ന മാനം മഹാരാജാവിനുണ്ടു്. എന്നാൽ നഗജ (പാർവതി) യാകുന്നു ശിവന്റെ അധികസമ്പത്തു്. (ശിവപക്ഷത്തിൽ ഗജാധികസമ്പത്തില്ലെന്നുമര്‍ത്ഥം.) വഞ്ചിമഹാരാജാവിന്റെ വലിയ സമ്പത്തും ഗജങ്ങളാണല്ലോ. രണ്ടുപേരും രാജാവതംസങ്ങളുമാണു്. ശിവപക്ഷത്തിൽ രാജാവെന്നാൽ ചന്ദ്രൻ. ഇടവെട്ടിക്കാട്ടു നമ്പൂതിരിയുടെ 'രാജാ കിമിന്ദുരപി നാര്യഭിമാനഹാരീ' ഇത്യാദി ശ്ലോകത്തിനും ഇതിനും തമ്മിൽ വളരെ സാദൃശ്യം കാണുന്നു. രണ്ടു കവികളും സമകാലികന്മാരുമാണ്.

 

നാടകപ്രകരണം.

 

വാസുലക്ഷ്മീകല്യാണത്തിലെ ഇതിവൃത്തം താഴെ വിവരിക്കുന്നതാണു്. സിന്ധു (Sind) രാജ്യത്തിലെ രാജാവിനു വസുലക്ഷ്മി എന്നൊരു പുത്രിയുണ്ടായിരുന്നു. ആ പുത്രിയെ വഞ്ചീശ്വരനായ ബാലരാമവർമ്മ മഹാരാജാവിനെക്കൊണ്ടു പാണിഗ്രഹണം ചെയ്യിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ, രാജാവിന്റെ പട്ടമഹിഷിക്കു തന്റെ ഭാഗിനേയനായ സിംഹളരാജകുമാരൻ കന്യകയ്ക്കു വരനായാൽ കൊള്ളാമെന്നു മോഹമുണ്ടായിരുന്നു. തന്നിമിത്തം ഒരു ക്ഷേത്രത്തിൽ കുലദൈവതദർശനത്തിനെന്ന വ്യാജത്തിൽ വസുലക്ഷ്മിയെ രാജ്ഞി ഒരു കപ്പലിൽകയറ്റി സിംഹളത്തേയ്ക്കയയ്ക്കുന്നു. കപ്പൽ തിരുവിതാംകൂറിലെ സമുദ്രതീരത്തിൽ കടൽക്കോൾകൊണ്ട് അടിയുകയും വഞ്ചിമഹാരാജാവിന്റെ പത്നിയായ വസുമതിയുടെ സഹോദരനും അന്തദുര്‍ഗ്ഗപാലനുമായ വസുമദ്രാജന്റെ കൈവശം അകപ്പെടുകയുംചെയ്യുന്നു. വസുമദ്രാജൻ സര്‍വാംഗസുന്ദരിയായ വസുലക്ഷ്മിയെ തന്റെ സഹോദരിയുടെ സന്നിധിയിലേയ്ക്ക് അയയ്ക്കുന്നു. അവിടെ മഹാരാജാവ് ആ യുവതിയിൽ അനുരക്തനായിത്തീരുന്നു; വസുലക്ഷ്മിയും മദനവിവശയാകുന്നു. ആ വര്‍ത്തമാനം വസുമതി അറിഞ്ഞപ്പോൾ വസുലക്ഷ്മിയെ തന്റെ മാതുലപുത്രനായ പാണ്ഡ്യരാജാവിനെക്കൊണ്ടു വിവാഹം ചെയ്യിക്കുവാൻ ഏർപ്പാടു ചെയ്യുന്നു. എന്നാൽ വിദൂഷകന്റെ സാമര്‍ത്ഥ്യത്താൽ ആ ഉദ്യമം ഫലിക്കുന്നില്ല. മഹാരാജാവും വിദൂഷകനുംതന്നെ വേഷം മാറി യഥാക്രമം പാണ്ഡ്യരാജാവും അദ്ദേഹത്തിന്റെ വയസ്യനുമായിത്തീരുകയും മഹാരാജാവു കുമാരിയെ ഗാന്ധര്‍വസമ്പ്രദായത്തിൽ പരിഗ്രഹിക്കുകയും ചെയ്യുന്നു. അപ്പോഴേയ്ക്കും തിരുവിതാംകൂർ രാജ്യത്തിന്റെ മന്ത്രിയായ നീതിസാഗരൻ മുഖേന സിന്ധുരാജാവു വിവരങ്ങൾ ഗ്രഹിക്കുകയും താൻ തന്നെ പുറപ്പെട്ടു വന്നു പുത്രിയുടെ വിവാഹം സാഘോഷമായ് നടത്തുകയും ചെയ്യുന്നു.

 

പ്രസ്താവനയിൽ സൂത്രധാരൻ ഇങ്ങനെ പറയുന്നു:- "അഹോ സകലജഗദണ്ഡബുദ്ബുദകരംബിതജഠരജലധേര്‍,  ദ്ദരദലിതകുവലയസ‌ാഹോദര കമലാംപാഗഭൃംഗാലംകൃതവദനകമലസ്യ, നിഖിലജഗദവനനിര്‍ന്നിദ്ര  യോഗനിദ്രാമുദ്രാമഭിനയതോ, ഭഗവതഃ ശ്രീപദ്‌മനാഭദേവസ്യ വസന്തമഹോത്സവേ പരിമിളിതാ ഏവ സര്‍വേ സാമാജികാഃ'' ഇതിൽനിന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ചിത്തിരയുത്സവത്തിൽ അഭിനയിക്കുന്നതിനുവേണ്ടിയാണ് കവി ഈ നാടകമെഴുതിയതു് എന്നു വ്യക്തമാകുന്നു.

 

പ്രസ്താവന കഴിഞ്ഞു സിദ്ധാർത്ഥകനെന്നും സുമതിയെന്നും രണ്ടു മന്ത്രികുമാരന്മാർ പ്രവേശിക്കുന്നു.

 

സിദ്ധാർത്ഥകൻ:-

 

"യോയം പ്രത്യർത്ഥിദാനപ്രഥിതനിജയശഃക്ഷീരവാരാശിമദ്ധ്യ-
പ്രേംഖദ്രത്നായമാണാദ്ഭുതഗുണഗരിമാനന്ദിതാശേഷലോകഃ
യസ്മൈ പ്രീതോബ്ജനാഭോ വിതരതി വിവിധാൻ വാഞ്ചരിതാര്‍ത്ഥാനജസ്രം
തസ്യ ശ്രീരാമവർമ്മക്ഷിതിരമണമണേർദ്ദര്‍ഘടം കിം ജഗത്യാം?”

 

ഇവിടെ യശസ്സാകുന്ന പാല്ക്കടലിന്റെ മദ്ധ്യത്തിൽ തിളങ്ങുന്ന രത്നമായ് മഹാരാജാവിന്റെ ഗുണഗരിമാവിനെ കവി വര്‍ണ്ണിക്കുന്നു. പത്മനാഭപ്രസാദംകൊണ്ടു പ്രയാസം കൂടാതെ അഭീഷ്ടം സാധിക്കുമെന്നു സൂചിപ്പിക്കുന്നതു ബീജോപക്ഷേപം. സുമതി മന്ത്രിഗുണങ്ങളെപ്പറ്റി ഇങ്ങനെ ഉപന്യസിക്കുന്നു.

 

"ഭക്തിര്‍ന്നൃപേ വിപദി ധൈര്യമനാഗതാത്മ-
വിജ്ഞാനമാത്മസമസഖ്യമഥാത്മവത്താ
സര്‍വത്ര മന്ത്രപരിരക്ഷണമിത്യമീഭിഃ
ശ്ലാഘൈർഗുണൈരനുഗതഃ പുരുഷോ ഹി മന്ത്രീ"

 

രാജരഹസ്യം ഗ്രഹിക്കാത്ത സിദ്ധാർത്ഥകനോടു സുമതി താഴെ കാണുന്ന വിധത്തിൽ കഥ ആരംഭിക്കുന്നു.

 

“ജാനൻ സിന്ധുപതിഃ സ്വതോപ്യതിശയം സര്‍വാംശതോസ്മൈ രഹഃ
കന്ന്യാം വഞ്ചിനൃപായ സംഘടയിതും സ്വാം ബോധികാം പ്രാഹിണോല്‍;
തൽകാന്താ കുലദൈവദര്‍ശനമിഷാന്നാഥം പ്രതാര്യ സ്വയം
ദിത്സുഃ സിംഹളരാട്സുതായ തനയാം പ്രാസ്ഥാപയന്നൗകയാ''

 

ഈ കഥ ഞാൻ മുമ്പു തന്നെ സംഗ്രഹിച്ചിട്ടുള്ളതിനാൽ മറ്റു ശ്ലോകങ്ങൾ പകർത്തുന്നില്ല. ബോധിക എന്നാൽ ചാരവൃത്തി സ്വീകരിച്ചിട്ടുള്ള സ്ത്രീ എന്നർത്ഥം.

 

അനന്തരം മഹാരാജാവിന്റെയും വാമനന്റെയും പ്രവേശമായി. വാമനനെന്നാണു വിദൂഷകന്റെ പേർ. വിദൂഷകന്റെ ആത്മഗതമാണു് താഴെ കാണുന്നതു്.

 

"അസമയപഠിതം യൽ സ്യാൽ
സദപി ഭവേദ്ദിവസദീപരോചിരിവ;
അവസരപഠിതം സ്യാച്ചേൽ
ഭവതി ഹി തൽ പ്രാതരബ്ജമിവ സഗുണം."

 

"രാജാക്കന്മാരുടെമുൻപാകെ അനവസരമായ് ഉണര്‍ത്തിക്കുന്ന വാക്കു ദിനദീപപ്രഭപോലെ ശോഭിക്കുകയില്ല; അവസരം നോക്കി ഉണര്‍ത്തിക്കുന്ന വാക്കാകട്ടെ പ്രാതഃകാലത്തു വിടിരുന്ന താമരപ്പൂപോലെ ഗുണയുക്തമാകുകയും ചെയ്യും." അങ്ങനെ അവർ സംഭാഷണം ചെയ്തു കൊണ്ടിരിക്കുമ്പോൾ സിന്ധുരാജപ്രേഷിതയായ ബോധിക മഹാരാജാവിനെ കാണുവാൻ അവിടെ ചെല്ലുകയും തന്റെ യോഗബലംകൊണ്ടു വസുമതീദേവിയുടെ രൂപം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. മഹാരാജാവ് ആ രൂപം കണ്ടു കാമമോഹിതനായിത്തീരുന്നു. ഇത്തരത്തിലാണ് ഈ നാടകത്തിന്റെ ഗതി. വിസ്തരഭയത്താൽ ചുരുക്കുന്നു. അഞ്ചാറു ശ്ലോകങ്ങൾ കൂടി ഈ പ്രകരണത്തിൽ നിന്നു് ഉദ്ധരിക്കാം.

 

"ആനീലകുന്തളവിഡംബിതഭൃംഗശോഭ-
മാദര്‍ശനിര്‍മ്മലകപോലലസന്മുഖേന്ദു
ശൃംഗാരസാരപരികല്പിതഗാത്രയഷ്ടി
മജ്ജീവിതം നയനഗോചരമാവിരാസ്തേ.

 

ലളിതഗമനം ലാവണ്യശ്രീപ്രസൂതിനികേതനം
നയനമധുരം നാളീകശ്രീവിജേതൃമുഖദ്യുതി
നവഘനകചം പിനോത്തുംഗസ്തനസ്തബകോല്ലസ-
ദ്വരതനുവപുഃ സ്മാരം സ്മാരം ബിഭേമി മനോഭവാൽ."

 

അഞ്ചാമങ്കത്തിൽ സിന്ധുരാജാവു വരുമ്പോൾ വഞ്ചിരാജ്യത്തിലെ വൈതാളികന്മാർ മഹാരാജാവിനെ താഴെ കാണുന്ന വിധത്തിൽ സ്തുതിക്കുന്നു.

 

കിഴക്കുവശത്തുനിന്നു:-

 

"പലായദ്ധ്വം ദൂരേ, പരിഹരത വിസ്രംഭമവനൗ,
കളത്രേഷു സ്നേഹം ത്യജത, വിജയീ വഞ്ചിനൃപതിഃ;
ഇതീവൈതൽ കേതുർദ്രുതചലിതചേലാഞ്ചലമിഷാ-
ദ്വിപക്ഷക്ഷോണീശാൻ വിനമയതി സേനാമുഖധൃതഃ.''

 

തെക്കുവശത്തുനിന്നു്:-

 

"ആവൃണ്വന്ത്യോ വിപക്ഷക്ഷിതിധരകടകാൻ ധാതുസാരാൻ ഹരന്ത്യോ
നിഘ്നന്ത്യോ വൈരിതേജശ്ശരജവഗതിഭി, ഹ്ലാദയന്ത്യഃ പ്രജാഃ സ്വാഃ
സന്താപം സംഹരന്ത്യോ ഝടിതി ജനിമതാം സാമരസ്യം വഹന്ത്യോ
വാഹിന്യോ വാഫിനീശം നൃവര, ജയരമാജന്മഭൂമിം ശ്രയന്തേ."

 

വടക്കുവശത്തുനിന്നു:-

 

"ആക്ഷ്വേളം നിജസൈന്യപാദദലിതക്ഷോണീരജോധൂസരാ-
ദിഗ്ഭിത്തീരവലോക്യ കീർത്തിസുധയാ ലിമ്പൻ പുനസ്താഃ ക്ഷണാൽ
സൗവര്‍ണ്ണദ്രവചിത്രതാം സ്വയമയംസ്തദ്ദ്വിട്പുരീദാഹജോ
വഞ്ചിക്ഷോണിപതേധിശത്രുസമിധം ഭാതി പ്രതാപാനലഃ.''

 

പടിഞ്ഞാറുവശത്തുനിന്നു:-

 

"ഗതാഗതകുതൂഹലപ്രചലദൂര്‍മ്മിൽകന്ധരാ-
സ്സമുന്മിഷിതവാഹിനീശതസമുച്ചലൽസംഭ്രമാഃ
നിരന്തരവിസൃത്വരാ വിശദഫേനകൂടോജ്ജ്വലാ-
വിഭാന്തി ഫയപുംഗവാ നൃവര, സിന്ധുപൂഗാ ഇവ.

 

വിചിത്രതരമസ്തകാ വിവിധധാതുരാഗോദയൈ
സ്സകമ്പിതധരാതലാസ്സരസഗണ്ഡശൈലോജ്ജ്വലാഃ
ഗജാ ഇതി സമാഖ്യയാ സപദി ജംഗമക്ഷ്മാഭൃതോ-
പ്യൂപാസത ഇവാനിശം വിജയിവഞ്ചിഭൂവജ്രിണം.”

 

ഒടുവില രണ്ടു പദ്യങ്ങളിലേയും സ്വഭാവോക്തിഭംഗി ആലോചനാമൃതമാകുന്നു. ഗജങ്ങളെന്നു പേരുള്ള ജംഗമപര്‍വ്വതങ്ങൾ വഞ്ചിഭൂ വജ്രപാണിയെ ഉപാസിക്കുന്നതായ് കവി ചെയ്യുന്ന ഉല്ലേഖം പ്രശംസാവഹമാണു്.

 

സിന്ധുരാജപുത്രിയെ വഞ്ചിമഹാരാജാവു് ഒരിക്കലും പാണിഗ്ര ണം ചെയ്തിരുന്നിരിക്കുവാനിടയില്ലാത്തതുകൊണ്ട് ഈ നാടകത്തിലെ ഇതിവൃത്തത്തിൽ നിന്നു വല്ല സാരവും ഗ്രാഹ്യമായുണ്ടെങ്കിൽ, അതു് സിംഹളദ്വീപുമായ് സിന്ധുദേശത്തിൽനിന്നു ആരംഭിക്കുവാനുദ്ദേശിച്ച വാണിജ്യം നീതിസാഗരൻ എന്ന മന്ത്രിയുടെ, അതായതു രാജാകേശവദാസന്റെ, സാമര്‍ത്ഥ്യംകൊണ്ടു് അങ്ങോട്ടോ പാണ്ടിയിലേയ്ക്കാ പോകാതെ തിരുവിതാംകൂറിൽ തന്നെ ഉറപ്പിക്കപ്പെട്ടു എന്നുമാത്രമാകുന്നു. ആലപ്പുഴ ഒരു തുറമുഖമാക്കിയതും അവിടെ സിൻഡ്, കച്ച്, സൂരത്ത് മുതലായ പ്രദേശങ്ങളിൽനിന്നു വണിക്കുകളെ വരുത്തിപ്പാര്‍പ്പിച്ചതും ദിവാൻ കേശവദാസനാണല്ലോ.

 

മറ്റു പ്രകരണങ്ങൾ.

 

നാലാമത്തേതാണ് രസപ്രകരണം. ഇതിൽനിന്നു രണ്ടു ശ്ലോകങ്ങൾമാത്രം എടുത്തുകാണിക്കാം. സംഭ്രമം എന്ന സഞ്ചാരിഭാവത്തിന്റെ ഉദാഹരണം താഴെ ചേര്‍ക്കുന്നു.

 

"രാജാ ഗച്ഛതി രാജമാര്‍ഗ്ഗ ഇതി ഹി ശ്രുതൈവ പൗരാംഗനാ-
സ്ത്യക്ത്വാ സ്വം ഗൃഹകൃത്യജാതമചിരാദാരുഹ്യ സൗധസ്ഥലീഃ
മുക്ത്വാ മണ്ഡനപൂരണേപ്യഭിരുചിം തദൃശനാൽകണ്ഠയാ
പ്രോൽഫുല്ലായതലോചനാസ്സുരസതീസ്സംസ്കാരയന്തി സ്ഫുടം."

 

ഭാവസന്ധിക്ക് ഉദാഹരണം.

 

"സംസ്മൃത്യ പൂർവിഭവാനധിഗത്യ സേവാം
വഞ്ചീശ്വരസ്യ കരദീകൃതഭൂമിപാലാഃ
തൽപ്രാഭവം സമവലോക്യ ദൃഗന്തനിര്യൽ-
ബാഷ്പാംബുഭിഃ പ്രകടയന്തി രസാനനേകാൻ."

 

ദോഷഗുണാലങ്കാരാദിപ്രകരണങ്ങളെ സ്പര്‍ശിക്കുവാൻപോലും സ്ഥലമനുവദിക്കുന്നില്ല. ഒടുവിൽ താഴെകാണുന്ന ശ്ലോകംകൊണ്ടു കവി തന്റെ ഗ്രന്ഥം സമാപിപ്പിക്കുന്നു.

 

"ആകല്പമാദിമരസോചിതഭാവബന്ധാം
ഭൂകന്യകാമണിമിമാം ഭുജകേളിധാമ്നി
പ്രേമ്ണാബ്ജനാഭശരണാഗതവഞ്ചിബാല-
ശ്രീരാമവർമ്മകുലശേഖരരാഡ്വിഹർത്തു.''

 

അങ്ങനെ ഗ്രന്ഥം അവസാനിപ്പിച്ചതിനുമേൽ ഒരു ശ്ലോകം കൂടി കവി എഴുതിച്ചേർത്തുകാണുന്നു. അതും കൂടി ഇവിടെ ഉദ്ധരിക്കാം.

 

"അചമൽകൃതാപി മൽകൃതി-
രംഗീകാരാത്തവേയമതിധന്യാ;
അവിലാസകലാകുശലാ-
പ്യനുരാഗാദിവ കുലാംഗനാ ഭർത്തുഃ"

 

"എന്റെ കൃതി ചമൽകാരമില്ലാത്തതാണെങ്കിലും, അല്ലയോ മഹാരാജാവേ, അവിടുത്തെ അംഗീകരണം സിദ്ധച്ചതിനാൽ അത്യന്തം ധന്യയായ്ത്തീർന്നിരിക്കുന്നു. വിലാസകലയിൽ കുശലയല്ലെങ്കിലും ഭർത്താവിന്റെ അനുരാഗം നിമിത്തം കുലസ്ത്രീ എങ്ങനെയോ അതുപോലെ."

 

മേൽ ഉദ്ധരിച്ച പദ്യങ്ങളിൽനിന്നു സദാശിവദീക്ഷിതർ ഒരു വിശിഷ്ടകവിയാണെന്നു കാണാവുന്നതാണു്. സംസ്കൃതത്തിലും പ്രാകൃതത്തിലും ഒന്നുപോലെ ഹൃദയംഗമമായ രീതിയിൽ കവനം ചെയ്യുവാൻ അദ്ദേഹത്തിനു പാടവമുണ്ടായിരുന്നു. ആ കവിപുംഗവൻ തന്റെ കൃതി അചമൽകൃതയാണെന്നു വിനയപ്രകടനത്തിനുവേണ്ടി പറയുന്നു എങ്കിലും അതിൽ അശേഷം വാസ്തവമില്ല. ധര്‍മ്മരാജാവിന്റെ സ്മരണ തിരുവിതാംകൂറുകാര്‍ക്കെന്നപോലെ കൊച്ചിക്കാര്‍ക്കും മലബാർകാര്‍ക്കും ഇന്നും എന്നും പുളകപ്രദമാകുന്നു. അദ്ദേഹത്തിൻ്റെ വിവിധങ്ങളും അപൂർവങ്ങളുമായ സൽഗുണങ്ങളെ ഇത്ര ദീർഘമായും ഹൃദ്യമായും വര്‍ണ്ണിക്കുന്ന ഒരു പ്രബന്ധം വേറെയില്ല.

 

"സ ഏവ ദേവോ ഭുവനേബ്ജനാഭ-
സ്സ ഏവ ദേശസ്തദുപാഹിതർദ്ധിഃ;
സാനന്തപുര്യേവ പുരീ; സ വഞ്ചി-
ക്ഷിതീശ ഏവ ക്ഷിതിപാലകോപി."

 

അതായതു് "ആ ശ്രീപത്മനാഭൻതന്നെയാണ് ദേവൻ. അവിടുന്നു നല്കുന്ന സമൃദ്ധിയോടുകൂടിയ തിരുവിതാംകൂർ തന്നെയാണു് ദേശം; ആ തിരുവനന്തപുരം തന്നെയാണ് പുരം; ആ ധര്‍മ്മരാജാവ് തന്നെയാണു് രാജാവു്.'' ഈ പദ്യത്തിൽനിന്നു നമ്മുടെ കവിക്കു വഞ്ചിഭൂമിയുടേയും കാര്‍ത്തികതിരുനാൾ മഹാരാജാവിന്റെയും പേരിൽ എത്രമാത്രം ഭക്തി പാരവശ്യമുണ്ടായിരുന്നുവെന്നു് അനുമാനിക്കാവുന്നതാണു്. 'ബാലരാമവര്‍മ്മയശോഭൂഷണം' അചിരേണ മുദ്രിതമാകുമെന്നു വിശ്വസിക്കുന്നു.