Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / ഭ്രമരസന്ദേശവും വാസുഭട്ടതിരിയും ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഭ്രമരസന്ദേശവും വാസുഭട്ടതിരിയും

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സമസ്തകേരള സാഹിത്യപരിഷത്തി'ന്റെ വകയായ് പ്രസിപ്പെടുത്തുന്ന ത്രൈമാസികപത്രത്തിന്റെ രണ്ടാം ലക്കത്തിൽ, ഞാന്‍ 'ഭ്രമരസന്ദേശ' കാവ്യത്തെ അധികരിച്ച് എഴുതിയ ഉപന്യാസത്തില്‍ വാസുദേവകവി ഏതു ദേശക്കാരനാണെന്നു നിശ്ചയമില്ലെന്നും അദ്ദേഹം ആ കാവ്യം രചിച്ചതു, കൊല്ലം ൭൯൭-മാണ്ടിലായിരിക്കണമെന്നും ഉപന്യസിച്ചിരുന്നു. ആ ഉപന്യാസത്തിന്റെ ഒടുവിൽ താഴെ കാണുന്ന വിധത്തിൽ ഒരു പത്രാധിപക്കുറിപ്പു ചേർത്തു കാണുന്നു: “മേല്പുത്തൂർ നമ്പൂതിരിയുടെ കൃതിയാണെന്നു വിശ്വസിച്ചുവരുന്ന 'ധാതുകാവ്യ'ത്തിന്റെ ആരംഭശ്ലോകം


"ഉദാഹൃതം പാണിനിസൂത്രമണ്ഡലം
പ്രാഗ്വാസുദേവേന, ത്വദ്ദൂഽദ്ധ്വതോഽപരഃ
ഉദാഹരത്യദ്യ വൃകോദരോദിതാൻ
ധാതൂൻ ക്രമേണൈവ ഹി മാധവാശ്രയാൽ"


എന്നാണു്. പാണിനിസൂത്രങ്ങളെ ഉദാഹരിച്ചുകൊണ്ടു, 'വാസുദേവകവി' നിഽമ്മിച്ചിട്ടുള്ള 'വാസുദേവവിജയ'ത്തിന്റെ തുടച്ചയായിട്ടാണ് 'ധാതുകാവ്യം' രചിക്കപ്പെട്ടിട്ടുള്ളത്. ഈ വാസുദേവകവിയെപ്പറ്റി, ധാതുകാവ്യവ്യാഖ്യാതാവ് ഇങ്ങനെ പറയുന്നു:-“വാസുദേവോ നാമ കേരളേഷു 'പുരുവന’ഗ്രാമജന്മാ കശ്ചിദ്വിജന്മാ'' വാസുദേവവിജയവും 'നാരായണീയം'പോലെ ദേധാ സാർത്ഥകമാണ്. ഏതാനും ഭട്ടികാരീതിയിൽ രചിച്ചിട്ടുള്ള 'വാസുദേവവിജയ'വും, 'ധാതുകാവ്യ'വും, 'കാവ്യമാല' ൧൦-ാംഖണ്ഡത്തിൽ അച്ചടിച്ചിരിക്കുന്നു. 'വാതുപട്ടതിരി' എന്ന പ്രസിദ്ധനായ കവിയും ഇദ്ദേഹം തന്നെയായിരിക്കാം. 'ഭ്രമരസന്ദേശ'ത്തിന്റെ കര്‍ത്താവും 'വാസുദേവവിജയ'ത്തിന്റെ കര്‍ത്താവും ഒരാളായിരിപ്പാന്‍ ധാരാളം വഴിയുണ്ടു്. അദ്ദേഹം സാക്ഷാൽ മേൽപുത്തൂരിന്റെ സമകാലികനോ, അടുത്ത പ്രാക്കാലത്തിൽ ഉണ്ടായിരുന്നാളോ ആയിരിക്കണം.


ഭ്രമരസന്ദേശകാരൻ മേല്‌പുത്തൂരിന്റെ സമകാലികനായിരുന്നു എന്നുള്ള വസ്തുത ഞാൻ ഇദംപ്രഥമമായ് എന്റെ 'വിജ്ഞാനദീപിക' എന്ന പുസ്തകത്തിലും, അതിനെത്തുടര്‍ന്നു ആ സന്ദേശത്തെ വിഷയമാക്കി ത്രൈമാസികത്തിൽ പ്രസിദ്ധപ്പെടുത്തിയ (മേൽ സൂചിപ്പിച്ച) ഉപന്യാസത്തിലും വിശദമാക്കീട്ടുണ്ടു്.


"ഹേരംബേണ പ്രഥിതവിഭവാം”
"സൂക്തം നാരായണകവിമുഖാംഭോജനിഷ്യന്ദമാനം"


ഈ രണ്ടു ഭ്രമരസന്ദേശപദ്യങ്ങളേയുംകാൾ കൂടുതൽ തെളിവു് ഈ വിഷയത്തിൽ ആവശ്യമില്ല. മേൽപുത്തൂരിനു സ്വല്പം മുൻപായിരിക്കണം ഈ സന്ദേശകാരന്റെ ജനനകാലം എന്നും, അദ്ദേഹം 'വാസുദേവവിജയ'ത്തിന്റെ കര്‍ത്താവിൽനിന്നു ഭിന്നനല്ലെന്നും, അദ്ദേഹവും വാതുപട്ടതിരിയും ഒരാൾതന്നെ ആയിരിക്കാമെന്നും ഉള്ള ഊഹങ്ങളോടു് എനിക്കു യോജിക്കുവാൻ നിവൃത്തിയില്ല. അതിനുള്ള കാരണങ്ങൾ താഴെ പ്രസ്താവിച്ചുകൊള്ളുന്നു.


'വാതുപട്ടതിരി' അഥവാ 'വാസുഭട്ടതിരി' എന്ന പേരിൽ നാമറിയുന്നതു, 'യുധിഷ്ഠിരവിജയ'മെന്ന സുപ്രസിദ്ധയമകകാവ്യത്തിന്റെ പ്രണേതാവിനെയാണു്. അദ്ദേഹം ഏതുകാലത്തു ജീവിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ കൃതികൾ ഏതെല്ലാമെന്നും ആദ്യമായ് പരിശോധിക്കാം. യുധിഷ്ഠിരവിജയം എട്ടാശ്വാസങ്ങളിലുള്ള ഒരു കാവ്യവും, അതു 'കാവ്യമാല' ൬-ാം നമ്പ്രായി, അതിന്റെ ഭാരവാഹികൾ കാശ്മീരജനും ധൌമ്യായനനുമായ രാജാനകശങ്കരകണ്ഠന്റെ പുത്രൻ രാജാനകരത്നകണ്ഠന്റെ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധപ്പെടുത്തീട്ടുള്ളതും ആകുന്നു. രത്നകണ്ഠന്റെ ടീകയുടെ നിമ്മിതി, അറങ്‌ഗസീബ് ചക്രവത്തിയുടെ രാജ്യഭാരകാലത്തിൽ, ക്രി. പി. ൧൬൬൧-ൽ ആണെന്ന് അദ്ദേഹംതന്നെ,


"രാമാങ്കേഷു ശശാങ്കെഃ (൧൫൯൩ ശകാബ്ദം) പ്രമിതേ വര്‍ഷേശകേന്ദ്രാണാം
അവരങ്ഗശാഹിഭൂപേ ശാസതി സതി മേദിനീചക്രം;
ധര്‍മ്മാത്മജവിജയാഖ സുഗഭീരേ സന്നിബന്ധോഽസ‌്മിൻ
ടീകാ ശിഷ്യഹിതൈഷാ വിധീയതേ 'രത്നകണ്ഠേ'ന"


എന്ന പദ്യങ്ങളിൽ പ്രകടമായ് രേഖപ്പെടുത്തീട്ടുണ്ടു്. യുധിഷ്ഠിരവിജയം പ്രഥമാശ്വാസത്തിലേ അധോലിഖിതങ്ങളായ പദ്യങ്ങളിൽനിന്നു്, ആ കാവ്യത്തിന്റെ പ്രണതാവിനെപ്പറ്റി ഏതാനും ചില വിവരങ്ങള്‍ നമുക്കു ലഭിക്കുന്നു.


"അസ്തി സ് ഗജരാജഗതീ രാജവരോ, യേന ഗതശുഗജരാ ജഗതീ
ഭീഷണമധികം കവയഃ സ്തുവന്തി ജന്യം യദീയമധികങ്കവയഃ.


തരവോ ഭൂരിച്ഛായാഃ സമാനഫലദായിനീ ച ഭൂരിച്ഛായാഃ;
സവിനയശോഭാ ജനതാ യദ്രാജ്യേ; യസ്യ ഭൂവി യശോഭാജനതാ.


തസ്യ ച വസുധാമവതഃ കാലേ കുലശേഖരസ്യ വസുധാമവതഃ
വേദാനാമധ്യായി 'ഭാരതഗുരു'രഭവദാര്യനാമധ്യായീ.


യം പ്രാപ രമാചാര്യം ദേവീ ച ഗിരാം പുരാണപരമാചാര്യം
യമശുഭസന്തോദാന്തം പരമേശ്വരമുപദിശന്തി സന്തോ ദാന്തം.


ജ്ഞാനസമഗ്രാമേയം നിവസന്തം വിപ്രസത്തമഗ്രാമേ യം
തിലകം ഭൂമാവാഹുർയസ്യാര്‍ത്ഥിഷു ദത്തഭൂതിഭൂമാ വാഹുഃ


സമജനി കശ്ചിത്തസ്യ പ്രവണഃ ശിഷ്യോഽനുവര്‍ത്തകശ്ചിത്തസ്യ,
കാവ്യാനാമാലോകേ പടുമനസോ വാസുദേവനാമാ ലോകേ.


കീർത്തിമദഭ്രാം തേന സ്‌മരതാ ഭാരതസുധാമദഭ്രാന്തേന
ജഗദുപഹാസായ മിതാ പാര്‍ത്ഥകഥാ കല്ല്മഷാപഹാ സാ യമിതാ"


"ഗജരാജഗതിയും രണശൂരനും പ്രജാക്ഷേമൈകദീക്ഷിതനും ആയ 'കുലശേഖരൻ' എന്ന മഹാരാജാവു രാജ്യപരിപാലനം ചെയ്തുകൊണ്ടിരിക്കുന്ന കാലത്തു്, വേദാദ്ധ്യായിയായും ഭഗവൽഭക്തനായും, 'ഭാരതഗുരു' എന്ന ഒരു പണ്ഡിതൻ ജീവിച്ചിരുന്നു. പുരാണപരമാചാര്യനായ അദ്ദേഹത്തെ ലക്ഷ്മിയും സരസ്വതിയും ഒന്നുപോലെ അനുഗ്രഹിച്ചു; അശുഭവ്യഥയേ ഭഞ്ജിക്കുന്ന ആ ദാന്തനേ സത്തുക്കൾ 'പരമേശ്വരൻ' എന വിളിച്ചുവന്നു. വിപ്രസത്തമന്മാരുടെ ഗ്രാമത്തിൽ നിവസിക്കുന്ന ജ്ഞാനസമഗ്രനും അമേയനുമായ അദ്ദേഹത്തെ ജനങ്ങൾ ഭൂമിയുടെ തിലകനെന്നും പറഞ്ഞുവന്നു. അദ്ദേഹത്തിന്റെ (വാഹു) ബാഹു അർത്ഥികൾക്കു് ധാരാളം ധനം വിതരണം ചെയ്തിരുന്നു. കാവ്യാവഗാഹത്തിൽ പ്രഗല്ഭമാനസനായ ആ ഗുരുവിന്റെ ഹിതാനുവര്‍ത്തിയും, പ്രവണനുമായ ശിഷ്ടനായ്, വാസുദേവനെന്നു പേരോടുകൂടിയ ഒരാളും അക്കാലത്തു ജീവിച്ചിരുന്നു. 


ഭാരതസുധ ആസ്വദിച്ചു മദഭ്രാന്തനായിത്തീന്ന ആ വാസുദേവൻ വലുതായ കീര്‍ത്തിയിൽ കൊതിയോടുകൂടി പാവനമായ പാര്‍ത്ഥചരിതം സംക്ഷിപ്തമായി, ലോകോപഹാസത്തിന് ഉതകത്തക്കവിധത്തിൽ, ഒരു യമകകാവ്യമായി നിബന്ധിച്ചു എന്നാണു് ഈ ശ്ലോകങ്ങളുടെ താൽപര്യം. ഇതിൽനിന്നു യുധിഷ്ഠിരവിജയകര്‍ത്താവായ വാസുദേവകവി 'കുലശേഖരന്റെ രാജ്യഭാരകാലത്തു, ഭാരതഗുരുവിന്റെ ശിഷ്യനായി കേരളത്തെ അലങ്കരിച്ചിരുന്നു എന്നു വെളിവാകുന്നു. പ്രസ്തുതകാവ്യത്തിന്റെ പ്രകാശിതമായ ഒരു ഭാഷാവ്യാഖ്യാനത്തിൽ, "കുലശേഖരൻ = കുലശേഖര ചക്രവർത്തി; ഭാരതഗുരു = ഭാരതഭട്ടൻ." എന്നിങ്ങനെ ആ രണ്ടു പദങ്ങൾക്കും അര്‍ത്ഥം കുറിച്ചുകാണുന്നു. മറ്റൊരു സംസ്കൃതവ്യാഖ്യയിൽ "ഭാരതഗുരുഃ = ഭാരതാര്‍ത്ഥോപദേഷ്ടാ" എന്നു കാണുന്നതിൽനിന്നു്, അതു് അദ്ദേഹത്തിന്റെ ഒരു ബിരുദപ്പേർ മാത്രമായിരുന്നു എന്നും, യഥാ നാമധേയം 'പരമേശ്വരൻ' എന്നുതന്നെ ആയിരിക്കണമെന്നും ഊഹിക്കാവുന്നതാണു്. 'കേരളോൽപത്തി'യിൽ 'കുലശേഖരൻ' എന്ന പതിനേഴാമത്തെ പെരുമാൾ കേരളത്തിൽ രക്ഷാപുരുഷനായി വന്നപ്പോൾ, "മഹാഭാരതഭട്ടതിരിയും, വാസുദേവഭട്ടതിരിയും പെരുമാളെ കണ്ടു വന്ദിച്ചു; പെരുമാൾക്ക് അനുഗ്രഹവും കൊടുത്തു" എന്നു പ്രസ്താവിച്ചിരിക്കുന്നു. ഈ കുലശേഖരപ്പെരുമാൾ ഏതോ ഒരു ചേരരാജാവായിരുന്നു എന്നുള്ളതു നിര്‍വ്വിവാദമാണു്.


വാസുദേവഭട്ടതിരി 'യുധിഷ്ഠിരവിജയ'ത്തിനു പുറമേ, രണ്ടോ മുന്നോ യമകകാവ്യങ്ങൾകൂടി നിമ്മിച്ചിട്ടുണ്ടു്. 'ത്രിപുരദഹന'വും, 'ശൌരികഥ'യും (അഥവാ 'ശൗരികഥോദയം') അദ്ദേഹത്തിന്റെ കൃതികൾ തന്നെ എന്നു നിസ്സംശയമായി പറയാം. ത്രിപുരദഹനത്തിൽ മൂന്നും, ശൗരികഥയിൽ ആറും ആശ്വാസങ്ങൾ അടങ്ങീട്ടുണ്ട്. ഈ രണ്ടു കൃതികളും അച്ചടിച്ചിട്ടില്ല. താഴെ ഉദ്ധരിക്കുന്ന പദ്യങ്ങൾ 'ത്രിപുരദഹന'ത്തിൽ ഉള്ളതാണ്.


"അസ്തി സ കവിലോകനതഃ ക്ഷിതിഭൃ, ദരിർയസ്യ സൈനികവിലോകനതഃ
ബഹുവിപദി ക്ഷുദ്രവതി ക്ഷാഭൃതി കുര്‍വൻ പദാനി ദിക്ഷുഭൂവതി


സാധൂനാം പാതാ, യഃ സ്ഥിരവ്രതോ യശ്ച പാപിനാം പാതായ
യസ്മാദുര്‍വ്യാ പാരം പ്രീതിം യസ്യാമലം വിദുര്‍വ്യാപാരം.


സ്വപദപയോജനതേയം സദൈവ സമ്പാദകം ശ്രിയോ ജനതേയ
ഭൂതിധരം വ്യാലപതിസ്‌ഫൂര്‍ത്ത്‌കരം രാജശേഖരം വ്യാലപതി.


രാമസമത്വാദേവ സ്രഷ്ടാ രാമാഖ്യമകൃത മത്വാ ദേവഃ
യം സ ച രക്ഷോപായം ചക്രേഽസ്യ ച കര്‍മ്മജനിതരക്ഷോപായം.


നിജയാ തന്വാ നേത്രപ്രമോദനം പ്രാണിനാം വിതന്വാനേഽത്ര
മതിബലമാസാദ്യ മിതം പുരദഹനം രവിഭവാ സമാസാദ് യമിതം.


ഈ പദ്യങ്ങളിൽനിന്നു, 'രവിഭൂ' അതായതു 'രവി'യുടെ ... ഒരു കവി, കവികൾക്കു് ആരാധ്യനും, 'രാജശേഖരൻ' എന്ന ബിരുദത്താൽ അലംകൃതനും ആയ 'രാമ'നെന്നു തിരുനാമമുള്ള ഒരു മഹാരാജാവിന്റെ കാലത്താണു്, ത്രിപുരദഹനം രചിച്ചതെന്നു വെളിപ്പെടുന്നു. അധോലിഖിതങ്ങളായ പദ്യങ്ങൾ 'ശൌരികഥ'യിൽ കാണുന്ന


"അനതദേവം ദേഹം പുംസഃ പരമസ്യ സമ്പദേ വന്ദേഽഹം;
യം പദമംബുധ്യന്തേ യതയോ യത്തത്ത്വമുത്തമം ബുധ്യന്തേ.


ജയതി സുധാമാ രാമഃ ക്ഷിതിപാലഃ കാവ്യവീരുധാമാരാമഃ;
ദധദിഭമസ്തകലീലാമംസേന ബിഭർത്തി യോഽയമസ്തകലീലാം.


അസ്യാം മേ യമിതായാം ശൌരികഥായാം ശുഭപ്രമേയമിതായാം
കരുണാലേശം സന്തഃ കുര്‍വന്തു കവേർബ്ബലാബലേ ശംസന്തഃ"


ഈ പദ്യങ്ങളിൽനിന്നു്, ഈ കാവ്യവും രാമാഭിധാനനായ ഒരു രാജാവു രാജ്യഭാരം ചെയ്തകാലത്തു നിര്‍മ്മിക്കപ്പെട്ടതാണെന്നു സിദ്ധിക്കുന്നു. ബാണയുദ്ധാവസാനംവരെ മാത്രമേ ഈ കാവ്യം കണ്ടു കിട്ടീട്ടുളളൂ.


ഈ രണ്ടു കാവ്യങ്ങൾക്കും 'വന്ദേഹം പുരുഷോത്തമാഭിധന...സ്വത്യാഖ്യമസ്മദ്ഗുരും' എന്നു താൻ അഭിവാദനം ചെയ്യുന്ന “പുരുഷോത്തമസരസ്വതി”യുടെ ശിഷ്യനും 'ഈശാന'ന്റെ പുത്രനുമായ 'നീലകണ്ഠൻ' എന്ന പണ്ഡിതൻ ഓരോ വൃത്തി രചിച്ചിട്ടുണ്ടു്. ത്രിപുരദഹനത്തിന്റെ വൃത്തിക്കു 'അര്‍ത്ഥപ്രകാശിക' എന്നാണു പേർ. അതില്‍ താഴെ ഉദ്ധരിക്കുന്ന പദ്യങ്ങൾ കാണുന്നു.


"അര്‍ത്ഥപ്രകാശികാ നാമ്‌നാ വ്യാഖ്യാ പൌരദഹന്യസൌ
ക്രിയതേ നീലകണ്ഠേന ഗൌരീശാസനസംഭവാ.


ദുരിതഹരണദക്ഷം സൂര്യസോമാനലാക്ഷം
ക്ഷപിതസുരവിപക്ഷം ക്ഷീണദോഷാക്ഷലക്ഷ്യം
മഹിഷശിരസി രാജന്മുക്തിപൂർവ്വസ്ഥലേ യൽ
കൃതവസതി സരാഗം പാതു ദൌര്‍ഗ്ഗം മഹസ്തൽ.


ജഗതി വിദിതകീര്‍ത്തൌ രാജരാജേ നരേന്ദ്രേ
ക്ഷിതിതലമിദമൃദ്ധം പാതി രാമേണ സാകം
രചയതി മിതമേതാം വൃത്തിമല്പേതരാര്‍ത്ഥാം
ഗളിതഗഹനഭാവാം നീലകണ്ഠാ ദ്വിജാഗ്ര്യഃ


ത്രിപുരദഹനസംജ്ഞം കാവ്യമേതദ്വിധാതും
കവിരഥ രവിസൂനുർവാസുദേവാഭിധാനഃ
നിരുപമചരിതേന സ്വച്ഛമീശാനസംജ്ഞം
നതജനഹിതദം തം നൌമി വിഘ്നനാതിഭീതഃ"


താഴെ ഉദ്ധരിക്കുന്ന പദ്യങ്ങൾ "തത്വപ്രകാശിക” എന്ന ശൗരികഥാവ്യാഖ്യാനത്തിന്റെ ആരംഭത്തിലുള്ളതാകന്നു.


"മഹിഷപ്രോഥനിഫിതചരണം കാരണം മഹഃ
മുർമ്മുക്തിസ്ഥലാസ്ഥാനം ദൗര്‍ഗ്ഗം ദുര്‍ഗ്ഗം ഭജേ മുഹുഃ.


യദനുഗ്രഹതഃ പുംസാം മതിർദ്ദർപ്പണനിര്‍മ്മലാ
യതീശം തം ഗുരും വന്ദേ ത്രയ്യന്തോദധിപാരഗം.


തത്വപ്രകാശികാനാമ്നാ വ്യാഖ്യാ ശൌരികഥാശ്രയാ
ക്രിയതേ നീലകണ്ഠേന ശ്രുതാര്‍ത്ഥപരിശുദ്ധയേ''.


അവസാനത്തിൽ,


"രാമവർമ്മനൃപതൌ മഹീമിമാം പാതി സാകമിവ ഗോദവര്‍മ്മണാ
നീലകണ്ഠം ... ... ... ... സാകൃതാ വൃത്തിരാന്ധ്യമതിദോഷഹന്ത്ര്യസൌ.


യൽകൃപാലേശതോയജ്ഞോഽപി സുരാചാര്യസമോ ഭവേൽ
കര്‍മ്മന്ദിവൃന്ദവദ്യം തം ഗുരും വന്ദേ യതീശ്വരം.


ശ്രുതമപി ഗുരുമുഖ്യാദ്വക്തുമർത്ഥം ന ദക്ഷോ
ബഹുദിനമനുചിന്താഹാനിദോഷേണ യസ്യ
മനസി ജനിതതാപം തസ്യ ഹാതും കൃതേയം
മഹതി യമകകാവ്യേ വൃത്തിരേഷാ സ്‌ഫുടാര്‍ത്ഥാ


മുക്തിസ്ഥലോഭവസിതോ ഗിരിരാജകന്യാ-
പാദാബ്ജധൂളിരനിശം നിഗമാന്തസേവീ
ഗോവിന്ദഭക്തിരസസംഭൃതിഭുഗ്നകണ്ണോ
വ്യാഖ്യാമിമാം വ്യരചയൽ ഖലു നീലകണ്ഠഃ”


ഈ പദ്യങ്ങളും കാണുന്നുണ്ടു്. ത്രിപുരദഹനവൃത്തിയിലെ പദ്യങ്ങളില്‍നിന്നു “രവിഭൂഃ” എന്നു ത്രിപുരദഹനത്തിൽ തന്നെപ്പറ്റി പ്രസ്താവിക്കുന്ന കവി വാസുദേവൻ തന്നെയെന്നു വ്യക്തമാകുന്നു. ഇതിനു പുറമേ “രവിഭൂവാ" എന്ന പദം നീലകണ്ഠൻ, "രവിര്‍ന്നാമ അസ്യ കവേഃ പിതാ; തോ ഭവതീതി രവിഭൂഃ; തേന വാസുദേവനാമ്‌നാ" എന്നു സ്പഷ്ടമായി വ്യാഖ്യാനിക്കുന്നുമുണ്ടു്. ആ വ്യാഖ്യാതാവു "മുക്കൊല" ദേശക്കാരനും മുക്കൊലദ്ദേവിയുടെ പരമഭക്തനും വേദാന്തവിജ്ഞനുമായിരുന്നു എന്നും ഇതിനു പുറമേ അദ്ദേഹത്തിനു പുരുഷോത്തമസരസ്വതിക്കു പുറമേ 'ഗോവിന്ദൻ' എന്നൊരു ഗുരുകൂടിയുണ്ടായിരുന്നു എന്നും, കൊച്ചി രാജ്യം രാജരാജൻ യുവരാജാവായ രാമവര്‍മ്മാവോടുകൂടി പരിപാലിച്ചിരുന്ന കാത്താണ് അര്‍ത്ഥപ്രകാശിക നിമ്മിച്ചതെന്നും അതു കഴിഞ്ഞു രാമവർമ്മാവു് മഹാരാജാവായും ഗോദവർമ്മാവു യുവരാജാവായും വാണ കാലത്താണ് തത്വപ്രകാശികയുടെ നിര്‍മ്മിതി എന്നുംകൂടി വായനക്കാക്കു് ഈ പദ്യങ്ങളിൽനിന്നു ഗ്രഹിക്കാവുന്നതാണല്ലോ. "ഈ രാമവര്‍മ്മാവാണ് "കാശിക്കു് എഴുന്നള്ളിയ തമ്പുരാൻ" എന്ന് അറിയപ്പെടുന്നതു്. അവിടുന്നു ക്രി.പി. ൧൬൦൧-ൽ തീപ്പെട്ടു.


ശൌരികഥാവ്യാഖ്യയിൽ "അഹമിതി കവിരാത്മാനം നിർദ്ദി...തി; വാസുദേവനാമാഹമിത്യർത്ഥഃ” എന്നും "സമ്പ്രതി സ്വകൃതകാവ്യ ഗുണവദപി മത്സരഗ്രസ്തതയാ കേചിന്ന ഗൃഹ്‌ണന്തി ഇതി രാജവല്ലഭാ യാപി സ്വകൃതകാവ്യപ്രചയസിദ്ധ്യർത്ഥം തൽക്കാലവര്‍ത്തിനം രാജാന സ്തൌതി. രാമഃ =രാമാഖ്യഃ; ക്ഷിതിപാലോ രാജാ ജയതി ഇത്യർത്ഥഃ" എന്നുമുള്ള നീലകണ്ഠന്റെ വാക്യങ്ങൾ ആ യമകകാവ്യത്തിന്റെ നിര്‍മ്മാതാവും വാസുദേവകവിതന്നെയെന്നും അദ്ദേഹം 'രാമൻ' എന്ന രാജാവിന്റെ കാലത്തുതന്നെയാണു ജീവിച്ചിരുന്നതെന്നും തെളിയിക്കുന്നു.


ത്രിപുരദഹനത്തിനു ഗോകർണ്ണത്തുകാരനും നിത്യപ്രിയമുനിയുടെ പുത്രനുമായ മറ്റൊരു പണ്ഡിതന്റെ 'പദാർത്ഥദീപിക' എന്നൊരു വ്യാഖ്യാനവും ഞാൻ വായിച്ചിട്ടുണ്ട്.


“പുരദഹനാഘ്രിം നത്വാ കുരുതേ നിത്യപ്രിയാഖ്യമുനിതനയഃ
ടീകാം പദാർത്ഥദീപിക്യാഖ്യാം പുരദഹനനാമയമകസ്യ”.


എന്ന പദ്യം അതിൽ കാണുന്നു.


'നളോദയം' എന്ന പ്രശസ്തമായ യമകകാവ്യത്തിന്റെ കർതൃത്വം, കുറെക്കാലത്തേയ്ക്കും പണ്ഡിതന്മാർ 'കാളിദാസ'നിൽ ആരോപിച്ചിരുന്നു. 'രഘുവംശത്തിൽ, 'ദ്രുതവിളംബിത വൃത്തമായിട്ടുകൂടിയും അതിൽ 'മനസ്സില്ലാമനസ്സോടെ' മാത്രം യമകനിബന്ധനം ചെയ്ത ആ മഹാകവി മൂർദ്ധന്യനായിരിക്കുകയില്ല, യമകജടിലതയ്ക്കു പരമോദാഹരണമായ 'നളോദയ'ത്തിന്റെ പ്രണേതാവ് എന്നു സഹൃദയന്മാര്‍ക്കു ധാരാളം വിശ്വസിക്കാമായിരുന്നു എങ്കിലും, അതിനു വേണ്ട രേഖകൾ അവര്‍ക്കു അന്നു അധീനമായിരുന്നില്ല. ഈ ന്യൂനത തിരുവിതാംകൂർ പുരാണവസ്തുസംരക്ഷകനായിരുന്ന ശ്രീമാൻ ഏ. എസ്. രാമനാഥയ്യരുടെ ശ്രമത്താൽ ഏതാനും കൊല്ലങ്ങൾക്കു മുൻപു പരിഹൃതപ്രായമായി. ചില താളിയോലഗ്ര ന്ഥങ്ങളിലും (ക്രി. പി. ൧൬൦൮) രാമര്‍ഷിയുടെ വ്യാഖ്യാനത്തിലും ഈ കാവ്യം 'രവിദേവ'വിരചിതമെന്നു പ്രസ്താവിച്ചിട്ടുണ്ടു്. എന്നാൽ തിരുവനന്തപുരത്തു വലിയ കൊട്ടാരം വക 'ഗ്രന്ഥപ്പുര'യിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള 'നളോദയ'ത്തിന്റെ ഒരു താളിയോലഗ്രന്ഥത്തിൽ താഴേ ഉദ്ധരിക്കുന്ന പദ്യങ്ങൾ കാണുന്നു.


"അസ്തി സ രാജാ നീതേ രാമാഖ്യോ യോ ഗതിഃ പരാ ജാനീതേ
യസ്യ രരാജാനീതേ രത്നാനി ജനഃ കുലേ ധരാജാനീതേ.


യസ്സേനാനാവാരിപ്രകരനദീഃ ശരമയം ധുനാനാവാരി
അതരന്നാനാവാരി വ്യസനൈർ ഭൂവി വനം ച നാനാവാരി.


അപിയോദായാദായക്ഷയപ്രദോഽംഹസി സതാം യദായാദായഃ
കരമാദായാദായ ശ്രിയോഽബ്‌ധിരധിരാജമസിഗദായാദായഃ


അപിദൂരാജാദിത്യാ കൃതാല്പഭേദൈവ ഭൂഃസരാജാദിത്യാ
യേന സ രാജാദിത്യാ ത്രിദിവാത് സംയുക്തശത്രുരാജാദിത്യാ.


ഖലസേനാനാവേദ്യഃ സ്വാംഹോബ്‌ധൗ ഭൂവി ച യസ്യ നാനാവേ
സ്നിഗ്ദജനാനാവേദ്യ പ്രയതോഽസ്യ സുകാവ്യവിരചനാനാവേദ്യ".


ഈ ശ്ലോകങ്ങൾ ഇപ്പോൾ പ്രകാശിതമായിരിക്കുന്ന 'നളോദയ'ത്തിന്റെ ഉപോദ്ഘാതരൂപത്തിലുള്ളവതന്നെ എന്ന് ഇവ ഓരോന്നിലും നാലു പാദങ്ങളിലും ഘടിതമായി കാണുന്ന അനന്യസുലഭമായ യമകപ്രാസത്തിൽനിന്നു് അനുമിക്കാം. 'നളോദയ'ത്തിന്നു 'വിഷ്ണു' എന്നൊരു പണ്ഡിതൻ ഒരു വ്യാഖ്യാനം നിഽമ്മിച്ചിട്ടുണ്ടു്. അതിൽ "ഇതി നളോദയേ വാസുദേവേന കൃതേ ചതു‌ര്‍ത്ഥഃ പരിച്ഛേദഃ" എന്നു കാണുന്നതിനു പുറമേ,


"രവിതനുഭൂയമിതായാഃ കൃതേതു‌ര്‍ഗ്ഗതിശ്ശബ്ദചിത്രഭൂയമിതായാഃ
ജനഹാസായ മിതായാധിയശ്ച വിവൃതാ മയാധുനാ യമിതായാഃ"


എന്നു മൂലത്തിന്റെ തോതുപിടിച്ചുതന്നെ വാഖ്യാതാവു രചിച്ച ഒരു പദ്യവും കാണുന്നുണ്ടു്. 'രവിതനുഭൂവു്' അല്ലെങ്കിൽ 'രവിസൂനു' വാസുദേവകവിയാണെന്നു 'നീലകണ്ഠൻ' ഉൽഘോഷിക്കുന്നതായി മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. തഞ്ചാവൂർ സരസ്വതീമഹാൽഗ്രന്ഥശാലയിലുള്ള “നളോദയ'ത്തിന്റെ ഒരു കൈയെഴുത്തുപകര്‍പ്പിൽ, "ഖലനാനാവേദ്യഃ" എന്ന പദ്യം വ്യാഖ്യാനിച്ചുകാണുന്നു. "അഹം കാളിസഃ, അദ്യ ഇദാനീം, അസ്യ രാമസ്യ രാജ്ഞഃ" എന്നു കവിയെ കാളിദാസനായും, രാജാവിനേ രാമാഭിധാനനായും നിർദ്ദേശിച്ചുകൊണ്ടാണ് ആ വ്യാഖ്യാനത്തിന്റെ ഗതി. ആ ഗ്രന്ഥശാലയിൽത്തന്നെയുള്ള മറ്റൊരു കൈയെഴുത്തുപകര്‍പ്പിൽ, "ഭട്ടനാരായണസുതരവിദേവവിരചിതേ നളോദയനാമ്നി മഹാകാവ്യേ" എന്നും ഒരു കുറിപ്പുണ്ടു്. രണ്ടിന്റേയും 'ആദര്‍ശ'ങ്ങളായ ഓലഗ്രന്ഥങ്ങൾ കാണ്മാനില്ലാത്തതിനാൽ, ഈ കുറിപ്പുകൾക്കു വലിയ വില ഒന്നും കല്പിക്കുവാൻ പാടില്ല. ചുരുക്കിപ്പറകയാണെങ്കിൽ, 'രവിദേവൻ' എന്ന പദം 'രവി'സുതനായ 'വാസുദേവൻ' എന്ന അര്‍ത്ഥത്തിൽ നമുക്കു ഗ്രഹിക്കാവുന്നതും, വാസുദേവൻ എന്ന പദത്തിനു പകരം 'ദേവൻ' എന്നു പ്രയോഗിക്കുന്നതു വൈയാകരസമ്മതവും, അങ്ങനെയാണെങ്കിൽ 'നളോദയ'ത്തിന്റെ കർതൃത്വവും, വാസുദേവഭട്ടതിരിയിൽത്തന്നെ സംക്രമിപ്പിക്കുന്നതു് അനുചിതമല്ലാത്തതും ആകുന്നു.


ഇപ്രകാരം നാലു യമകകാവ്യങ്ങളുടെ കര്‍ത്താവായിത്തീന്ന നമ്മുടെ വാസുഭട്ടതിരി ഒരമാനുഷൻതന്നെയായിരുന്നു. ബാല്യകാലത്തിൽ അദ്ദേഹം തീരെ അവ്യുൽപന്നനായിരുന്നു എന്നും, കൊച്ചിരാജ്യത്തു 'പെരുവന'ത്തിനു സമീപമുള്ള 'തിരുവിളക്കാവു്' ശാസ്താങ്കോവിലിനു സമീപത്തായിരുന്നു അദ്ദേഹത്തിന്റെ 'പട്ടത്ത്' എന്ന പേരിലുള്ള ഇല്ലമെന്നും, ഒരു ദിവസം അത്താഴപ്പൂജ കഴിഞ്ഞു, മഴയുടെ ആധിക്യം നിമിത്തം ഗൃഹത്തിലേയ്ക്കു തിരിച്ചുപോകുവാൻ തരമില്ലാതെ തീര്‍ന്ന അവസരത്തിൽ അനന്യശരണനായി ശാസ്താവിനോടു തന്റെ കഷ്ടാവസ്ഥയെപ്പറ്റി വിലപിച്ചുപറഞ്ഞപ്പോൾ, 'തിടപ്പള്ളി'യിലുള്ള വിറകെടുത്തു തീ കായുന്നതിനും, മൂലയിൽ ഒരു കദളിപ്പഴക്കുല ഇരുന്നതെടുത്തു തിന്നുന്നതിനും, നിയോഗിച്ചുകൊണ്ടു് ഒരശരീരിവാക്കു് ഉണ്ടായെന്നും, അതനുസരിച്ച് ആ ബാലൻ പ്രവര്‍ത്തിച്ചു എന്നും, ഉടൻതന്നെ പ്രതിഭാശാലിയും യമകവിധാതാവുമായ ഒരു മഹാകവിയായി അദ്ദേഹം രൂപാന്തരപ്പെട്ടു എന്നും നേരം വെളുത്തു കഴകക്കാരൻ ചെന്ന 'എന്തിനു വിറകെടുത്തു' എന്നു ചോദിച്ചതിനു, "ധാർഷ്ട്യക്കാരാ! പോടാ" എന്നും മറ്റും കലിദിനസംഖ്യയൊപ്പിച്ചു മറുപടി പറഞ്ഞു എന്നും, വാരസ്യാരുടെ അത്തരത്തിലുള്ള പ്രശ്നത്തിനു, "വിറകെടുപ്പാൻ വിറകെടുത്തു വിറകെടുത്തു വിറകെടുത്തൂ" എന്നു യമകാലംകൃതമായ ഗദ്യത്തിൽ പ്രത്യുത്തരം നല്കി എന്നും, വാരസ്യാർ ആ ആശ്ചര്യം ധരിച്ച് അവിടെക്കിടന്ന പഴത്തൊലി തിന്നു എന്നും, തദ്ദ്വാരാ ആ സ്ത്രീയും ഭാഷയിൽ കവനം ചെയ്യാൻ തുടങ്ങി എന്നും മറ്റുമുള്ള ഐതിഹ്യപ്രവാഹത്തിൽ വാസ്തവത്തിന്റെ കണിക വല്ലതും കലര്‍ന്നിട്ടുണ്ടോ എന്നു നിശ്ചയമില്ല. എന്നാൽ, ഒരു തികഞ്ഞ പണ്ഡിതനും, സഹൃദയനും, പൌരാണികനും, വേദാന്തിയുമായ മഹാഭാരതഭട്ടതിരിയുടെ പ്രവണനും ചിത്താനുവര്‍ത്തകനുമായ ഒരു ശിഷ്യനായിട്ടാണ് താൻ ജീവിച്ചിരുന്നതെന്നു, 'യുധിഷ്ഠിരവിജയ'ത്തിൽ കവിതന്നെ പ്രസ്താവിച്ചിട്ടുള്ള സ്ഥിതിക്ക്, അദ്ദേഹം ഒരു ഗുരുകുലക്ലിഷ്ടനായിരുന്നു എന്നു വിശ്വസിക്കാതെ നിവൃത്തിയില്ല. അത്ത

 

രത്തിലുള്ള ഒരു മഹാവ്യുൽപന്നനല്ലാതെ, പ്രതിഭാഭ്യാസങ്ങൾ കൊണ്ട മാത്രം വഴങ്ങുന്നതല്ലാത്ത യമകകാന്താരത്തിൽകൂടി “ന ഭൂതോ ന ഭവിഷ്യതി" എന്ന നിലയിലുള്ള തത്താദൃശമായ സ്വച്ഛന്ദദിഗ്വിജയം നിശ്ചയമായും സാധ്യവുമല്ല, വാരസ്യാരുടേതെന്നു വെച്ചിട്ടുള്ള 'നാഴികമണയാറായീ' എന്ന പദ്യം, തിരുവിതാംകൂർ സ്വാതിതിരുനാൾ മഹാരാജാവു തിരുമനസ്സിലേ ആസ്ഥാനകവീന്ദ്രനായിരുന്ന സാക്ഷാൽ കരീന്ദ്രൻ കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റെ വകയാണെന്ന്, എത്രയോ വര്‍ഷങ്ങൾക്കു മുൻപുതന്നെ, ഞാൻ പ്രസ്താവിച്ചിട്ടുള്ളതാണു്. "ഇതയിൽ വാതു വരുന്നു വെററില തിന്നാഞ്ഞെനിയ്ക്കും വാ തുവരുന്നു" എന്ന പദ്യവും വാസുഭട്ടതിരിയുടേതുതന്നെയോ എന്നുള്ളതും ചിന്തനീയമാകുന്നു.


ഇനി ഭട്ടതിരിയുടെ കാലം ഏതാണെന്നു പരിശോധിച്ചുനോക്കാം. എന്റെ വിജ്ഞാനദീപിക ഒന്നാംഭാഗത്തിൽ ഞാൻ, "കുലശേഖര ആഴ്‍വാരുടെ "മുകുന്ദമാല"യിൽ ഒടുക്കം ഉള്ള


"യസ്യ പ്രിയൌ ശ്രുതിധരൌ രവിലോകവീരൌ
മിത്രേ ദ്വിജന്മവരപാരശവാവഭൂതാം."


ഇത്യാദി പദ്യത്തിന്റെ ഒരു പഴയ ഭാഷാവ്യാഖ്യാനത്തിൽനിന്നു, 'രവി' എന്ന നമ്പൂരിയും, 'ലോകവീരൻ' എന്ന വാര്യരും ആ പെരുമാളുടെ വയസ്യന്മാരായിരുന്നു എന്നു പ്രസ്താവിച്ചിട്ടുള്ളതു വായനക്കാർ ഓര്‍ക്കുന്നുണ്ടായിരിക്കാം. ഈ 'രവി'യുടെ പുത്രനത്രേ വാസുദേവഭട്ടതിരി എന്നാണു്' എന്റെ അഭ്യൂഹം. അതിൽ അനുപപത്തിയില്ലെങ്കിൽ, അദ്ദേഹം ആശ്രയിച്ച 'രാജശേഖരൻ' എന്ന പെരുമാൾ, ഒന്നുകിൽ സാക്ഷാൽ ആഴ്‍വ‌ാർതന്നെയോ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത മുൻവാഴ്ചക്കാരനോ ആയ് വരണം. 'രാജശേഖരൻ' താൻ നിര്‍മ്മിച്ച മൂന്നു നാടകങ്ങൾ ശങ്കരഭഗവത്പാദര്‍ക്കു കാഴ്ച വെച്ചു എന്നു മാധവചാര്യരുടേതെന്നു പറയുന്ന ശങ്കരവിജയത്തിൽ കാണുന്നുണ്ടു്. അതിൽ "സ്‌തൂയമാനചരണഃ കുലദീപഃ" എന്നൊരു പദ്യപാദം രാജപ്രശസ്തിപരമായ് കാണുന്നതിലുള്ള 'കുലദീപ'പദം, പക്ഷേ 'കുലശേഖര'പദത്തിന്റെ ഒരു പര്യായമായ് ഗണിക്കാം. ആ നിലയ്ക്കും 'യുധിഷ്ഠിരവിജയ'ത്തിലേ 'കുലശേഖര'നും, 'ത്രിപുരദഹന'ത്തിലേ 'രാജശേഖര'നും ഒരാളാണെന്നു വരുവാൻ പാടില്ലായ്കയില്ല.


"ഏവമേനമര്‍ത്ത്യയചരിത്രം സേവമാനജനദൈന്യലവിത്രം
കേരളക്ഷിതിപതിര്‍ഹി ദിദൃക്ഷുഃ പ്രാഹിണോത് സചിവമാദൃതഭിക്ഷുഃ.


തേന പൃഷ്ഠകുര്‍ശലഃ ക്ഷിതിപാലഃ സേന സൃഷ്ടമഥ ശാത്രവകാലി
ഹാടകായുതസമര്‍പ്പണപൂര്‍വം നാടകത്രയമവോചദപൂര്‍വം.


തദ്രസാർദ്രഗുണരീതിവിശിഷ്ടം ഭദ്രസന്ധിരുചിരം സുകവീഷ്ടം
സങ്ഗ്രഹണ സ നിശമ്യ സുവാചം തം 'ഗൃഹാണ പര'മിത്യമുമുചേ" (ശങ്കരവിജയം സര്‍ഗ്ഗം ൫)


"കവിതാകുശലോഽഥ കേരളക്ഷ്മാകമനഃ കശ്ചന രാജശേഖരാഖ്യഃ
മുനിവര്യമമും മുദാ വിതേനേ നിജകോടീരനിഘൃഷ്ടപന്നഖാഗ്രം.


പ്രഥതേ കിമു നാടകത്രയീ സേ'ത്യമുനാ സംയമിനാ തതോ നിയുക്തഃ
അയമുത്തരമാദേ; "പ്രമാദാദനലേ സാഹുതിതാമുപാഗതേ”തി.


മുഖതഃ പഠിതാം മുനീന്ദുനാ താം വിലിഖന്നേഷ വിസിസ്മയേ സ ഭൂപഃ" (ശങ്കരവിജയം സഗ്ഗം ൧൪)


ഈ പദ്യങ്ങൾ ഇവിടെ സ്മരണീയങ്ങളാണു്. പക്ഷേ, വെറും ഐതിഹ്യസങ്കലിതമായ 'ശങ്കരവിജയം' മാത്രം വെച്ചുകൊണ്ടു ചരിത്രസംബന്ധമായി ഒരു കാര്യവും നിര്‍ണ്ണയിക്കാവുന്നതല്ല. ശങ്കരാചാര്യരുടെ കാലം, ക്രി. പി. എട്ടാംശതകത്തിന്റെ ഒടുവിലും, ഒൻപതാം ശതകത്തിന്റെ ആരംഭത്തിലും ആയിരുന്നതിനാൽ, വാസുഭട്ടതിരിയുടെ കാലം, ക്രി. പി. ഒൻപതാം ശതകത്തിന്റെ ആരംഭത്തിലാണെന്നു ഗണിക്കുന്നതു യുക്തിയുക്തമായിരിക്കും. കുലശേഖര ആഴ്‌വാരേ ക്രി. പി ഒൻപതാംശതകത്തിലേയ്ക്കു കൊണ്ടുവരുന്നതിനു് ഉത്സുകരായ ചില പണ്ഡിതന്മാരുണ്ടെങ്കിലും, അതിനിപ്പുറം അദ്ദേഹത്തെ ആനയിക്കുന്നവർ ആരുമില്ല. ആഴ്‍വ‌ാരന്മാരുടെ ദ്രാവിഡഭാഷാഗാനങ്ങൾ ശേഖരിച്ചു 'നാവായിരപ്രബന്ധം' എന്ന പേരിൽ പ്രസിദ്ധീകരിച്ച നാഥമുനി ജീവിച്ചിരുന്നതു പത്താം ശതകത്തിലാകയാൽ, അതിൽ പിന്നീടാണ് ആഴ്‍വാരുടെ കാലമെന്നു പറവാൻ ഒരുവിധത്തിലും ന്യായമില്ല. 'തപതീസംവരണ'വും, 'സുഭദ്രാധനഞ്ജയ'വും നിമ്മിച്ച 'കുലശേഖരവർമ്മാവു തന്നെയാണു് 'മുകുന്ദമാലാ'കാരനായ ആഴ്‌വാരെന്നും, അദ്ദേഹം, പ്രസ്തുതനാടകങ്ങളും ഇതുവരെ കണ്ടുകിട്ടീട്ടില്ലാത്ത' വിച്ഛിന്നാഭിഷേക'വുമാണു് ആചാര്യപാദരെ കാണിച്ച നാടകത്രയമെന്നും സ്ഥാപിയ്ക്കുവാൻ ഞാൻ വിജ്ഞാനദീപിക'യിൽ ശ്രമിച്ചിട്ടുണ്ടു്. എന്നാൽ, രാജശേഖരൻ ചേരമാൻപെരുമാൾ നായനാർ ആയിരുന്നു എന്നും, അദ്ദേഹം ക്രി. പി. ൮൦൦-൮൨൩ വരെ ആണു രാജ്യഭാരം ചെയ്തതെന്നും, ആചാര്യപാദർ

 

രാജശേഖരനു നല്കിയ വരത്തിന്റെ ഫലത്താൽ ജനിച്ച പരമഭാഗവനാണു് 'കുലശേഖര ആഴ്‌വാർ' എന്നും, അദ്ദേഹത്തിന്റെ രാജ്യഭാരകാലം ക്രി. പി. ൮൨൫-൮൪൩ വരെ ആയിരുന്നു എന്നും, അദ്ദേഹത്തിന്റെ അടുത്ത പിൻവാഴ്ചക്കാരനാണു് 'വാസുഭട്ടതിരി' സ്മരിക്കുന്ന 'രാമൻ' എന്നും, അദ്ദേഹം ക്രി. പി. ൮൫൦-൮൭൦ വരെ രാജ്യം ഭരിച്ചു എന്നും, 'തപതീസംവരണാ'ദിനാടകങ്ങളുടെ കര്‍ത്താവായ കലശേഖരവര്‍മ്മാവിന്റെ രാജ്യഭാരകാലം ക്രി. പി. ൯൩൫-൯൫൫ വരെ ആയിരുന്നു എന്നും മാൻ രാമനാഥയ്യർ പ്രസ്താവിക്കുന്നു. 'രാമൻ', അഥവാ രാമവര്‍മ്മകുലശേഖരചക്രവർത്തി, ക്രി. പി. ൮൨൭-൮൫൯ വരെ ആയിരുന്നു രാജ്യഭാരംചെയ്തതു് എന്നും, അദ്ദേഹത്തിന്റെ കാലത്താണു് വാസുഭട്ടതിരി യമകകാവ്യങ്ങൾ രചിച്ചതെന്നും ശ്രീമാൻ ആറ്റൂർ കൃഷ്ണപ്പിഷാരടി 'കേരളചരിത'ത്തിൽ പറയുന്നു.


"ദൂരാദപി സതാം ചിത്തേ ലിഖിത്വാശ്ചര്യമഞ്ജരീം
കുലശേഖരവര്‍മ്മാഽഗ്ര്യാം ചകാരാശ്ചര്യമഞ്ജരീം.''


എന്നു 'തപതീസംവരണ' കാരനേപ്പറ്റി പ്രശംസിക്കുന്ന രാജശേഖമഹാകവി കാന്യകുബ്ജത്തിലെ മഹേന്ദ്രപാലന്റെ ഉപാധ്യായനായ അദ്ദേഹത്തിന്റെ പുത്രൻ മഹീപാലന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരിക്കുകയും, ആ രാജാക്കന്മാർ ക്രി. പി. ൯൦൩-൯൧൭ വരെരാജ്യം ഭരിക്കുകയും ചെയ്തതായി കാണുന്നതിനാൽ രാജശേഖരന്റെ ജീവിതകാലം ൧൦-ാംശതകത്തിന്റെ (ക്രി. പി.) ആരംഭത്തിലെന്നു ... ദ്ധിക്കുന്നതും, അപ്പോൾ കുലശേഖരവര്‍മ്മാവ് അദ്ദേഹത്തേക്കാൾ പ്രാചീനനാകയാൽ, ക്രി. പി. ൯-ാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ എങ്കിലും ജീവിച്ചിരുന്നതായി പരിഗണിക്കേണ്ടതും ആകുന്നു. ഈ കുലശേഖവര്‍മ്മാവിന്റെ സദസ്യനായ തോലകവി (അതുലശര്‍മ്മാവു) യമകകവിളെ കളിയാക്കിക്കൊണ്ടു്,


"ഥപ്രഥനം ദാനന്ദം പദദ്വയം നാത്ര ജനിതനന്ദാനന്ദം
തനയം വന്ദേ വക്യാ നിരന്വയം ദലിതദാനവം ദേവക്യാഃ''


എന്ന പദ്യം നിര്‍മ്മിച്ചു എന്നൊരൈതിഹ്യമുണ്ടു്. അതു യമകലോകത്തിൽ സരസ്വതീദേവിയുടെ പുരുഷാവതാരമെന്നു വര്‍ണ്ണിക്കേണ്ട നിലയിൽ അത്രമാത്രം മഹനീയനായ വാസുഭട്ടതിരിയേപ്പറ്റിയായിരിക്കാന്‍ നിവൃത്തിയില്ലാത്തതും ആ മഹാകവിയെ അനുകരിച്ചു ക്ഷുദ്രകാവ്യങ്ങള്‍ എഴുതിക്കൂട്ടിയ ഏതെങ്കിലും കവിയശഃപ്രാര്‍ത്ഥികളെ ഉദ്ദേശിച്ചു മാത്രം ആയിരിക്കാവുന്നതും ആകയാൽ, ഭട്ടതിരിയുടെ 'രാമൻ' കുലശേഖരവര്‍മ്മാവിനെ അപേക്ഷിച്ചു പ്രാക്തനനായ ഒരു രാജാവായിരിക്കണം എന്നാണു് ഞാൻ ഇന്നും പറയുന്നതു്. ഇവരെല്ലാവരും ചേരരാജക്കന്മാർ ആകുന്നു. ക്രി. പി. ൧൧-ാം ശതകത്തിൽ രാജേന്ദ്രചോളന്റെ ദിഗ്വിജയപരിപാടിയിൽ പെട്ട കേരളത്തിന്റെ ആക്രമണത്തോടും ചേരമാൻമുടിയുടെ അപഹരണത്തോടും കൂടി ആ രാജവംശം നാമാവശേഷമായി. അനന്തരം വീരരവിവർമ്മചക്രവര്‍ത്തിയുടെ കാലമായ ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഒന്നാം പാദം തൊട്ട് എങ്കിലും കുലശേഖരൻ എന്ന സ്ഥാനം തിരുവിതാംകൂർ മഹാരാജാക്കന്മാരിൽ സംക്രമിച്ചു. ഈ കാരണങ്ങൾകൊണ്ടു വാസുഭട്ടതിരി ആശ്രയിച്ചിരുന്ന ചേരമാൻപെരുമാൾ (അഥവാ രണ്ടു പെരുമാക്കന്മാർ) ക്രി. പി. ൯-ാമത്തെയോ ൧൦-ാമത്തെയോ ശതകത്തിൽ ജീവിച്ചിരുന്നു എന്നും, മറ്റു തെളിവുകളേക്കൊണ്ട് ൯-ാം ശതകത്തിൽ ജീവിച്ചിരുന്നു എന്നു ഊഹിക്കുന്നതാണു താരതമ്യേന യുക്തിയുക്തമെന്നും സിദ്ധിക്കുന്നു. "രാജാദിത്യ ഇത്യമുഷ്യൈവ അഭിഷേകപ്രയുക്തം നാമ" എന്നു 'വിഷ്ണു' തന്റെ നളോദ്യയവാഖ്യാനത്തിൽ പ്രസ്താവിക്കുന്നതിൽനിന്നു, രാമവർമ്മാവു രാജ്യാഭിഷേകാവസരത്തിൽ രാജാദിത്യനെന്ന നാമധേയം സ്വീകരിച്ചു എന്നും നമുക്കു വിശ്വസിക്കാം.


എങ്ങനെ നോക്കിയാലും, ക്രി. പി. ൧൭-ാം ശതകത്തിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന 'ഭ്രമരസന്ദേശ'കാരനല്ല വാസുഭട്ടതിരി എന്നുള്ളതിനു വേറേയും തെളിവുകളുണ്ടു്.


തന്ത്രസമുച്ചയകാരനായ ജയന്തമങ്‌ഗലത്തു നാരായണൻ നമ്പൂതിരിപ്പാട്ടിലെ കാലം ക്രി. പി. ൧൪൨൯-നുമേൽ ആണെന്നു്, "കല്യബ്ദേഷ്വതിയത്സു നന്ദനയനേഷ്വംഭോധിസംഘ്യേഷു യഃ" ഇത്യാദി പദ്യത്താൽ വെളിവാകും. അദ്ദേഹം, കോഴിക്കോട്ടു ശക്തൻ സാമൂതിരിപ്പാട്ടിലെ പതിനെട്ടരക്കവികളിൽ ഒരാളായിരുന്നു. ആകൂട്ടത്തിൽപെട്ട മറ്റൊരു കവിയായിരുന്നു ഉദ്ദണ്ഡശാസ്ത്രികൾ. സാക്ഷാൽ പുനം നമ്പൂരിയാണു് ആ സദസ്സിനെ അലങ്കരിച്ച 'അരക്കവി'. "മധുരമധുരഭാഷാസംസ്കൃതാന്യോന്യസമ്മേളനസുരഭില'മായ ചന്ദ്രോത്സവവും അക്കാലത്തെ ഒരു കൃതിയാകുന്നു. ആ കാവ്യത്തിൽ രണ്ടു ജീവൽകവികളായി,


"മദനസമരസമ്മർദാന്തരോദ്ഭ്രാന്തകാന്താ-
മണിതമഹിതമാധുര്യൈകവംശപ്രസൂതൈഃ
മതുമത മണമോലും ഗദ്യപദ്യൈരനേകൈര്‍-
മ്മദയതി പുനമിന്നും ഭൂരി ഭൂചക്രവാളം.


ഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ-
കരകിസലയസംമ്മൃഷ്ടശ്രമസ്വേദജാലം
അഹമഹമികയാ വന്നര്‍ത്ഥശബ്ദപ്രവാഹം
ഭവതു വദനബിംബം പ്രീതയേ ശാങ്കരം മേ."


എന്നു പുനത്തേയും ശങ്കരനേയുംപറ്റി പ്രസ്താവിച്ചുകാണുന്നു. "ചന്ദ്രോത്സവ'ത്തിന്റെ ആരംഭത്തിലുള്ള,


"അണികുലചില ജിഹ്വാനന്ദി കര്‍ണ്ണാമൃതം ഞാ-
ണഥ നയനമനോജ്ഞം നാസികാഹ്ലാദി ബാണം
തൊടുമളവിളകീടും തേരു യസ്യാങ്ഗനാനാം
വക പടകളനങ്ഗം ദൈവതം വെൽവുതാക".


എന്ന മങ്ഗലാചരണപദ്യം, ഒരു പഴയ ഗ്രന്ഥത്തിൽ പുനത്തിന്റെതെന്നു കരുതാവുന്ന ചില ഒറ്റശ്ലോകങ്ങളുടെ കൂട്ടത്തിൽ കാണുന്നു.


"ശ്രീശങ്കരേണ വിദുഷാ കവിസാര്‍വഭൌമേ-
നാനന്ദമന്ദഗതിനാ പുരതോ ഗതേന
ശ്രീമന്മുകന്ദമുരളീമധുരസ്വരേണ
പദ്യൈരവദ്യരഹിതൈരനുവർണ്യമാനാ" എന്നും,


"മധുമൊഴി! പുനമെന്നാ നൽകവീന്ദ്രേണ സാര-
സ്വതപരിമളമോലും പദ്യഭേദൈരനേകൈഃ
പകലിരവു വളര്‍ത്തി സ്തൂയമനാപദാനാ
മധുരകവിഭിര്യന്യൈരന്വിതാ 'രാഘവാ'ദ്യൈഃ''


എന്നുമുള്ള പദ്യങ്ങളിൽ ഈ രണ്ടു മഹാകവികളെ ചന്ദ്രോത്സവകാരന്‍ വീണ്ടും സ്മരിക്കുന്നു. 'മേദിനീവെണ്ണിലാവ്' ആഘോഷിച്ച 'ചന്ദ്രികാമഹോത്സവ'ത്തിനു്, ശങ്കരകവി 'മാനവീമേനക'യോടുകൂടിയും, പുനംരാഘവാദികവികളും 'മാരലേഖ' യോടുകൂടിയും ആണ് പോകുന്നതു്. ഈ 'മാരലേഖ'യേപ്പറ്റി പുനം ശങ്കരകവിക്കയച്ച ഒരു ശൃംഗാരശ്ലോകം താഴെ ചേർത്തുകൊള്ളുന്നു.


"മത്പ്രാണങ്ങളിനുണ്ടു നിന്നൊടരിയോരന്യായമിപ്പോളെടോ!
പത്മാമങ്ഗലരങ്ഗ! ശങ്കരകവേ! നിന്നോമലന്യാദൃശീ;
മൽപ്രാണേശ്വരി മാരലേഖ മഹിളാരത്നം തരിന്റീലെടോ
ചെപ്പോലും മുലമൊട്ടെനിക്കു നളിനത്താർബാണപീഡാനിധേ!"


ഇതിൽ സൂചിപ്പിക്കുന്ന ശങ്കരകവിയുടെ 'ഓമൽ' 'മാനവീമേനക'യാണെന്നു തോന്നുന്നു. ഈ പദ്യം കണ്ടു ശങ്കരകവി മാരലേഖയ്ക്ക് അയച്ച ഒരു പദ്യംകൂടി ഉദ്ധരിക്കാം.


"ധന്യേ! സത്പാത്രദാനം പ്രതി തവ മടിയെന്തെന്തു മുന്നേ കൊടാഞ്ഞൂ
കുന്റേലുംകൊങ്ക പങ്കേരുഹമുഖി! പുനമാം നൽകവീന്ദ്രന്നതന്ദ്രം
അന്യായം ചൊല്ലുമാറാക്കിനതമലഗുണേ! യുക്തമോ! ചിത്തമയ്യോ!
ഖിന്നം കാണേതദീയം മദനശരശിഖാദാരുണം മാരലേഖേ!".


പുനവും ശങ്കരകവിയും ഉത്തരകേരളീയന്മാരായിരുന്നു. കോലത്തുനാട്ടിലായിരുന്നു ശങ്കരകവിയുടെ താമസം.


"ദൃഷ്ട്വാ ദേവം പരിസരജൂഷം ശംബരേ ബാലകൃഷ്ണം
ലോപാമുദ്രാസഖതിലകിതം ദിങ് മുഖം ഭൂഷയിഷ്യൻ
കോലാനേലാവനസുരഭിലാൻ യാഹി യത്ര പ്രഥന്തേ
വേലാതീതപ്രഥിതവചസഃ ശങ്കരാദ്യാഃ കവീന്ദ്രാഃ".


എന്ന കോകിലസന്ദേശപദ്യത്തിൽ ഉദ്ദണ്ഡശാസ്ത്രികൾ പ്രശംസിക്കുന്നതു് ഈ ശങ്കരകവിയേത്തന്നെയാണു്. ശങ്കരകവി അഥവാ ശങ്കരവാരിയർ (ശങ്കരമാരാരല്ല) ആകുന്നു സുപ്രസിദ്ധമായ 'ശ്രീകൃഷ്ണവിജയ'മഹാകാവ്യത്തിന്റെ നിമ്മാതാവു്. താഴെക്കാണുന്ന പദ്യങ്ങൾ ആ കാവ്യത്തിൽ ഉള്ളവയാണ്.


"ചകാസ്തി രാജാ ചതുരന്തവീരചൂഡാതടീചുംബിതപാദപീഠഃ
കാലാഗ്നികൂലങ്കഷബാഹുതേജാഃ കോലാധിപഃ കേരളവര്‍മ്മനാമാ.


ശിവേശ്വരാഖ്യാ ഭവനോത്തമേ യഃ ശ്രുത്യന്തരതന്തനിഗൂഢരൂപം
പ്രാകാശയത് പ്രൗഢതപഃപടിമ്നാ പഞ്ചേഷുലീലാപരിപന്ഥി തേജഃ.
*               *               *               *               *               *               *
പാത്രം ശ്രിയസ്തസ്യ ചകാസ്തി രാജ്യേ ക്ഷേത്രം 'വിഹാരാചല'നാമധേയം
ജഗത്‍സവിത്രീ ഖലു യത് പവിത്രീകരോതി നീഹാരഗിരീന്ദ്രപുത്രീ.


വിഭാതി തസ്മിൻ ഗിരിജാകടാക്ഷപാത്രീഭവൻ കശ്ചന സൂരിവര്യഃ ശ്രീകോലഭൂപാലകഹർഷസിന്ധുരാകാശശീ രാഘവനാമധേയഃ.


സദാ മനീഷാമയതാമ്രവർണ്ണീസമ്പര്‍ക്കിണോ വാങ്മയമൗക്തികാനി
ഭാഗ്യൈകസിഡോഃ സമവാപ്യ യസ്മാത് സുധീജനഃ കർണ്ണമലങ്കരോതി


അന്തേവസൻ കശ്ചന തസ്യ ചാഭൂൽ കുവിത്വമാര്‍ഗ്ഗേ കലിതപ്രചാരഃ 
ആചാര്യകാരുണ്യജലപ്രരൂഢപ്രജ്ഞാങ്കുരഃ ശങ്കരനാമധേയഃ.


അർദ്ധം ശരീരസ്യ ച ശീതഭാനോ? കളത്രയന്തീ ച വതംസയന്തീ
കാചിത്കൃപാ കണ്വപുരൈകഭൂഷാ കാമപ്രസൂർയത്കുലദൈവമാട്ടേ


നിത്യം വിഹാരാദ്രിജുഷോ ഭവാന്യാഃ സ്തോത്രാംബുഭിഃ സന്നതിദോഹതൈ
അകാരി യസ്യാങ്കുരിതോ മഹീയാൻ നവത്വമാശ്രിത്യ കവിത്വശാഖി


കോലേശ്വരസ്തം മുദിതഃ കദാചിദാസ്ഥാനര്‍വത്തീ നൃപചക്രവത്തീ
നിഷ്ണാതധീഃ "കൃഷ്ണകഥാനുബന്ധം കാവ്യം കുരുശ്രാവ്യ"മിതി ന്യഗാദീ


കൃശാപി കോലേശവചസ്സമീരസമ്പ്രേരണാദ്ദേശികദൃഷ്ടിനാവാ
ഭക്തിദ്വിതീയാഥ തദീയവാണീ പാരംഗതാ കൃഷ്ണകഥാപയോധേഃ"


“പ്രതാപശാലിയായി കോലത്തുനാട്ടിൽ കേരളവര്‍മ്മാവെന്നു പേരോടുകൂടി ഒരു രാജാവുണ്ടു്. അദ്ദേഹം അവിടെയുള്ള 'ശിവേശ്വരക്ഷേത്രത്തിലെ ശ്രീപരമേശ്വരനെ തപസ്സുചെയ്തു പ്രത്യക്ഷീകരിച്ചു. അദ്ദേഹത്തിന്റെ രാജ്യത്തിൽ ശ്രീപാർവതീദേവിയെ പ്രതിഷ്ഠിച്ചിട്ടുള്ള വിഹാരാചലം (പള്ളിക്കുന്നു; പള്ളിക്കുന്നം) എന്നൊരു ക്ഷേത്രമുണ്ട്. ആ ദേവിയുടെ സമാരാധകന്മാരിൽ ഒരുവനും, കേരളവർമ്മരാജാവിന്റെ സന്തോഷപ്രദനുമായി രാഘവ'നെന്നു നാമത്തോടുകൂടിയ ഒരു പണ്ഡതവര്യനുണ്ടു്. അദ്ദേഹം അനേകം ഉത്തമപ്രബന്ധങ്ങളുടെ പ്രണേതാവാണു്. അദ്ദേഹത്തിന്റെ അന്തേവാസിയായും, അദ്ദേഹത്താൽ കവിതാപഥത്തിൽ സഞ്ചരിപ്പിക്കപ്പെട്ടവനായും, ആ ആചാര്യന്റെ കാരുണ്യംകൊണ്ടു പ്രജ്ഞാശാലിയായിത്തീര്‍ന്നവനായും ശങ്കരനാമാവായ ഒരാളുണ്ടു്. കണ്ണൂരിലെ കാത്യായനീദേവിയാണു് ആ ശങ്കരന്റെ കുലദൈവതം. പള്ളിക്കുന്നത്തു ഭഗവതിയെ ഭജിച്ചു് അയാളും കവിയായി. കേരളവര്‍മ്മരാജാവു ഒരിക്കൽ ആ കവിയോടു കൃഷ്ണകഥാനുബന്ധമായ ഒരു കാവ്യം രചിക്കണമെന്ന് ആജ്ഞാപിക്കുകയും, ആ ആജ്ഞയാകുന്ന കാറ്റിന്റേയും ആചാര്യകാരുണ്യമാകുന്ന തോണിയുടേയും സഹായതകൊണ്ടു, ഭക്തിദ്വിതീയയായ അയാളുടെ വാണി കൃഷ്ണകഥാസമുദ്രത്തിന്റെ മറുകരയിൽ എത്തുകയും ചെയ്തു (അതായതു 'ശ്രീകൃഷ്ണവിജയം' തുടങ്ങി പൂര്‍ത്തിയാക്കി) ഇതാണ് മേലുദ്ധരിച്ച പദ്യങ്ങളുടെ താൽപര്യം.


"ശ്രീരാഘവാഖ്യദേശികകാരുണ്യകടാക്ഷവീക്ഷണവിലാസഃ
മമ കൃഷ്ണ ചരിതജലധൗ മരകതമണിസേതുചാതുരീമകരോത്"


എന്നു ഗ്രന്ഥാവസാനത്തിൽ ശങ്കരൻ തൻറെ ആചാര്യനെ വന്ദിക്കുന്ന ഒരു പദ്യവും 'ശ്രീകൃഷ്ണവിജയ'ത്തിന്റെ ചില താളിയോലപ്പകർപ്പുകളിൽ ഞാൻ കണ്ടിട്ടുണ്ടു്. രാഘവനും ഒരു വാരിയരായിരുന്നു എന്നാണു് കേട്ടിട്ടുള്ളതു്. അദ്ദേഹത്തിന്റെ താമസം പള്ളിക്കുന്നത്തായിരുന്നു എന്നും, അദ്ദേഹത്തിനു് ഒരു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നും ചന്ദ്രോത്സവത്തിലേ,


"സുമുഖി! സുരഭയന്തീ സ്വൈരമാശാകദംബം
മധുരകവിതയാലേ രാഘവാന്തേവസന്തഃ;
നിരുപമരുചിഭാജാം ദേവി! നിര്‍മ്മത്സരാണാം
നിലയമിനിയ പള്ളിക്കുന്നു യേഷാമമീഷാം”.


എന്ന പദ്യത്തിൽനിന്നു നാം ധരിക്കുന്നു. ഈ രാഘവവാരിയർ വാസുഭട്ടതിരിയുടെ 'യുധിഷ്ഠിരവിജയ'ത്തിനു 'പദാര്‍ത്ഥചിന്തനം' എന്ന വിസ്മൃതമായ ഒരു വ്യാഖ്യാനം നിര്‍മ്മിച്ചിട്ടുണ്ടു്. ആ വ്യാഖ്യാനത്തിന്റെ ആരംഭത്തിൽ താഴെ ഉദ്ധരിക്കുന്ന പദ്യങ്ങൾ കാണുന്നു.


"അഷ്ടാദശാനാം വിദ്യാനാമിഷ്ടാനാം പ്രഭവം സതാം
കഷ്ടാപത്തിപ്രണാശായ ശിഷ്ടാമോദി ഭജേ മഹഃ.


വിഹാരക്ഷിതിഭൃതക്ഷേത്രം വസന്തീം വിശ്വരക്ഷിണീം,
പദ്‌മാക്ഷസോദരീമീഡേ ദാക്ഷ്യായാനക്ഷണം ഗിരാം.


ഹേരംബം ഹരദുഗ്‌ധാബ്‌ധികൌസ്തുഭം സ്തുമഹേ മഹഃ
ആമ്നായഹരിസന്ധായം സന്ധാര്യം വിഘ്നവിപ്ലവേ.


ശ്രീവിഹാരധരാവാസാ വാസവാനുജസോദരീ
സാദരാ ഭക്തിവര്‍ഗ്ഗേഷു സാ ദരാന്മമ രക്ഷികാ.


ശ്രീകണ്ഠാഖ്യാസമാഖ്യാതാഃ ശ്രീകണ്ഠാകുണ്ഠധീഗുണാഃ
സുശ്രുതാ വിശ്രുതാ ലോകേ ഗുരവോ മമ രക്ഷകാഃ


ശ്രീകേരളവർമ്മനൃപഃ പരിഭൂതാരാതിഭൂതി ഭൂരിമദഃ
ആസ്ഥാനമലങ്കുര്‍വന്നാസ്ഥായോഗാത് കദാചിദശിഷന്മാം.


രചയ യുധിഷ്ഠിരവിജയവ്യാഖ്യാം പ്രഖ്യാപിതോരുതാത് പര്യാം
പര്യാലോചനചതുരാം രാഘവ ലാഘവവിവർജ്ജിതാത്മജിതാം'


ഇത്ഥം സമാജ്ഞയാ രാജ്ഞഃ പ്രജ്ഞാവൈധര്യഭാഗപി
'പദാർത്ഥചിന്തനം' നാമ വ്യാഖ്യാനം കര്‍ത്തുമാരഭേ


വാസുദേവകവേഃ കാവ്യേ ഭവ്യേ കവിഭിരീഡിതേ
വ്യാഖ്യാപി സാ തു ശിക്ഷായൈ മഹതൈ ഭവിതാ മമ


സ്മരത യുധിഷ്ഠിരവിജയം കാവ്യം കർണ്ണെകഭൂഷണം വിദുഷാ
ഹാരവദത്യക്തഗുണം ഗുരുതരകൃഷ്ണാര്‍ച്ചിതേജസോല്ലസിതം.


പാണ്ഡവചരിതം മുനിനാ പ്രോക്തം യദ്വിസ്തരേണ; തദിഹ സുധ
സമുചിതപദവിന്യാസൈരസൂചയത് തത്ര തത്ര കവിരാജഃ''


ഈ ശ്ലോകങ്ങളിൽനിന്നു്, രാഘവകവിയുടെ ആരാധനാമൂര്‍ത്തി പള്ളിക്കുന്നത്തു പാർവ്വതീദേവിയായിരുന്നു എന്നും, ശ്രീകണ്ഠനെന്നായിരുന്നു അദ്ദേഹത്തിന്റെ ഗുരുവിന്റെ നാമധേയമെന്നും, കേരളവര്‍മ്മരാജാവിന്റെ ആജ്ഞാനുസാരമാണ് അദ്ദേഹം 'പദാർത്ഥചിന്തനം' നിര്‍മ്മിച്ചതെന്നും തെളിയുന്നുണ്ടു്. 'ശ്രീകണ്ഠദാസൻ' എന്ന മുദ്രയാണ് രാഘവൻ സാധാരണമായ് ധരിച്ചിരുന്നതു്. ശ്രീകണ്ഠൻ ആരെന്നു നിശ്ചയമില്ല. ശിശുപാലവധത്തിനു 'ബാലബോധിക' എന്നൊരു വ്യാഖ്യാനം ചേന്നമങലത്തു ശ്രീകണ്ഠവാരിയർ രചിച്ചിട്ടുണ്ടു്. അദ്ദേഹം ആ വ്യാഖ്യാനത്തിന്റെ ഉപോൽഘാതത്തിൽ, -


"പരസ്പരോപമൌ ശാന്തൌ തദ്വംശേ സാര്‍വലൌകികൌ
ശ്രീകണ്ഠാഖ്യാവുഭൌ ജാതൌ സാഹിത്യൈകപരായണൌ
*               *               *               *               *               *               *
സ തത്ര ജന്മലാഭായ കുതുകീ പരമേശ്വരഃ
ശ്രീകണ്ഠാത് പിതൃതുല്യാങ്ഗോ ദ്വിതീയാദുദഭൂത് സ്വയം."


ഇത്യാദി പദ്യങ്ങളിൽ സ്മരിക്കുന്ന ശ്രീകണ്ഠന്മാർ അനന്തരകാലീനന്മാരാകുന്നു. ശൌരിചരിതം (ശൌരികഥയല്ല) എന്നു മറ്റൊരു യമകകാവ്യമുണ്ടു്.


"ശ്രീകണ്ഠരചിതം കാവ്യം തച്ഛൌരിചരിതാഹ്വയം
വ്യാഖ്യാസ്യേഽഹം സയമകം പ്രൌഢം പ്രാകൃതഭാഷയോഃ'’


എന്നു തുടങ്ങി അതിനൊരു വ്യാഖ്യാനവും കാണുന്നുണ്ടു്. ഈ കാവ്യത്തിന്റെ കർത്താവായിരിക്കാം രാഘവഗുരുവായ ശ്രീകണ്ഠൻ എന്നു് ഊഹിക്കുവാനേ തൽക്കാലം നിവൃത്തിയുള്ളു. ഇതിൽനിന്നെല്ലാം ഒരു സങ്ഗതി അപ്രതിഷേധ്യമായ് വെളിപ്പെടുന്നതു് വാസുഭട്ടതിരി ക്രി. പി. ൧൫-ാംശതകത്തിനു മുൻപെങ്കിലും ജീവിച്ചിരുന്നിരിക്കണമെന്നുള്ളതാകന്നു. രാഘവൻ വാസുഭട്ടതിരിയെപ്പറ്റി "കവികലശേഖരഃ കുലശേഖരസഭാസ്താര സഭാജിതകവിതാകൌശലം സകലവിദ്യാസാഗര പാരീണശേമുഷീകോ ഗുരുകരുണാകടാക്ഷ സംവർദ്ധിതകവിതാകല്പ ലതോപാഘ്നതരുമഥാ ഭാരതഭട്ടാരക പരമാചാര്യാന്തേവാസീ വാസുദേവനാമാ വാസുദേവഭക്താര്‍ഗ്രണീർ ദ്വിജന്മകുലതിലകഃ" എന്നു പ്രശംസിച്ചിരിക്കുന്നു. ശ്രീരങ്ഗത്തിനു സമീപം ചാത്തന്നൂർ എന്ന ഗ്രാമത്തിൽ ഭാരദ്വാജഗോത്രജനായ്, ആച്ചിഅമ്മാളുടേയും 'സുദശനഭട്ട'ന്റെയും പുത്രനായ്, 'രാമചന്ദ്രഭട്ടന്റെയും, 'ഹസ്തിഗിരിഭട്ട'ന്റെയും ശിഷ്യനായ് 'ചൊക്കനാഥൻ' എന്നൊരു പണ്ഡിതനുണ്ടായിരുന്നു. അദ്ദേഹം, 'യുധിഷ്ഠിരവിജയ'ത്തിനു 'ബാലവ്യുല്‍പത്തികാരിണി' എന്നൊരു വ്യാഖ്യാനം നിര്‍മ്മിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിന്റെ പ്രാരംഭത്തിൽ,


"ഭാവാദ്യലംകൃതിരസധ്വനിഭാസമാനം
ധര്‍മ്മാർത്ഥമോക്ഷഫലഭാരതബദ്ധസഖ്യം
ദ്രാക്ഷാതിശായിരസവദ് യമകപ്രഭേദം
ശ്രീവാസുദേവകലിതം ഭൂവി കാവ്യമിന്ധേ.


ഗാംഭീര്യാസ്പദവാച്യവാചകതയാ വ്യാഖ്യാപഥാഗോചരം
കാവ്യം; മദ്ധിഷണാ തു മാന്ദ്യവിഭവപ്രാചുര്യപാഥോനിധിഃ;
വ്യാഖ്യാതും പ്രയതേ തഥാപി തദിദം ഹാ ! ഹന്ത! ഹന്താധുനാ;
സാധ്യാസാധ്യവിവേകശൂന്യഹൃദയഃ സര്‍വത്ര സന്നഹ്യതി.''


എന്നു പ്രസ്താവിക്കപ്പെട്ടുകാണുന്നതിൽനിന്നു്, 'യുധിഷ്ഠിരവിജയത്തിനു് അത് ആദ്യത്തെ വ്യാഖ്യാനം എന്നനുമിക്കാം. "വാസുദേവനാമാ കേരളീയഃ കവി: കീർത്തികാമനയൈവ കാവ്യകരണപ്രവൃത്തഃ 'കീര്‍ത്തിമദഭ്രാന്തേന' ഇത്യാദി വക്ഷ്യമാണപദ്യേന സ്വകാവ്യസ്യ കീർത്തിരേവ പ്രയോജനമിതി വക്ഷ്യൻ ആദാവാശിഷമാഹ" എന്നും ആ ഗ്രന്ഥകാരൻ പറയുന്നു. 'ധമ്മരാജഗുരുക്കൾ' എന്നൊരു പണ്ഡിതനും, 'പ്രകാശിക' എന്ന പേരിൽ യുധിഷ്ഠിരവിജയത്തിന്റെ ഏതാനും ആശ്വാസങ്ങൾക്കു് 

 

ഒരു വ്യാഖ്യാനം നിമ്മിച്ചിട്ടുണ്ടു്. അതിൽ "സര്‍വജ്ഞാനശിരോമണിഃ രമശിവയോഗീ ശ്രിവാസുദേവകവിഃ" എന്നു വ്യാഖ്യാതാവു ഭട്ടതിരിയെ പ്രശംസിക്കുന്നു. അച്യുതൻ എന്ന ഒരു പണ്ഡിതൻ 'വിജയദര്‍ശനം' എന്ന ഒരു വ്യാഖ്യാനവും ഈ കാവ്യത്തിനു നിര്‍മ്മിച്ചിട്ടുണ്ടു്. അ "വാസുദേവകവേഃ കാവ്യം" എന്നു പറയുന്നു. രാജാവിനെപ്പറ്റി "ശേഖര ഇത്യഭിഷേകകൃതം നാമ; പിത്രാദി കൃതന്തു രാമവര്‍മ്മേ എന്നും പ്രസ്താവിച്ചുകാണുന്നു. പാണ്ഡവചരിതം എന്ന അജ്ഞാതനാമാവായ ഏതൊ ഒരു കേരളീയകവിയുടെ മഹാകാവ്യത്തിൽ '... നമോസ്തു കവയേ വാസുദേവായ ധീമതേ യേന പാര്‍ത്ഥകഥാരമ്യാതാ ലോകപാവനീ' എന്നും പ്രസ്താവനയുണ്ടു്. ആചാര്യസ്വാമി, ഒഴിച്ചാൽ ഭാരതവര്‍ഷത്തിൽ സകലപണ്ഡിതന്മാരുടേയും ബഹുമതി ഇത്രമാത്രം സമാർജ്ജിച്ച ഒരു കേരളീയമഹാകവി വേറെ ഉണ്ടായിട്ടില്ലെന്നും, മേല്പത്തൂർ ഭട്ടതിരിക്കുപോലും ഈ യശസ്സു സിദ്ധിച്ചിട്ടില്ലെന്നും നാം സാഭിമാനം സ്‌മരിക്കേണ്ടതാകുന്നു. അത്തരത്തിലുള്ള ഒരു മഹാനുഭാവനെ- വാഗ്ദേവിയുടെ ഏതോ വാചാമഗോചരമായ ഒരുതരം ( ... ഗ്രഹം സിദ്ധിച്ച മഹാകവിസാര്‍വഭൌമനെപ്പറ്റി,


"പെരുതും യമകഭ്രമംപെടുന്നൊരു ഭട്ടൻ കവി വാസുദേവനും
ഗുരുവൽ കലശേഖരപ്രഭുപ്പെരുമാളേ സ്വയമാശ്രയിച്ചവൻ"


എന്നു 'കേരള'ത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളത് തന്നെ ശരിയായില്ല എന്നാണു് എന്റെ വിനീതമായ അഭിപ്രായം


ശങ്കരന്റെ ശിഷ്യനായ മറ്റൊരു കവി 'ശ്രീകൃഷ്ണാഭദയം' എന്നൊരു കാവ്യം രചിച്ചിട്ടുണ്ടു്. താഴെ ചേപെരുതും യമകഭ്രമംപെടുന്നൊരു ഭട്ടൻക്കുന്ന പദ്യങ്ങൾ അതിലുള്ളവയാണു്.


"അശേഷമജ്ഞാനതമഃകദംബം ഗ്രസൻ കൃപാലോകമയൂഖജാലൈ
മനോമയം മേ വിദധാതു ഫുല്ലം കുശേശയം ദേശികവാസരേശഃ.
*               *               *               *               *               *               *
സ്വയംവിനിര്യന്നവപദ്യബന്ധശ്രമാംബു യസ്യാനനപദ്‌മലഗ്നം
മമാർജ വാണീ കരപല്ലവേന സ ശങ്കരാഖ്യോ മമ ശം കരോതു.


നിസർഗ്ഗദുർബോധകവിത്വമാർഗ്ഗേ ചരൻ ന ദൂയ ധൃതഭക്തിദണ്ഡ!
ഗുരൂപദേശോജ്ജ്വലദീപശാലീ സരസ്വതീദത്തകരാവലംബഃ
മദീയവാണീ ചപലാ വിമുക്തപ്രസാദലേശാപി രസോജ്ഝിതാ-
ദാമോദരോദാരകഥാമധൂളിരസാദൃതാ ഗൃഹൃത ഏവ സദ്‌ഭിഃ'’


ഇവയിൽ 'സ്വയംവിനിര്യത്' എന്ന പദ്യത്തിലേയും, 'ഉചിതരസവിചാരേ' ഇത്യാദി 'ചന്ദ്രോത്സവ'പദ്യത്തിലേയും ആശയങ്ങൾക്കുള്ള ഐക്യം പ്രസ്പഷ്ടമാണല്ലോ. 'ചന്ദ്രോത്സവ'ത്തിലെ ആശയം 'കൃഷ്ണാഭ്യുദയ'ത്തിൽ സംക്രമിച്ചു എന്നനുമാനിച്ചാൽ അസങ്ഗതമാകുമെന്നു തോന്നുന്നില്ല.


ഇനി 'വാസുദേവവിജയ'ത്തിന്റെ കർതൃത്വത്തെപ്പറ്റി അല്പം വിചിന്തനം ചെയ്യാം. 'ഉദാഹൃതം പാണിനിസൂത്രമണ്ഡലം പ്രാഗ്വാസുദsവേന' എന്നു 'ധാതുകാവ്യ'ത്തിൽ മേല്പുത്തൂർ ഭട്ടതിരിയും, “ഏതദ്-ഗ്രന്ഥരചനേന അസ്യ മഹാവൈയാകരണത്വം പ്രതീയതേ; യതഃ സഗ്ഗ-ത്രയാത്മകേനൈവ അനേന സകലാഷ്ട്രാധ്യായീ കൃതാർത്ഥീകൃതാ" എന്നു 'കാവ്യമാലാ' പ്രകാശകനായ 'പണ്ഡിതശിവദത്ത' ശർമ്മാവും ഈ കാവ്യത്തിന്റെ മാഹാത്മ്യത്തെ പ്രശംസിച്ചിരിക്കുന്നു.


വാസ്തവത്തിൽ മൂന്നല്ല അഞ്ചു സഗ്ഗത്തിലുള്ള ഒരു കാവ്യമാകുന്നു വാസുദേവവിജയം; ഒടുവിലത്തെ രണ്ടു സർഗ്ഗം കാവ്യമാലയിൽ പ്രസിദ്ധപ്പെടുത്തീട്ടില്ലെന്നേയുള്ളു. "ജായയാ സ മുമുദേ വസുദേവഃ' എന്ന പാദത്തിലാണല്ലോ മൂന്നാംസർഗ്ഗം അവസാനിക്കുന്നതു്. അതു കഴിഞ്ഞാൽ ഭാഗവതത്തിൽ കാണുന്നതു "സ ഗാന്ദിനീഭൂരഥ ഗോകുലേധിതം" എന്നു മേല്പുത്തൂർ ആരംഭിക്കുന്ന അക്രൂരന്റെ കഥയല്ല. ഇതിൽനിന്നുതന്നെ വാസുദേവവിജയത്തിൽ ബാക്കിയേതോ അച്ചടിപ്പിക്കാതെ കിടക്കുന്നുണ്ടെന്നു പണ്ഡിതന്മാർക്കു കാണാവുന്നതാണ്. അഞ്ചാംസർഗ്ഗത്തിന്റെ ഒടുവിലത്തെ ശ്ലോകമാകുന്നു താഴെ ചേർക്കുന്നതു്.


"സന്ധ്യാപയോദരുചിലോഹിതകേ പ്രതീച്യാഃ
പ്രാച്യാ മുഖേ ച തമസോദയകാളകേ ച
കല്ല്യാണവേണുദലശൃംഗമിളന്നിനാദൈർ-
ഗ്ഗോഷ്ഠം വിഭുർവിവിശവാൻ സഗണഃ പുരാവൽ."


വാസുദേവവിജയത്തിന്റെ ഏതു ഭാഗം വായിക്കുമ്പോഴും അതു നിർമ്മിച്ച മഹാകവിയുടെ വശ്യവചസ്ത്വവും വ്യാകരണപാണ്ഡിത്യവും സ്ഫുടീകരിക്കുന്നു എന്നുള്ളത് അനുഭവവേദ്യമാണു്. ദുരവഗാഹമായ ആ കൃതിക്കു ഗ്രന്ഥകാരൻതന്നെ,


"കാവ്യം മയാ വാസുദേവവിജയാഖ്യമകാരി യൽ
വ്യാഖ്യാപി തസ്യ തന്വീയം ക്രിയതേ പദചന്ദ്രികാ.”


എന്ന പദ്യത്തിൽ പറയുന്നപ്രകാരം 'പദചന്ദ്രിക' എന്ന വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ടു്. ധാതുകാവ്യത്തിന്റെ വ്യാഖ്യ വിരചിച്ചതു മുക്കോലയില്‍ വെച്ചാണെന്നും അതെഴുതിയെടുത്തതു കവിയുടെ ചില (സതീർത്ഥ്യന്മാരായ) ശിഷ്യന്മാരാണെന്നും ഉള്ളത് ആ വ്യാഖ്യയുടെ പ്രാരംഭത്തിലുള്ള


"സ്മരത ഹരേർമ്മധുരതരം മുരളീനിനദാമൃതം ഹി ശബ്ദമയം
പദയുഗളഞ്ച ഭവാന്യാ മഹിഷാരേർമുക്തിനിലയവാസിന്യാഃ
ഗുരുപാദാബ്ജസംസേവാനിതാന്തവിമലാശയൈഃ
സതീർത്ഥ്യൈരദ്യ ലിഖ്യന്തേ ധാതുകാവ്യാർത്ഥലോചനാഃ"


എന്ന പദ്യങ്ങളിൽനിന്നു വെളിപ്പെടുന്നു. "വാസുദേവോ നാമ കേരളേ പുരുവനഗ്രാമജന്മാ കശ്ചിദ്ദ്വിജന്മാ" എന്നു് ആ വ്യാഖ്യാനത്തിൽ വ്യക്തമായ് പ്രസ്താവിച്ചിട്ടുള്ള സ്ഥിതിക്കു 'വാസുദേവവിജയ'കാരനായ 'വസുദേവകവി' കൊച്ചിരാജ്യത്തു പെരുമനം ഗ്രാമത്തിൽപെട്ട ഒരാളായിരുന്നു എന്നുള്ളതിനേപ്പറ്റി സംശയിക്കേണ്ടതില്ല. വാസുഭട്ടതിരിയുടെ ഇല്ലം പെരുമനംഗ്രാമത്തിൽ പെരുമനത്തുതന്നെയാണെന്നും, അദ്ദേഹത്തിന്റെ കുടുംബവും പരമ്പരയും ഇപ്പോഴും ഉണ്ടെന്നും അറിയുന്നു. വാസുദേവവിജയം പോലെ 'ഗജേന്ദ്രമോക്ഷം' എന്നു് അപ്രകാശിത അഞ്ചു സർഗ്ഗങ്ങളടങ്ങിയതുമായ ഒരു കാവ്യമുണ്ടു്. വാസുദേവവിജയം വ്യാകരണത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുംപോലെ, ഛന്ദശ്ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കാവ്യമാകുന്നു ഗജേന്ദ്രമോക്ഷം. താഴേ ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ അതിൽ ഉള്ളവയാണ്.


"കല്യാണം കുരുതാദ് വോ ഭൂതാനാമധിപതിഃ സ കരുണാബ്
രക്ഷാർത്ഥം സുജനാനാം സന്നിദധത് പുരുവനേ പുണ്യേ


ശാക്ത്യോഭയരൂപഃ സൻ യം കില നാഥഃ സ ഭുവനചക്രസ്യ
ചക്രിണി മാതരി, ജനയാംബഭൂവ ജഗദവനജനിതരസം


യസ്യ ച ഭാജകരൂപപ്രസാദതോ വിശ്വവിതതവിമലയശാഃ
യമയാമാസ സുമേധാഃ കഥാസുധാം വാസുദേവകവിഃ
*               *               *               *               *               *               *
ജഗതാം ശിവായ നിത്യം പ്രവർത്തമാനസ്യ ശിവസമാനസ്യ
സമനുസ്മരാമി സാക്ഷാത് പരാശരോത്ഥസ്യ പുണ്യസ്യ


ഭക്ത്യാ പ്രണമ്യ ദേവം ഹരിം ഗുരും ശ്രീഗുരുപ്രസാദേന
വൃത്തൈർഗജേന്ദ്രമോക്ഷം ബ്രൂമസ്തം ശൃണുത വൃത്തജ്ഞാഃ


യേഷാം ന മത്സരോത്ഥം ചേതഃ സദ്വൃത്തവാസനാവന്തഃ
തേ ശോധയന്ത്വിമം തം; സ്ഖലേന്ന കോ വൃത്തതോനേഹ?''


അവസാനത്തിൽ,


"വൃത്തരത്നാകരപ്രോക്തവൃത്തലക്ഷ്യതയാ ക്രമാത്
ഗജേന്ദ്രമോക്ഷഃ സംദൃബ്‌ധോ വാസുദേവേന സാദരം.''


എന്നും ഒരു പദ്യം കാണുന്നു. ഈ പദ്യങ്ങളിൽനിന്നു്, പെരുമനത്തു വാസുദേവകവിയാണ് ഗജേന്ദ്രമോക്ഷത്തിന്റെ നിർമ്മാതാവെന്നും, അദ്ദേഹം (തിരുവിളക്കാവു) ശാസ്താവിന്റെ പ്രസാദം നിമിത്തമാണു് യമകകവനത്തിനു ശക്തനായിത്തീർന്നതെന്നും കാണാം. 'കല്യാണം കുരുതാത്' എന്ന പദ്യത്തിൽ കവി വന്ദിക്കുന്ന 'ഭൂതാനാമധിപതി'യും വാസുദേവവിജയത്തിന്റെ പ്രാരംഭത്തിൽ കാണുന്ന,


"വിഘ്നേശഭാരതീവ്യാസഗുരുശാബ്ദികമൂർത്തയേ
നമോഽസ്തു പത്യൈ ഭൂതാനാം സദാനന്ദ ചിദാത്മനേ”.


എന്ന പദ്യത്തിലെ 'ഭൂതാനാംപതി'യും ഭൂതനാഥനായ പ്രസ്തുതശാസ്താവല്ലയോ എന്നു പോലും ഞാൻ സംശയിക്കുന്നു. രണ്ടു ഗ്രന്ഥങ്ങളിലും വ്യാസഭഗവാനെ കൈവണങ്ങുന്നതു 'ഭാരതസുധാമദഭ്രാന്ത'നായ 'യുധിഷ്ഠിരവിജയ'കർത്താവ് ആണെന്നു അനുമാനിക്കുന്നതും അസങ്ഗതമല്ല. ഇതെല്ലാംകൊണ്ടു്, 'ഗജേന്ദ്രമോക്ഷം' 'വാസുദേവവിജയം' ഈ ശാസ്ത്രകാവ്യങ്ങളുടെ കർത്താവും വാസുദേവകവിയാണെന്നുതന്നെ ഊഹിക്കാം. പ്രാചീനനും മഹാവൈയാകരണനുമായ നമ്മുടെ ഈ മഹാകവിയെ, ക്രി. പി. ൧൪-ാം ശതകത്തിൽ ജീവിച്ചിരുന്ന സർവതന്ത്രസ്വതന്ത്രനായ മാധവാചാര്യർ (വിദ്യാരണ്യസ്വാമികൾ) അദ്ദേഹത്തിന്റെ 'ധാതുവൃത്തി യിൽ 'ഭ്വാദിധാതുഗണ'ത്തിൽപെട്ട “പണ വ്യവഹാരേ സ്തുതൌച; പന ച" ഈ രണ്ടു ധാതുക്കളേയും വ്യാഖ്യാനിക്കുമ്പോൾ, "അത്ര സ്വാമി-കാശ്യപ-സമ്മതാകാര-വാസുദേവാദയഃ ഇത്യായാന്താദാത്മനേ പദമുദാഹരന്തി; തദസത്" എന്ന ഭാഗത്തിൽ സ്മരിക്കുന്നുണ്ടെന്നുള്ളതു നാം അഭിമാനപൂർവം ഉൽഘോഷിക്കേണ്ടതാകുന്നു. മാധവാചാര്യരെക്കാൾ പ്രാചീനനായ് വാസുദേവനെന്നപേരിൽ വേറിട്ടൊരു വൈയാകരണനെ നാമറിയുന്നില്ല. ക്രി. പി. ൧൬-ാംശതാബ്ദത്തിൽ മാത്രം ജീവിച്ചിരുന്ന 'ഭട്ടോജിദീക്ഷിതരു'ടെ 'സിദ്ധാന്തകൌമുദി'ക്കു 'ബാലമനോഭ'എന്ന വ്യാഖ്യാനം നിർമ്മിച്ച 'വാസുദേവദീക്ഷിതർ' അന്യനും അവ്വാചീനനും ആണെന്നുള്ളത് അനുക്തസിദ്ധമാണല്ലോ.


പ്രസിദ്ധമായ പയ്യൂരില്ലത്തിലെ ഒരങ്ഗവും സാക്ഷാൽ മഹർഷിയുടേയും ഗോപാലിയുടേയും പുത്രനുമായ വാസുദേവഭട്ടതിരിയും ഒരു യമകകാവ്യകാരനായിരുന്നു. അദ്ദേഹം 'കുമാരിലയുക്തിമാല' എന്ന പൂവമീമാംസാഗ്രന്ഥത്തിന്റെ പ്രണേതാവും മല്ലികാമാരുതത്തിൽ ഉദ്ദണ്ഡശാസ്ത്രികൾ ശ്ലാഘിക്കുന്ന പരമേശ്വരഭട്ടതിരിയുടെ സഹോദരനും ആയിരുന്നു എന്നു് ഊഹിക്കാവുന്നതാണു്. ആ പണ്ഡിതന്‍ ചന്ദ്രോദയം, സത്യതപഃകഥോദയം, ശിവോദയം, അച്യുതലീലോദയം എന്നിങ്ങനെ നാലു യമകകാവ്യങ്ങളാണു് രചിച്ചിട്ടുള്ളതു്. ഇവയിലെല്ലാം വേദാരണ്യത്തിന്റെ വർണനമുണ്ടു്. വേദാരണ്യം കൊച്ചിരാജ്യത്തില്‍പ്പെട്ട ഇന്നത്തെ കുന്നങ്കുളമാണു്.


ദേവീചരിതം ആറു് ആശ്വാസമുണ്ടു്. രണ്ടു മുതൽ ആറുവരെ ആശ്വാസങ്ങളേ കണ്ടു കിട്ടീട്ടുള്ളു. കുന്നങ്കുളത്തെ ദേവിയും ശ്രീകൃഷ്ണന്റെ സഹോദരിയുമായ കാത്യായനിയുടെ ചരിത്രമാണ് വിഷയം. "വേദാരണ്യനിവാസിനീം തനുമനോവാഗ്‌ഭിർന്നമസ്‌കുർമഹേ" എന്നു കവി ആ ദേവിയെ വന്ദിക്കുന്നു. സത്യതപഃകഥ ഗ്രന്ഥകാരന്റെ പൂർവനായ 'മഹർഷി'യുടെ ജീവിതത്തെ പരാമർശിച്ചുള്ള ഒരു കാവ്യമാണു്. ആദ്യത്തെ മൂന്നാശ്വാസങ്ങൾ കിട്ടീട്ടുണ്ടു്. ശിവോദയം, തന്നെയും തന്റെ സഹോദരന്മാരേയും പറ്റിയുള്ള പ്രസ്താവനയാണു്. ആദ്യത്തെ രണ്ടാശ്വസങ്ങളേ ലഭിച്ചിട്ടുള്ളു. അച്യുതലീല ബാലകൃഷ്ണചരിതാനുവർണ്ണനപരമായ ഒരു കൃതിയാകുന്നു. നാലാശ്വാസമുണ്ടു്.


ശ്രീകണ്ഠവാരിയരുടെ രഘൂദയം എന്നൊരു യമകകാവ്യം ഉണ്ടു്. രാഘവന്റെ ഗുരുവായ ശ്രീകണ്ഠൻതന്നെയോ ഈ കവി എന്നു തിട്ടമില്ല.


"പാരശവാന്വയമാനഃ
ഖ്യാതോ സോഷ്ടാങ് ഗഹൃദയവാന്വയമാനഃ
ഗുണവിഭവാന്വയമാനഃ
സ്പൃശച്ശ്രിയഃ ശങ്കരോപിവാന്വയമാനഃ''


ഇത്തരത്തിലാണ് ആ കാവ്യത്തിന്റെ ഗതി.


മേൽ പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു യമകകാവ്യനിർമ്മാണം കേരളീയപണ്ഡിതന്മാർക്കു എത്ര ലഘുവും യശസ്സമ്പാദകവുമായ ഒരു സാഹിത്യവ്യവസായമായിരുന്നു എന്നു സഹൃദയന്മാർക്കു കാണാവുന്നതാണു്.


കേരളത്തിൽ വാസുദേവനാമധേയന്മാരായ് പല ഗ്രന്ഥകാരന്മാരും ഉണ്ടായിട്ടുണ്ടു്. വെട്ടത്തുനാട്ടു രവിവർമ്മരാജാവിന്റെ ആശ്രിതനായ ഒരു വാസുദേവൻ നിമ്മിച്ച 'ഭാരതസംക്ഷേപം' എന്ന കാവ്യത്തിൽ നിന്നാകുന്നു താഴേ ചേർക്കുന്ന ശ്ലോകങ്ങൾ എടുത്തിരിക്കുന്നതു്.


"ജഗദാനന്ദയൻ ഗോഭിഃ സതാം മാര്‍ഗ്ഗം സനാഥയൻ
പ്രകാശശ്രീകരോ രാജാ രവിവര്‍മ്മാ വിരാജതേ.


ഗിരാം ദേവീ രമാ ചോഭേ യം സമഗ്രഗുണോജ്ജ്വലം
ആശ്രിത്യ സ്വപ്രിയൌ ദേവൌ സ്മരതോ ന കദാചന.


തസ്യാജ്ഞയാ സുമനസഃ പാര്‍ത്ഥാനാം ചരിതം ശുഭം
മഃ സംക്ഷിപ്യ; സുതരാം പ്രസീദന്ത്വിഹ ദേശികാഃ.
*               *               *               *               *               *               *
യദേതദ് വൃത്തമേകേഷാം പാണ്ഡവാനാം മഹാത്മനാം
സേയമേതാദൃശീ കാപി വാസുദേവസ്യ നിര്‍മ്മിതിഃ''


ഈ കവി ഗോവിന്ദചരിതമെന്ന മറ്റൊരു കാവ്യവും പത്തു സര്‍ഗ്ഗത്തിൽ നിര്‍മ്മിച്ചുകാണുന്നു.


സാഹിത്യമല്ലനെന്ന ബിരുദപ്പേരോടുകൂടി 'കരുണാകര'ശിഷ്യനായ് ജീവിച്ചിരുന്ന മറ്റൊരു 'വാസുദേവൻ' രാജശേഖരമഹാകവിയുടെ വിദ്ധസാലഭഞ്ജികയ്ക്ക് ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. "ശ്രീമൽകരുണാകരശിഷ്യേണ സാഹിത്യമല്ലാപരാഖ്യേന വാസുദേവകവിനാ വിരചിതായാം" എന്നാണു് അദ്ദേഹം പ്രസ്തുതവ്യാഖ്യാനത്തിൽ തന്നെപ്പറ്റി പ്രസ്താവിക്കുന്നതു്. താഴെ ഉദ്ധരിക്കുന്ന മൂന്നു പദ്യങ്ങൾ ആ വ്യാഖ്യാനത്തിൽ ഉള്ളവയാണു്.


“മുക്തിപ്രദാ പദജുഷാം മഹിഷോത്തമാങ്ഗ-
വ്യക്തസ്ഥിതിര്‍ന്നിഖിലകാംക്ഷിതകല്പവല്ലീ
ഭക്തസ്യ മേ മനസി ഖേലതു സാർവകാലം
മുക്തിസ്ഥലീനിലയിനീ പരദേവതാ നഃ"


"ചിത്തേ നിധായ കരുണാകരനാമധേയാ-
നസ്മദ് ഗുരൂൻ ഗുരുകൃപാഭരപൂരിതാക്ഷാൻ
ശ്രീരാജശേഖരകവീന്ദ്രകൃതേരമുഷ്യാഃ
കിഞ്ചിദ്യതേ പദപദാര്‍ത്ഥവിവേകസിദ്ധ്യൈ.


അവിചാരകൃതാന്യത്ര ക്ഷമതാം സകലാന്യപി
ബാലസ്യ ദുർവിനീതാനി മമ മാതേവ ഭാരതീ."


"സാഹിത്യമല്ലകവിനാ നിപുണം നിബദ്ധാ
സൌഹിത്യഹേതുരധികം വിബുധോത്തമാനാം
വ്യാഖ്യാ മനോജ്ഞരസഭാവവിചാരചുഞ്ചു-
വ്യാലേഖി കേനചിദിയം ഖലു രാമനാമ്നാ."


എന്നു ഗ്രന്ഥാന്തത്തിൽ രാമനാമാവായ ലേഖകന്റെ വകയായും ഒരു പദ്യം കാണുന്നുണ്ടു്. ഈ വാസുദേവന്റെ ഗുരുവായ 'കരുണാകരൻ' പക്ഷെ മുക്കോലയിൽവെച്ച് ഉദ്ദണ്ഡശാസ്ത്രികൾ മുക്തകണ്ഠം ശ്ലാഘിച്ചുവെന്ന് ഐതിഹ്യം ഘോഷിക്കുന്ന 'കരുണാകരമാരാർ' ആയിരിക്കാം.


നാരായണന്റെ പുത്രനായ ഒരു 'വാസുദേവ'കവി 'രാമകഥ' എന്നൊരു ഗദ്യകാവ്യം നിര്‍മ്മിച്ചിട്ടുണ്ടു്. ഈ വാസുദേവൻ തിരുവിതാംകൂറിൽ ആദിത്യവർമ്മ മഹാരാജാവിന്റെ ആശ്രിതനായ് ജീവിച്ചിരുന്നു എന്നും അവിടുത്തെ നിര്‍ദേശാനുസാരമാണു് ആ കൃതി രചിച്ചതു് എന്നും


"സതാം പരിത്രാണപരസ്സുമേധാ ജിതാരിഷഡ്വര്‍ഗ്ഗതയാ മഹീയാൻ
വിഭ്രാജതേ വിശ്രുതവിക്രമശ്രീരാദിത്യവര്‍മ്മാ നരലോകവീരഃ
ചിരായ രക്ഷോപഗമേന കുർവന്നുർവീം മുദാ യസ്സുമനോജനാനാം 
മഹീജയോദഞ്ചിതപുണ്യകീര്‍ത്തിരാമോദതേ രാമ ഇവ പ്രകാമം.


തസ്യാജ്ഞയാ സർവജനീനവൃത്തേരവിസ്തരാ രാമകഥാ പവിത്രാ
നിബധ്യതേ ഗദ്യമയീ മജയം സന്തോഽനുഗൃഹ്ണന്തു നിതാന്തമസ്യാം.


എന്നു ഗ്രന്ഥാരംഭത്തിലും


"യം വാസുദേവമനുരൂപമവാപ പുത്രം
നാരായണോ വിമലകീര്‍ത്തി ... ... 
പ്രാണായിതേന മനുവംശപതേഃ കഥേയ-
മാദിത്യവര്‍മ്മനൃപതേഃ കൃതിനോ നിദേശാൽ."


എന്നു ഗ്രന്ഥാന്തത്തിലും കാണുന്ന ശ്ലോകങ്ങളിൽനിന്നു വ്യക്തമാകുന്നു.


കേരളീയരായ ഈ നാലു വാസുദേവന്മാരിൽ ഒരാളോ 'യുധിഷ്ഠിരവിജയവാസുദേവവിജയാ'ദിമഹാഗ്രന്ഥങ്ങളുടെ പ്രണേതാവായ പട്ടത്തു വാസുദേവഭട്ടതിരിയോ അല്ല 'ഭ്രമരസന്ദേശകാര'നായ വാസുദേവകവി എന്നേ എനിക്കു് ഈ ഉപന്യാസത്തിൽ വിവക്ഷയുള്ളു. വേറേയും കേരളീയരായ വാസുദേവപണ്ഡിതന്മാർ പലരും ഉണ്ടായിട്ടുണ്ട്.


എന്റെ ഈ മതത്തിന് ഉപോൽബലകമായി ഒരു സംഗതി കൂടി പ്രസ്താവിക്കാം. കേരളീയനായ ഒരു നാരായണകവി 'സീതാഹരണം' എന്നൊരു യമകകാവ്യം നിർമ്മിച്ചിട്ടുണ്ട്.


"അസ്ത്യവതാരവിരമദസ്തഥാപി ഭൂമേരധീശിതാ രവിരമദഃ
സദ്വിധിനാ മായാദ്യഃ സ മനുകുലാദിത്യ ഇതി ച നാമായാദ്യഃ"


എന്ന പദ്യത്തിൽനിന്നു് ആ കൃതി രവി അഥവാ മനുകുലാദിത്യൻ എന്ന രാജാവിൻറെ കാലത്താണു് നിര്‍മ്മിച്ചതു് എന്നു വിശദമാകുന്നു. 'മനുകുലാദിത്യൻ' ഒരു ചേരരാജാവായിരുന്നു എന്നും അദ്ദേഹം 'തിരുമൂഴിക്കുളം' ക്ഷേത്രത്തിനു ചില വസ്തുക്കൾ ദാനം ചെയ്തു എന്നും, ഭാസ്കരരവിവർമ്മാവിന്റെ കാലം കഴിഞ്ഞ് അതായതു് ക്രി. പി. ൯൭൮-നു മേൽ കേരളരാജ്യം രക്ഷിച്ചു എന്നും അദ്ദേഹത്തിന്റെ കാലത്താണ് തിരുനെൽവേലി ജില്ലയിൽ ബ്രഹ്മദേശമെന്ന സ്ഥലത്തു ജനിച്ച സര്‍വജ്ഞാത്മാവു 'സംക്ഷേപശാരീരകം' എന്ന വേദാന്തഗ്രന്ഥം രചിച്ചത് എന്നും ഉള്ളതിനു തെളിവുകൾ ഉണ്ടു്. ഒടുവിൽ പ്രസ്താവിച്ച സംഗതിക്ക്


"ശ്രീദേവേശ്വരപാദപങ്കജരജസ്സമ്പർക്ക പൂതാശയഃ 
സർവജ്ഞാത്മഗിരാങ്കിതോമുനിവരസ്സംക്ഷേപശാരീരകം
ചക്രേ സജ്ജനബുദ്ധിവർദ്ധനമിദം രാജന്യവംശേ നൃപേ
ശ്രീമത്യക്ഷതശാസനേ മനുകുലാദിത്യേ ഭൂവം ശാസതി.”


എന്ന സംക്ഷേപശാരീരകപദ്യം സാക്ഷ്യം വഹിക്കുന്നു. നാരായണന്റെ സീതാഹരണം യുധിഷ്ഠിരവിജയത്തിന്റെ ദുർബലമായ ഒരു അനുകരണമാണെന്നേ ആ കൃതി വായിക്കുന്നവര്‍ക്കു തോന്നുകയുള്ളു. ഇതിൽനിന്നു ക്രി. പി. ൯൭൮-നു മുൻപു പട്ടത്തു വാസുഭട്ടതിരി ജീവിച്ചിരുന്നിരിക്കണമെന്നു സിദ്ധിക്കുന്നു.