Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / പ്രാചീനാര്യാവർത്തത്തിലേ വിദ്യാഭ്യാസം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പ്രാചീനാര്യാവർത്തത്തിലേ വിദ്യാഭ്യാസം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

മനുഷ്യനെ തിര്യക്കുകളിൽനിന്നു വേർതിരിക്കുന്നതു പ്രജ്ഞയാണെന്നും ആ പ്രജ്ഞാരത്നം പ്രകാശിക്കണമെങ്കിൽ ശിക്ഷാരൂപമായ ശാണഘർഷണം അത്യാവശ്യകമാണെന്നും ആർക്കും അറിവുള്ളതാണു്. ഇൻഡ്യാമഹാരാജ്യത്തിൽ ഇപ്പോൾ നടപ്പിലിക്കുന്ന വിദ്യാഭ്യാസത്തിന് ഏതാനും ചില ഗുണങ്ങൾ ഇല്ലെന്നില്ലെങ്കിലും, അവയോടുകൂടി പലദോഷങ്ങളും സങ്കീർണ്ണമായി കിടക്കുന്നതിനാൽ ആ ദോഷങ്ങളെ പരിഹരിക്കാതെ രാജ്യത്തിനു ശാശ്വതമായ ഐശ്വര്യം സിദ്ധിക്കുകയില്ലെന്നു ജനങ്ങൾ മുക്തകണ്ഠം മുറവിളികൂട്ടിത്തുടങ്ങീട്ടു കാലം കുറെയായിട്ടുണ്ട്. ഈ അവസരത്തിൽ നമ്മുടെ പൂർവികന്മാരുടെ ഇടയിൽ പ്രചരിച്ചുവന്ന വിദ്യാഭ്യാസത്തിന്റരീതി എന്തായിരുന്നു എന്നു ദിങ്ങ്മാത്രമായി ഒന്നു പരിശോധിക്കുന്നതു രസാവഹവും വിജ്ഞാനപ്രദവുമായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.


പ്രാചീനാര്യന്മാർ വിദ്യാവിഷയത്തിൽ അത്യുൽകൃഷ്ടമായ ഒരു സ്ഥാനത്തെ പ്രാപിച്ചിരുന്നു എന്നുള്ളതു സർവ്വസമ്മതമാണു്. ഇന്നു പരിഷ്‌കാര സൂര്യന്റെ പ്രകാശത്താൽ ശോഭിക്കുന്ന പല പാശ്ചാത്യരാജ്യങ്ങളും അന്നു ഗാഢാന്ധകാരത്തിൽ ആണ്ടുകിടന്നിരുന്ന കഥ പോകട്ടെ; ഇക്കാലത്തെ മാനദണ്ഡംകൊണ്ടു അളക്കുകയാണെങ്കിൽ തന്നെ വാല്മീകിയെക്കാൾ വന്ദ്യനായ ഒരു കവിയേയോ പതഞ്ജലിയേക്കാൾ വിശിഷ്ടനായ ഒരു വൈയാകരണനേയോ ശങ്കരാചാര്യരെക്കാൾ പൂജ്യനായ ഒരു ശാസ്ത്രകാരനേയോ നാം ലോകത്തിൽ ഒരിടത്തും കാണുന്നില്ലല്ലോ. ആ മഹാപുരുഷന്മാരെ ആ നിലയിലൊക്കയും കൊണ്ടുചെന്നെത്തിച്ച വിദ്യാഭ്യാസരീതിയുടെ മാഹാത്മ്യം വിശ്വോത്തരമാണെന്നു് ആർക്കും സമ്മതിച്ചേ കഴിയൂ. അതിന്റെ ഏറ്റവും സംക്ഷിപ്തമായ ഒരു നിരൂപണമാണു് പ്രകൃതവിഷയം.


ബ്രഹ്മചര്യത്തെപ്പറ്റി ഋഗ്വേദത്തിലും അഥവവേദത്തിലും കാണുന്ന സൂചനകളിൽനിന്നു വൈദികകാലത്തിന്റെ ആരംഭത്തിൽതന്നെ ഈ ഏർപ്പാടു നടപ്പിൽവന്നതായി ഊഹിക്കേണ്ടിയിരിക്കുന്നു. ബ്രഹ്മപദത്തിനു വേദമെന്നർത്ഥമാകയാൽ വേദപാഠംചെയ്യുന്നവൻ ബ്രഹ്മചാരി എന്ന അഭിധാനത്തിനു് അർഹനായിത്തീന്നു. മത്സ്യപുരാണത്തിൽ മന്ത്രദ്രഷ്ടാക്കളായി തൊണ്ണൂറ്റൊന്നു മഹർഷിമാരെപ്പറ്റി പറയുന്നുണ്ട് . വൈദികകാലത്തിൽ തന്നെ വേദങ്ങൾ അർത്ഥത്തോടുകൂടിയോ കൂടാതെയോ പഠിക്കേണ്ടതു് എന്നുള്ളതിനെപ്പറ്റി പല വാദങ്ങളും ഉണ്ടായിരുന്നു. വൈദികന്മാരിൽ ചിലർ സാക്ഷരപാഠംകൊണ്ടുമാത്രം തൃപ്തന്മാരായിരുന്നതായി കാണുന്നുണ്ടു്. അവരുടെ മതം അബദ്ധമാണെന്നും സാർത്ഥാക്ഷരപാഠംതന്നെയാണു് കാര്യമായിട്ടുള്ളതെന്നും യാസ്തൻ ബലമായി സിദ്ധാന്തിക്കുന്നു.


"സ്ഥാണുരയം ഭാരവാഹഃ കിലാഭൂൽ
അധീത്യ വേദാൻ ന വിജാനാതി യോർത്ഥം
അർത്ഥജ്ഞ ഇത് സകലംഭദ്രമശ്‍നുതേ
നാകമേതി ജ്ഞാനവിധൂതപാപ്മാ."


യാസ്തന്റെ ഈ അഭിപ്രായത്തോട്ട പൂർണ്ണമായി യോജിച്ചുതന്നെയാണു് പതഞ്ജലിയുടേയും നില.


"യദധീതമവിജ്ഞാതം
നിഗദേനൈവ ശബ്ദ്യതേ
അനഗ്നാവിവ ശുഷ്കന്ധൌ
ന തർജ്ജ്വലതി കേവലം."


എന്നുള്ള അദ്ദേഹത്തിന്റെ മതം സർവ്വഥാ ആദരണീയമാണെന്നുള്ളതിനു സംശയമില്ല. സാക്ഷരപാഠത്തിനുതന്നെയും സ്ഥാനകരണനാദാനുപ്രണാദാദികളിൽ നിശ്ചയമുള്ള ഒരദ്ധ്യാപകന്റെ സാഹാര്യം ആവശ്യകമാണെന്നു വരുമ്പോൾ സാർത്ഥാക്ഷരപാഠത്തിനു് ആ സാഹായ്യം എത്രമാത്രം അപരിഹരണീയമാണെന്നുള്ളതു് അനുക്തസിദ്ധമാണല്ലോ.


അദ്ധ്യാപനം മൂന്നുതരത്തിലാണെന്നത്രേ ഹാരീതന്റെ മതം.


"അദ്ധ്യാപനം ച ത്രിവിധം
ധർമ്മാർത്ഥമൃകഥകാരണം
ശുശ്രൂഷാകാരണം ചേതി
ത്രിവിധം പരികീർത്തി...''


എന്നാണു് ആ സ്മൃതികർത്താവിന്റെ വാക്യം. അദ്ധ്യാപനം ധർമ്മത്തെ പുരസ്കരിച്ചും പണത്തിനുവേണ്ടിയും ശുശ്രൂഷയെ ഉദ്ദേശിച്ചും ഇങ്ങനെ മൂന്നു വിധത്തിലാകാം. ഈ നിലയ്ക്കു് അദ്ധ്യാപകന്മാരും, ആചാര്യൻ, ഉപാദ്ധ്യായൻ എന്നു രണ്ടുപ്രകാരത്തിലുണ്ടെന്നു വിഷ്ണു എന്ന മറ്റൊരു സ്മൃതികാരൻ പറയുന്നു. അവരിൽ ആചാര്യൻ ഉപാദ്ധ്യായനെക്കാൾ ശ്രേഷ്ഠനായിരുന്നു.


"ഉപനീയതു യഃ ശിഷ്യം
വേദമദ്ധ്യാപയേദ്ദ്വിജഃ
സകല്പം സരഹസ്യം ച
തമാചാര്യം പ്രചക്ഷതേ"


"ഏകദേശം തു വേദസ്യ
വേദാംഗസ്യാപി വാ പുനഃ
യോദ്ധ്യാപയതി വൃത്യർത്ഥ-
മുപാദ്ധ്യായസ്സ ഉച്യതേ''


വേദത്തിന്റെ ഏകദേശമോ വേദാംഗമോ പഠിപ്പിക്കുക എന്നത് ഉപജീവനമാർഗ്ഗമായി സ്വീകരിക്കുന്നവനാണു് ഉപാദ്ധ്യായൻ. ആചാര്യപദത്തിനു്-


"ആചിനോതി ഹി ശാസ്ത്രാർത്ഥാ-
നാചാരേ സ്ഥാപയത്യപി
സ്വയമാചരതേ യസ്മാ-
ദാചാര്യസ്തേന കത്ഥ്യതേ''


ഇങ്ങനെ മറ്റൊരുപ്രകാരത്തിലും നിർവചനം കാണുന്നുണ്ട്. ഗുരു ഈ രണ്ടു വകക്കാരിൽനിന്നും ഭിന്നനായിരുന്നു.


"നിഷേകാദീനി കർമ്മാണി
യഃ കരോതി യഥാവിധി
സംഭാവയതി ചാന്നേന
സ വിപ്രോ ഗുരുരുച്യതെ”


"ഗൃ നിഗരണേ" എന്ന ധാതുവിൽനിന്നുണ്ടായ ഗുരുശബ്ദത്തിനു് അജ്ഞാനത്തെ നശിപ്പിക്കുന്നവൻ എന്ന അർത്ഥം സിദ്ധിച്ചു. ഈ അർത്ഥത്തെത്തന്നെ ഭംഗ്യന്തരേണ


"ഗുശബ്ദോഹ്യന്ധകാരഃ സ്യാ-
ദ്രുശബ്ദസ്തന്നിരോധകഃ
അന്ധകാരനിരോധിത്വാല്‍
ഗുരുരിത്യഭിധീയതേ"


എന്ന പദ്യത്തിൽ വിവരിച്ചിരിക്കുന്നു.


അദ്ധ്യയനകാലത്തെ സ്മൃതികർത്താക്കന്മാർ പലവിധത്തിൽ ഗണിച്ചിട്ടുണ്ടെങ്കിലും ആര്യന്മാർക്ക് എട്ടുവയസ്സുമുതൽ ഇരുപത്തിനാലുവയസ്സുവരെ വിദ്യാഭ്യാസം വിധിച്ചിരുന്നു എന്നു മൊത്തത്തിൽ പറയാവുന്നതാണ്. ഛാന്ദോഗ്യോപനിഷത്തിൽ ശ്വേതകേതുവിന്റെ വിദ്യാഭ്യാസം പന്ത്രണ്ടാംവയസ്സിൽ ആരംഭിച്ചതായിട്ടാണു് പറഞ്ഞുകാണുന്നത്. പക്ഷേ, വയസ്സുചെന്നതിനു മേലാണ് ഒരുവനു വിദ്യാഭ്യാസത്തിനു യോഗം സിദ്ധിക്കുന്നതെങ്കിൽ അതിനും നിഷേധമില്ലെന്നു ബൃഹദാരണ്യകോപനിഷത്തിൽ ആരുണിയുടെ കഥയിൽനിന്നു നാം ഗ്രഹിക്കുന്നു.


ശിഷ്യന്മാർ ചുരുങ്ങിയപക്ഷം ഒരു വേദമെങ്കിലും സാംഗമായും സരഹസ്യമായും അഭ്യസിക്കേണ്ടിയിരുന്നു. അതു പന്ത്രണ്ടുകൊല്ലത്തെ പഠിത്തംകൊണ്ടേ സാദ്ധ്യമായിരുന്നുള്ളു. ഇരുപത്തിനാലോ, മുപ്പത്തിരണ്ടോ, മുപ്പത്താറോ വർഷം തുടന്നുപഠിക്കുന്നവരും ഇല്ലാതിരുന്നില്ല. മറ്റുചിലർ യാവജ്ജീവം ശിഷ്യന്മാരായി കഴിച്ചുകൂട്ടിവന്നു. അവരുടെ ജീവിതം ആന്തം (അവസാനംവരെ) ആചാര്യാധീനമാണെന്നു ഗൌതമൻ പറയുന്നു. അവരെ നൈഷ്ഠികബ്രഹ്മചാരികൾ എന്നു വിളിച്ചുവന്നു.


വേദപാഠം മാത്രമേ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നുള്ളു. പിന്നീടു ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജൌതിഷം ഈ ആറു വേദാംഗങ്ങളുടെ പഠനം കൂടി പ്രചുരപ്രചാരമായിത്തീർന്നു. പതഞ്ജലിയുടെ കാലത്തിൽ ഈ ഈ വേദാംഗങ്ങളിൽ - പ്രത്യേകം വ്യാകരണത്തിൽ-ശിഷ്യന്മാർക്ക് അഭിരുചി കുറഞ്ഞുവന്നതായി ഊഹിക്കുന്നതിനു പല ലക്ഷ്യങ്ങളുമുണ്ട്. "പണ്ടത്തെക്കാലത്തിൽ ഉപനയനത്തിനുമേൽ ബ്രാഹ്മണരെ വ്യാകരണം പഠിപ്പിക്കുക പതിവായിരുന്നു. ഇപ്പോൾ അങ്ങനെയൊന്നുമില്ല. വേദം പഠിച്ചുകഴിഞ്ഞ ഉടൻതന്നെ അവർ,


വേദാന്നോ വൈദികാശ്ശബ്ദാഃ
സിദ്ധാ ലോകാശ്ച ലൌകികാഃ
അനർത്ഥകം വ്യാകരണം


എന്നു പറഞ്ഞുതുടങ്ങുന്നു" എന്നുംമറ്റും ഭാഷ്യകാരൻ അന്നത്തെ ശിഷ്യന്മാരെ സരസമായി അധിക്ഷേപിക്കുന്നുണ്ടു്. അനന്തരകാലങ്ങളിൽ സാംഖ്യയോഗാദിശാസ്ത്രങ്ങളും ചതുഷ്ഷഷ്ടികലകൾ കൂടിയും പാഠവിഷയങ്ങളായിത്തീർന്നു. ഛാന്ദോഗ്യോപനിഷത്തിൽ നാരദൻ സനൽക്കുമാരനോടു തനിക്കു പല ശാസ്ത്രങ്ങളിലും അവഗാഹമുണ്ടായിരുന്നതായി പ്രസ്താവിക്കുന്നുണ്ടു്. സൂത്രകാരന്മാരും സ്മൃതികാരന്മാരും ശിഷ്യർക്കു വേണ്ടതായി പറയുന്ന പ്രധാനഗുണങ്ങൾ ശാന്തി, വിനയം, ആർജ്ജവം, ശ്രദ്ധ, ഭക്തി, ഗ്രഹണപാടവം, സദാചാരം ഇവയാണു്. ഇന്ദ്രിയനിഗ്രഹത്തോടുകൂടിയുള്ള ഗുരൂപസർപ്പണത്തിൽ പ്രാചീനന്മാർ പ്രത്യേകം ദൃഷ്ടിവച്ചിരുന്നു.


"ശാസ്ത്രായ ഗുരുസംയോഗഃ;
ശാസ്ത്രം വിനയവൃദ്ധയേ''


എന്നു കാമന്ദകി പറയുന്നു. ആചാര്യനെ വേണ്ടവിധത്തിൽ ശുശ്രൂഷിച്ചാലല്ലാതെ വിദ്യ ഒരിക്കലും ശിഷ്യനെ പ്രാപിക്കുന്നതല്ല.


"കൂപസ്ഥിതം യഥാ തീരം
സരജ്ജുരധിഗച്ഛത!
ഗുരൌ സ്ഥിതാം തഥാ വിദ്യാം
ശുശ്രഷ്ടരധിഗച്ഛതി''


എങ്ങനെ കിണറ്റിനടിയിൽ കിടക്കുന്ന വെള്ളം കയറു കൈയിലുള്ളവനു കോരുവാൻ സാധിക്കുമോ അതുപോലെ ഗുരുവിലുള്ള വിദ്യ ശിഷ്യനു ശുശ്രൂഷയിൽ മാത്രമേ ഗ്രഹിക്കുവാൻ സാധിക്കുന്നുള്ളു. ഗുരുവിനു് എന്തെങ്കിലും ദോഷങ്ങളണ്ടെങ്കിൽ തന്നെയും അവയെ മറയ്ക്കേണ്ടതു ശിഷ്യന്റെ ധർമ്മമായിരുന്നു. അതിനാലാണ് അവനു ഛാത്രൻ എന്നു നാമം സിദ്ധിച്ചതു്.


വിദ്യാഭ്യാസകാലം മുഴുവൻ ശിഷ്യൻ ആചാര്യന്റെ ഗൃഹത്തിൽ തന്നെ താമസിക്കേണ്ടിയിരുന്നു. ഗുരുകുലവാസം ആർക്കും ഒഴിക്കത്തക്കതായിരുന്നില്ല. ഏതു നിലയിലുള്ള ശിഷ്യനും ആചാര്യശുശ്രൂഷ അപേക്ഷിതമായിരുന്നു. കൃഷ്ണമൃഗത്തോലുടുത്തു, തലവളർത്തി. ആചായ്യനു കാട്ടിൽനിന്നു വിറകുംമറ്റും കൊണ്ടുവന്നുകൊടുത്ത് . ആചാര്യന്റെ പൈക്കളെ തീറ്റി, ഭിക്ഷാന്നം യാചിച്ച്. അതിനേയും ആചാര്യന്റെ മുമ്പാകെവച്ച്. ആചാര്യഭക്ഷണാനന്തരം ഭക്ഷിച്ച്. ആചാര്യൻ ഉറങ്ങിയതിനുമേൽ ഉറങ്ങിയിരുന്ന അന്നത്തെ ശിഷ്യന്മാക്കു സന്മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കുവാൻ യാതൊരു സൌകര്യവുമുണ്ടായിരുന്നില്ല. പകലുറങ്ങരുതു്. കിടക്കമേൽ കിടക്കരുതു്. സുഗന്ധദ്രവ്യങ്ങൾ പെരുമാറരുതു്, നാടകം കാണരുതു്, സഭകളിൽ പോകരുത്, കുടയും ചെരിപ്പും ഉപയോഗിക്കരുത് . സ്ത്രീകളെ നോക്കരുത്. ജന്തുക്കളെ ഉപദ്രവിക്കരുത്, ഇത്യാദിയായി പല നിബന്ധനകളും ആപസ്തംബാദി സൂത്രകാരന്മാർ ഏർപ്പെടുത്തുകയം, ശിഷ്യന്മാർ അവയെ അനുസരിച്ചു നടക്കുകയും ചെയ്തുവന്നു.


"അഹേരിവ ഗണാൽ ഭിതോ
മൃഷ്ടാന്നാൽ സവിഷാദിവ
രാക്ഷസീഭ ഇവസ്ത്രീഭ്യഃ
സ വിദ്യാമധിഗച്ഛതി''


എന്നുള്ള പദ്യത്തിന്റെ താൽപര്യം നോക്കുക.


പാമ്പിനെപ്പോലെ സംഘത്തെ ഭയപ്പെടണം: വിഷാന്നത്തെപ്പോലെ മൃഷ്ടാന്നത്തെ ഭയപ്പെടണം: രാക്ഷസികളെപ്പോലെ സ്ത്രീകളെ ഭയപ്പെടണം. പിന്നെയെങ്ങനെയാണു് വിദ്യയെ വശമാക്കുവാൻ സാധിക്കാതെ തീരുന്നത്! ശിഷ്യൻ ആചാര്യനെ ഈശ്വരനെപ്പോലെ കരുതിയിരുന്നു. "മാതൃദേവോ ഭവ; പിതൃദേവോ ഭവ; ആചാര്യദേവോ ഭവ.'' എന്നു തൈത്തിരീയോപനിഷത്തു ഘോഷിക്കുന്നു. ആചാര്യൻ മാതാപിതാക്കന്മാരെക്കാള്‍ ശ്രേഷ്ഠനാണെന്ന് ആപസ്തംബൻ ഉപന്യസിക്കുന്നു. "സ ഹി വിദ്യാതസ്തം ജനയതി; തച്ഛ്റേഷ്ടം ജന്മ. ശരീരമേവ മാതാപിതരൌ ജനയതഃ." എന്നാണ് അദ്ദേഹത്തിന്റെ ഉപപത്തി.


"ഉപാദ്ധ്യായാദ്ദശാചാര്യ-
ആചാര്യാണാം ശതം പിതാ
പിതുർദശഗുണം മാതാ
ഗൌരവേണാതിരിച്യതെ''


എന്നുള്ള വസിഷ്ഠമതത്തെ ഖണ്ഡിച്ചു ഗൌതമൻ "ആചാര്യഃ ശ്രേഷ്ഠോ ഗുരൂണാം; മാതേത്യേകേ.'' എന്ന വാക്യങ്ങളാൽ സ്വമതത്തെ സ്ഥാപിക്കുന്നു. പഞ്ചഗുരുക്കന്മാരിൽവച്ച് ആചാര്യൻതന്നെയാണ് ശ്രേഷ്ഠനെന്നു സ്‌മൃതികത്താക്കന്മാർ തീരുമാനിച്ചിട്ടുണ്ട് .


"ഹിതം തസ്യാചരേന്നിത്യം
മനോവാക്കായകർമ്മഭിഃ"


എന്നു യാജ്ഞവല്ക്ക്യനും


"യുക്തസ്തൽപ്രിയഹിതയോഃ”


എന്നു ഗൌതമനും പറയുന്നു.


ആചാര്യന്റെ കവകർമ്മങ്ങൾ ഗൌരവമേറിയവയായിരുന്നു.


"സുന്ദരസ്സുമുഖസ്സ്വച്ഛഃ
സുലഭോ ബഹുശാസ്ത്രവിൽ
അസംശയസ്സംശയേ തു
നിരപേക്ഷോ ഗുരുർമ്മതഃ"


എന്ന ലക്ഷണശ്ലോകത്തിൽനിന്നു സാമാന്യന്മാർക്കൊന്നും ആ പദവി ലഭിക്കുന്നതല്ലെന്നു നമുക്കു മനസ്സിലാക്കാവുന്നതാണു്. ആചാര്യൻ ശിഷ്യനെ പുത്രനെപ്പോലെ വിചാരിച്ചു തനിക്കറിവുള്ള വിദ്യ മുഴുവൻ യാതൊന്നും മറച്ചുവയ്ക്കാതെ പഠിപ്പിക്കേണ്ടതാണെന്ന് ആപസ്തംബൻ പറയുന്നു.


"ശിഷ്യശിഷ്ടിരവധേന ... ... ... അശക്തൌ രജ്ജുവേണുവിദലാഭ്യാം തനുഭ്യാം: അന്യേന ഘ്നൻ രാജ്ഞാ ശാസ്യ" എന്നു ഗൌതമൻ ശിഷ്യ "ശിക്ഷാ"ക്രമത്തെ നിയന്ത്രിക്കുന്നു. "അവധേന" എന്ന പദത്തിനു "താഡനംകൂടാതെ" എന്നാണർത്ഥം. കഴിയുന്നതും വടിയെടുക്കാതെതന്നെ കുട്ടികളെ പഠിപ്പിക്കേണ്ടതാണെന്നായിരുന്നു അന്നത്തെ നിയമമെന്നു് ഇതിൽ നിന്ന് അനുമാനിക്കാം.


വൃത്തിക്കുവേണ്ടി പഠിപ്പിക്കുന്ന ഉപാദ്ധ്യായനെ നിഷിദ്ധകോടിയിൽ തള്ളിയിരുന്ന പ്രാചീനഭാരതീയരുടെ ഇടയിൽ മാസവേതനം എന്നൊരേർപ്പാട് ഇല്ലായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അദ്ധ്യയനം മുഴുവൻ കഴിഞ്ഞതിനുമേൽ മാത്രമേ ഗുരുദക്ഷിണ വിധിച്ചിരുന്നുള്ളു. അതുതന്നെ ആചാര്യന്റെ അപേക്ഷയനുസരിച്ചല്ലാതെ ചെയ്യുവാൻ പാടുള്ളതായിരുന്നില്ല. ശിഷ്യന്റെ ശുശ്രൂഷയാലോ ഗുണത്താലോ ആചാര്യൻ പരിതുഷ്ടനായിത്തീരുന്ന അവസരങ്ങളിൽ മറ്റൊരുപ്രകാരത്തിലുള്ള ഗുരുദക്ഷിണ നിരർത്ഥകമെന്നാണ് ധർമ്മസൂത്രങ്ങളിൽ പറഞ്ഞുകാണുന്നത്. ഇതിനു രഘുവംശത്തിൽ വിവരിച്ചിട്ടുള്ള വരതന്തുകൌത്സന്മാരുടെ കഥതന്നെ ഒരു നല്ല ഉദാഹരണമാണ്. ദക്ഷിണതന്നെ ഇന്നപ്രകാരത്തിൽ വേണമെന്നു നിർബ്ബന്ധമുണ്ടായിരുന്നില്ല. ചെരിപ്പോ പലകയോ കേവലം ചീരപോലുമോ ആചാര്യനു ഗുരുദക്ഷിണയായി യഥാശക്തി സമ്മാനിക്കാമെന്നു മനു പറയുന്നു.


കാലക്രമേണ പാഠ്യവിഷയങ്ങൾ അധികമായതോടുകൂടി അവയെല്ലാം ഒരു് ആചാര്യനു പഠിപ്പിക്കുവാൻ കഴിയാതെതീർന്നു. ആയിടയ്ക്കാണ് തക്ഷശില, നാളന്ദ, കാഞ്ചി മുതലായ മഹാവിദ്യാലയങ്ങളുടെ ആവിർഭാവം. തക്ഷശില അലക്സാണ്ഡർചക്രവത്തിയുടെ കാലത്തുതന്നെ പ്രശസ്തമായിരുന്നു. വൈദ്യവിദ്യാഭ്യാസത്തിനു് ആ കലാശാല പ്രത്യേകിച്ചു കീർത്തിപ്പെട്ടിരുന്നു. അവിടെ പതിനെട്ടു കലാവിദ്യകൾ പഠിപ്പിച്ചുവന്നിരുന്നതായും അവയിൽ ഓരോന്നിനും പ്രത്യേകമായി പാഠശാലകളും അദ്ധ്യാപകന്മാരുമുണ്ടായിരുന്നതായും ഹ്യൂവെൻസാങ് എന്ന ചീനകാരനായ ബൌദ്ധസഞ്ചാരി രേഖപ്പെടുത്തിയിരിക്കുന്നു. നാളന്ദയിലെ ഗ്രന്ഥശാല വളരെ വിശേഷപ്പെട്ടതായിരുന്നു. അവിടെനിന്നു് അനേകം മഹായാനബൌദ്ധഗ്രന്ഥങ്ങളെ ക്രി. പി. ൫൩൯-ാംവർഷത്തിൽ സിയേയെൻ എന്ന ചീനചക്രവർത്തിയുടെ ആവശ്യപ്രകാരം പരമാർത്ഥൻ എന്ന ബൌദ്ധപണ്ഡിതൻ പകർത്തിയെഴുതിയതായിക്കാണുന്നുണ്ട്. ഈ പരമാർത്ഥൻ ചീനത്തേക്കു പോയി അവിടുത്തെ രാജസദസ്സിലെ ഒരംഗമായി കുറേക്കാലം ജീവിച്ചു ക്രി. പി. ൫൬൯-ൽ മരിച്ചു.


പഴയ സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസത്തിനു പല ഗുണങ്ങളുമുണ്ടായിരുന്നു എന്നുള്ളതു മേൽവിവരിച്ച സംഗതികളിൽനിന്നു വായനക്കാർക്കു ഗ്രഹിക്കാവുന്നതാണ്. ഇന്നതേ വിദ്യാർത്ഥികളിൽ ഏറിയകൂറും ദ്വേധാ ഗൃഹസ്ഥന്മാരാണ്. അന്നത്തെ വിദ്യാത്ഥികൾ എല്ലാം ബ്രഹ്മചാരികളായിരുന്നു. ദാരിദ്ര്യം ജ്ഞാനസമ്പാദനത്തിനു പ്രതിബന്ധവുമായിരുന്നില്ല. അവന്തീപുരവാസിയായ സാന്ദീപനി യദ്ദരാജകുമാരന്മാരായ രാമകൃഷ്ണന്മാരേയും ദരിദ്രബ്രാഹ്മണകുമാരനായ കുചേലനേയും ഒന്നുപോലെയാണ് വിദ്യാഭ്യാസം ചെയ്യിച്ചത്. അന്നത്തെ ആചാര്യന്മാർ മഹാന്മാരായിരുന്നു.


"അപഗ്രണീർമ്മന്ത്രകൃതാമൃഷീണാം
കുശാഗ്രബുദ്ധേ! കുശലീ ഗുരുസ്തേ
യതസ്ത്വയാ ജ്ഞാനമശേഷമാപ്തം
ലോകേന ചൈതന്യമിവോഷ്ണരശ്മേഃ"


എന്നു മഹാകവി കാളിദാസൻ കൌത്സനോടു രഘുവിനെക്കൊണ്ടു ചോദിപ്പിച്ചത് ഒട്ടും അതിശയോക്തിയല്ലെന്ന് അന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തെപ്പറ്റി സ്വല്പമെങ്കിലുമറിവുള്ളവർക്കു കാണാവുന്നതാണ്.


ആര്യസമാജനേതാവായ മഹാത്മാ മുൻഷിരാമൻ നടത്തിവരുന്ന ഹരിദ്വാരത്തിലെ ഗുരുകുലവിദ്യാലയവും കവിചക്രവത്തി രവീന്ദ്രനാഥടാഗോർ ഭോൽപൂരിൽ നടത്തിവരുന്ന പൌരസ്ത്യബാലവിദ്യാലയവും പ്രാചീനവിദ്യാഭ്യാസസമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്നവയാണെന്നുള്ളതിനു സംശയമില്ല. പരമപാവനമായ വാരാണസീനഗരത്തിൽ അചിരേണ സമുല്ലസിക്കുവാൻപോകുന്ന ഹിന്ദുസർവകലാശാല ഈ സമ്പ്രദായത്തെ ആവശ്യമെന്നു തോന്നുന്ന നവീനപരിഷ്കാരങ്ങളോടെകൂടി സംഘടിപ്പിച്ചു നിലനിറുത്തി നമ്മുടെ മാതൃഭൂമിക്കു് അഖണ്ഡമായ ഐശ്വര്യത്തിനും യഗസ്സിനും നിദാനമായിത്തീരുമെന്നു നമുക്കു് ആശംസിക്കാം.


1091 മിഥുനം ആത്മപോഷിണി