Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / പൈയൂർമഹർഷി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പൈയൂർമഹർഷി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

കൊല്ലം ഏഴാംശതകത്തിന്റെ ആരംഭത്തിൽ കേരളം രക്ഷിച്ചിരുന്ന ശക്തൻസാമൂതിരിപ്പാടുതമ്പുരാൻ ഒരു വിദ്വജ്ജനപക്ഷപാതിയും വിജ്ഞാനഭണ്ഡാരവുമായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പണ്ഡിതസദസ്സിനേയും അതിന്റെ അങ്ഗങ്ങളായിരുന്ന പതിനെട്ടരക്കവികളേയും പറ്റി കേട്ടിട്ടില്ലാത്ത ഭാഷാഭിമാനികൾ അപൂര്‍വമായിരിക്കും. ഈ പതിനെട്ടരക്കവികളിലെ അരക്കവിയാണു് മണിപ്രവാളകവിവേധസ്സായ പുനംനമ്പൂരി. ഇവരുടെ കൂട്ടത്തിൽ അത്യധികം പ്രശസ്തിയോടുകൂടി ശോഭിച്ചിരുന്ന രണ്ട് ഉജ്ജ്വലരത്നങ്ങളാണ് ഉദ്ദണ്ഡശാസ്ത്രികളും കാക്കശ്ശേരിഭട്ടതിരിയും. ഭട്ടതിരിയുടെ യഥാര്‍ത്ഥനാമധേയം ദാമോദരൻ എന്നായിരുന്നു. ഈ മഹാസദസ്സിലെ അദ്ധ്യക്ഷപീഠം അലങ്കരിച്ചുവന്നതു് അലങ്കരി, "ഋഷി' അഥവാ 'മഹര്‍ഷി' എന്ന പാവനബിരുദത്താൽ പ്രശോഭിതനായ പൈയൂർ (അച്ഛൻ) ഭട്ടതിരിപ്പാടു് ആയിരുന്നു. ആ പുണ്യശ്ലോകൻ ഒരു വൈദികചൂഡാമണിയും ശാസ്ത്രവാചസ്പതിയും സാഹിത്യമർമ്മവേദിയും ആയിരുന്നതായി കാണുന്നു. മിഥൊമത്സരികളെങ്കിലും പരസ്പരം നിരതിശയമായ സ്നേഹബഹുമാനങ്ങളോടുകൂടി പെരുമാറിവന്ന ഉദ്ദണ്ഡനും കാക്കശ്ശേരിയും മഹര്‍ഷിയുടെ അപദാനങ്ങളെ അഹമഹമികയാ അനുകീര്‍ത്തനംചെയ്തിട്ടുണ്ട്. അവരുടെ പ്രശസ്തിപദ്യങ്ങളിൽ ഏതാനും ചിലതു് ഉദ്ധരിച്ചു ഭട്ടതിരിയുടെ മഹിമാതിശയത്തെ ദിങ്മാത്രമായി പ്രദശിപ്പിക്കുന്നതിനാകുന്നു ഞാൻ ഈ ലേഖനദ്വാരാ ഉദ്യമിക്കുന്നത്. ശാസ്ത്രികളും ഭട്ടതിരിയും മാത്രമല്ല പതിനെട്ടരമഹാകവികളും പലപ്പോഴും പൈയൂർമനയ്ക്കൽ ഒന്നിച്ചുകൂടുകയും സാഹിത്യവിഹാരത്തിലും ശാസ്ത്രവിചാരത്തിലും ഏര്‍പ്പെടുകയും ചെയ്തുവന്നതായി ഐതിഹ്യം ഘോഷിക്കുന്നുണ്ട്. ഉദ്ദണ്ഡന്റെ ക്രിയാഗുപ്തത്തിന്നുദാഹരണമായ ഒരൊറ്റശ്ലോകമാണു് താഴെ കാണുന്നത്.


"ദാനേചകല്പവൃക്ഷം
സര്‍വജ്ഞത്വേച ചന്ദ്രഖണ്ഡധരം
പൈയൂരാഢ്യ! മഹര്‍ഷെ!
കവിതാമാർഗ്ഗേച കാളിദാസ! ത്വാം.''


മല്ലികാമാരുതത്തിലും ആ മഹാകവി മഹര്‍ഷിയെ


"ഉദ്ദണ്ഡം രംഗനാഥസ്സുതമലഭത യം
രംഗദേവീ തഥംബോ
ത്രൈവിദ്യേശൊ മഹര്‍ഷിന്നിരവധിമഫിം
യദ്ധിതേ ജാഗരൂകഃ
തസ്യ ത്രിവിക്രമാജ്ഞാബഹുമതിരചിതേ
മല്ലികാമാരുതേസ്മിൻ
സദ്യഃ പ്രാഗാദൃശാനാംപ്രകരണതിലകേ
നിഷ്ക്കളങ്കോയമങ്കഃ"


എന്ന പദ്യത്തിൽ കൃതജ്ഞതയോടുകൂടി പ്രശംസിക്കുന്നുണ്ട്. തന്റെ പിതാവായ രംഗനാഥനും മാതാവായ രംഗാംബയ്ക്കുമപ്പുറം അദ്ദേഹത്തിന്റെ സ്മൃതിപഥത്തെ പ്രവേശിക്കുന്നതു തന്റെ ഹിതത്തിൽ ജാഗരൂകത പ്രദര്‍ശിപ്പിച്ചുവന്ന ത്രൈവിദ്യേശനായ ഈ മഹര്‍ഷിയാണു്.


കോകിലസന്ദേശത്തിലും ശാസ്ത്രികൾ മഹര്‍ഷിയെ അനുസ്മരിക്കുന്നുണ്ടു്.


"കിഞ്ചിൽപൂര്‍വാരണഖളഭൂവി ശ്രീമദധ്യക്ഷയേഥാ-
സ്തന്മീമാംസാദ്വയകുലഗുരൊസ്സത്മ പുണ്യം മഹര്‍ഷേ
വിദ്വദ്വ്യന്ദേ വിവദിതുമനസ്യാഗതേ യത്ര ശശ്വ-
ദ്വാഖ്യാശാലാവളഭിനിലയസ്തിഷ്ഠതേ കീരസംഘഃ


ശാസ്ത്രവ്യാഖ്യാ ഹരിഹരകഥാ സൽകഥാഭ്യാഗതാനാ-
മാലാപോ വാ യദി സഹ ബുധൈരാക്ഷിപേദസ്യ ചേതഃ
തദ്വിസ്രബ്ധദ്വിജപരിവൃതേ നിഷ്കടാദ്രൌ നിഷണ്ണഃ
കോക്രയേഥാഃ; സഖലു മധുരാം സൂക്തിമാകർണ്യ തുഷ്ട്യേൽ


ശ്ലാഘ്യച്ഛന്ദസ്ഥിതിമയി മയാ ശോഭനേര്‍ത്ഥേ നിയുക്തം
ശ്രാവ്യം ശബ്ദൈസ്സരസസുമനോഭാജമഭ്രാന്തവൃത്തിം
ദൂരപ്രാപ്യം പ്രശിഥിലമിവ ത്വാം സഖേ കാവ്യകല്പം
ധീമാൻ പധ്യേൽ സയദി നനു തേ ശുദ്ധ ഏവ പ്രചാരഃ''


പോര്‍ക്കളം എന്ന സ്ഥലത്തെയാണ് പൈയൂർമന അലങ്കരിച്ചിരുന്നത്. മഹര്‍ഷി പൂര്‍വമീമാംസയിലും ഉത്തരമീമാംസയിലും ഒന്നുപോലെ നിഷ്ണാതനായിരുന്നു എന്നും ശാസ്ത്രവാദത്തിനായി അവിടെ ചെല്ലുന്ന വിദ്വാന്മാരെ ആ മനയ്ക്കലെ കിളികൾപോലും മടക്കിവിട്ടിരുന്നു എന്നും മധുരമായ സൂക്തികേട്ടാൽ ആനന്ദിക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ ധർമ്മമായിരുന്നു എന്നും ഏതു കാവ്യത്തിനും കേരളത്തിൽ ശുദ്ധമായ പ്രചാരം വേണമെങ്കിൽ അദ്ദേഹത്തിന്റെ അഭിനന്ദനം ആവശ്യകമായിരുന്നു എന്നും ഈ പദ്യങ്ങളിൽ നിന്നു കാണാവുന്നതാണു്. മഹര്‍ഷിയുടെ പുത്രനായ പരമേശ്വരഭട്ടതിരിയും ഉദ്ദണ്ഡന്റെ പ്രിയസുഹൃത്തായിരുന്നു. മല്ലികാമാരുതത്തിൽ പരമേശ്വരഭട്ടതിരി ഉദ്ദണ്ഡനു നല്കിയ ഒരു പ്രശംസാപദ്യം കൂടി ഉദ്ധരിച്ചുകാണുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകത്തിൽനിന്നു മാനവിക്രമാഭിധാനനായ കോഴിക്കോട്ടു സാമൂതിരിപ്പാടിലെ നിദേശമനുസരിച്ചാണ് ഉദ്ദണ്ഡൻ മല്ലികാമാരുതം നിർമ്മിച്ചതെന്നു വിശദമാകുന്നുണ്ട്.


"ശ്രീമന്നുദ്ദണ്ഡ!,വിദ്വൻ! നിശമയ വചനം മാമകം കാമദോഗ്ഘ്രീ
വാണീ നാണീയസീ തെ നന്നു വരകവിതാഭൂഷിതോ വാഗ്വിലാസഃ
തസ്മാദഹായ സമ്യൿ പ്രകരണമതുലം മല്ലികാമാരുതാഖ്യം
കിഞ്ചിദ്വൃഞ്ജൻ രസാർദ്രം വിരചയ വിധിനാ സൽകവേ സൽക്രിയാംമേ"


തദനന്തരമാണു് മുൻപു ഞാൻ സൂചിപ്പിച്ച പരമേശ്വരഭട്ടതിരിയടെ പ്രശംസാപത്രം ചേത്തിരിക്കുന്നത്. ഉദ്ദണ്ഡന്‍ തുടര്‍ന്നു പ്രസ്താവിക്കുന്നു.


"കഥിതമപ്യേതന്മീമാംസകചക്രവര്‍ത്തിനാ മഹര്‍ഷിപുത്രേണ"


"വേദേ സാദരബുദ്ധിരുദ്ധതതരേ തര്‍ക്കേ പരം കര്‍ക്കശഃ
ശാസ്ത്രേ ശാന്തമതിഃ കലാസു കുശലഃ കാവ്യേഷു ഭവ്യോദയഃ
ശ്ലാഘ്യസ്സൽകവിതാസു ഷദ്സ്വപി പടുര്‍ഭാഷാസു സത്വം ക്ഷിതൌ
സര്‍വോദ്ദണ്ഡകവിപ്രകാണ്ഡ! ദദസേ കസ്മൈ ന വിസ്മേതതാം?"


കാക്കശ്ശേരി ഭട്ടതിരിയും തന്റെ വസുമതീവിക്രമംനാടകത്തിൽ മഹര്‍ഷിയെ ഭക്തിപൂര്‍വം വന്ദിക്കുന്നു.


"യസ്മിൻ പ്രീണാതി വാണീകരതലവിലസദ്വല്ലകീതൌല്യഭാജാം
സോതാ വാതാശനാധീശ്വരവിശദശിരഃകമ്പസംഭാവിതാനാം
വാചാം മോചാമധൂളീപരിമളസുഹൃദാം സര്‍വദാ നൈഗമാധ്വ-
ശ്രദ്ധാലുഃ കേരളക്ഷ്മാതലതിലകമൃഷിസ്സാഹിതീപാരദൃശ്വാ''


എന്ന പദ്യത്തിൽ ഭട്ടതിരി അദ്ദേഹത്തെ മഹാകവിയെന്നും നിഗമാധ്വാവിങ്കൽ ശ്രദ്ധാലു എന്നും കേരളതിലകമെന്നും സാഹിതീപാരദൃശ്വാവെന്നും മറ്റും പ്രശംസിച്ചിരിക്കുന്നതു നോക്കുക.


ഇങ്ങനെയുള്ള മഹാനുഭാവന്മാരായ കേരളബ്രാഹ്മണർ - ശങ്കരാചാര്യസ്വാമികളുടെ കുലമഹിമ പലപ്രകാരത്തിലും പാലിച്ചുംകൊണ്ടു പോകുന്നതിനു വേണ്ട പ്രതിഭയും പാണ്ഡിത്യവും തികഞ്ഞ സന്താനങ്ങൾ- പണ്ട് ഓരോ പുരുഷാന്തരത്തിലും ധാരാളമുണ്ടായിരുന്നു.