Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ ലേഖനം / രുദ്രാംബാരാജ്ഞി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

രുദ്രാംബാരാജ്ഞി

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ഇന്നു നൈസാമിന്റെ രാജ്യങ്ങളിൽ ഉൾപ്പെട്ടുകിടക്കുന്ന വാരങ്ക എന്ന നഗരം ക്രി. പി. പന്ത്രണ്ടും പതിമ്മൂന്നും ശതവർഷങ്ങളിൽ സുപ്രസിദ്ധന്മാരായ കാകതീയമഹാരാജാക്കന്മാരുടെ രാജധാനിയായിരുന്നു. ഓരുകാ അഥവാ, ഓരങ്കൽ എന്ന ആന്ധ്രപദത്തെ ഏകശിലാനഗരിയെന്നു സംസ്കൃതപണ്ഡിതന്മാരും വാരങ്കൽ എന്നു മഹമ്മദീയഗ്രന്ഥകാരന്മാരും വ്യവഹരിച്ചുവന്നു. വംശാഭരണടികയിൽ കുമാരസ്വാമി "കാകതിർന്നാമദുർഗ്ഗാ ശക്തിയേകശിലാനഗരേശ്വരാണാം കുലദേവതാ; സാ ശക്തിർഭജനീയാസ്യേതികാം തീയഃ" എന്നു കാകതീയപദത്തിനു നിർദ്ദേശിക്കുന്ന വ്യുൽപത്തി എത്രമാത്രം ശരിയാണെന്നു നിർണ്ണയിക്കുവാൻ പ്രയാസമുണ്ടു്. എന്നാൽ ദുർഗ്ഗയല്ല വരാഹമൂർത്തിയാണു് കാകതീയന്മാരുടെ കുലദൈവമെന്നു് അവരുടെ വകയായുള്ള അനവധി ശാസനങ്ങളിൽനിന്നു വിശദമാകുന്നതാണു്. "കോലങ്കോഭൂന്മൃഗാങ്കഃ" ഇത്യാദി ഉപരി ഉദ്ധരിക്കുന്ന ശ്ലോകങ്ങൾ നോക്കുക. കാകതീയന്മാരുടെ രാജ്യത്തിനു ത്രിലിംഗം എന്നായിരുന്നു നാമധേയം.


"നൈർദ്ദേശസ്ത്രിഭിരേഷ യാതി മഹതീം
ഖ്യാതിം ത്രിലിങ്ഗാഖ്യയാ;
യേഷാം കാകതിരാജകീർത്തിവിഭവൈഃ
കൈലാസശൈലാഃ കൃതാഃ
തേ ദേവാഃ പ്രസരൽപ്രസാദമധുരാഃ
ശ്രീശൈലകാളേശ്വര-
ദ്രാക്ഷാരാമനിവാസിനഃ പ്രതിദിനം
ത്വച ‌ശ്രേയസ്സു ജാഗ്രതു"


എന്ന പ്രതാപരുദ്രീയപദ്യത്തിൽനിന്നു ശ്രീശൈലം, കാളഹസ്തി, ദ്രാക്ഷാരാമം എന്നീ മൂന്നു ശിവക്ഷേത്രങ്ങളുമുള്ളതിനാലാണു് ഈ രാജ്യത്തിനു ത്രിലിങ്ഗം എന്നു പേർ വന്നതെന്നു കാണാവുന്നതാണു്. ഈ ത്രിലിങ്‌ഗം തന്നെയാണു് മഹമ്മദിയരുടെ തെലിങ്ഗണമെന്നോ, തെലുങ്ക് എന്ന പദത്തിൽ നിന്നാണ് ത്രിലിങ്‌ഗതെലിങ്ഗണങ്ങളുടെ ഉൽഭവമെന്നോ ഇവിടെ വ്യസ്ഥാപനം ചെയ്യുവാൻ ഉദ്യമിക്കുന്നില്ല.


ക്രി പി. ഏഴും പന്ത്രണ്ടും ശതവർഷങ്ങൾക്കിടയിൽ തെലിങ് ഗണരാജ്യത്തിനു വേങ്കി എന്നായിരുന്നു നാമധേയം. ആ രാജ്യവും ചുറ്റുമുള്ള രാജ്യങ്ങളും ഭരിച്ചുവന്നിരുന്ന പൂർവചാലൂക്യന്മാർ ക്രി പി പതിനൊന്നാം ശതവർഷത്തിന്റെ ആരംഭത്തോടുകൂടി ക്ഷീണന്മാരായിത്തീർന്നു. ആയിടയ്ക്കു ചോളരാജാവായ പ്രഥമരാജരാജൻ വേങ്കിരാജ്യം കൈവശപ്പെടുത്തി തന്റെ പാർശ്വവർത്തിയായ ശക്തിവർമ്മാവിനെ അവിടെ വാഴിക്കുകയും ഒരു പൂർവചാലൂക്യനായ പ്രഥമകുലോത്തുംഗനു തദനന്തരം ചോളരാജ്യം പരമ്പരാവകാശക്രമേണ കൈവശമായതോടുകൂടി വേങ്കി പൂർവചാലുക്യരുടെ സാമന്തന്മാർക്കു അധീനമാകുകയും ചെയ്തു. ആ സാമന്തന്മാരില്‍ ഒരാളാണു് കാകതീയരാജവംശത്തിന്റെ മൂലപുരുഷനായ ദുർജ്ജയൻ. ഈ ദുർജ്ജയനെപ്പറ്റി മൊട്ടുപ്പള്ളിധ്വജശാസനത്തിൽ


"സത്യം ഭദ്രാസനനിഭഭുജാ-
വർത്തയാ വീരലക്ഷ്മ്യാ
ജാതസ്തസ്മിൻ ക്ഷിതിപതികുലേ
ദുർജ്ജയോ നാമ രാജാ;
യദ്യാത്രായാം ഹയഖരരജഃ-
പീതതോയാസ്സമുദ്രാ
ലോപാമുദ്രാദയിതചുളുകാ-
ത്യാഹിതാനാം സ്മരന്തി''


എന്നു വർണ്ണിച്ചിരിക്കുന്നു.


കാകതീയവംശത്തിൽ അഗ്ര്യസ്ഥാനം അലങ്കരിക്കുന്ന ഒരു വിശ്വൈകവീരനായാണു് ഈ ഉപന്യാസത്തിനു വിഷയീഭൂതയായ രുദ്രാംബാദേവിയുടെ പിതാവായ ഗണപതിമഹാരാജാവിനെ ഗണിക്കേണ്ടതു്. ക്രി. പി ൧൨൬൦ മുതൽ ൬൨ വരെ നവ കൊല്ലത്തേക്കു നീണ്ടു പോയ ഗണപതിയുടെ രാജ്യഭാരം കാകതീയചരിത്രത്തിൽ സ്മരണീയമായ ഒരു ഘട്ടം തന്നെയായിരുന്നു.


"യാത്രാരംഭേ ദിശിദിശി പുര
പ്രസ്ഥിതൈർദ്ദണ്ഡപാലൈർ-
ഗ്ഗണ്ഡോൽകീർണ്ണഃ പ്രതിഗിരിതടം
വൈജയന്തി വരാഹഃ
യദ്ദോസ്തംഭേ പ്രളയജലധേ-
രുദ്ധൃതാം ന്യസ്യ പൃത്ഥ്വീം
തൽക്കാലീനശ്രമവിധുതയേ
തിഷ്ഠതിവാദികോലഃ"


എന്നും മറ്റും ആ മഹാരാജാവിന്റെ പരാക്രമങ്ങളെ കവികൾ വർണ്ണിച്ചിരിക്കുന്നതു് യാതൊരടിസ്ഥാനവും കൂടാതെയല്ലെന്നു ദക്ഷിണാപഥചരിത്രം നമ്മെ നല്ലപോലെ പഠിപ്പിക്കുന്നുണ്ടു്. ഗണപതി മറ്റനേകം പ്രദേശങ്ങളോടുകൂടി കാഞ്ചീപുരവും ക്രി. പി. ൧൨൪൯-നു മുമ്പു് സ്വരാജ്യത്തിനു് അധീനമാക്കി. അവിടെ പ്രസിദ്ധമായ ഏകാഗ്രനാഥക്ഷേത്രത്തിലെ ഒരു ശിലാശാസനത്തിൽ


"കോലാങ്കോഭൂന്മൃഗാങ്കോ നിവസതി കമലേ
ശ്രീരിതി ശ്രീവരാഹഃ
പ്രാപ്തോ നൈഷാ പ്രിയസ്യോരസി രതിവിരതൌ
ലഗ്നഗണ്ഡം പ്രസുപ്താ
ഇത്യാലാപേ സഖീനാമുഷസി സകുതുകം
സത്രപം സാനുതാപം
ഹസ്താഭ്യാം യദ്രിപുസ്ത്രീ വിനമിതവദനാ
ഗണ്ഡപാളീം പിധത്തേ.


തസ്യാജ്ഞാചക്രധാരീ പ്രഥിതഭുജരുചി-
സ്സൈന്യപാലാഗ്രഗണ്യോ
വാചാം വാ താമ്രവർണ്ണീമസൃണമണിവരഃ
കാശ്യപശ്ലാഘ്യഗോത്രഃ
കാഞ്ച്യാമാകല്പകാലം ഗണപതിനൃപതേ-
ശ്ശാസനം സംവ്യധത്ത
ശ്രീമൽ സാമന്തഭോജോ ഗണപതിസചിവോ
ദോചിദുഗ്ദ്ധാബ്ധിചന്ദ്രഃ"


എന്ന പദ്യങ്ങളിൽ ഈ ദിഗ്വിജയം രേഖപ്പെടുത്തീട്ടുണ്ട്. ഗണപതിക്കു സന്താനങ്ങളായി രണ്ടു പുത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരിൽ രുദ്രാംബാദേവിയുടെ മാതാവു സോമാദേവിയും ഗണപാംബാദേവിയുടെ മാതാവു ബയ്യമാംബികാദേവിയുമായിരുന്നു. അടിമവംശത്തിനു് അലങ്കാരമായി ഡൽഹിയിൽ മഹമ്മദീയരാജ്യം പ്രശസ്തരീതിയിൽ ഭരിച്ച സുൽത്താനി റീസിയാ ഗണപതിയുടെ സമകാലീനയായിരുന്നു. സകലകലാകുശലയായ റീസിയാബീഗത്തെപ്പോലെ തന്റെ മൂത്ത പുത്രിയെ താനും വളർത്തിയാൽ ആ രാജകുമാരി കാലാന്തരത്തിൽ ത്രിലിങ്ഗരാജ്യത്തിനു നായികയായി ശോഭിക്കുമെന്നും തദ്വാരാ തന്റെ വംശം നിലനില്ക്കുമെന്നും ബുദ്ധിമാനായ ഗണപതി കരുതി രുദ്രാംബയെ ഭാവിയിൽ രാജ്യഭരണം ചെയ്യുന്നതിനു സമർത്ഥയായിത്തീരത്തക്കവണ്ണം വിദ്യാഭ്യാസം ചെയ്യിച്ചു.


"സൈവോമാ ചേതി നിർദ്ദിഷ്ടാ
സോമാചേതി പ്രഥാമഗാൽ;
തവ മാതാ ശിവാ സാക്ഷാ-
ദ്ദേവോ ഗണപതിഃ പിതാ''


എന്ന പ്രതാപരുദ്രീയപദ്യത്തിലും മറ്റും നിന്നു സോമാരാജ്ഞിയും സർവഥാ വിശിഷ്ടയായിരുന്നുവെന്നു കാണാവുന്നതാണു്. ക്രി. പി. ൧൨൬൯-ലേ ഒരു ശിലാശാസനത്തിൽ രുദ്രാംബ, ഗണപതിയുടെ “പട്ടോദ്ധത" ആയിരുന്നു എന്നു തെളിച്ചു പറയുന്നുണ്ട്'. ഇതിൽനിന്നു ഗണപതി രുദ്രാംബയെ തന്റെ അനന്തരാവകാശിനിയായി സങ്കല്പിച്ചിരുന്നുവെന്നും വെളിവാകുന്നു.


"ഏവം മാനുഷശംഭുനാ ഗണപതിമഹാരാജേന അഭ്യന്തരസ്യാനുഭവമഹിമ്നഃ സദൃശമത്രപുത്ര ഇതി വ്യവഹാരഃ കൃതഃ; തദനുഗുണാ ച രുദ്ര ഇത്യാഖ്യാ”എന്നുള്ള പ്രതാപരുദ്രീയവാക്യത്തിൽനിന്നു് അച്ഛൻ പുത്രിയുടെ ഭാവിമാഹാത്മ്യത്തെ മുൻകൂട്ടി ധരിച്ചു പുത്രിയെ പുത്രനെന്നു വ്യവഹരിക്കുകയും രുദ്രനെന്ന പുംസ്ത്വദ്യോതകമായ നാമധേയംകൊണ്ടു അഭിസംബോധനംചെയ്കയും ചെയ്തു എന്നും കാണുന്നുണ്ട്. ഗണപതിയുടെ ത്രിലിങ്ഗഭരണത്തിലെ ഒടുവിലത്തെ പത്തുകൊല്ലവും രുദ്രാംബതന്നേയാണ് വാസ്തവത്തിൽ രാജ്യകാര്യങ്ങൾ താന്വേഷിച്ചുവന്നത്. ക്രി. പി. ൧൨൬൧-ൽ അച്ഛൻ മരിക്കുകയും തദ്രാംബതന്നെ രാജ്യഭാരം കൈയേല്ക്കുകയുംചെയ്തു.


രുദ്രാംബയെ രുദ്രദേവമഹാരാജനെന്നാണ് ശിലാശാസനങ്ങളിലും പ്രതാപരുദ്രീയാദിഗ്രന്ഥങ്ങളിലും വ്യവഹരിച്ചുകാണുന്നത്'.


"യോയം ജാതിസ്തിലോകീപ്രഥിതസുചരിതേ
കാകതീയാന്വവായേ;
യസ്മൈ ശ്രേയാംസ്യജസ്രം വിതരതി ഭഗവാൻ
ദേവദേവസ്സ്വയംഭൂഃ;
യസ്യാജ്ഞാ സർവപൃത്ഥ്വീപതിമകുടമണി-
ശ്രേണികേളീവയസ്യാ;
സോയം ഭൂപാലമൌലിർവിജയതി ഗുണവാൻ
രുദ്രദേവോനരേന്ദ്രഃ.


യോരുദ്രോ രജതാചലേ സ്ഥിതിമഗാ-
ദർദ്ധാങ്ഗനാരിഃ പുരാ;
സോയം സംപ്രതി കാകതീശ്വരകുലേ
സർവാങ്ഗനാരിഃ സ്ഥിതഃ
സ്ഥാനേ യദ്വിഷമാവലോകനകലാ-
മാത്രേണ ഭസ്മീകൃതാ-
ന്യാസൻ വൈരിപുരാണി ചിത്രമധുനാ
ഖഡ്ഗേ വിഷം ധാര്യതേ."


ഇത്യാദി പ്രതാപരുദ്രീയപദ്യങ്ങൾ രുദ്രാംബയെ ഉദ്ദേശിച്ചുള്ളവയാണ്. രണ്ടാമത്തെ പദ്യത്തിലെ വ്യതിരേകാലങ്കാരം നോക്കുക. സർവാങ്ഗനാരിയായ ഈ രുദ്രനു ഖഡ്‌ഗത്തിലാണത്രേ വിഷം! ഇതിൽനിന്നു രുദ്രാംബ യുദ്ധസമർത്ഥയായിരുന്നുവെന്നും അനുമാനിക്കാവുന്നതാണ്.


ജന്നികദേവൻ, ഭാസ്കരാഭവൻ, അംബദേവൻ മുതലായവർ രുദ്രാംബയുടെ സേനാപതികളും സാമന്തന്മാരുമായിരുന്നു. അംബദേവൻ ശ്രീപതിഗണപതിയെന്ന കാകതീയശത്രുവിനെ യുദ്ധത്തിൽ പരാജിതനാക്കി രാജസഹസ്രമല്ലൻ എന്ന ബിരുദം നേടുകയും, വീണ്ടും കേശവൻ സ്വാമിദേവൻ, അല്ലുഗംഗൻ മുതലായ ശത്രുക്കളെ ജയിക്കുകയും വിക്രമസിംഹപുരത്തിൽ മന്മഗണ്ഡഗോപാലൻ എന്ന രാജാവിനെ സാമന്തനായി വാഴിക്കയംചെയ്തു. ഇങ്ങനെ പല വിക്രമാതിശയങ്ങളും ഈ രാജ്ഞി തന്റെ രാജഭരണത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.


അക്കാലത്തു വിശ്വേശ്വരശിവാചാര്യർ എന്നു സുപ്രസിദ്ധനായ ഒരു സന്യാസി ജീവിച്ചിരുന്നു. അദ്ദേഹം ഗണപതിമഹാരാജാവിനു ശൈവാഗമവിഷയത്തിൽ ഗുരുവായിരുന്നു. ഗണപതിമഹാരാജാവു മരിക്കുമ്പോൾ തന്റെ ആചാര്യനു എന്തെങ്കിലും ഭൂമിദാനം ചെയ്യണമെന്നു

 

പുത്രിയോടു് ആജ്ഞാപിച്ചിട്ടുണ്ടായിരുന്നു. ആ ആജ്ഞയ്ക്കനുസരണമായി ക്രി. പി. ൧൨൬൫-ൽ രുദ്രാംബ ആ മഹാനു കൃഷ്ണാനദിയുടെ തെക്കേക്കരയിലുള്ള കൺഡ്രവാടി എന്ന ദേശത്തിലെ മന്ദരം എന്ന ഗ്രാമം ദാനംചെയ്കയുണ്ടായി. അവിടെ ശിവാചാര്യർ വിശ്വേശ്വര (ശിവ) പ്രതിഷ്ഠയായി ഒരു ക്ഷേത്രം പണിയിക്കുകയും അതോടുകൂടി ഒരു മഠം, ഒരു പ്രസവശാല, ഒരു ആതുരശാല, ഒരു അന്നസത്രം ഇവ ഏർപ്പെടുത്തുകയും ചെയ്തു. ബ്രാഹ്മണൻ മുതൽ ചണ്ഡാലൻവരെ ഏതുജാതിക്കും വിശ്വേശ്വരശിവാചാര്യരുടെ ഭക്ഷണശാലയിൽ അന്നലബ്ധിക്കു മാർഗ്ഗമുണ്ടായിരുന്നു. ശൈവാഗമത്തിലേ മൂലതത്വംതന്നെ അഭേദബോധമാണെന്നു


"പാഷാണശ്ശിവസംസ്കാരാൽ
ഭുക്തിമുക്തിപ്രദോഭവേൽ;
പാഷാണശ്ശിവതാം യാതി
ശൂദ്രസ്തു ന കഥം ഭവേൽ?"


എന്ന സ്തന്ദകാലോത്തരഗ്രന്ഥത്തിലെ പദ്യത്തിൽനിന്നുംമറ്റും വിശദമാകുന്നുണ്ടല്ലൊ. ശിവാചാര്യരുടെ ധർമ്മപരിപാടി ആധുനികപരിഷ് കൃതകാലത്തെ അനുസ്മരിപ്പിക്കുമാറ് അത്രമാത്രം വിസ്മയാവഹവും അഭിലഷണീയവുമായിരിക്കുന്നു. പൂർവകാലത്തിൽ ദുർവ്വാസസ്സിനാൽ സ്ഥാപിതമായ ഈ പാശുപതമതം അസ്തമിതപ്രായമായിത്തീരുകയും മഹാകവിയും സർവ്വതന്ത്രസ്വതന്ത്രനുമായ അപ്പയ്യദീക്ഷിതർ ക്രി: പി. പതിനാറാം ശതവർഷത്തിന്റെ അവസാനത്തിൽ അതിനെ പുനരുദ്ധരിക്കയും ചെയ്ത കഥ അപ്രകൃതമാകയാൽ ഇവിടെ വിസ്തരിക്കുന്നില്ല. ശിവാർക്കമണിദീപിക എന്ന അദ്വൈതവ്യാഖ്യാനഗ്രന്ഥനിർമ്മിതിനിമിത്തം ശ്രീകണ്ഠമതപ്രതിഷ്ഠാപനാചാര്യനെന്ന ബിരുദം അപ്പയ്യദീക്ഷിതർക്കു സിദ്ധിച്ചതു കവലയാനന്ദാദിഗ്രന്ഥങ്ങൾ വായിക്കുന്നവർക്കു ധരിക്കുവാൻ കൌതുകമുണ്ടായിരിക്കും. ശിവാചാര്യർക്കു ഭൂമിദാനംചെയ്ത ക്രി. പി. ൧൨൬൫-ൽ തന്നേയാണ് രുദ്രാംബയുടെ ദൌഹിത്രനായ പ്രതാപരുദ്രമഹാരാജാവു ഭൂജാതനായത്. രുദ്രാംബ രാജ്യഭാരം കൈയേല്ക്കുന്നതിനു മുമ്പുതന്നെ വിധവയായിക്കഴിഞ്ഞിരുന്നു. രാജ്ഞിക്ക് അന്നു മുമ്മഡാംബ എന്നൊരു പുത്രിമാത്രമുണ്ടായിരുന്നു. മുമ്മഡാംബയെ മഹാദേവ൯ പാണിഗ്രഹണംചെയ്യുകയും ആ ദമ്പതികളുടെ സന്താനമായി പ്രതാപരുദ്രൻ ജനിക്കുകയും ചെയ്തു. മുമ്മഡാംബയെപ്പറ്റി പ്രതാപരുദ്രീയത്തില്‍-


"കൌസല്യാസീൽ പ്രഥമജനനീ
ദേവകീ ച ദ്വിതീയാ
വിഷ്ണോർമ്മാതാ തദനു മഹിതാ
മുമ്മഡാംബാ തൃതീയാ
മസ്ത്രേതായാം രഘുപതിരഭൂ-
ദ്ദ്വാപരേ ശൗരിരാസീൽ
താതും ക്ഷോണീം സ ജയതി കലൌ
വരരുദ്രാവതാരഃ”


എന്നു പ്രസ്താവിച്ചിരിക്കുന്നു. രുദ്രാംബയുടെ സഹോദരി ഗണപാംബയും ബേതൻ എന്ന ഒരു രാജാവിനെ വിവാഹംചെയ്യുകയും ആ രാജാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ രാജ്യം മഹാമണ്ഡലേശ്വരകോടഗണപമദേവിയമ്മൻഗാരു എന്ന നാമധേയത്തിൽ ഭരിക്കുകയും ചെയ്തതായി ശിലാശാസനങ്ങളിൽനിന്നു ചെളിവാകുന്നു.


രുദ്രാംബ ക്രി. പി. ൧൨൬൦ മുതൽ ൧൨ൻ൦ വരെ മുപ്പതുവർഷം പൂർണ്ണമായി രാജ്യഭാരം ചെയ്തു. ഒരിക്കൽ പാണ്ഡ്യരാജാവിനെ രാജ്ഞി യുദ്ധത്തിനായി ആഹ്വാനം ചെയ്യുകയും പാണ്ഡ്യൻ തന്റെ കൊടിയടയാളമായ മത്സ്യത്തെപ്പോലെയുള്ള രണ്ടു കണ്ണോടുകൂടിയ ഒരു ശത്രുവിനോടു എതിർക്കുന്നതു തനിക്ക് അനുചിതമാണെന്നുപറഞ്ഞു പിൻമാറുകയും ചെയ്തു. ക്രി. പി. ൧൨൯൦ -ൽ ത്രിലിങ്ഗരാജ്യത്തിലെ പ്രധാന തുറമുഖമായ മൊട്ടുപ്പള്ളിയിൽ പ്രസിദ്ധവെനിഷ്യൻദേശസഞ്ചാരിയായ മാർക്കോപോളാ വന്നിറങ്ങി അന്ന് അവിടെ താൻ കണ്ട വിശേഷങ്ങൾ രേഖപ്പെടുത്തിട്ടുണ്ട് നാല്പതു കൊല്ലം തുടച്ചയായി രുദ്രാംബു രാജ്യംഭരിച്ചു എനാം രാജ്ഞിക്കു കാര്യാകാര്യ വിവേചനശക്തി ധാരാളം ഉണ്ടായിരുന്നുവെന്നും ആ മാന്യമഹിളാമണി നീതിതൽപരയും പ്രജാക്ഷേമനിരതയും ആയിരുന്നു എന്നും അതിനുമുമ്പു് ആ നാടുവാണിരുന്ന രാജാക്കന്മാരേയും രാജ്ഞിമാരേയുംകാൾ പ്രജകൾ ആ മാന്യയെ സ്നേഹിച്ചു എന്നും ദൃസാക്ഷിയായ ഈ ദേശസഞ്ചാരി പ്രസ്താവിക്കുന്നതു വാസ്തവമായിരിക്കാനേ തരമുള്ളു. 


ക്രി. പി. ൧൨൯൧-ൽ ദൌഹിത്രന് ൨൫ വയസ്സു തികഞ്ഞതിനു മേൽ ആ യുവാവിൽ രാജ്യഭാരത്തെ അവരോപന്നംചെയ്തു വയോവൃദ്ധയും ജ്ഞാനവൃദ്ധയുമായ ആ മനസ്വിനി വിശ്രാന്തിസുഖത്തെ വരിച്ചു. ഈ സംഭവം ഒരു സ്വപ്നത്തിന്റെ ഫലമെന്നാണ് പ്രതാപരുദ്രിയത്തിൽ വിവരിച്ചിരിക്കുന്നത്. ഒരു രാത്രിയിൽ കാകതീയന്മാരുടെ കുലദൈവമായ സ്വയംഭൂവ് (അര്‍ദ്ധനാരീശ്വരൻ) രുദ്രാംബയ്ക്കു സ്വപ്നദർശനം നല്കി തദനന്തരം ദൌഹിത്രനെ പട്ടാഭിഷിക്തനാക്കുവാൻ ആജ്ഞാപിക്കുകയും ആ ആജ്ഞാനുസാരം രാജ്ഞി പ്രവർത്തിക്കുകയും ചെയ്തതായി ആ ഗ്രന്ഥത്തിലേ നാടകപ്രകരണത്തിൽനിന്നു നാം മനസ്സിലാക്കുന്നു.


"കദാചിൽ കല്യാണേ രജനിസമയേ സ്മേരവദനം
പുരഃ പ്രാദുർഭൂതം സയുവതിവപുഃ സാക്ഷനിടിലം
സ്രവന്തീചന്ദ്രാഭ്യാം മഹിതമുകുടം പ്രേക്ഷ്യ കമപി
സ്വയംഭൂർദേവോസാവയമിതി ഹഠോത്ഥാനമഭജം.


വപുഷം തം നമസ്കൃത്യ
സ്തുവൻ സുനൃതയാ ഗിരാ
സ്വാമിനേ കാകതീയാനാം
രത്നാസനമുപാഹരം.


ശയ്യാശിരഃസ്ഥാനകൃതസ്യ പൂര്‍ണ്ണ-
കുംഭസ്യ തോയൈഃ പരികല്പ്യ പാത്രം
അതീന്ദസാരൈർമ്മണിഭിഃ കിലാഹ-
മപൂജയം ദൈവതമസ്മദീയം.


വിഭുഃ സ്വയംഭൂരവദൽ ശുചിസ്മിതാം
ഗിരം സ്വവാമാർദ്ധവധൂപലാളിതാം
സ്പൃശൻ കരേണാഭയദാനശാലിനാ
കൃതാഞ്ജലിം മാം വിനയാനതാനനാം


ഉന്മസ്തകൈർമ്മദ്ധ്യമലോകഭാഗ്യൈ-
സ്തപോവിശേഷൈനഘൈഃ പൃഥിവ്യാഃ
സമ്യക്‍ഫലൈഃ സച്ചരിതൈഃ പ്രജാനാം
പ്രതാപരുദ്രോയമിഹാവതീര്‍ണ്ണഃ


സ്വീകൃതേ പുത്രഭാവേന
ദൌഹിത്രേ പ്രാങ്മമാജ്ഞയാ
അസ്മിൻ നിധേഹി ധൌരേയേ
ഗുര്‍വ്വീമുര്‍വ്വീധുരാമിതി "


ഈ പദ്യങ്ങൾ നോക്കുക


പ്രതാചരുദ്രൻ രാജ്യഭാരം കൈയേറ്റതിനുമേലും രുദ്രാംബ ജീവി ച്ചിരുന്നകാലമെല്ലാം തന്നെപ്പറ്റി കുമാരരുദ്രദേവമഹാരാജനെന്ന അഭിധാനത്തിലാണു വ്യവഹരിച്ചുവന്നതു്. ഇതു രുദ്രാംബയുടെ നാമധേയവും രുദ്രദേവമഹാരാജനെന്നായിരുന്നതിനാലാണെന്നുള്ളതു നിസ്സംശയമാണു. ക്രി. പി. ൧൨൯൪ മുതൽ പ്രതാപരുദ്രൻ കുമാരപദം തന്റെ നാമധേയത്തോടു കൂടി സംഘടിപ്പിച്ചുകാണാത്തതിനാൽ ആയിടയ്ക്കു രുദ്രാംബ പരഗതിയെ പ്രാപിച്ചിരിക്കണമെന്നൂഹിക്കാം.


ആകപ്പാടെ നോക്കുമ്പോൾ രുദ്രാംബ ഇൻഡ്യയിലെ മഹതികളുടെ ഇടയിൽ ഗണനീയമായ ഒരു സ്ഥാനം അർഹിക്കുന്നുണ്ടെന്നു പറയേണ്ടതില്ലല്ലൊ. തന്റെ പിതാവായ ഗണപതിയേയും താൻ പുത്രത്വേന സ്വീകരിച്ച ദൌഹിത്രൻ പ്രതാപരുദ്രനേയുംകാൾ കാകതീയരാജവംശത്തിന്റെ അഭിമാനസ്തംഭമായി ആരുംതന്നെ ജീവിച്ചിരുന്നിട്ടില്ല. ആ രണ്ടു മഹാനുഭാവന്മാരുടേയും കാലങ്ങൾക്കിടയിലുണ്ടായിരുന്ന തന്റെ രാജ്യഭാരവും സര്‍വഥാ പ്രശംസനീയമായിരുന്നു എന്നുള്ളതിനു മറ്റു തെളിവിനു പുറമേ ദേശസഞ്ചാരികൾക്കു ചക്രവർത്തിയായ മാര്‍ക്കോപോളോവിന്റെ യാത്രാവിവരണഗ്രന്ഥവും ലക്ഷ്യമാകുന്നു. വശ്യവാക്കും മഹാകവിയുമായ വിദ്യാനാഥൻ പ്രതാപരുദ്രീയത്തിൽ ഈ പുണ്യശാലിനിയെപ്പറ്റി "അന്യഥാ കഥമീശ്വരപ്രസാദാദൃതേ നിരംകുശം സ്ത്രീവ്യക്തിവിശേഷസ്യ ലോകാധിപത്യം?”എന്നു ചോദിച്ചിരിക്കുന്നതു് എത്ര ഹൃദയംഗമമായിരിക്കുന്നു!


രുദ്രാംബയുടെ ദൌഹിത്രനായ പ്രതാപരുദ്രനെപ്പറ്റിക്കൂടി രണ്ട വാക്കു പറഞ്ഞുകൊള്ളട്ടെ. മധുമയഭണിതികളുടെ മനോഹരഖനിയായ വിദ്യാനാഥകവിചക്രവര്‍ത്തിയുടെ തൂലികാവിലാസത്തിനു വിഷയീഭവിച്ച ആ മഹാപുരുഷന്റെ യശസ്സിനു ഇൻഡ്യാമഹാരാജ്യവും സംസ് കൃതഭാഷയുമുള്ള കാലത്തോളം യാതൊരു മ്ലാനിയും സംഭവിക്കുന്നതല്ല. കാഞ്ചീപുരത്തിൽ വേഗവതീതീരത്തിൽ വച്ചു ദക്ഷിണാപഥചക്രവർത്തിയായി ക്രി. ൧൩൧൨-ൽ കിരീടധാരണം ചെയ്ത നമ്മുടെ കൊല്ലത്തെ രവിവർമ്മമഹാരാജാവിനെ ക്രി. പി ൧൧൩൧൬ൽ അവിടെനിന്നു നിഷ്കാസനംചെയ്തു മാനവീരൻ എന്നൊരു സാമന്തനെ വാഴിച്ചതു പ്രതാപരുദ്രന്റെ സേനാപതി യായ മുപ്പിടിനായ്ക്കനാണു്.


"ശ്രീമാൻ മഹാമണ്ഡലചക്രവർത്തr
പ്രതാപരുദ്രഃ കില കാകതീയഃ
കരോതി രാജ്യം കമനീയകീത്തിഃ
പ്രതാപവാനേകശിലാനഗര്യാം.


തന്നായകഃ സംപ്രതി മുപ്പിടീന്ദ്രഃ
പ്രതാപനിശ്ശേഷിതശത്രുപക്ഷഃ
വിദ്രാവ്യ ഭൂപാനപി ദാക്ഷിണാത്യാൻ
പുരീഞ്ച കാഞ്ചിമവിശന്നളാബ്ദേ''


എന്നുംമറ്റുമുള്ള കാഞ്ചീപുരത്ത് അരുളാളപ്പെരുമാൾ ക്ഷേത്രത്തിലെ പ്രതാപരുദ്രശിലാശാസനം നോക്കുക. "പ്രായേണ സാമഗ്യ വിധൌ ഗുണാനാം പരാങ്മുഖീ വിശ്വസൃജം പ്രവൃത്തിഃ" എന്ന ന്യായപ്രകാരം വിദ്യാനാഥന്റെ നിരതിശയമായ പ്രശസ്തിക്കു വിഷയിഭവിച്ച ഒരു രാജാവിനു ദൃഷ്ടിദോഷം വരാതെ തരമില്ല. മാലിൿകാഫറുമായുള്ള യുദ്ധത്തിൽ തോറ്റു പ്രതാപരുദ്രൻ ആദ്യമായി കിലിജി രാജാക്കന്മാര്‍ക്കു കപ്പം കൊടുക്കേണ്ടി വരികയും ടോഗ്ഉക്കുരാജാക്കന്മാര്‍ക്ക് ആ കപ്പം കൊടുക്കുവാൻ വിസമ്മതിച്ചപ്പോൾ അന്നു യുവരാജാവായിരുന്ന മഹമ്മദുബിൻ ടോഗ്ളക്കിനാൽ ബന്ധനസ്ഥനാക്കി ഡൽഹിയിലേക്കു ക്രി. പി 1323 ൽ നയിക്കപ്പെടുകയും ചെയ്തു. അവിടെവെച്ച് ആ ക്രൂരമനുഷ്യസര്‍പ്പങ്ങൾക്കിടയിൽ ദയനീയമായ ഒരവസാനം അദ്ദേഹത്തിനു സംഭവിച്ചിരിക്കണമെന്നൂഹിക്കുന്നതിൽ യാതൊരു അസാംഗത്യവുമില്ല. അമീർകുസ്രു, സീയുഡീൻബാർണി മുതലായ ചരിത്രകാരന്മാർ വിസ്തരിച്ചു വര്‍ണ്ണിച്ചിട്ടുള്ള പ്രതാപരുദ്രനും മഹമ്മദിയരുമായുള്ള യുദ്ധങ്ങളേയും അവയുടെ പരിണാമങ്ങളേയുംപറ്റി എന്തെങ്കിലും ഇവിടെ പ്രപഞ്ചനംചെയ്ത് ഈ ഉപന്യാസം ഇനിയും ദീർഘിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നില്ല.

 

1094-മേടം