ഇക്കഴിഞ്ഞ ജൂൺ 25-ാംനൂ നമ്മെ എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞ ശ്രീമാൻ മൂക്കോത്തു കുമാരന്റെ നിര്യാണം കേരളത്തേയും, കേരളഭാഷയേയും, തീയസമുദായത്തേയും സംബന്ധിച്ചു നിരൂപിക്കുകയാണെങ്കിൽ, ഒരു തീരാത്ത നഷ്ടമാണെന്നുള്ളതിനു പക്ഷാന്തരമില്ല. 1874-ലാണു് കുമാരൻ ജനിച്ചതു്. കഴിഞ്ഞ അൻപതിൽപ്പരം കൊല്ലങ്ങളായി കൈരളീദേവിയെ അദ്ദേഹം നിരന്തരമായി നിസ്തന്ദ്രമായി, നിരതിശയമായ ഭക്തിപാരവശ്യത്തോടുകൂടി, സഹസ്രമുഖമായി, സഫലമായി സമാരാധിച്ചിട്ടുണ്ടു്. എത്രയോ ഉന്നതവും ദീപ്തിമത്തുമായ ഒരു ജ്യോതിര്‍ഗോളമാണു അന്തരീക്ഷത്തിൽനിന്നു് ഇപ്പോൾ അന്തര്‍ദ്ധാനം ചെയ്തിരിക്കുന്നതു്! എത്രയോ ഉജ്ജ്വലവും മംഗലപ്രദവുമായ ഒരു മഹാരത്നമാണു് ആഴിയുടെ അടിത്തട്ടിൽ പതിച്ചിരിക്കുന്നതു്! വാസ്തവത്തിൽ വയസ്സ് അറുപത്തേഴായിരുന്നു എങ്കിലും വാര്‍ദ്ധക്യത്തിന്റെ യാതൊരു ലക്ഷണത്തിനും അദ്ദേഹത്തെ സമീപിക്കുവാൻ സാധിച്ചിരുന്നില്ല; ആ സുകുമാരമായ കളേബരത്തെ യൌവനം നിത്യാലിംഗനം ചെയ്തു കൃതകൃത്യത നേടിയിരുന്നതായി കാണികൾക്കു തോന്നി. പട്ടാംബരാലംകൃതമായ ആകാരം നാം ഇനി കാണുകയില്ല; കുലീനവും കോമളവുമായ ആ മുഖത്തു സ്ഫുരിച്ചിരുന്ന സാകൂതമായ മന്ദസ്മിതം നമുക്കു സ്മരണീയമാത്രമായിത്തീര്‍ന്നിരിക്കുന്നു. ആ സാഹിത്യകാരന്റെ--അല്ല സാഹിത്യവീരന്റെ-ഫലിതസമ്മിശ്രമായ മധുരസംഭാഷണം നാം ഇനി കേൾക്കുകയില്ല; ആ പ്രസംഗശൈലി നമ്മെ ആനന്ദിപ്പിക്കണമെങ്കിൽ അദ്ദേഹംതന്നെ പുനര്‍ജ്ജാതനാകണം.
സൂര്യപുരുഷൻ കേരളത്തെ പല പ്രകാരത്തിൽ സമര്‍ത്ഥമായി സേവിച്ചിട്ടുണ്ട്. മലബാർജില്ലയിലെ വിദ്യാഭ്യാസസമിതിയിൽ ഒൻപതു കൊല്ലവും, തലശ്ശേരി നഗരസഭയിൽ പതിനഞ്ചുകൊല്ലവും അദ്ദേഹം അംഗമായിരുന്നിട്ടുള്ളതിനുപുറമേ വടക്കൻകോട്ടയം താലൂക്കു ബോർഡിന്റെ ഉപാദ്ധ്യക്ഷനായും അദ്ദേഹത്തെ തിരഞ്ഞെടുക്കുകയുണ്ടായിട്ടുണ്ടു്. മദിരാശി ഗവർണർ രൂപവൽകരിച്ച മലബാറിലെ ജന്മികുടിയാൻ സമ്മേളനത്തിൽ ആറു കടിയാൻപ്രതിനിധികളുണ്ടായിരുന്നതിൽ ഒന്നു അദ്ദേഹമായിരുന്നു. മദിരാശി സര്‍വ്വകലാശാലയിൽ ഒരു മലയാളം പരീക്ഷകനായി എന്റെ അധ്യക്ഷതയിൽ അദ്ദേഹം കുറേക്കാലം പ്രവൃത്തി ചെയ്തിട്ടുണ്ടു്. മദിരാശി മെയിൽപത്രത്തിനു വളരെക്കാലം അദ്ദേഹം ലേഖകനായിരുന്നിട്ടുള്ളതിൽനിന്നു്, ബി. ഏ. ബിരുദധാരിയല്ലെങ്കിലും അദ്ദേഹത്തിനു ആംഗലേയഭാഷയിൽ ഉണ്ടായിരുന്ന പരിജ്ഞാനം അനുമേയമാകുന്നു. സ്വസമുദായത്തിന്റെ അത്യുന്നതിക്കായ് അദ്ദേഹം യാവജ്ജീവം ധീരമായും തീവ്രമായും പ്രയത്നിച്ചിട്ടുണ്ട്. ശ്രീ നാരായണഗുരുസ്വാമികളുടെ ഒരു പ്രതിമ തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുവാൻ പ്രധാനമായി പരിശ്രമിച്ചതു് അദ്ദേഹമായിരുന്നു. കൃതജ്ഞമായ തീയസമുദായം ആ പരിശ്രമത്തെ അഭിനന്ദിച്ച് അദ്ദേഹത്തിനു് ഒരു സുവണ്ണകീർത്തിമുദ്ര പ്രദാനം ചെയ്കയുണ്ടായി. ഗുരുസ്വാമികളെപ്പറ്റി അദ്ദേഹത്തിനു് അളവറ്റ ഭക്തിബഹുമാനങ്ങളാണു് ഉണ്ടായിരുന്നതു്. ആ പുണ്യശ്ലോകനായ പൂജ്യപാദന്റെ ഒരു വിശിഷ്ടവും വിസ്തൃതവുമായ ജീവിതചരിത്രം അദ്ദേഹം പ്രസിദ്ധീകരിക്കുകയും അതിനു മദിരാശി ഗവര്‍മ്മേണ്ടിൽ നിന്നു നാനൂറുറുപ്പിക സമ്മാനം ലഭിക്കുകയും ചെയ്തു. ഗുരുദേവന്റെ അധ്യാത്മതത്ത്വസാരസർവ്വസ്വമായ ദര്‍ശനമാല എന്ന് പദ്യഗ്രന്ഥവും അദ്ദേഹം തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
ഒരു സാഹിത്യകാരനെന്നും ഗ്രന്ഥവിമശകൻ എന്നും പത്രപ്രവര്‍ത്തകൻ എന്നും ഉള്ള നിലകളിലാണ് കേരളീയർ കുമാരനെ അറിയുന്നതും അറിയേണ്ടതും, അഭിനന്ദിക്കുന്നതും അഭിനന്ദിക്കേണ്ടതും. 1065-ാമാണ്ടു മീനമാസത്തിലാണു് കണ്ടത്തിൽ വറുഗീസ്‌മാപ്പിള തെക്കൻകോട്ടയത്തുനിന്നു മലയാളമനോരമ പ്രസിദ്ധീകരിച്ചുതുടങ്ങിയതു്. ഏറെത്താമസിയാതെതന്നെ കുമാരൻ ആ പത്രത്തിന്റെ ഒരു പ്രധാനലേഖകനായി. കഴിഞ്ഞ ശതവര്‍ഷാര്‍ദ്ധത്തിൽ മലയാളഭാഷയുടെ പരിപോഷണത്തിനായി പലരും പല പ്രകാരത്തിൽ പ്രയത്നിച്ചിട്ടുണ്ടെങ്കിലും വാഗീസ്‌മാപ്പിളയുടെ മനോരമവഴിക്കുള്ള ഭാഷാസേവനത്തിന്റെ നിലയും വിലയും, വ്യാപ്തിയും പരിമാണവും, ഒന്നു വേറെത്തന്നെയായിരുന്നു എന്നു നിഷ്പക്ഷന്മാരായ നിരൂപകന്മാർ സമ്മതിക്കാതെയിരിക്കുകയില്ല. വറുഗീസ് മാപ്പിളയ്ക്കുണ്ടായിരുന്ന വിവിധസിദ്ധികളിൽ ഞാൻ അതിപ്രധാനമായി ഗണിക്കുന്നത്, ഏതോ ഒരു ദിവ്യചക്ഷസ്സകൊണ്ടെന്നപോലെ ഭാഷാപോഷണത്തിനു വാസനയും വൈദഗ്ദ്ധ്യവുമുള്ള യുവാക്കന്മാരെ കണ്ടുപിടിച്ച് അവരെ പ്രശംസകൊണ്ടും പാരിതോഷികംകൊണ്ടും പ്രോത്സാഹിപ്പിച്ച് പ്രവൃത്യുന്മുഖന്മാരാക്കിത്തീര്‍ക്കുക എന്നുള്ളതാണു്. ആ കൃത്യം അന്നു അദ്ദേഹം ആത്മവിശ്വാസത്തോടും സ്വാര്‍ത്ഥരാഹിത്യത്തോടും കൂടി അനുസ്യൂതമായി അനുഷ്ഠിച്ചിരുന്നില്ലെങ്കിൽ കൈരളി ഇന്നു് അതു പ്രാപിച്ചിട്ടുള്ള അത്യുൽകൃഷ്ടമായ സ്ഥാനത്തിൽ ഒരിക്കലും എത്തിച്ചേരുന്നതല്ലായിരുന്നു. വറുഗീസ് മാപ്പിളയുടെ അത്തരത്തിലുള്ള പ്രോത്സാഹനമാണു് തന്നെ ഒരു സാഹിത്യകാരനാക്കിയതു് എന്നു കുമാരൻ പലപ്പോഴും കൃതജ്ഞതാവിവശനായി, വികാരതരളനായി പ്രസ്താവിച്ചിട്ടുണ്ട്. അതിൽ പരമാര്‍ത്ഥാംശം ഉണ്ട് എങ്കിലും കുമാരനെ ഒരു ഉത്തമസാഹിത്യകാരനായി വികസിപ്പിച്ചത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ ലീനമായ വാസനാവൈഭവംതന്നെയാണു്. ഒരു കലാകാരന്റെ പ്രതിഭ നൈസർഗ്ഗികമാണെങ്കിൽ, അതു പുഷ്പത്തിൽ പരിമളമെന്നപോലെ ജീവിതത്തിൽ ആരെയും ആമോദിപ്പിക്കുക തന്നെ ചെയ്യും.
കുമാരന്റെ പദ്യകാവ്യങ്ങളിൽ പ്രാഥമ്യത്തെ വഹിക്കുന്നത് 'ആശാകുല'യാകുന്നു. കീററ്സ് എന്ന ആംഗലേയമഹാകവിയുടെ സൂപ്രസിദ്ധമായ 'The Pot of Basil' എന്ന കാവ്യത്തിന്റെ ഒരു സ്വതന്ത്രാനുവാദമാണു് പ്രസ്തുതകൃതി. അതു പരിശോധിച്ച് അവതരിപ്പിക്കുവാനും 'നല്ലതല്ലെങ്കിൽ ചവറുകൊട്ടയിൽ ചീന്തിക്കളവാനും' എന്നെയാണു് അദ്ദേഹം ഏല്പിച്ചതു്. ഞാൻ വായിച്ചുനോക്കിയപ്പോൾ ഒരു കവിയെന്ന നിലയിൽ എനിക്കു് അദ്ദേഹത്തെപ്പറ്റിയുള്ള ആദരവ് ദ്വിഗുണീഭവിച്ചു. "ആടു കടിച്ച ചെടിപോലിവളിതാ, വാടി വളരുന്നു നാളിൽ നാളിൽ" മുതലായി ഹൃദയംഗമങ്ങളായ പല വരികളും ആ കൃതിയിൽ ഉണ്ട്. കുമാരന്റെ 'ഇലഞ്ഞിപ്പൂമാല' തുടങ്ങിയ ചില ലഘുകാവ്യങ്ങളും പ്രശംസനീയങ്ങളാണു്. എന്നാൽ താൻ ഒരു കവിയാണെന്ന് അദ്ദേഹം ഒരിക്കലും സമ്മതിച്ചിരുന്നില്ല. ഒരിക്കൽ തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ഞങ്ങൾ പോയപ്പോൾ ഒരു സ്നേഹിതൻ "നിങ്ങളും ഒരു കവിതന്നെയല്ലേ?" എന്നു് അദ്ദേഹത്തോടു ചോദിച്ചു. ചോദിച്ച ആൾ ആ വാക്കുകളിൽ യാതൊരു ഗൂഢാര്‍ത്ഥവും ഉൾക്കൊള്ളിച്ചിരുന്നില്ല. കുമാരൻ ഉടൻ തിരിഞ്ഞുനിന്നു് "ഞാനും ഒരു കവി! അല്ലേ? അതും എന്റെ മാന്യസ്നേഹിതൻ ഉള്ളൂരിന്റെ മുൻപിൽ! എന്താ എന്നെ ഒരു സംസ്കൃതപണ്ഡിതനെന്നുകൂടിപ്പറയാത്തത്?" എന്ന് നിശിതമായ ഒരു വാഗ്വജ്രം പ്രയോഗിച്ച് അദ്ദേഹത്തിന്റെ മുഖം വിവര്‍ണ്ണമാക്കി. അതിഥിയായ എന്നെ മാനിക്കുന്നതിനു വേണ്ടി മാത്രമല്ല, അദ്ദേഹം ഇങ്ങനെ ചെയ്തതെന്നു് എനിക്കറിവുണ്ട്.
കുമാരൻ പല ഗദ്യഗ്രന്ഥങ്ങളും ഓരോ അവസരങ്ങളിലായി രചിച്ചിട്ടുണ്ട്. ജീവിതചരിത്രങ്ങൾ, ചെറുകഥകൾ, നോവലുകൾ, ശാസ്ത്രപുസ്തകങ്ങൾ, എന്നിങ്ങനെ പല പദ്ധതികളിലാണ് അവ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതു്. ശ്രീനാരായണഗുരു ഒന്നും രണ്ടും ഭാഗങ്ങൾ, വേങ്ങയിൽ കുഞ്ഞിരാമൻനായനാർ, ഒയ്യാരത്തു ചന്തുമേനോൻ, യാദവകൃഷ്ണൻ, ഇവയാണു് ജീവചരിത്രങ്ങൾ. ഡോക്ടർ ഗുണ്ഡർട്ട് മുതലായി ചില പണ്ഡിതന്മാരേയും മറ്റും പറ്റി വിജ്ഞേയങ്ങളായ ജീവചരിത്രോപന്യാസങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഭാരതകഥാസംഗ്രഹം, കൂനിയുടെ കുസൃതി, ഇവ യഥാക്രമം മഹാഭാരതത്തെയും രാമായണത്തേയും ആശ്രയിച്ച് സ്മര്യപുരുഷൻ എഴുതീട്ടുള്ള ഗ്രന്ഥങ്ങളാണു്. വസുമതി, അമ്പുനായർ, വെള്ളിക്കൈ തുടങ്ങിയവയാണു് നോവലുകൾ. പ്രകൃതിശാസ്ത്രത്തിലെ അത്ഭുതങ്ങൾ ഒരു ശാസ്ത്രഗ്രന്ഥമാകുന്നു. 'കാകൻ' ശാസ്ത്രം സാഹിത്യമായി രൂപാന്തരപ്പെടുന്ന അതിമനോഹരമായ ഒരു കൃതിയത്രെ. അദ്ദേഹത്തിന്റെ സാഹിത്യവിമര്‍ശസംബന്ധികളായ ചില ഉപന്യാസങ്ങൾ ഒന്നിച്ചു ചേർത്തു 'ഗദ്യമഞ്ജരി ഒന്നാംഭാഗം' എന്ന പേരിൽ പരേതനായ മണക്കാട്ടു നാരായണപിള്ള ഒരു പുസ്തകം പ്രസാധനം ചെയ്യുകയുണ്ടായി. ബാലന്മാരുടെ ആവശ്യത്തിനുവേണ്ടി എഴുതിട്ടുള്ള 'സൈരന്ധ്രി' എന്ന കഥ അതിലേ അതിലളിതമായ പ്രതിപാദനരീതികൊണ്ട് ആരേയും വശീകരിക്കുവാൻ പോരുന്നതാണു്. “പണ്ടൊരിക്കൽ സൈരന്ധ്രി എന്നു പേരായി ചെറിയ ഒരു പെൺകുട്ടിയുണ്ടായിരുന്നു" എന്നിങ്ങനെയാണു് ആ ഗ്രന്ഥം ആരംഭിക്കുന്നതു്. ഈ കൃതികളെപ്പറ്റിയെല്ലാം വിസ്തരിച്ചു പ്രതിപാദിക്കുന്നതിനു ഇതല്ലല്ലോ അവസരം.
താൻ ഏതു സാഹിത്യവ്യവസായത്തിൽ ഏര്‍പ്പെട്ടാലും അതു വിജയപ്രദമായി കലാശിപ്പിക്കണമെന്നു കുമാരൻ സ്വാഭാവികമായി ആഗ്രഹിച്ചിരുന്നു. മറ്റു ചിലരെപ്പോലെ വല്ലതും കാട്ടിക്കൂട്ടി ഒപ്പിച്ചു മാറിയതുകൊണ്ടു ജന്മസാഫല്യം സിദ്ധിക്കുമെന്നും അദ്ദേഹം ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ശ്രീനാരായണഗുരുവിന്റെ ജീവചരിത്രമെഴുതാൻ അദ്ദേഹം യോഗാഭ്യാസസംബന്ധമായി പല പുസ്തകങ്ങൾ വായിക്കുകയും അറുപത്തിമൂന്നു വശത്തോളംവരുന്ന തത്സംബന്ധമായ ഒരധ്യായം ആ ഗ്രന്ഥത്തിൽ എഴുതിച്ചേര്‍ക്കുകയും ചെയ്തു. ചന്തുമേനോന്റെ ജീവചരിത്രത്തിൽ "ഗദ്യകാവ്യത്തിന്റെ വളര്‍ച്ച' എന്ന തലക്കെട്ടിൽ ആദ്യത്തെ അധ്യായം എഴുതി ആ ഗ്രന്ഥത്തിനു് അനുരൂപമായ ഒരു പശ്ചാത്തലം സൃഷ്ടിക്കുവാൻ അദ്ദേഹം വളരെ ക്ലേശിച്ചിട്ടുണ്ട്. യാദവകൃഷ്ണനെ പരാമശിച്ചു അത്യക്തികളും അതിശയോക്തികളും വര്‍ജ്ജിച്ച് കേവലം ഉത്തമപുരുഷനെന്നനിലയിൽ ഒരു ഗ്രന്ഥം രചിക്കുവാനും അദ്ദേഹം അനവധി പുസ്തകങ്ങൾ വായിക്കേണ്ടിവന്നിട്ടുണ്ടു്. ഒരിക്കൽ മദിരാശി സർവ്വകലാശാലയ്ക് അദ്ദേഹം രാമചരിതം മുതലായ പ്രാചീനകൃതികളെ ആസ്പദമാക്കി ഒരു ചോദ്യക്കടലാസുണ്ടാക്കേണ്ടിവന്നു. പ്രാചീനകൈരളിയിൽ പ്രത്യേകമായി അവഗാഹമില്ലാത്ത ഒരാൾ ആ ചോദ്യക്കടലാസുണ്ടാക്കുന്നതു വിഹിതമാണോ എന്നു വേറേ ചില പരീക്ഷകന്മാർ എന്നോടു സ്വകാര്യമായി ചോദിച്ചതിനു, അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയെപ്പറ്റി നല്ല അറിവുണ്ടായിരുന്ന ഞാൻ പറഞ്ഞതും "രാമചരിതത്തിന്റെ പേർതന്നെ നാം ആദ്യമായി കേട്ടതു് തലശ്ശേരിയിൽ താമസിച്ചിരുന്ന ഗുണ്ഡർട്ടുപണ്ഡിതരിൽനിന്നാണു്" എന്നു മാത്രമായിരുന്നു. അത്യന്തം അഭിനന്ദനീയമായ ഒരു പ്രശ്നപത്രം എന്റെ പ്രതീക്ഷ അനുസരിച്ചു് അദ്ദേഹം എഴുതിക്കൊണ്ടുവന്നു എന്നു പറയേണ്ടതില്ലല്ലോ. ഗൌരവമേറിയ വിഷയങ്ങളെപ്പറ്റി ലളിതമായരീതിയിൽ പ്രതിപാദിക്കുക എന്നുള്ളതു വലിയ ഒരു കലയാണു്. ആ കല അദ്ദേഹത്തെക്കാൾ സ്വാധീനമായിരുന്ന ഭാഷാസാഹിത്യകാരന്മാർ കേരളത്തിൽ അധികമുണ്ടായിട്ടില്ല. ഇന്ന വിഷയത്തെപ്പറ്റിയാണു പറയേണ്ടതു്; ഇന്നാരോടാണതു പറയുന്നതു്; ഇന്നവിധത്തിലാണ് അതു പറഞ്ഞു ഫലിപ്പിക്കേണ്ടത്; ഈ വകകാരങ്ങളെപ്പറ്റി അദ്ദേഹത്തെക്കാൾ ബോധവും ആ ബോധത്തിനനുസരിച്ചുള്ള ഫലവത്തായ പ്രവൃത്തിയും അദ്ദേഹത്തിലെന്നതുപോലെ ഞാൻ വളരെപ്പേരിൽ കണ്ടിട്ടില്ല. മാധുര്യം, പ്രസാദം, ആവശ്യമുള്ള ദിക്കിൽ അകൃത്രിമമായ ഓജസ്സ് ഈ ഗുണങ്ങൾ അദ്ദേഹത്തിന്റെ ഗദ്യശൈലിക്കു സഹജങ്ങളാണു്. ആ ശൈലി അനന്യസുലഭമാണെന്നു നിശ്ചയമായി ഉപപാദിക്കാം. അതിൽ അവിടവിടെ സ്മര്യപുരുഷൻ വാരിവിതറീട്ടുള്ള അനുപമേയങ്ങളായ ഫലിതങ്ങൾക്കു കയ്യും കണക്കുമില്ല. "ഞാൻ ഫലിതത്തിനുവേണ്ടി ഫലിതം ഉപയോഗിക്കുവാൻ യത്നിക്കുന്ന പതിവില്ല" എന്നു അദ്ദേഹം ഒരവസരത്തിൽ പ്രസ്താവിച്ചിട്ടുള്ളതായി ഞാൻ ഓക്കുന്നു. അതു ശരിയാണു്. ചിരിക്കുന്നതിനുവേണ്ടി ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുവാൻ ശ്രമിക്കുന്നവർ ലോകസ്വഭാവമറിയാത്തവരാണ്; അങ്ങനെയുള്ളവരെ നോക്കി കേൾക്കുന്നവർ ചിരിക്കും; അതു് അവരുടെ വാക്കുകേട്ടിട്ടാകുകയില്ല.
കുമാരൻ സാഹിത്യക്കളരിയിൽ നെടുനാൾ കച്ചകെട്ടി കയ്യും മെയ്യുമുറച്ച ഒരു ധീരയോദ്ധാവായിരുന്നു. . അദ്ദേഹം ധാരാളം വെട്ടും തട്ടും പയറ്റീട്ടുണ്ട്; കൊടുക്കുകയും കൊള്ളുകയും ചെയ്തിട്ടുണ്ട്; എതിരാളിയെ അമ്പരപ്പിച്ചിട്ടുണ്ട്; അടിപണിയിച്ചിട്ടുണ്ട്; വ്രണകിണങ്ങളാൽ അങ്കിതം- അല്ല അലങ്കൃതം-ആയിരുന്നു അദ്ദേഹത്തിന്റെ വിരിമാറ്. അപൂര്‍വ്വം ചില അവസരങ്ങളിൽ അടവുമാറി താഴെ വീണിട്ടുണ്ട്; വീണടത്തുകിടന്നു വിദ്യയുമെടുത്തിട്ടുണ്ടു്. പക്ഷെ വ്യക്തിവിദ്വേഷത്തിന്റെയോ ജാതിസ്പര്‍ദ്ധയുടേയോ ലാഞ്ചനം അദ്ദേഹത്തിന്റെ ഒരൊറ്റവാക്കിൽ കൂടി മഷിയിട്ടുനോക്കിയാൽ പോലും കാണ്മാനുണ്ടായിരുന്നില്ല. താൽകാലികമായ ഒരുരസത്തിനു ചിലതെല്ലാം തട്ടിവിടും; എങ്കിലും, അതെല്ലാം ശരൽകാലത്തിലെ മേഘശകലത്തിന്റെ കളികാട്ടി ചടുപെടെന്നു മറഞ്ഞു പോകുമായിരുന്നു, ഏറ്റവും മൃദുലവും വിമലവുമായ ഒരു ഹൃദയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതു് എന്നു് അറിയാത്തവർ ചുരുങ്ങും. അഭിയോക്താവിനു് അദ്ദേഹം പലപ്പോഴും ഭയങ്കരനായ ഒരു പ്രതിദ്വന്ദ്വിയായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ഹാസ്യരസനിഷ്യന്ദികളായ പ്രത്യുക്തികൾ വാസ്തവത്തിൽ അവരേയും ആനന്ദസാഗരത്തിൽ ആറാടിക്കുകയായിരുന്നു പതിവു്. അദ്ദേഹത്തിന്റെ അത്തരത്തിലുള്ള കാവ്യശൈലിക്കു രണ്ട മൂന്നുദാഹരണങ്ങൾ ഉദ്ധരിക്കാം.
താഴെക്കാണുന്നതു് 'യുക്തിവാദി' എന്ന മാസികപത്രത്തിന്റെ ആവിര്‍ഭാവത്തിൽ കുമാരൻ അതിനുവേണ്ടി ദീപത്തിൽ എഴുതിയ മംഗലാശംസയിൽ ഒരു ഭാഗമാണു്. അഞ്ചു പത്രാധിപന്മാരുമായി പുറപ്പെട്ട ആ പത്രത്തെ "പതികളൊന്നല്ല രണ്ടല്ല മൂന്നല്ല, ചതുരവീരന്മാരഞ്ചുണ്ടു കാന്തന്മാർ" എന്നു വര്‍ണ്ണിച്ചുകൊണ്ടു് അദ്ദേഹം ഇങ്ങനെ പറയുകയാണു്. "അതിന്റെ ഉദ്ദേശം സഫലമാകാൻ സർവ്വശക്തനായ ദൈവം സഹായിക്കട്ടെ എന്നു പറവാനായിരുന്നു ഞങ്ങൾ ഭാവിച്ചതു്. ദൈവശബ്ദം കൊണ്ടു വ്യക്തമായൊ സ്പഷ്ടമായോ ഒരു ജ്ഞാനം ലഭിച്ചിട്ടില്ലാത്തവരെപ്പറ്റി അങ്ങനെ പറയുന്നത് അവരെ അപമാനിക്കയായിരിക്കും. അതുകൊണ്ടു പ്രവത്തകന്മാരുടെ യുക്തികൊണ്ടു മാസികയ്ക്ക് എല്ലാ അഭിവൃദ്ധിയും സിദ്ധിക്കുമെന്നു ഞങ്ങൾ ആശംസിക്കുന്നു.'’
അടിയിൽക്കാണുന്നതു് 'മലബാറി' പത്രത്തിന്റെ ആധിപത്യത്തിൽ ആരൂഢനായ വി. സി. ബാലകൃഷ്ണപ്പണിക്കർ കുമാരൻ നടത്തിത്തുടങ്ങിയ കേരളചിന്താമണിയെപ്പറ്റി ആക്ഷേപസൂചകമായി എന്തോ എഴുതിയതിനുള്ള പ്രത്യുക്തിയാകുന്നു.
"കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ മലബാറിയെപ്പറ്റി പറഞ്ഞതിനു മറുപടിയൊന്നും പറയാതെ കേരളചിന്താമണി പത്രാധിപരെ കുറെച്ചീത്തപറഞ്ഞുവിടുകയാണ് ചെയ്തിട്ടുള്ളതു്. ഇതിനു മറുപടിപറവാൻ ഞങ്ങൾ പഠിച്ചിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. ഇതു പക്ഷേ മലബാറിക്കു വലിയ ഇച്ഛാഭംഗത്തിനു കാരണമായേക്കാം. എന്തു ചെയ്യാം? നിവൃത്തിയില്ലാത്തദിക്കിൽ ഞങ്ങളുടെ മാന്യസഹജീവികളേയും വ്യസനിപ്പിക്കേണ്ടി വരുന്നു... ... ... ഇനിയും കാര്യം പറയാതെ ചീത്ത പറവാനാണു ഭാവമെങ്കിൽ ഞങ്ങളുടെ ഭാവം മൌനമുദ്ര ധരിക്കാനാണു്. കേരളചിന്താമണിയുടെ കുറവിനെപ്പറ്റി അതിന്റെ 'അഭ്യുദയകാംക്ഷികൾ' ഞങ്ങൾക്കെഴുതാതെ മലബാറിപ്പത്രത്തിനു രഹസ്യമായെഴുതിയതു വലിയ പുതുമയായി തോന്നുന്നു. തന്നെ! അവർതന്നെ അഭ്യുദയകാംക്ഷികൾ!!''
ചുവടേചേര്‍ക്കുന്നത് 'കാകൻ' എന്ന പുസ്തകത്തിന്റെ അവതാരികയിൽനിന്നാകുന്നു.
"ഇനിയൊരു മുഖവുര വേണ്ടിയോ എന്നാണു് അച്ചുക്കൂടക്കാർ ചോദിക്കുന്നതു്. അതിനാണു് വിഷമം. പുസ്തകം കാക്കയെപ്പറ്റിയാണു്. അതിനെ സ്തുതിച്ചാലും ദുഷിച്ചാലും ആരും ചോദിക്കുവാനില്ല. മുഖവുര പുസ്തകത്തെപ്പറ്റിയായിരിക്കണമല്ലോ. അതിനെ ഞാൻ തന്നെ സ്തുതിക്കുന്നതു കുറെ അങ്ങനെയല്ലേ? ദുഷിക്കാൻ മനസ്സുവരുന്നില്ല. എഴുതാമെന്നുവെച്ചാൽ പലതും എഴുതാം. 'ഈ പുസ്തകം അശേഷം നന്നായിട്ടില്ലെന്നു് എനിക്കു തന്നെ ബോദ്ധ്യമുണ്ട്. പക്ഷെ ചില സ്നേഹിതന്മാരുടെ നിര്‍ബ്ബന്ധംകൊണ്ടു് അച്ചടിച്ചുപരസ്യം ചെയ്തതാണു്' എന്നു പറയാമായിരുന്നു. അതു വെറും കുളവായിരിക്കും. ഇതു പരസ്യം ചെയ്യാൻ എന്നെ ആരും നിബ്ബന്ധിച്ചിട്ടില്ല. 'ഇതിൽ വളരെ തെറ്റുകളുണ്ടു്. അതു വായനക്കാർ സദയം ക്ഷമിക്കണം.' എന്നെഴുതിയാലോ? അതു കേവലം അനാവശ്യമാണു്. എന്റെ പുസ്തകത്തിൽ തെറ്റുണ്ടായാലുമില്ലെങ്കിലും അതു വെളിക്കിറങ്ങുന്ന തക്കവുംനോക്കി അതിനെ കൊത്തിപ്പറിച്ചു ഛിന്നഭിന്നമാക്കുവാൻ നോയ്മ്പും നോറ്റു നില്ക്കുന്ന ചില രസികശിരോമണികളുണ്ട്. അവര്‍ക്ക് അതുകൊണ്ടു കാര്യസാധ്യമുണ്ടെന്നാണു ഒരാൾ ഈയിടെ പറഞ്ഞതു്. എനിക്കും ഗുണമില്ലാതെയില്ല. പുസ്തകം വേഗത്തിൽ വിറ്റു പോകും. അതുകൊണ്ട് കാക്കയ്ക്കും ബലിയിട്ടുകൊടുക്കുമ്പോലെ രണ്ടപേര്‍ക്കുപകാരമാകത്തക്കവണ്ണം ഈ കാകനെ അവര്‍ക്കായി സമര്‍പ്പിക്കുക!''
കുമാരൻ കേരളസഞ്ചാരി, സരസ്വതി, മിതവാദി, കേരളചിന്താമണി, ആത്മപോഷിണി, ദീപം, ഗജകേസരി, സത്യവാദി എന്നിങ്ങനെ പത്രങ്ങളുടേയും മാസികകളുടേയും ആധിപത്യം വഹിച്ചിട്ടുണ്ട്. അവയിൽ അദ്ദേഹത്തിന്റെ വാസനയ്ക്കും വൈദുഷ്യത്തിനും പററിയതു് തോമസ്‍പോളിന്റെ ഉടമസ്ഥതയിൽ പ്രചരിച്ച ദീപം തന്നെയായിരുന്നു. അവയിൽനിന്നെല്ലാം അദ്ദേഹത്തിന്റെ ഫലിതത്തിനു ധാരാളം ഉദാഹരണങ്ങൾ ഉദ്ധരിക്കാവുന്നതാകുന്നു.
'പതഞ്ജലി' എന്ന വ്യാജനാമത്തിൽ മനോരമയിലും മറ്റു ചില പേരുകളിൽ ഇതരപത്രങ്ങളിലും അദ്ദേഹം എഴുതീട്ടുള്ള രാഷ്ട്രീയവും സാമുദായികവും സാഹിത്യപരവുമായ നിരൂപണങ്ങൾ ഏറ്റവും ഹൃദയാവര്‍ജ്ജകങ്ങളാകുന്നു. ഒരിക്കൽ കൊട്ടാരത്തിൽ ശങ്കുണ്ണി കേരളവർമ്മശതകം എന്ന പേരിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമേനിയുടെ ഷഷ്ടിപൂര്‍ത്തിസ്മാരകമായി ഒരു കാവ്യം പ്രസിദ്ധപ്പെടുത്തി. അതിൽ
"സത്താം കൊല്ലമൊരായിരത്തിരുപതാം കുംഭത്തിലൻപൊത്തിടും
പത്താംതീയതി പൂയമെന്നു ഭുവനേ പേരുള്ള താരേ ശുഭേ
ചിത്താമോദമൊടൊത്തു നല്ല സുതനെ ശ്രീ പര്‍പ്പഭൂപാംബ ന-
ന്മുത്താ വംശമിയന്നിട്ടുംപടി പരം തെറ്റെന്നു പെറ്റീടിനാൾ"
എന്നൊരു പദ്യമുണ്ടു്. വാസ്തവത്തിൽ പല നിരർത്ഥകപദങ്ങളും അതിൽ കവി കുത്തിത്തിരുകീട്ടുണ്ടെന്നുള്ളതിനു സംശയമില്ല. ആ കാവ്യം അടിയറവച്ചപ്പോൾ സൌജന്യവാരിധിയായ തിരുമേനി ശങ്കുണ്ണിക്കു വിലപിടിച്ച സമ്മാനം നല്കി. പതഞ്ജലി പ്രസ്തുത പദ്യം വിശകലനം ചെയ്തു്, അതിലെ ദോഷങ്ങൾ ഓരോന്നായി പ്രപഞ്ചനംചെയ്ത്, ഒടുവിൽ കവിത പൊട്ടയാണെങ്കിലും തിരുമനസ്സിലെ മാതാവ് അവിടത്തെ 'പരം തെറ്റൊന്നു്' (അതായതു് 'അശേഷം പ്രസവവേദനകൂടാതെ') പ്രസവിച്ചു എന്ന രഹസ്യം ധരിച്ചരുന്ന ശങ്കുണ്ണി അത് വെളിപ്പെടുത്തുകയാൽ അതിനു് ഒരു പാരിതോഷികം നല്കിയത് അനുചിതമല്ല എന്ന് അദ്ദേഹത്തിന്റെ സഹജമായ ഫലിതശൈലിയിൽ പ്രതിപാദിച്ചിരുന്നു. 'കൈയടൻ' എന്ന വ്യാജനാമത്തിൽ അതിനൊരു മറുപടി ഞാനും മനോരമയിൽ തന്നെ എഴുതി. കുമാരന്റെ ആക്ഷേപങ്ങൾക്കു സമാധാനം പറവാൻ എനിക്കു ശക്തിയില്ലായിരുന്നു. എന്നാൽ ഭാഷാസാഹിത്യത്തിന് എത്രയോ തരത്തിൽ മഹോപകാരം ചെയ്തിട്ടുള്ള ശങ്കുണ്ണിയെ ആ വിധത്തിലെല്ലാം കൊട്ടയാട്ടുന്നതു് അന്യായമാണെന്നുമാത്രം കാര്യഭാഗമായി അല്പം ഉപന്യസിച്ചിരുന്നു. കുമാരനു കൈയടൻ ആരെന്നു മനസ്സിലാകുകയും അദ്ദേഹം എനിക്കു് ഞാൻ ആക്ഷേപങ്ങൾ സമ്മതിച്ചതായാണ് അനുമാനി ക്കേണ്ടിയിരിക്കുന്നതെന്നും അതുകൊണ്ടു വാദം തുടരുന്നില്ലെന്നും ഒരു കത്തയയ്ക്കുകയും ചെയ്തു. പലതും ശങ്കിച്ചു ചകിതനായിരുന്ന എനിക്ക് അതു വലിയ ഒരാശ്വാസമായിത്തീര്‍ന്നു എന്നു പറയേണ്ടതില്ലല്ലോ.
കുമാരൻ ഒരു നല്ല ആസ്തികനായിരുന്നു. ശ്രീകൃഷ്ണനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഭക്തിക്കു് അതിരും അളവും ഉണ്ടായിരുന്നില്ല. ഭഗവൽഗീതയെപ്പോലെ മനുഷ്യര്‍ക്ക് ഐഹികവും ആമൂഷ്മികവുമായ ശ്രേയസ്സിനു പ്രയോജകീഭവിക്കുന്ന ഒരു ഗ്രന്ഥം ലോകത്തിലില്ലെന്നു അദ്ദേഹം ദൃഢമായി ധരിച്ചിരുന്നു. വിപ്ലവത്തിൽ അദ്ദേഹത്തിനു തീരെ വിശ്വാസമുണ്ടായിരുന്നില്ല. അനുക്രമമായ അഭ്യുന്നതിയാണ് അപേക്ഷണീയം എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. സ്വതന്ത്രമായി ചിന്തിക്കുകയും ചിന്തയ്ക്കനുസരിച്ചു രസനയും തൂലികയും ചലിപ്പിക്കുകയും ചെയ്തുവന്ന അദ്ദേഹത്തിന് ചില ശത്രുക്കളുണ്ടായിരുന്നു എന്നു സമ്മതിക്കാം. പൌരുഷമുള്ളവര്‍ക്കു പരിപന്ഥികളുണ്ടാകുക എന്നതു് ഒരു പ്രകൃതിന്യായമാണു്. അവരുടെ ശത്രുതയിൽ അദ്ദേഹം രസിക്കുകയാണു് ചെയ്തിരുന്നതു്.
അവസാനമായി എനിക്കു രണ്ടു വാക്കേ പറയേണ്ടതായുള്ളൂ. ഒന്നാമതു്, അദ്ദേഹത്തിന്റെ സവിസ്തരമായ ഒരു ജീവിതചരിത്രമെഴുതുവാൻ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അനുയായികളും ഉത്സാഹിക്കേണ്ടതാണു്; രണ്ടാമതു്, ഭാഷാരീതിക്കു തമ്മിൽ വളരെ വ്യത്യാസമുണ്ടെങ്കിലും പലതുകൊണ്ടും കേരളത്തിലെ ഡിക്വിൻസി എന്നു പറയേണ്ട അദ്ദേഹത്തിന്റെ കൃതികൾ എല്ലാം സമാഹരിച്ചു 'ഗദ്യമഞ്ജരി ഒന്നാം ഭാഗ'ത്തിന്റെ മാതിരിയിൽ മുദ്രണം ചെയ്യേണ്ടതാണു്. ഈ രണ്ടു കര്‍ത്തവ്യങ്ങളും വഴിപോലെ അനുഷ്ഠിക്കുവാൻ ഉത്സാഹികളും ഉത്തിഷ്ഠമാനന്മാരുമായ യുവസാഹിത്യകാരന്മാർ ഒരുങ്ങിയിറങ്ങുമെന്നു വിശ്വസിച്ചുകൊണ്ടും എന്റെ പ്രാണസ്നേഹിതന്മാരിൽ സര്‍വ്വഥാ അപശ്ചിമനായിരുന്ന അദ്ദേഹത്തിന്റെ ആത്മാവിനു ശാശ്വതനിർവൃതിക്കായി പരാശക്തിയോടു പ്രാര്‍ത്ഥിച്ചുകൊണ്ടും വിരമിക്കുന്നു.