I
നട്ടുച്ചയായി നേരം; വെള്ളവും വിശറിയും
വിട്ടു മറ്റൊന്നും വേണ്ട; വീടു താനാര്‍ക്കും ഗതി.
തടവറ്റൂഴിക്കുമേൽത്തട്ടുന്നൂ കതിരവൻ
ചുടലക്കനൽക്കട്ട തുടരെക്കോരിക്കോരി.
വച്ചുപോയ്‍കഴലൊന്നു തറമേലെന്നാൽപ്പൊള്ളു-
മുച്ചിയോളവും മേനി;യത്തരം നിരത്തൊന്നിൽ
അങ്ങിങ്ങു കീറിപ്പറിഞ്ഞേച്ചുതച്ചതാം മുണ്ടു—
മങ്ങതിന്നിണങ്ങുന്ന ഷർട്ടുംകൊണ്ടണ്ണം മൂടി,
പായുന്നുമുന്നോട്ടേക്കു റിക്ഷയും വലിച്ചുകൊ-
ണ്ടായുസ്സിൻബലത്തിനാൽച്ചാവാതെ ചാവോനേകൻ.
കണ്ണെങ്ങും നടത്തിച്ചും, ചുറ്റിലുംപെടും വസ്തു-
വൊന്നിലും മുട്ടാതേയു, മോടയിൽച്ചാടാതെയും,
പങ്ങിയും പരുങ്ങിയും, വേര്‍പ്പിലും കണ്ണീരിലും
മുങ്ങിയും ഞരങ്ങിയും പോകുവോരവന്നയ്യോ!
വരണ്ട തൊണ്ടയ്ക്കില്ലൊരുമിനീർക്കണം വീഴ്ത്താൻ;
വയറ്റിൽക്കൈവച്ചൊന്നു തിരുമ്മാൻ വഴിയില്ല.
ഏറ്റത്തുമിറക്കത്തുമൊപ്പമായ്ച്ചരിച്ചാലും
കാറ്റുണ്ടത്തപസ്വിക്കു ജീവിക്കാൻ സാധിപ്പീല
കുടികൊള്ളുന്നുണ്ടൊരാളാവണ്ടിക്കുള്ളിൽത്തന്റെ
കുടവണ്ടിയും കോപ്പും തുള്ളിച്ചു, കാലും നീട്ടി
"അവനും തന്നെപ്പോലെ മര്‍ത്ത്യനായ്പ്പിറന്നവ-
നവനും നല്കീട്ടുണ്ടു വയറും വായും ദൈവം" :-
കണ്ണില്ലിതൊന്നും കാണ്മാനര്‍ങ്ങോക്കു; വീര്‍പ്പൊന്നിടാൻ
നിന്നാലും, ചുമപ്പോനെയോടിക്കാൻ നാക്കേയുള്ളു.
തൻചുരുട്ടിലേദ്ധൂമം കണ്ടവൻ തീവണ്ടിതൻ
പിഞ്ചിളം കിടാവാണാ റിക്‌ഷയെന്നോര്‍ക്കുന്നുവോ?
അല്ലല്ല, തെറ്റിപ്പോയി; സമ്പത്തിൻമദംമൂല-
മന്ധത്വമല്ലീ നരന്നാദ്യമായ് വരും രോഗം?
II
ഉഴറിക്കാപ്പിക്ലബ്ബിലേറിനാൻ കൂറ്റൻ ചാടി,
വഴിയാധാരമാക്കി വണ്ടിക്കാരനെത്തള്ളി.
“രണ്ടണ തന്നാൽക്കൊള്ളാം കൂലിയിൽ വകവച്ചു;
ചുണ്ടൊന്നു ഞാനും ചൂടുവെള്ളത്താൽ നനച്ചോട്ടെ.'
എന്നവൻ യാചിക്കവേ ചെല്ലേണ്ട ദിക്കിൽച്ചെന്നേ
തന്നിടാൻ പറ്റൂ കൂലിയെന്നങ്ങോർ മുറിഞ്ഞോതി
തനിച്ചാൻ നിരത്തിൽ തൻതലയിൽക്കയ്യുംവച്ചു
തണലുംതാങ്ങും വിട്ടു തപിക്കും തൊഴിൽക്കാരൻ.
അകമേ കത്തും കൊടുതീയുമായ് തട്ടിക്കുമ്പോൾ
പകലോൻ ചൊരിയും തീ പനിനീരവന്നപ്പോൾ.
"ദൈവമേ!” തളര്‍ന്നവൻ വാവിട്ടു മുറയിട്ടാൻ:
"ദൈവമേ ! നിൻ ലോകമോ ഞാൻ കാണുമീലോകവും.
ഉണ്ടവന്നുടൻ തന്നെ കാപ്പി; യക്കോലത്തിന്റെ കൂലി
പണ്ടിയും പേറിപ്പായുമെനിക്കോ, മുപ്പട്ടിണി!
അക്കാപ്പി നഞ്ഞായ്പ്പോട്ടെയങ്ങോര്‍ക്കു;-വേ,ണ്ടെൻ-
തൽകാലം നല്കിക്കോട്ടെ; പിന്നെച്ചത്തൊഴിഞ്ഞോട്ടെ.
ഉടനേ വീണ്ടും വന്നു ചാടാഞ്ഞാൽപ്പോരും ഞാനെ-
ന്നുടലിൻ കഴപ്പൊന്നു തടവിത്താഴ്ത്തിക്കോട്ടെ:-
അല്ലെങ്കിലിപ്പോൾത്തന്നെ വന്നാലും കൊള്ളാം; തീര്‍ത്തി-
സ്സൊല്ല,ഞാൻ കുറേപ്പേരെ വേറെയും ചുമക്കണ്ടേ?
കിട്ടുമോ കേറാൻ വീണ്ടുമാരാനുമാവോ? നോക്കാം;
കിട്ടാഞ്ഞാൽക്കിടാങ്ങൾക്കു കഞ്ഞിയെൻ കണ്ണീരല്ലീ?
ആ വഴിക്കോര്‍ത്താൽക്കൂലി മുൻകൂട്ടി വാങ്ങീടാത്ത-
താവതും നന്നായെന്നേ തോന്നുന്നതുള്ളൂതാനും.
കാപ്പിയെ,ങ്ങമ്മട്ടുള്ള പണ്ടങ്ങളെല്ലാം കണ്ടു
വീര്‍പ്പിടാൻ മാത്രം ദൈവം കല്പിച്ച ഞാനെങ്ങയ്യോ?
ദൈവമേ! കണ്ടോര്‍ക്കിരുക്കാലിമാടായിട്ടെന്റെ
ജീവിതപ്പാഴ്റിക്‌ഷ ഞാനെത്രനാൾ വലിക്കണം?
ഒന്നിനൊന്നെൻ നട്ടെല്ലു മേല്ക്കുമേൽ വളഞ്ഞിട്ടും
പിന്നെയും കൈക്കില്ലല്ലോ മുൻകാലായ് തീരാൻ യോഗം.
കാളയായ്ച്ചമയ്ക്കാത്തതെന്തെന്നെ? വയ്ക്കോൽ തിന്നു
നാളുകൾ പോക്കാം; ചെന്നു ചരിയാമെരുത്തിലിൽ;
കെട്ടിയോൾ കിടാങ്ങളെന്നൊന്നുമോര്‍ത്തേങ്ങീടേണ്ട;
വിറ്റിടാ,നാരെങ്കിലും പോറ്റിക്കൊൾകയുംചെയ്യും.
ഉടമസ്ഥന്മാർ കുറേക്കഞ്ഞിയെങ്കിലും വീഴ്ത്തു-
മടിമക്കാലത്തു പ,ണ്ടായതിന്നോണക്കാലം
"അക്ഷണം വന്നു വീരൻ കുമ്പയും വീര്‍പ്പി,ച്ചേറി
റിക്ഷതൻ നുകം വീണ്ടും ദീനൻതൻ ഭുജത്തിലും.
പായുന്നു മുന്നോട്ടേക്കു പിന്നെയും പാവം; മന-
പ്പായസം കുടിക്കാനും ഭാഗ്യമുള്ളോര്‍ക്കേ പറ്റൂ
ആരെത്താൻ പഴിക്കേണ്ട, തപ്പെരുംഭൂതത്തെയോ,
സൂരൻ തൻബിംബത്തെയോ, തന്നെയോ, ദൈവത്തെയോ?
ഒരുവസ്തുവും തന്നെ തിരിയുന്നീലന്നേരം
മരണച്ചെന്തീപ്പാച്ചിൽ പായുവോരവന്നുള്ളിൽ.