I
പോകൊല്ലേ! പോകൊല്ലേ| ഞങ്ങളെക്കൈവിട്ടു
നാകത്തേക്കെൻ മഞ്ഞുതുള്ളികളേ!
പുല്ലുകളെങ്ങുമേ നിങ്ങളാൽ മിന്നുന്നു
കൽമുടി ചൂടിന റാണിമാരായ്.
സൂനങ്ങൾ നിങ്ങളാലേന്തുന്നു നിര്‍ഭര-
മാനന്ദബാഷ്പവും പുഞ്ചിരിയും.
താണവർതൻപേരിലിത്രമേലാർദ്രത
കാണുവാനെങ്ങുണ്ടു മന്നിൽ വേറേ?
രാവിൽ വന്നിങ്ങനെ മേളിക്കും നിങ്ങൾതാൻ
ദൈവത്തിൻ കാരുണ്യകന്ദളങ്ങൾ;
അത്രമേൽ ശ്വേതങ്ങ,ളത്രമേൽ ശീതങ്ങ,-
ളത്രമേൽപ്പൂതങ്ങൾ നിങ്ങളെല്ലാം.
II
എന്തിത്ര പെട്ടെന്നു പോകുന്നു? ഞങ്ങൾക്കു
വന്ധ്യങ്ങളാക്കൊല്ലേ കണ്മിഴികൾ!
നിദ്രയിലാണ്ടുപോയ് രാവെല്ലാം; തന്മൂല-
മൊത്തില്ല നേരത്തേ വന്നുചേരാൻ.
ആതിഥ്യം നൽകുവാൻ വൈകിയതോര്‍ത്തുള്ളി-
ലാധിയുണ്ടേറ്റവു, മിപ്പൊഴുതോ,
ആധതർ ഞങ്ങളാ, യർഘ്യങ്ങൾ നിങ്ങളാ-
യാതിഥേയങ്ങളായ് പുല്ലും പൂവും
ചൂഴവേ നിങ്ങൾതൻ സ്വച്ഛമാം മെയ്യൊളി-
യേഴുനിറങ്ങളിൽ വീശിടുന്നു.
ഈ നറുമുത്തുകളേതൊരു ദേവത
വാനിൽനിന്നിങ്ങനെ വാരിത്തൂകി?
ഈ മഞ്ജുഭൂഷകളേതൊരു വിൺമങ്ക
ഭൂമിക്കു പുത്തനായ് കോര്‍ത്തു ചാർത്തി?
കണ്ണിനാലീനിധി കാണുവോര്‍ക്കെന്തിന്നു
കിന്നരനാഥൻതൻ ക്ഷുദ്രവിത്തം ?
III
എന്തോ പുലമ്പിനേൻ! പോകാതെ നിങ്ങൾക്കു
ഹന്ത! മറ്റില്ലല്ലോ മാർഗ്ഗമൊന്നും.
നല്ലവര്‍ക്കായുസ്സു തെല്ല താനെന്നുള്ള
ചൊല്ലിന്നു കില്ലെന്നുമില്ല തന്നെ.
ഹാഹാ ! തുടങ്ങി തന്നേകന്തദിഗ്ജയ-
മാകാശവീഥിയിലംശുമാലി.
താരകളെന്നൊരു വര്‍ഗ്ഗത്തെയങ്ങെങ്ങും
ദൂരത്തുകൂടിയും കാണ്മീലല്ലോ.
മറ്റുള്ള തേജസ്സിൽ നിശ്ശേഷഗ്രാസംതാൻ
മുറ്റുമദ്ദേവൻതൻ ലക്ഷ്യമെന്നോ?
ആ രത്നസഞ്ചയം പ്രത്യുഷകാലത്തി-
ലാരിത്ര സൃഷ്ടനായ്‍ക്കട്ടെടുത്തു?
വാനത്തിൽ രാവല്ല, വാസരാരംഭം താൻ
സ്തേനര്‍ക്കു സഞ്ചാരവേളയെന്നോ?
ആരുടെ പൂജയ്ക്കു വാനവർ പെട്ടെന്ന-
ത്താരുകളൊക്കയും ശേഖരിച്ചു ?
ആയവതൻ പ്രതിബിംബങ്ങളാവാമി-
ശ്രീയെഴും പ്രാലേയകന്ദളങ്ങൾ!
മായുന്നു രണ്ടുമങ്ങൊന്നിച്ചു; ജീവിതം
ഛായയ്ക്കും രൂപംവിട്ടേതു പിന്നെ ?
IV
ന്യായമോ ഭാസ്കര! ദിവ്യനാമങ്ങേയ്ക്കും-
മീയേകശാസകസ്ഥാനലോഭം?
ആഹാരമാകുകയാണല്ലോ ചെയ്‍വതീ-
നീഹാരബിന്ദുക്കളങ്ങേയ്ക്കിപ്പോൾ.
അത്യല്പമാകുമിത്തൂമഞ്ഞുതുള്ളികൊ-
ണ്ടെത്രമേലങ്ങേയ്ക്കു ദാഹം തീരും?
വാരിധിയാകവേ വറ്റിച്ചു നോക്കീട്ടു,
പോരെങ്കിലിങ്ങോട്ടു പോന്നാൽപ്പോരേ?
ക്രൂരനെന്നായിടാം പണ്ടങ്ങേയ്ക്കിട്ട പേർ;
സൂരനെന്നിന്നതു മാറിപ്പോയി!
ചോദിക്കാനാരുമില്ലെന്നുണ്ടോ നിര്‍ണ്ണയം?
സാധുക്കൾക്കാലംബം സര്‍വശക്തൻ.
പാഥസ്സിൻ ബിന്ദുക്കൾ ഭക്ഷിക്കുമങ്ങയെ-
പ്പാഥോധി ഭക്ഷിക്കുമന്തിയായാൽ
വൈകുകിൽ വൈകട്ടെ, വന്നീടുമേവര്‍ക്കു-
മാഘാതത്തിന്നെന്നും പ്രത്യാഘാതം.
V
പോകുവിൻ! പോകുവിൻ ഭോഷനെപ്പോലെ ഞാൻ
മാഴ്‌കുന്നീലെൻ മഞ്ഞുതുള്ളികളെ
ഇച്ചര്യകൈക്കൊള്ളും നിങ്ങളോടെങ്ങനെ-
യുച്ചസ്ഥര്‍ക്കുണ്ടാകുമാനുകൂല്യം ?
പുൽക്കൊടി പൂണ്ടൊരിബ്ഭൂഷണമുമ്പർ ക-
ണ്ടുൾക്കുരുന്നീര്‍ഷ്യയും പാത്രമാക്കാം.
ക്ഷോണിക്കിസ്സൌഭാഗ്യം പാടില്ലെന്നോര്‍ത്തിടാം;
വാനിലും ശൂന്യം താൻ സൌമനസ്യം.
ആവട്ടെ ; ജീവിതം ഹ്രസ്വമെന്നോര്‍ത്തുള്ളിൽ
വൈവശ്യം വായ്ക്കുവോരല്ല നിങ്ങൾ;
ഭൂതലം കൈവിടും നേരത്തുമുണ്ടല്ലോ
ജാതരാം നേരത്തേച്ചാരുഹാസം.
ആദിയുമന്തവും മര്‍ത്ത്യര്‍ക്കു ജീവിതം
രോദനപങ്കിലം, ഗര്‍ഹണീയം;
താണവര്‍ക്കാനന്ദമേകുന്നതൊന്നുതാൻ
ക്ഷോണിയിൽജ്ജീവികൾക്കുറ്റ കൃത്യം;
എന്നറിഞ്ഞാദ്ധര്‍മ്മമാചരിച്ചീടുവോര്‍-
ക്കെന്നു വന്നീടിലെന്തന്ത്യകാലം?
ആവശ്യമുണ്ടെന്തോ നിങ്ങളാൽ വിണ്ണവര്‍-
ക്കാവതുമായതു നിർവഹിച്ചാൽ,
പോരുവിൻ രാത്രിയിലിങ്ങോട്ടു; പിന്നെയും
ചേരുമാറാകട്ടെ നമ്മൾ തമ്മിൽ.
ഓടിവന്നപ്പൊഴുതോമനിച്ചീടുവിൻ
വാടിവരളുമിപ്പുല്ലുകളെ.