Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / 1 തരംഗിണി / ശിവഗീത ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ശിവഗീത

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

കല്യാണദുര്‍ഗ്ഗകലിയിൽ കരവാളികയ്ക്കു
കല്യാശനം കലിതവിക്രമമേകിയേകി
കല്യാഭയാം വിജയലക്ഷ്മി കഴുത്തിലിട്ട
കല്യാണമാലികയണിഞ്ഞു ശിവാജി മിന്നി.


എങ്ങീ യുവാവനനുഭൂതസമീകഗന്ധൻ?
എങ്ങീഷലറ്റെഴുമഹമ്മദു സാംയുഗീനൻ?
മങ്ങീ മനസ്സിതു നിനച്ചിടുവോര്‍ക്കു; വാനിൽ-
ത്തങ്ങീടുമദ്രിതറയാക്കി തപസ്വിതാനും.


ആ വൻരണത്തിലരിസൈനികർ കല്ക്കിയെന്ന
ഭാവത്തിൽ? നോക്കിന ഭയങ്കരസാദിവീരൻ
സൌവര്‍ണ്ണപല്യയനസംസ്കൃതമാം ഹയത്തെ
വൈവസ്വതക്രതു കഴിച്ചു തിരിച്ചു വിട്ടു.


മുന്നിൽ പ്പെടും ചുടുനിണപ്പുഴ നീന്തിനീന്തി
വെന്നിപ്പെരുംപറ മുഴങ്ങിന വീഥിയൂടേ
അന്നിസ്തുലാശ്വമനധീതകശാഭിമർശം
മന്നിൻവൃഷാവിനെ വഹിച്ചു കുതിച്ചു പാഞ്ഞു.


"ജീജാംബികാത്മജ! വിഭോ! ജഗദേകവീര!
രാജാധിരാജ! വിജയീഭവ വിശ്വബന്ധോ!"
ഈ ജാതി മംഗലവചസ്സുകളാചരിച്ചു
ഭൂജാനിതൻ ശ്രുതിപുടിക്കു സുധാഭിഷേകം


മുന്തും മുദശ്രുവിൽ മുഖം മുഴുകിക്കുവോര-
സ്സന്തുഷ്ടഃസജ്ജനസമര്‍പ്പിതസാധുവാദം
തൻതുങ്ഗസപ്തിയിൽ വിളങ്ങിന ഭോസലേശ-
തന്തുപ്രവേകനകതാർ ചരിതാർത്ഥമാക്കി.


വിശ്വംഭരാര്‍ത്തിവിനിവൃത്തിവിധാനവിജ്ഞർ
വിശ്വസ്തഭൂത്യർ വിലസും ശിബിരാജിരത്തിൽ
ശശ്വച്ചലാചലശഫാഞ്ചലചാരുവാകു-
മശ്വത്തിൽ നിന്നവനിഭൃത്തവതീര്‍ണ്ണനായി.


വിദ്രാവിതാഹിതചമൂതതി, ഭാരതോര്‍വീ
നിദ്രാലസസ്ഥിതി നിരാസനികാമലോലൻ,
ഭദ്രാസനത്തിനു പരിഷ്കൃതി ചേര്‍ക്കുമാറ-
സ്സദ്രാജമൌലിയെഴുനള്ളി സഭാന്തരത്തിൽ.


ശൂരദ്വിഷൽഗളഗളൽക്ഷതത്തിൽ മൂക്കിഗ്-
ഘോരപ്രഘാതധരയെഗ്ഘുസൃണാഭമാക്കി
പാരം ലസിച്ചൊരസിധേനു 'ഭവാനി' കീർത്തി-
ക്ഷീരം ചുരന്നു 'ശിവ' പാർശ്വമലങ്കരിച്ചു.


സൌദാമനീസദൃശനത്തിതചന്ദ്രഹാസർ,
ഭീദാതിഭീദർ, പൃഥിവീപതിഭൂത്യവീരർ,
സാദാവകാശമണയാതെ സമുല്ലസിച്ചു
പാദാതഹസ്തിപകഥഹാദിരഥിപ്രധാനർ.


പീരങ്കിപെറ്റ വെടിയുണ്ടകൾ- സമ്പ്രഹാര-
ശ്രീരത്നഗര്‍ഭയുടെ ലേഖനകന്ദുകങ്ങൾ-
ചാരത്തണഞ്ഞരുളി മുന്നമര്‍വക്കു കീർത്തി-
ദാരസ്വയംഗ്രഹപരിഗ്രഹചാരിതാര്‍ത്ഥ്യം


പ്രീണൻ പൃഥിവ്യധിപനാൽ പൃതനേശരക്ഷി-
കോണം കുളുര്‍ക്കെയവലോകിതരായിരിക്കെ
താണംഘ്രി തന്റെ തല മുട്ടിടുമാര കൂപ്പി-
ശ്ശോണൻ സ്വജീവസദൃശൻ മൊഴിയേവമോതി.


"സാമിൻ ജയിക്കുക! ജയിക്കുക! ഭോസലേശ!
സ്വാമിത്രശുഷ്കൃതരുഭക്ഷകകക്ഷവഹ്നേ!
കാമിച്ചിടേണ്ടതു കരസ്ഥിതമാം ഭവാന്റെ
ജാമിത്രശുദ്ധി ജഗദത്ഭുതദാത്രി തന്നെ.


നിര്‍ഗ്ഗര്‍വരാമരികൾ നീങ്ങി നിറം പുലർന്ന
ദുര്‍ഗ്ഗത്തിനുള്ളിലടിയൻ ത്വരിതം കടക്കേ
സ്വര്‍ഗ്ഗസ്ഥസുന്ദരിയൊരുത്തി സുമായുധാപ-
വര്‍ഗ്ഗസ്വരൂപിണി മദക്ഷിയിലാപതിച്ചു."


നീരാഗനാകുകിലുമപ്പൊഴുതിൽ കടിഞ്ഞൂൽ-
പ്പോരാണു വെന്നതു, പുരോഗമനാണു ശോണൻ,
പോരാ തടുപ്പതുടനെന്നു നിനച്ചടങ്ങി
വീരാതിവീരം നനുഗൻ വചനം തുടർന്നു:-


"കാമന്റെ കമ്രതരകാർമ്മുകവല്ലിയാകു-
മാമത്തകുഞ്ജരമനോഹരയാനയാളെ
ഹാ മൽപ്രഭോ! പിഴ പൊറുക്കണം- ആപദാന്ത-
മാമസ്തകാന്തമടിയൻ മിഴിയാൽ നുകര്‍ന്നേൻ.


ശൃംഗാരസിന്ധുസുധയാമര തൻ കചങ്ങൾ
ഭംഗാഭിമാനഭിദുരീകരണക്ഷമങ്ങൾ;
തുംഗാഭമായ വദനം തുഹിനാംശുബിംബ-
മിംഗാലമാക്കുവതിലിദ്ധമനോഭിലാഷം;


ബാലാലലാമമണിതന്നലസേക്ഷണങ്ങൾ
നീലാരവിന്ദയുഗളീനിഗളപ്രദങ്ങൾ;
വേലാതിവർത്തിരുചിയാമധരോഷ്ഠബിംബം
ലീലാനിരാകൃതജപാകുസുമാവലേപം;


ലാവണ്യകല്പതരുമഞ്ജരിതൻ രദങ്ങൾ
സംവജ്ഞദർശിതസമഞ്ജസമൗക്തികങ്ങൾ;
ആ വല്ഗുഭൂഷകളണിഞ്ഞ ഗളം മനോജ-
ദേവന്റെ ദിഗ്വിജയമംഗലമഞ്ജുശംഖം;


സാരംഗനേത്രയുടെ ചാതകുചങ്ങൾ സാക്ഷാൽ-
ശ്രീരത്നസാനുശിഖരദ്വയജിത്വരങ്ങൾ;
പാരം ചുരുങ്ങുമലഗ്നമനല്പശോഭാ-
ഗാരം കനൽകനകസാരസനാഭിരാമം;


സ്തുത്യങ്ങളസ്സുമുഖിതൻ ചരണങ്ങൾ പേർത്തും
പ്രത്യഗ്രപങ്കജപരാകൃതിപണ്ഡിതങ്ങൾ;
സത്യം പ്രഭോ! സരസയാമവളേതുകൊണ്ടും
പ്രത്യക്ഷപഞ്ചശരഭർമ്മപതാക തന്നെ.


അമ്മഞ്ജുളാംഗിയുടെയത്ഭുതമൂർത്തി കണ്ടു
കൺമഞ്ഞളിക്കുമളവിൽക്കരൾ തീറു നല്കി
ജന്മം ജയിച്ച വിധമായ ഞെളിയാൻ തുടങ്ങും
ചിന്മഞ്ജരീമധുകരങ്ങൾ മുനീന്ദ്രർപോലും,


വാക്കാവിധം വളരവേ നൃവരന്നതൊന്നും
കേൾക്കായ്‍വതിന്നു കരതാർ ചെവിയിൽപ്പതിഞ്ഞു;
നോക്കാൻ തുടങ്ങി മിഴി കർക്കശമായ്; ചലിപ്പാൻ
നാക്കാഞ്ഞുഴന്നു; നവമായ് മുഖചര്യമാറി.


ഗന്ധദ്വിപപ്രതിമഗാമിനിതൻ വപുസ്സാ-
ലന്ധംഭവിഷ്ണുനയനേന്ദ്രിയനായ ശോണൻ
ബന്ധംവെടിഞ്ഞപടി വിപ്രിയമാർന്ന മന്നൻ-
തൻധർമ്മനിഷ്ഠയറിയാതെ തകർത്തു വീണ്ടും.


"കാണായ നേരമടിയൻ കുശലാനുയോഗ-
മേണായതേക്ഷണയൊടേതിനുമുച്ചരിച്ചേൻ;
താണാദരത്തോടതിനത്തനുമദ്ധ്യ ചൊന്നാൾ
വീണാവിനിക്വണവിഡംബനമാം സ്വരത്തിൽ.


"ഭൂനാഥനിങ്ങെഴുമഹമ്മദുഖാനെ നിങ്ങ-
ളീനാളിൽ വെന്നസിലതയ്ക്കിരയാക്കിയില്ലേ?
സേനാപതേ! പറവതെന്തിനു  മന്ദഭാഗ്യ
ഞാ'നായിഷാ'ഭിധ തദാത്മജധർമ്മപത്നി.


ഒട്ടാജികേളികൾ തുടർന്നൊടുവിൽ സ്വദുർഗ്ഗം
വിട്ടാശു മൽപതി വിദേശമണഞ്ഞുപോലും;
മുട്ടാതെ ചെൽവു മുറപോലവിടത്തിൽ ഞാ,നി-
പട്ടാളമെന്റെ പരമാർത്ഥമറിഞ്ഞിടട്ടെ.'


തെല്ലീഷലറ്റു തെരുവീഥിയിൽ നിന്നുകൊണ്ടു
ചൊല്ലീവിധം തുടരുമശ്ശുകവാണിയോടായ്
'മല്ലീശരന്റെ വിരുതേ! ഭവതിക്കൊരുൾപ്പി-
ച്ചല്ലീ പിടിച്ചിടുവ'തെന്നടിയൻ കഥിച്ചേൻ


"പേടക്കുരംഗമിഴി! നല്ലമിടുക്കി! നിന്റെ
ജാടക്കടുക്കു മതി; രാസഭമല്ല ശോണൻ;
വേടൻ കടന്നു വലവയ്പതതിങ്കൽ വീഴും
മാടപ്പിറാവിനു പറപ്പതിനല്ലയല്ലോ


നാടേതു മാനിനി! നിനക്കിനി നാഥനേതു?
വീടേതു; വിട്ടീടുക നിന്റെ വൃഥാഭിമാനം;
കാടേതുമേ കയറി നിൻ കഴൽ നൊന്തിടേണ്ട;
കൂടേറിയാൽ കുശലമാം കയിൽ വാണിയാളേ!


രാജാധിരാജനരുളുന്നു ശിവാജി, സാക്ഷാൽ-
ഭൂജാതമാം പുരുഷകാരമപാരസാരം,
ആ ജാസലംബിഭുജദണ്ഡ, നഖണ്ഡലോക-
പൂജാവിധാനവിഷൻ പുരുപുണ്യശാലി


വ്യാലോല വഹ്നിശിഖ വാച്ചു പടന്നടുക്കു-
മാലോലനാഡിഗുളികാവലി മാറിടത്തിൽ
കാലോന്മിഷൽകനകപങ്കജമാലപോലെ
ചേലോടണിഞ്ഞു ജയമാർന്നവനജ്ജനേശൻ.


പാരം പരാർദ്ധ്യപരമാണു ഗണം പരത്തി
വീരൻ വിരിഞ്ചി വിരചിച്ചൊരു വിഗ്രഹത്താൽ
ഭൂരത്നദീപസമനാവനോടെർതിക്കും,
താരമ്പഡംബരപരമ്പരയമ്പരക്കും.


നീരന്ധ്രനിർമ്മലയശസ്വി, നിരന്തരായ
വീരവ്രതൻ, വിഭു വിവാഹിതനായതില്ല;
ചേരട്ടെ ചെന്നു ജഗതീപതിയാമവങ്കൽ
സ്ത്രീരത്നമേ! ഭവതിതൻ ശിശിരാക്ഷിപാതം."


തിര്യഗ്വിലോകനമിവണ്ണമുരച്ചു സേനാ-
ധുര്യൻ തുടർന്നളവു, ദൃഷ്ടിപഥത്തിൽ മുട്ടി
പര്യസ്തമാക്കി ധൃതി, ശത്രുചമൂചമൂരു-
ഹര്യക്ഷനാം നൃപതിരുന്നതിരൂക്ഷരൂപം.


ചെത്തിപ്പഴത്തിനെതിരായ് നയനം ചുവന്നു;
തത്തിക്കളിച്ചു പുരികം നിടിലാന്തരത്തിൽ;
എത്തിച്ചലിച്ചു നിശിതാസി വലത്തു കൈയിൽ;
കത്തിജ്ജ്വലിച്ചു കരളിൽ കടുകോപവഹ്നി,


ചുണ്ടിൽ പതിഞ്ഞു രദനം; കവിളിങ്കൽ മേന്മേൽ-
തൊണ്ടിപ്പഴത്തുടുതുടുപ്പു തുടർന്നു കൂടി;
കണ്ടില്ല ലോകർ കരുണാമയനാമവങ്കൽ-
പണ്ടിത്തരത്തിലൊരു ഭൈരവരാവഭേദം.


ചെന്തീപ്പൊരിച്ചിതറലിൽ ശിബിരം മുഴുക്കെ
വെന്തീടുമാറു മിഴിയൊന്നു തുറിച്ചു നോക്കി
പൊന്തീ സദസ്സിലമിതക്രധനായ്ത്തൃതീയ-
കുന്തീകുമാരഗുണനീയഗുണൻ ശിവാജി.


"ഭണ്ഡാരമുദ്ര ഭടനായകനാക്കി വച്ച
ചണ്ഡാല! ശസ്ത്രധരവംശകളങ്കഹേതോ!
കണ്ഡാശിയാം കുടില! നിന്റെ കുപൂയമാംസ-
പിണ്ഡാശനത്തിനു പിശാചുകൾ കൂടിടട്ടേ.


ബാലാർക്കനെപ്പടുമുരുക്കുമലർക്കുലയ്ക്കു
മേലാക്കിടാത്ത വിട! നിൻ രസനം സമൂലം
ഈ ലാക്കിലെൻ പ്രളയകാലകരാളവഹ്നി-
ജ്വാലിഗ്രജിഹ്വയരിയും നിശിതാസിധേനു"


ശർമ്മം ചുരുങ്ങിന ചമൂപതിയെപ്പഴിച്ചു
മർമ്മജ്ഞർ സഭ്യരതു കേട്ടു മറഞ്ഞൊളിക്കെ
ദുർമ്മന്ത്രിയായിഷയെ രുഷ്ടതരൻ നൃപന്റെ
നിർമ്മിക്ഷികത്വമിയലും നികടത്തിൽ നിർത്തി


സ്ഫായൽപ്രഭാഭരമകുന്ന തദീയവക്ത്രം
സായന്തനാംബുജസഹോദരമായിരുന്നു;
കായംഭയാതിശയകമ്പനമക്ഷി വാക്കും
തോയത്തിൽ മുങ്ങി മഴമിന്നലൊടൊത്തിരുന്നു.


റോസപ്രസൂനരുചിയാർന്ന കപോലമൂല-
മാസന്നപാകശരപാണ്ഡരമായിരുന്നു;
ശ്രീസത്മമാകുമധരം ഭൂശകോഷ്ണദീർഘ-
ശ്വാസത്തിൽ മങ്ങിയൊളികെട്ടു വരണ്ടിരുന്നു; 


നീലത്തഴക്കുഴലഴിഞ്ഞു കിടന്നിരുന്നു;
മേലത്രയും ശ്രമജലത്തിൽ നനഞ്ഞിരുന്നു;
ഭൂലക്ഷ്മിയാമവൾ വിപദ്വിരദം മഥിച്ചു
വെയറിഞ്ഞൊരു മൃണാളി കണക്കിരുന്നു.


അന്നൽപതിവ്രതയെ-യേതുഭുജംഗമാർക്കും
മിന്നൽക്കൊടിക്കിടയിൽ മിന്നിന തന്വിയാളേ
മന്നൻ വിനായകചതുർത്ഥിയിൽ വന്നുദിക്കും
ചൊന്നമ്പിളിക്കലകണക്കൊരു നോക്കു നോക്കി.


കോപം ഭടാപസദനിൽ ; കൃപ പേർത്തുമമ്മ-
ട്ടാപത്തിലാണ്ടുഴലുവോരലസാക്ഷിയാളിൽ;
താപം തദാർത്തിയുളവാക്കിന തന്നിൽ;-
നിന്നാൻ ഭൂപൻ വികാരശതന്തുരിതാന്തരംഗൻ;


ആ വന്ദ്യമംഗലികദീചികയിങ്കൽ നിന്നും
വ്യാവർത്തിതാക്ഷി ശലഭദ്വയനായ് ക്ഷണത്തിൽ,
ദേവൻ ശിവാജി ജനകാദിനൃപർഷിചര്യാ-
സൌവസ്തികൻ പരിജംത്തൊടിവണ്ണമോതി.


"ചൊല്ലാനെനിക്കൊരു രഹസ്യമിരിപ്പു,
കേൾപ്പാനെല്ലാവരും വരുവിനെന്നനുയായിമാരേ!
വല്ലാതെ വാച്ചൊരരിശപ്പനി മാറി, വീണ്ടു-
മുല്ലാഘമായ് മനമെനിക്കു; ശമം ജയിച്ചു.


ഏതോ യുവാവൊരു നരാധമനസ്ത്രജീവി
ശാതോദരീചപലനിന്ദ്രിയദാസനെന്നായ്
ഹാ! തോഴർപോലുമറിയാതെ നിനച്ചുപോയി
ഗീതോപദേശകകൃപാമൃതധൌതനെന്നെ,


ശാതാസി ശാത്രവഗളങ്ങളിലാഞ്ഞു വീശും
കൈ താൻ തദംഗനകളെത്തഴുകാൻ കൊതിപ്പൂ;
ഏതാദൃശം മഹിയിതിങ്കൽ മദാന്ധരായ
ജേതാക്കൾ മന്നരുടെ ഗഡ്‌ഡുരികാപ്രവാഹം.


ശ്രീഗർവശീധുനിരതൻ, ക്ഷിതിഭൃ ത്തതീത-
പൌഗണ്ഡ, നസ്ത്രകുശലൻ, നിരവഗ്രഹൻ ഞാൻ
ഭോഗത്തിനാണു പുരുഷാകൃതി പൂണ്ടതെന്നു
ധീഗന്ധമറ്റു ചിലരോത്തതു ചിത്രമല്ല.


സ്ത്രീവര്യയായിഷ നിജേശവിയുക്തയെന്നും
പാവം ശിവാജി പരിണയവയസ്കനെന്നും
കൈവന്നിടും കരുണയാൽ കരുതീട്ടു ശോണൻ
ദേവൻ മനോജനൊരയാചിതദൂതനായി.


ഹാ ധിക്കിതെന്തു കഥ? യെൻ ഹതകർണ്ണജാഹം
ബാധിക്കയോ പരകളത്ര ചരിത്രപാപം?
വേധിക്കയാണു മനമീവിഷദിഗ്ദ്ധബാണം;
ആധിക്കെനിക്കിനിയിതിൽ പരമെന്തുവേണം?


പാരാതെ ശോണ! പലമട്ടു ഭവാനരാതി-
വീരാവരോധവധുവിൻ കഥ വിസ്തരിച്ചും
പോരായ്കിലസ്സതിയെയിങ്ങു പുരസ്കരിച്ചും
ഘോരാഘശേവധികുബേരത നേടിയല്ലോ!


സ്ഫായൽ സ്ഫടാവികടമായ സരീസൃപത്തിൻ
ഛായയ്ക്കെഴുന്ന സതി ചമ്പകമാലയല്ല;
സ്വായത്തദാഹഗുണമാം ശുചിഹേതിയാർക്കും
കായം മിനുക്കുമൊരു കാഞ്ചനഭൂഷയല്ല.


പാരിൽപ്പരം ദുരിതമായതു പാരദാര്യം;
ചാരിത്രനിഷ്ഠ സകലോത്തമമായ ധർമ്മം;
സൂരിത്വമറ്റിടുകിലും സുകവീന്ദ്രർ ചൊന്ന
ഗീരിങ്കൽനിന്നിതുകൾ രണ്ടുമറിഞ്ഞവൻ ഞാൻ.


ആദത്തദണ്ഡരരചർക്കനുകാര്യനായൊ-
രാദൃശമൂർത്തി, യവനീതനയാസഹായൻ,
കോദണ്ഡപാണിയുടെ കോകനദാഭമായ
പാദാ ജയിപ്പു ഭാരതക്ഷിതിഭാഗ്യദീപം.


ഭൂകണ്ടകൻ ദശമുഖന്റെ മദം തകർത്ത
ലോകംപൃണം തദപദാനശതം നിനച്ചാൽ
പാകംവരാത്ത മനമേ? തതിലെപ്പൊഴേൽപ്പൂ
മാകന്ദമാർഗ്ഗണമദോർദ്ധുരമർമ്മഘാതം?


സ്ത്രീജാതിയിങ്കലറിയാമിരുപേരെ; യൊന്നെൻ
ജീജാംബ, യൊന്നു കുലദൈവതമാം ഭവാനി;
പൂജാർഹയായിഷയെനിക്കിവരോടു തുല്യ-
ഹാ ജാനകീരമണ! ഞാനിതിലാരെ വേള്‍പ്പൂ?


ധർമ്മപ്രജാഫലദമായ ഗൃഹസ്ഥവൃത്തി
കർമ്മന്ദിതൻ നിലയിലും കമനീയമത്രേ;
ശർമ്മം നിതാന്തമതിൽനിന്നു ലഭിച്ചിടുന്നു
മർമ്മജ്ഞരാം മനുജർ മദ്ധ്യമലോകപാന്ഥൻ.


വൈരിഞ്ചസൃഷ്ടികളിൽ വച്ചധമങ്ങൾ, സാധ്വീ-
ചാരിത്രനിഷ്കടമദോൽക്കടമർക്കടങ്ങൾ,
പാരിൽ ചലിപ്പു ചില പാമരർ, പൂത്തു നില്ക്കും
താരിൽ പുഴുക്കൾപടി ധർഷിതസർവ്വധർമ്മർ


ശർമ്മാത്യയത്തിനു സരോരുഹബാണപൂജ
നിർമ്മാല്യപുഷ്പനിരകൊണ്ടവർ നിർവഹിച്ചു;
ദുർമ്മാർഗ്ഗലമ്പടർ സുദുർല്ലഭമർത്ത്യജന്മം
നർമ്മാത്ഥമാക്കി നരകിച്ചു നശിച്ചിടുന്നു.


പൂതാശയർക്കു ജനയിത്രി പരന്റെ പത്നി;
ഭൂതാനുകമ്പയുടയോർക്കൊരുടപ്പിറന്നോൾ;
ജേതാക്കളാകുമരചർക്കു തനൂജ; ലോകർ-
ക്കേതാകിലും ഗണികയല്ലവൾ, ഭോഗ്യയല്ല.


ഇക്ഷത്രജന്മമിളതൻ ക്ഷതബാധവിട്ട
രക്ഷയ്ക്കു പറ്റിടുകിൽ മാത്രമവന്ധ്യചര്യം;
അക്ഷയ്യഭാസ്സുടയ വിശ്രുതിപുണ്ഡരീകം
ശിക്ഷയ്ക്കു പേരിടുമസിച്ചെളി തന്നെ ധന്യം.


മാനുഷ്യകത്തിനൊരു മാറ്റിവരെറ്റുമെന്നു
വാനും വസുന്ധരയുമാശയിൽ നോക്കിനില്ക്കേ
ധാനുഷ്കരാരബലമാർ, മുനിമാർ, ശിശുക്കൾ,
ധേനുക്കളീവകയെവെന്നു തിമിർപ്പുതീർപ്പൂ?


ഹാ! ലേശവും ഖലദരിദ്രത കണ്ടിടാത്ത
കാലേയകാലമിതിൽ നാം കരണീയധീരർ
മാലേകിയവകയിൽ മാനുഷധർമ്മവൃക്ഷ-
മൂലകുഠാരവിഹൃതിക്കു മുതിർന്നിടൊല്ലേ.


അമ്മേ! പൊറുക്കുക! പൊറുക്കുക! മുഗ്ദ്ധഹൃത്താ-
മിമ്മേദുരാഘനിലിണങ്ങിന കർമ്മലോപം;
ചെമ്മേ നിനക്കിനി നവീനസുലോചനേ! പോയ്
നിന്മേഘനാദനികടത്തിൽ നിവിഷ്ടയാവാം.


വെന്നാലുമായി ഭടർ തോല്ക്കിലുമായി; പോരാം
പൊൻ നാണയത്തിനകവും പുറവും കിടപ്പു;
ഇന്നാടൽ വേണ്ടതു നിനച്ചു നിനക്കു; ഭദ്രേ!
ചൊന്നാലുമിന്നിമിഷമേ ദയിതാന്തികത്തിൽ.


ഈ രിഷ്ടി കൈയിലിതുമട്ടിനിയും ശിവാജി-
ക്കൂരിപ്പിടിപ്പതിനു ചെറ്റുശിരുള്ള നാളിൽ
ചാരിത്രകല്പലതികയ്ക്കു തഴച്ചു പാരിൽ-
പാരിപ്ലവത്വമിയലാതെ പരിസരിക്കാം.


മാതാവു പെറ്റ മകനാണു, മനുഷ്യനാണെ-
ന്തോതാനിരിപ്പതിനി നിന്നൊടു ശോണ! തത്ത്വം
വൈതാനപാദകചിതാദഹനർക്കു തമ്മിൽ
നീ താരതമ്യമറിയും നിലയിങ്കലെത്തി.


പാപാഗ്രഗർക്കുടയ പങ്കിലഹൃത്തു പശ്ചാ-
ത്താപാശ്രു വീഴുമളവിൽ പരിശുദ്ധമാകും;
ഹാ! പാർശ്വഭൂമിയിലനൂപതചേർത്തിരുന്നു
നീ പാർത്ഥിവപ്രിയ! നിദർശമായ്ക്കഴിഞ്ഞു


പോരും കരഞ്ഞതു സഖേ! ഭവപാന്ഥരായാ-
ലാരും വഴിക്കിടറി വീഴ്‍വ‌തപൂർവമല്ല;
കാരുണ്യമാളുമവനീജനനിക്കതല്ലോ
തീരുന്നു പേർത്തുമൊരു ദണ്ഡനമസ്യയായി.


ഞാനീശനെൻ മനമറിഞ്ഞു കഴിഞ്ഞു; മേലിൽ
നീ നീതിവിട്ടൊരടി നീങ്ങി നടക്കയില്ല;
ഈ നീരജേക്ഷണയെയിഷ്ടജനാന്തികത്തി-
ലാനീതയാക്കുവതിനില്ലനുയോജ്യനന്യൻ.


പോയാലുമെങ്കിലിനി നീ സതി!; ധന്യനാം നിൻ
പ്രേയാന്റെ സന്നിധിയിൽ നിർഭയമെത്തിയാലും;
തായാട്ടു കാട്ടിന ചമൂപതി തന്നെയമ്മ-
യ്ക്കീയാത്രയിങ്കൽ വിടകൊള്ളുമകമ്പടിക്കായ്."


ആ ദിക്കിലിങ്ങനെ സനാതനധർമ്മഭേരീ-
വാദിത്രഘോഷണവദാവദമായ വാക്യം
സാദിപ്രവേകനരുൾചെയ്തു തദീയസംസ-
ദ്വേദിക്കു വെണ്മ വിളയിച്ചു വിളങ്ങിമേന്മേൽ.


ത്രയ്യന്തഗന്ധമിയലും മൊഴി സാധുചര്യാ-
വൈയഗ്ര്യമാർന്ന വസുധാപതിയുച്ചരിക്കേ
ഹൈയംഗവീനഹൃദയയ്ക്കറിയാതെതന്നെ
കൈയങ്ങുയർന്നു കലികോപമമായ്‍ക്കഴിഞ്ഞു.


“രാജഷിവര്യ! തൊഴുതേനടിയൻ; ഭവാന്റെ
പൂജയ്ക്കു ദേവതകൾ പൂക്കളൊരുക്കിടട്ടേ!
ആജന്മശുദ്ധനവിടുന്നഭിവന്ദ്യനാർക്കും
സൌജന്യരത്നഖനി, ധാർമ്മികസാർവഭൌമൻ


രാജന്യധർമ്മരത! നാഥനകന്ന സാധു-
സ്ത്രീജന്തുവിൽ കനിവു തോന്നിന ദിവ്യമൂർത്തേ!
ഓജസ്സൊടങ്ങുലകുവെല്ലുക മേലു" മെന്നാൾ
കൂജൽകുഹുമുഖകുലോത്ഭവമാം സ്വരത്തിൽ,


പൊട്ടിക്കുതിച്ചുയരുമുക്തികൾ താലുവിങ്കൽ
തട്ടിത്തടഞ്ഞിടുകയാൽത്തരളായതാക്ഷി
ഒട്ടിത്തരം ചിലതുരച്ചു പകച്ചു നിന്നാൾ
വെട്ടിത്തുറന്നൊഴുകിടും മിഴിനീരിൽ മുങ്ങി.


"പോകാമയേ! സതി! നിന"ക്കിനിയെന്നു വീണ്ടും
ലോകാനുരഞ്ജനപരൻ നൃവരൻ കഥിക്കേ
ഭീകതരാത്വമിയലും പൃതനേശനോടും
രാകാശശാങ്കമുഖിയാളവിടം വെടിഞ്ഞാൾ.


ലോകാതിവർത്തിരസനർത്തകിയാം ധരിത്രീ-
പാകാരിതൻ ഭണിതി കേട്ടു ഭടപ്രധാനർ
ആകാശവീഥിയിലണഞ്ഞ വിധത്തിൽ നേടീ
നാകാപഗാസലിലനർമ്മവിഗാഹസൗഖ്യം.


കേളീകദർത്ഥിതവിപക്ഷ, മധാർമ്മികാഹി-
പാളീകരാളതടിദങ്കുര, മാത്മഖഡ്ഗം
കാളീകടാക്ഷകമനീയ, മലങ്കരിച്ചു
നാളീകബന്ധുസദൃശൻ നൃവരന്റെ കോശം.


ലുണ്ടാക, ഘാതക, ധരാർഖൂ, പടങ്ങൾ പാടാ-
നുണ്ടാകുമൊട്ടു ചിലപേർ ശിവനിന്ദകന്മാർ:
തിണ്ടാടിടൊല്ലവർ തെളിച്ച വഴിക്കു; സാക്ഷാൽ-
ഘണ്ടാപഥം കമനിയായിഷ കണ്ടതത്രേ.