Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / 1 തരംഗിണി / പ്രഭാതഗാഥ ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

പ്രഭാതഗാഥ

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

I

 

അല്ലിൻ 'കറുപ്പി'ലവശമടിഞ്ഞടി-
ഞ്ഞുള്ളം മയങ്ങിക്കിടക്കുവോരേ!
രാവുപകർന്നേകും സ്വാപമധു മേന്മേൽ
സേവിച്ചുബോധം നശിച്ചവരേ!


കാലഫണിയുടെ കാകോളമേറ്റേറ്റു
കാലംകലഞ്ഞു കഴങ്ങുവോരേ!
'താമസി' യാകുമറുകുലതുള്ളിന
കോമരത്താന്മാരേ! കൂട്ടുകാരേ!


വയ്യായ്ക വല്ലാതെ വന്നല്ലോ നിങ്ങളെ-
ശ്ശയ്യാശരണശരീരരാക്കി;
ജാഡ്യജ്വരം കേറി മൂർച്ഛിക്കകൊണ്ടല്ലോ
ദാർഢ്യം കരളിനു വിട്ടുമാറി.


വ്യർത്ഥമായ് തീർന്നുപോയ് ഹൃൽസ്പന്ദസമ്പത്തു;
ചത്ത ശവങ്ങൾക്കായ് ശ്വാസോച്ഛ്വാസം
വാർമെത്തും ദുസ്സ്വപ്നം ജീവിതസൌധത്തിൽ
താർമഷി കോരിയൊഴിക്കുകയാം;


അഞ്ജസാ നാരകയാതനകാണ്മതി-
ന്നഞ്ജനം കണ്ണിലെഴുതുകയാം;
മാനത്തിലല്ലെങ്കിൽ നൽസ്വപ്നമോരോരോ
തൂണില്ലാപ്പൊൻമേട തീർക്കുകയാം;


ആശാഭഗവതീപൂജയ്ക്കായ് മേല്ക്കുമേ-
ലാകാശപ്പൂമാല കോർക്കുകയാം;
ജന്മമീവണ്ണം കളകയോ സങ്കല്പ-
നിമ്നോന്നതങ്ങളിലൂഞ്ഞാലാടി?


കാലും കരവുമുണങ്ങിവീണീടിന
വാഴത്തടയായ് ദ്രവിക്കുകയോ?
ഒന്നിനിയെങ്കിലും വേഗമുണരുവിൻ!
തന്ദ്രീഭുജംഗാ! കണ്മിഴിപ്പിൻ!


വേരു മറിഞ്ഞോരു ദാരുഖണ്ഡങ്ങളോ
പൂരുഷരാം നിങ്ങൾ ഭൂതികാമർ?
മാലിന്യമല്ലേ 'കടത്തിൽ' പുളയ്പതു?
'ബാലിശ' ച്ചേർച്ച കുറച്ചിലല്ലേ?


ഭൂതത്തിന്റെ ഗ്രാസമായ് പോയതു മീളുവാൻ
ഖേദാശ്രമുത്തിന്നുമാവതുണ്ടോ ?
മുക്തരായ്ത്തീരുവിൻ! സത്വരം നിദ്രയാം
നക്തഞ്ചരിതൻ ഗൃഹത്തിൽ നിന്നും

 

II


ധൂമമലിനമാമണ്ഡകടാഹത്തെ-
ശ്യാമിക മാറ്റിയുഷയാം ദേവി
തേച്ചുമിനുക്കിത്തുട, ച്ചതിന്നഗ്നിയിൽ
കാച്ചിയ തങ്കത്തിൻ കാന്തിചേർപ്പൂ.


കൂരിരുൾക്കൂട്ടിൽ കുടുങ്ങിക്കിടന്നോരു
കാരിരുമ്പുണ്ട തൻ കൈയിലേന്തി
പ്രത്യഗ്രകാഞ്ചനകന്ദുകമാക്കുമി-
പ്രത്യുഷത്തിന്റെ രസവിദ്യ കൊള്ളാം.


ദേവാലയങ്ങളിൽ പ്രാതസ്സന്ധ്യാഗമ-
മാവേദനം ചെയ ശംഖൊലികൾ;
തൂമയിൽ തജ്ജയകാഹളമൂതുന്നു
യാമിനീയാമികർ താമ്രചൂഡർ.


നീഡനിഗഡനിബദ്ധരായ് നില്ക്കാതെ
പാടവംപൂണ്ടു പറന്നുപൊങ്ങി
ഗാനപീയൂഷം പൊഴിക്കുന്നു ലോകത്തി-
ന്നാനന്ദദായികൾ പൈങ്കിളികൾ,


കുട്ടിപ്പവനൻ കുതുകിയായ്ച്ചാഞ്ചാടി-
ത്തട്ടിയുണര്‍ത്തിത്തളർച്ചമാറ്റി
കണ്മിഴിച്ചാനന്ദിച്ചാർപ്പൂ വിടപികൾ
മർമ്മരശബ്ദമനോഹരങ്ങൾ.


അക്ഷയ്യമോരോന്നും 'സ്വാതന്ത്ര്യ' മായിടും
"ത്ര്യക്ഷരീ” മന്ത്രമുരുക്കഴിപ്പൂ;
ആ നവ്യഗായത്രി മാറ്റൊലിക്കൊള്ളുന്നു
വാനിലും മന്നിലും മേല്ക്കുമേലേ.


ഉത്ഥാനകാംക്ഷികൾക്കുത്സവമുത്സവം
തത്താദൃശമാമിസ്സന്മുഹൂർത്തം
മൂരിനിവിരുവിൻ! മുന്നോട്ടുപോരുവിൻ;
പാരിന്നിതല്ലോ സുവർണ്ണകാലം.


III


ഉച്ചസ്ഥനാകും ദ്യുമണിക്കും കീഴിലെ-
പശ്ചാൽപ്രയാണമബദ്ധമായി;
വൈധൂര്യമാര്‍ന്നു 'ജലരാശി' തന്നുള്ളിൽ
വേദസ്വരൂപൻ പതിക്കയായി;


'വൈരോചന' മൂര്‍ത്തി കൂടിയുമയ്യയ്യോ!
വാരുണപാശത്തിൻ ബന്ധമേറ്റു;
ഹന്ത! വെളിവറ്റുലകിടമൊക്കെയു-
മന്ധതാമിസ്രമായ് തീരുകയായ്.


ദോഷാഗമത്തിനാൽ പങ്കിലമാംപാരിൻ
ഭാഷയും, വേഷവും മാറുകയായ്
മാലാമയക്കമായെങ്ങും; ഇതെന്തൊരു
കാലപ്പകർച്ചയോ തമ്പുരാനേ?


IV


സിന്ധുവിൽ പശ്ചിമദിക്കമഴ്ത്തീടിന
പന്തം പൊലിഞ്ഞതില്ലെന്നെന്നേക്കും;
ദുർവ്വാരദുഷ്കാലവാത്യയിൽപ്പെട്ടാലും
നിർവ്വാണമാര്‍ന്നീലാദ്ദിവ്യദീപം.


കീറിയപന്തെന്നോര്‍ത്തംബരം മർദ്ദിച്ചു
ദൂരത്തെറിഞ്ഞൊരു സൂര്യബിംബം
ഏതു 'വിസാര' വദനത്തിലൊക്കെയു-
മാതുരമായ്ച്ചെന്നുവീണതില്ല!


എന്നാലും വിട്ടില്ലപ്പുണ്യാത്മാവുദ്യോഗ-
സുന്ദരമാം താൻസ്വയംപ്രകാശം
മുന്നോട്ടു ചാഞ്ഞു പോയ്പ്പൂർവ്വാദ്രിശൃംഗത്തിൽ-
ച്ചെന്നെത്തി നില്ക്കയായ് ധീരധീരം.


കാലം 'വനൌക'സ്സായ് തീര്‍ത്തോരവിടേക്കു
ലീലയിലംബുധി ലംഘ്യമായി
ശ്ലാഘ്യപ്രകാശമാമിത്രമണ്ഡല-
മാര്‍ക്കു ഘടദീപമാക്കി നിർത്താം?


വൻതമഃപങ്കത്തിൽ നിന്നീ മനോജ്ഞമാം
ചെന്താമരപ്പൂ വിരിഞ്ഞുവല്ലോ!
ചേണുറ്റ പൌരുഷമീമലമേലൊരു
മാണിക്യമാളിക തീർത്തുവല്ലോ!


ഉൽഗതിലാക്കാക്കിജ്ജന്മം നയിക്കുകിൽ
സ്വര്‍ഗ്ഗത്തിലെത്തും പിപീലികയും;
വ്യര്‍ത്ഥമാമോ “യോയച്ശ്രദ്ധസ്സ ഏവസ"
ഇത്യാദിഗീതാചാര്യോപദേശം?


V


കാലച്ചരടിൽ കറങ്ങീടുമൂഴിയിൽ
മേലുകീഴെന്തുള്ളു ശാശ്വതമായ്?
ഇന്നത്തെപ്പാതാളം നാളത്തെ നാകമി—
നിന്ദ്രാരിയായുള്ളോൻ നാളെയിന്ദ്രൻ.


എന്നു നിറുത്തും കുലംകുത്തു ദൈവമേ!
കുന്നും കുഴിയും-ഉടപ്പിറന്നോർ.
മൂർദ്ധാവുയർത്തും ഹ്രദത്തെച്ചവിട്ടൊല്ലേ
സ്വാര്‍ത്ഥൈകലുബ്ധമാം ക്ഷ്മാധരമേ!


മുന്നമതിലാര്‍ന്ന മണ്ണുപകർന്നല്ലോ
നിന്നുടെ മേദസ്സുമുന്നതിയും;
ഒന്നു ശകലം കുനിയുകിൽ കാണും നീ
നിന്നുടെ രൂപമതിന്നടിയിൽ.


ആയിരം നൂറ്റാണ്ടനക്കമറിയാതെ
പോയിതതിൻജന്മം, ഇദ്ദിനമോ
ക്ഷോഭം-ജഗദീശചൈതന്യം- ആയതിൽ
വ്യാപരിച്ചേകുന്നു വാഞ്ഛമേന്മേൽ.


ഈശനിക്ഷീരം മഥിക്കയായ്; പീയൂഷ-
പ്രാശന വേളയടുക്കുകയായ്;
താങ്ങാനിതത്രേ തരം; തടുത്തീടുവാൻ
പാങ്ങില്ല; നേരം പ്രഭാതമായി.


കാലപ്പുഴയിലൊഴുകും തരിക്കിന്നു
ചാലിലൊരുന്തു കൊടുക്കുവാനോ
പൂഴിയണയൊന്നു തീര്‍പ്പാനോ ജാത്യന്ധ!
തോഴന്റെ ഹസ്തം ത്വരിച്ചിടുന്നു?


കോട്ട കിടങ്ങിനെ നോക്കിച്ചിരിക്കുകിൽ-
ക്കോട്ടമതിൽ പരമെന്തു വേണം?
നിൻ ദാഹം തീർത്തീടും നീരോടു കൊണ്ടലേ!
നിന്ദാർഹമാണീയിടിമുഴക്കം.


ഒന്നിൻ വളത്തിന്നു മറ്റൊന്നു ചീയേണ്ട;
മന്നിൻമടിയിൽ വളരും രണ്ടും.
ഗോത്രമേ! നിൻ മദം ലോകപരീഹാസ-
പാത്രമായ്ത്തീർന്നതു പോരും പോരും.


VI


ഗര്‍ത്തമേ! ഗർഹ്യമല്ലേതും നിൻസംരംഭം;
വർദ്ധിച്ചുകൊള്ളുക മേല്ക്കുമേൽ നീ.
കുന്നിനെബ്ബന്ധുവായ്ക്കാണുക; തൽസാമീപ്യ-
മുന്നതിബീജം നിനക്കുമേലിൽ.


കീഴ്ക്കട ചിന്തിച്ചു നില്ക്കൊല്ലേ! നല്ലോരി-
പ്പോക്കിന്നു വിഘ്നം വരുത്തിടൊല്ലേ!
തമ്മിലിടഞ്ഞു സമയം കളയൊല്ലേ!
'നമ്മളായ്ത്തീരട്ടെ 'ഞാനും' 'നീയും.'


ഒപ്പനിരപ്പു ശരിപ്പെട്ടിരിപ്പുണ്ടു
നിര്‍ഭരമെന്നും മരുപ്പരപ്പിൽ;
മാനവരാരതോര്‍ത്തദ്ദിക്കുതേടിപ്പോയ്
കാനൽ നീർ കോരിക്കുടിച്ചിടുന്നു?


വാനോടുരുമ്മും ഗിരികളും, പാതാളം
പേണിക്കിടക്കുമിടുക്കുകളും
വായ്ക്കും ഹിമാലയമല്ലയോ വാസൈക-
യോഗ്യമായ്ക്കാണുന്നു യോഗിവര്യർ?


ശൈലത്തെയാദര്‍ശമാക്കി വളർന്നു നീ
കൈലാസം വല്മീകമാക്കിക്കൊൾക;
മൂർദ്ധാവു വിഷ്ണുപദത്തിൽ പോയ് മുട്ടട്ടേ;
പാത്താര്‍ലതേതിന്നും പ്രാപ്യസ്ഥാനം


ക്ഷുദ്രമാം ശഷ്പം കിടക്കുന്നുമാടിന്റെ
മസ്തകത്തിന്നു മകുടമായി;
കീഴിൽ കുനിഞ്ഞു തിരഞ്ഞാലേ കിട്ടീടൂ
പാഴറ്റ വൈരവും മൌക്തികവും.


VII


ഹാ! ഹാ! മതംതൊട്ട ദീപങ്ങൾ പൂര്‍വത്തിൽ
സ്നേഹപ്രവാഹപ്രകാശിതങ്ങൾ
ദ്വേഷക്കൊടുങ്കാറ്റിൽക്കെട്ടുപോയിദ്ദിനം
ശേഷിച്ചു നില്ക്കുന്നു കിട്ടം മാത്രം.


മൂര്‍ത്തിയറിയാതെ കൈകൂപ്പീടും ബിംബ,-
മര്‍ത്ഥം ഗ്രഹിക്കാതേ ചൊല്ലും മന്ത്രം:-
അക്ഷര"ദ്വന്ദ്വ"മവനിയെയെത്രമേൽ
വിക്ഷതയാക്കി! വിരൂപയാക്കി!


ആരീ മഷികളിൽ ജ്യോതിസ്സുകൾ കാൺമൂ
കൂരിരുൾച്ചെയ്ത്താന്റെ കൂറ്റുകാരിൽ?
ദൂരത്തു മാറുവിൻ ദുഷ്ടഭൂതങ്ങളേ!
സൂരനുദിപ്പതു കാണ്മതില്ലെ?


പാരിൽ തമിസ്രയേപ്രത്യുഷസ്സാക്കുമി-
പ്പൌരസ്ത്യക്ഷോണിഭന്മൗലിരത്നം
ധൂമത്തെപ്പാവകനാക്കും, ഗരളത്തെ-
പ്രേമരസത്തിലമൃതമാക്കും.


ഈയര്‍ക്കബന്ധൂപദേശം ഗ്രഹിക്കുകിൽ
ശ്രേയസ്സനേടുവാനര്‍ഹരാം നാം
സുപ്തതനീങ്ങുകിൽ ബുദ്ധരായ്ത്തീർന്നിടും
ബദ്ധതനീങ്ങുകിൽമുക്തരായും


അദ്വയവാദിയാമാചാര്യവര്യനെ-
ശ്ശുദ്ധോദനന്റെ കുലത്തിങ്കലും
'കാലടി'പ്പാട്ടിലും കാണാം ലസിപ്പതു;
ശീലിപ്പിൻ! സര്‍വരും സാഹോദര്യം.


കുന്നും കുഴിയും മലയാളനാടിതിൽ
വന്നു നിറഞ്ഞു പോയ് പണ്ടു പണ്ടേ!
മേളിച്ചുപോലുമിതിൽത്തന്നെ സോദരർ
മേളത്തോളാഢ്യനും പാക്കനാരും!


ഭിന്നവര്‍ണ്ണങ്ങളെക്കൈകോർത്തിണക്കിടു-
മിന്ദ്രധനുസ്സിനാലന്തരീക്ഷം
മിക്ക ദിനത്തിലും മിന്നുമിമ്മന്നിലോ
ശുഷത്തിൽ ശുഷ്കമാം വര്‍ണ്ണവാദം?


ആത്മാവിലാത്മാവിരിപ്പതു കാണുവിൻ;
ആത്മാവാലാത്മാവുയര്‍ത്തിടുവിൻ;
അന്യോന്യസൗഹൃദസസ്യം കൃഷിചെയ്‍വി-
നന്യമെന്തുള്ളൂ മതരഹസ്യം?


VIII


എന്തേ ഭരതോര്‍വീമാതാവേ! നിന്മക്കൾ
തന്ത്രികൾ പൊട്ടിയ വീണകളായ്
വീണു കിടക്കുന്നു? കണ്ടവർ മീട്ടുമ്പോൾ
ഹീനസ്വരങ്ങൾ വമിച്ചിടുന്നു?


ചിക്കെന്നു മാത്സര്യവൈശ്വാനരന്നിവർ
ശുഷ്കേന്ധനങ്ങളായ്ത്തീര്‍ന്നുപോയി;
വല്ലപ്പൊഴുമൊന്നെഴുന്നേല്ക്കുകിൽ തമ്മിൽ-
ത്തല്ലിത്തലകീറിത്താറുമാറായ്


വീണ്ടും തളർന്നര്‍യ്യോ വീഴുന്നു സൗഭ്രാത്രം
തീണ്ടാതെ ജീവിക്കും സാര്‍ത്ഥശുദ്ധർ
ഭ്രാതൃഘാതാഘത്തെ വിട്ടെന്നിവരമ്മേ!
പൂതരായ് തീരും? പുരുഷരാകും?


ഗാനപടുവാം മഹാത്മാവൊരാളുടെ
പാണിസംസ്പർശത്താൽ ധന്യരായി
പ്രാണപ്രതിഷ്ഠയാര്‍ന്നീമരത്തുണ്ടുക-
ളാനന്ദം ലോകത്തിനേകിടട്ടേ.