Loading...
Home / സാഹിത്യം / പുതിയവ / ഉള്ളൂര്‍ കവിത / 1 തരംഗിണി / സ്വപ്‌നദർശനം ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
Author: ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

സ്വപ്‌നദർശനം

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍

ജാഗ്രദ്ദിനോഷ്മാവു കടന്നുപോയി;
സുഷുപ്തിരാത്രിക്കുളിർ വന്നുമില്ല;
ഇടയ്ക്കു ചെറ്റെന്നെയനുഗ്രഹിച്ചാൾ
സ്വപ്നാഖ്യസന്ധ്യാംബ സുഖപ്രദാത്രി.


ഇടുങ്ങുമീയൂഴിയിരുമ്പുകൂടു
വെടിഞ്ഞുടൻ പക്ഷപുടങ്ങൾ വീശി
അണഞ്ഞു തദ്ദത്തവരൻ ദ്വിജൻ ഞാ-
നാകാശതാപിഞ്ഛവനാന്തരത്തിൽ.


അദ്ദിക്കിൽ മൊട്ടിൻപടി വിട്ടുയർന്നു
വിരിഞ്ഞപൂവിൻ നില കൈവരാതെ
വികസ്വരപ്രായരുഡുക്കൾ കാണായ്
സ്വപ്നസ്ഥനാമെന്റെ സുഹൃത്തമന്മാർ,


മന്ദാകിനീശീകരമുത്തുതിർക്കും
മന്ദാനിലൻതൻ ശിശിരോപചാരം
കൈക്കൊണ്ടു കൈക്കൊണ്ടു പതുക്കെ ലാത്തീ
വൃന്ദാരകശ്രേണി വിയൽപഥത്തിൽ.


അമ്മാന്യരാം നാഗരികർക്കു വേഗം
ഗ്രാമീണനാം ഞാൻ വഴിമാറി നിന്നേൻ;
തിരിഞ്ഞുനോക്കീലവർ തെല്ലുമെന്നെ-
ദിവ്യോപഭോഗാസവപാനശൗണ്ഡർ,


താരപ്രദീപച്ഛവിയെച്ചവിട്ടി-
ത്താഴത്തു വീഴ്ത്തും തനുകാന്തിയേന്തി
പരിക്രമിച്ചാനൊരു ഗുഹ്യകേശൻ
പ്രാണപ്രിയാലംകൃതപാർശ്വദേശൻ


നിമേഷമറ്റുള്ളൊരു നേത്രയുഗ്മം
താഴെക്കിടക്കും ധരമേൽ പതിക്കെ
ക്ഷണത്തിൽ വൈർവണ്ണ്യമിയന്നു വാടി-
വരണ്ടുപോയ് തദ്വദനാരവിന്ദം.


"സ്വർഗ്ഗത്തിൽ വായ്ക്കും സുമനോമതല്ലി-
കമ്ലാനതോപാധിയഭേദ്യമല്ലി?
എൻജന്മലോകാർത്തികൃശാനുഹേതി-
ക്കിതിങ്കലെന്തിന്ധനബുദ്ധി തോന്നാൻ?"


എന്നോർത്തു തെല്ലൊന്നു പകച്ചു ഞാനാ-
യക്ഷേശ്വരൻ തന്നരികിൽ ഗമിക്കേ
അസ്വപ്നർതൻ മുത്തരുൾ ചെയ്ത വാക്യം
സ്വപ്നസ്ഥനാമെൻ ശ്രുതിയിൽ പതിച്ചു.


"കാണുന്നുവോ? നീ കളവാണി! നമ്മൾ
കൈവിട്ടതും ചൊൽവതുമായ ലോകം,
നീലാംബരാബ്‌ധിക്കടിയിൽ ജ്വലിക്കും
വിശ്വംഭരാഖ്യം ബഡവാഗ്നിപുഞ്ജം?


നാലാഴികൾക്കും നടുവിങ്കലീശൻ
നങ്കൂരമിട്ടീടിന കപ്പൽപോലേ
ഭാസിക്കുമിപ്പാർത്ഥിവവിഗ്രഹം താൻ
ഭജിപ്പു ജന്മാർണ്ണവപാരകാമർ.


നേടാനെനിക്കും കഴിവായി മുന്നം
നിർവാണലാഭൌപയികം ജന്മം;
കർത്തവ്യബോധം കലരായ്ക്കയാൽ ഞാൻ
കൈവന്ന രത്നം കടലിൽ കളഞ്ഞേൻ.


എൻ കർമ്മപാശങ്ങൾ മുറിപ്പതിന്നൊ-
രിരുമ്പുവാളൂരിയെടുത്തിടാതെ
ഗ്രഹിച്ചു ഞാൻ തങ്കവിലങ്ങു കൈയ്ക്കും
കാലിന്നുമശ്ശില്പഗൃഹത്തിൽ നിന്നും!


പ്രതിക്ഷണം കർമ്മചയങ്ങൾ ചെയ്തേൻ
ഫലാഭിസന്ധിഗ്രഹപാംസുലങ്ങൾ;
അവറ്റയെക്കൊണ്ടൊരു കോണി നിർമ്മി-
ച്ചാകാശവീഥിക്കതിഥീഭവിച്ചേൻ.


കാമ്യങ്ങൾ കർമ്മങ്ങൾ കളിക്കിടാങ്ങൾ-
കാൽത്തട്ടിനാൽ പൊക്കിന കന്ദുകം ഞാൻ
മരുസ്ഥലം വാനമിതിങ്കൽ വന്നേൻ
പാഴ്ക്കാനൽനീരാമമൃതാസ്വദിപ്പാൻ


പീയൂഷയൂഷം ഭൃശമാസ്വദിച്ചു
മനോജ്ഞമന്ദാരവനങ്ങൾ തോറും
ഭവാദൃശസ്ത്രീകളുമായ് രമിച്ചേൻ
പാപിഷ്ഠനാം ഞാൻ പശുധർമ്മചാരി.


എന്നേയ്ക്കുമെൻ നിഷ്കൃതിമൂല്യമായ് ഞാ-
നീശന്നു നല്കേണ്ടൊരു പുണ്യവിത്തം
ദീപാളിവച്ചേൻ ത്രിദിവാഖ്വമാമി-
ഗ്ഗാണിക്യരൂപക്രയശാലയിങ്കൽ,


സ്വാമിക്കു വിത്തം സ്വവിധേയമെന്ന
ചൊല്ലിങ്കൽനിന്നും സുകൃതം വിഭിന്നം;
താൻ തന്നെ തിന്നേണമതിൻഫലങ്ങൾ;
പുണ്യം ലഭിച്ചോൻ പുലിവാൽ പിടിച്ചോൻ!


തിര്യക്കുകൾക്കും രൂപ തോന്നുമാറു
തിന്നും തിമിർത്തും ദിനമെത്ര പോയി!
ഇതോ സുഖം- നെററി വിയർത്തിടാതെ-
യെൻ കുക്ഷി വീർപ്പോരിഹലോകവാസം?


അങ്ങിങ്ങു വല്ലപ്പൊഴുമല്പനേര-
മാത്മാവുയർത്താനകതാർ കൊതിച്ചാൽ
വിഘാതമുണ്ടാക്കുമതിന്നു മേന്മേൽ
വിരാമശൂന്യം വിഷയോപഭോഗം.


കരയ്ക്കുകേറാൻ കഴിവറ്റതാമെൻ
കർമ്മക്ഷമത്വം കലരാത്ത കായം
നീലാഭ്രപങ്കത്തിലമർത്തിവയ്പൂ
ശപിച്ച പഞ്ചേന്ദ്രിയസൌഖ്യനക്രം.


ആത്മാവിലേയ്ക്കൊന്നകതാർ തിരിപ്പാ-
നടയ്ക്കണം ജീവികളിയാദ്യം;
മൂടാത്തൊരീയെൻ മിഴിമീൻ കളിപ്പൂ
മുടിഞ്ഞൊരിദ്ദിക്കിലെയപ്സരസ്സിൽ.


നിസർഗ്ഗ ചാപല്യനികേതനം ഞാൻ,
നൃത്തജ്ഞമാർ വേശ്യകളാട്ടിടുന്നോൻ,
തദോഷബിംബാസവപാനമത്തൻ,
സമാധിസാമ്രാജബഹിഷ്ഠനല്ലോ.


പ്രദോഷമാം രഞ്ജകനംബരത്തിൽ
ചായം പിടിപ്പിച്ചതരക്ഷണത്തിൽ
വേർമാഞ്ഞു പോയ് വീണ്ടുമതിൽ സ്ഫുരിപ്പൂ
ഹാലാഹലത്തിൻ നിറമാത്മലീനം.


പിതൃപ്രസൂദേവി വിയൽപദത്തി-
ലർച്ചിച്ച താരപ്പുതുപൂക്കളെല്ലാം
വളക്കുഴിക്കൂനുകൾ പോലെ വേഗാൽ-
ദൂരത്തുഷാമാർജ്ജനി തൂത്തുതള്ളും.


അഹസ്കരൻ പ്രത്യഹമംബുരാശി-
ക്കത്താഴമൂണിന്നനുപേക്ഷ്യവൃത്തം;
കളങ്കജാതരൂപനോഷധീശൻ
കൈക്കൊൾകയായ് കൌശികസാഹചര്യം.


രാജൻ! സഹസ്രാക്ഷ! ഭവദ്വിരോധി
വൈരോചനിക്കിന്ദ്രപദത്തെ നല്കാൻ
ദീക്ഷിച്ചിരിപ്പൂ പതയാലുവങ്ങേ-
ദ്ദംഭോളി കേളിക്കതിഭൂമി ഭാവി!


ക്രതുക്കൾ ഹാ! നൂറുകഴിച്ചവയ്ക്ക-
ങ്ങൊന്നിന്നു പത്തായ് മിഴി നേടിയാലും
ജാത്യന്ധനായ് തന്നെ നയിപ്പു ജന്മം-
ശചീകുചാന്തശ്ശയനൈകതാനൻ,


അസ്വസ്ഥരസ്മദ്വിധരാകമാന-
മാകാശവാപീജലബുല്ബുദങ്ങൾ;
സ്വാരാജ്യസമ്പൽസുഖസഞ്ചയങ്ങൾ
സൌദാമനീപല്ലവചഞ്ചലങ്ങൾ.


ജരാമുഖപ്രേഷ്യകളോതിയോതി
വൈവസ്വതോപസ്ഥിതി മത്സ്യർ കാൺകേ
ആകാശസഞ്ചാരിയമത്തമാനി-
യാകസ്മികഭ്രംശവശംവദൻ ഞാൻ.


സ്ഥാനച്യുതിത്രാസസമാകുലൻ ഞാൻ
ഭൂജിക്കുവാനോർപ്പൊരു ഭോഗമെല്ലാം
പര്യന്തസന്താപവിഷം വമിപ്പൂ
ദുഷ്പുച്ഛമാം വൃശ്ചികമെന്നപോലെ.


തമിസ്രയായ് മാറിടുമീയഹസ്സു,
ദുഃഖാന്തമാകും സുഖഹാസ്യചിത്രം,
സ്വാരാജ്യവാസം-സ്വയമാർ കൊതിപ്പൂ
ധൂമീഭവിക്കുന്ന കൃശാനുബാണം?


ഇതോ പുമർത്ഥംപരമം? യഥാർത്ഥ-
ലക്ഷ്യത്തിൽനിന്നെത്രയകന്നുപോയ്
ഈയക്കരപ്പച്ച ചതിച്ച ഗോവിൻ
രോമന്ഥമിപ്പോളനുതാപശഷ്പം!!


സുധാരസം തിക്തകമായെനിക്കു; 
ന്ദാനിലൻ വൈദ്യുതവഹ്നിയായി;
സന്താനമാല്യം മൃതസർപ്പമായി;
ഗന്ധർവഗീതം ശ്രുതി ശല്യമായി;


ഭവദ്വിധസ്ത്രീകൾ, പലർക്കുമയ്യോ!
പാഴ്മൺകളിപ്പാവകൾ പണ്ടുമിന്നും,
ദഗ്ദ്ധേന്ദ്രിയാരാമമൃഗാമിഷങ്ങൾ,
ജീവച്ഛവപ്രായകളായി മാറി (യുഗ്മകം)


മറിഞ്ഞുവീണീടുകിൽ ഞാൻ ലഭിക്കും
മനുഷ്യലോകാർത്തി കൃശാനുശുദ്ധി
സംസേവ്യമല്ലീ സകലർക്കുമോർത്താൽ
സമുച്ശ്രയപ്രാപകമാം നിപാതം?


അനിത്യമതല്പമശേഷഗർഹ്യ-
മസ്മൽ സുഖാഭാസ, മതിങ്കൽനിന്നും
അകന്നു ഞാൻ- വാനവൻ - ആശകൊൾവൂ
മർത്ത്യവ്യഥാഭീമജമാലചാർത്താൻ.


വിപത്തിദത്താഞ്ജനമക്ഷിയുഗ്മം
വേഗത്തിലന്തർമ്മുഖമാക്കിനിർത്തി
അങ്ങെങ്കിലും ചെന്നണയട്ടെ സച്ചി-
ദാനന്ദസായുജ്യമനശ്വരം ഞാൻ


നിസർഗ്ഗരമ്യം നിഗമാന്തമിത്ര-
പ്രദർശിതം പ്രാപ്യപദപ്രകാണ്ഡം
സാക്ഷാൽ ചതുർത്ഥം പുരുഷാർത്ഥമേകം
ജഹൽ പുനസ്സ്വാപമലം പ്രബോധം,


ഹരോത്തമാംഗസ്ഥനദിക്കുപോലു-
മലൌകികാധോഗമനാഭിലാഷം
അഭ്യസ്തമാക്കീടിനൊരബ്ധികാഞ്ചി-
യമ്മേ! നമസ്കാരമനുക്ഷണം തേ!


പ്രാക് പുണ്യലബ്ധം ഫലകാപകോശം
രിക്തീഭവിച്ചാൽ മതി; ധന്യനായ് ഞാൻ!
വാൻഞാണിലേറിക്കരണംമറിഞ്ഞു
വലഞ്ഞു! താഴെക്കുതികൊൾവതെന്നോ?


ആശ്വാസമൊന്നുണ്ടവശിഷ്ടമാർക്കു-
മാഗാമിയാം താവകപുത്രഭാവം;
സാധിക്കുവൻ ഞാനതിൽനിന്നു ധാത്രി!
സാക്ഷാൽ പരബ്രഹ്മപദാപ്തിസൌഖ്യം"


ശകുന്തളോല്പത്തിയിൽ മേനകയ്ക്കു
ഗാധേയനേകീടിന ദർശനത്തെ
വാക്കേവമോതിസ്സഹധർമ്മിണിക്കു
യക്ഷൻ മുമുക്ഷാജനനത്തിൽ നല്കി.


“പ്രാണാധികപ്രേഷ്ഠ! ഭവാനിലെന്തി-
ഭ്രാന്തപ്രലാപം പ്രകടീഭവിപ്പാൻ?
സ്വർഗ്ഗത്തിലുണ്ടോ സുഖമെന്നു ചോദ്യം?-
ശ്വാവിന്നു ചാരക്കുഴി ചപ്രമഞ്ചം?"


ഇമ്മട്ടിളന്തേൻമൊഴിയാൾ തുടർന്നാൾ
പലേതരത്തിൽ പ്രണയോപഹാസം
അതിൽ കുലുങ്ങീലചലാബലത്താ
ലാകൃഷ്ടമായോരനുകാന്തരംഗം.


പാകാരി സാമ്രാജ്യ പതാകികേ! നിൻ
പ്രാഗല്ഭ്യമന്യത്ര ഫലിച്ചിട്ടേ!!
അങ്ങോട്ടിനി ത്വൽപ്രിയനെക്കയറ്റാ-
നൈരാവതത്തിന്നുമശക്യമല്ലോ!


ഭ്രാന്തെങ്കിലാകട്ടെ; ഭവിച്ചു ഭാവം;
പ്രതിക്രിയാബാലിശരാശ്വിനേയർ
അതിൻ ചികിത്സയ്ക്കധികാരിയേക-
നണ്ണോർധികാഞ്ചീധവനാദിവൈദ്യൻ.


തിരിച്ചുപോയാൽ മതി താഴെയെന്നു
യാചിച്ചു ഞാൻ ഗേഹവിയോഗഖിന്നൻ;
ശിരസ്സിളക്കിശ്ശരിയെന്നുമുളി-
ത്താരങ്ങൾ മിന്നീ തരളപ്രഭങ്ങൾ.


അടഞ്ഞൊരെൻ ദൃഷ്ടി തുറന്നുവെന്നോ
തുറന്നൊരെൻ ദൃഷ്ടിയടഞ്ഞുവെന്നോ
ഓതേണ്ടതെമ്മ,ട്ടുടനെന്നെ വിട്ടു
കിനാവതിൻ ചിത്രപടത്തെ മാറ്റി.


ഹാ! വിഗ്രർ മർത്ത്യക്കവനീജനിത്രി
മുറ്റത്തുനില്ക്കും മുതുമുല്ലമാത്രം;
തൽഘ്രാണവൈജ്ഞാനികനാസികന്മാർ
വിദൂരമാളും വിബുധപ്രവേകർ.