മോഹമാം തമിസ്രത്തിന്റെ മൂലച്ഛേദലീലയ്ക്കായ്
ദേഹബന്ധം കൈക്കൊണ്ട് ദിവ്യജ്യോതിസ്സൊന്നിനാൽ
"ഈഹാംബാപുരം" പൂതമെന്നതാം വാർത്താലാഭ-
മാഹാഭാഗ്യമേശാത്ത മര്‍ത്ത്യകര്‍ണ്ണമെങ്ങുള്ളൂ!
ആ“പ്പുന്നശ്ശേരി നമ്പി നീലകണ്ഠശമ്മാ”വെ-
ന്നേര്‍പ്പെട്ടതാകും ദ്വാദശാക്ഷരം മഹാമന്ത്രം
ഏതു ജിഹ്വാഗ്രത്താൽത്താൻ ജപ്യമായിടുന്നതി;-
ല്ലേതുഹൃൽ കോശത്തെത്താൻ വ്യാകോചമാക്കുന്നീല!
പ്രേഷ്ഠഭാരതാദർശപൂരുഷര്‍ക്കഗ്രേസരൻ;
നൈഷ്ഠികബ്രഹ്മചാരി; നാനാശാസ്ത്രമർമ്മജ്ഞൻ;
വാക്കാലും വരിഷ്ഠമാം കർമ്മവൃത്തത്താലുമി-
ന്നാഗ്ഗാംഗേയനോടൊക്കുമാര്യനാമീയാചാര്യൻ
ഏതനാദിയാം ത്രയീദേവിയാൾക്കണിപ്പൊൻ പ-
ട്ടേതു വാല്മീകിവ്യാസപൂജയിൽത്തേന്മാമരം;
ആ മഹാ"ദേവവാണി"- അമ്മേ! ഭാരതോര്‍വി! ന്-
ന്നോമനക്കീര്‍ത്തിക്കതിർക്കറ്റയൊരൊറ്റത്തിങ്കൾ
മൃത്യുപാശത്തിങ്കൽ നിന്നാമൃകണ്ഡ്വപത്യത്തെ-
ക്കാത്തതീ നീലകണ്ഠൻ, ഭൂതിഭൂഷൻ, സർവജ്ഞൻ
പേർത്തും തദ്യശോഹർമ്മ്യസ്തൂപിയായ് ശോഭിപ്പീലേ
പ്രത്വഗ്രനാന്ദെയാം പട്ടാമ്പിവിദ്യാലയം?
ആപ്പുണ്യവാഗ്ദേവതാക്ഷേത്രനൈവേദ്യാമൃത-
മാബ്രഹ്മമാപഞ്ചമമാസ്വാദ്യമഖിലര്‍ക്കും!
നൂനമിക്കർമ്മയോഗിയങ്ങിരുന്നനുഷ്ഠിക്കും
ജ്ഞാനവിശ്വജിദ്യാഗം സര്‍വര്‍ക്കുമഭീഷ്ടദം!
ചിത്സാരൂപ്യമാര്‍ന്നോരെത്തീണ്ടുമോ ഭേദധ്വാന്തം?
ഇസ്സാന്ദീപനിക്കൊപ്പം കൃഷ്ണനും കുചേലനും!
എപ്പൊളാരേതുമട്ടിലെന്തു താൻപൃച്ഛിക്കിലു-
മിപ്പിപ്പുലാദോത്തരം സര്‍വസംശയച്ഛേദി.
ശങ്കരാചാര്യസ്വാമാക്കിപ്പുറം ഛാത്രസ്വത്തിൽ
വൻകുബേരത്വം വാച്ച കേരളീയനാരന്യൻ?
അമ്പിലീയാദിശേഷൻ തൻ പ്രസംഗമാകുന്ന
വിൺപുഴത്തൂവെൺതിരത്തള്ളലിൽക്കളിക്കാഞ്ഞാൽ
ധൂര്‍ത്തല്ല സോദര്യരേ! നിങ്ങൾക്കു ദൈവം നല്കും
ശ്രോത്രശഷ്കുലീവഞ്ചി ശുദ്ധമേശൂന്യാൽ ശൂന്യം!
ആബ്ഭസ്മത്രിപുണ്ഡ്രാങ്കമാര്‍ന്നതാം നെറ്റിത്തടം-
മാപ്രത്യഗാത്മധ്യാനസ്മേരമാം വക്ത്രാംബുജം;
ആരുദ്രാക്ഷകണ്ഠിയാൽ ശോഭിക്കും ഗളാന്തര-
മാരും കൈയെടുത്തുപോമാര്യമാമാവിഗ്രഹം;
ഓരോന്നുമോര്‍ക്കുന്നു ഞാനോര്‍ക്കവേ മാഞ്ഞീടുന്നു
വേരോടെൻ മനം വിട്ടു പങ്കവും ചാഞ്ചല്യവും.
വെന്നാലും സുകർമ്മാവേ! നീലകണ്ഠശർമ്മാവേ!
വെന്നാലും ദേവഭാഷാസൌധവിശ്വകർമ്മാവേ!
വെന്നാലും ചിന്താമണിപുണ്യജന്മദാതാവേ!
വെന്നാലും സനാതനധർമ്മകസന്ത്രാതാവേ!